ആധുനിക കായികവിനോദങ്ങള്‍


പുരാതനകാലം മുതല്‍ക്കേ കായിക വിനോദങ്ങള്‍ക്ക്‌ പേരുകേട്ട നാടാണ്‌ കേരളം. വൈവിധ്യപൂര്‍ണ്ണമായ നൂറുകണക്കിന്‌ നാടന്‍കളികള്‍ ഇവിടെയുണ്ടായിരുന്നു. അതില്‍ ചെറിയൊരു ഭാഗം ഇന്നു അവശേഷിക്കുന്നുണ്ട്‌. ബ്രിട്ടീഷ്‌ കോളനിവാഴ്‌ചയോടൊപ്പം വന്ന പുത്തന്‍കളികള്‍ നാടന്‍കളികളില്‍ പലതിനെയും തോല്‍പ്പിച്ച്‌ അപ്രത്യക്ഷമാക്കി. പുത്തന്‍കളികളില്‍ നിന്ന്‌ പലതും ഉള്‍ക്കൊണ്ട്‌ കാലാനുസൃതമായി മാറാനുള്ള ശേഷി മിക്ക നാടന്‍കളികള്‍ക്കുമില്ലായിരുന്നു. അതുകൊണ്ടു തന്നെ അവ കളം വിട്ടു. നാടന്‍കളികള്‍ക്ക്‌ സംഘടിതമത്സരങ്ങളോ വേദികളോ ജില്ലാ അടിസ്ഥാനമായെങ്കിലുമുള്ള ടൂര്‍ണ്ണമെന്റുകളോ നിയമാവലികളോ ഇല്ലാത്തതും ഈ അപ്രത്യക്ഷമാകലിനു വേഗം കൂട്ടി. കേരളത്തിന്റെ തനത്‌ കായിക പ്രയോഗങ്ങളില്‍ ഒരു പരിധി വരെയെങ്കിലും പിടിച്ചു നില്‍ക്കുന്നത്‌ കളരിപ്പയറ്റാണ്‌. അഭ്യാസമുറയായിരുന്ന കളരിപ്പയറ്റിന്‌ പുത്തന്‍ ആയുധങ്ങളുടെ വരവോടെ ആ നിലയ്‌ക്കുള്ള പ്രസക്തി നഷ്ടപ്പെടുകയും ക്രമേണ ഒരു കായിക വിനോദമായി പരിണാമം സംഭവിക്കുകയുമാണുണ്ടായത്‌. 


ക്രിക്കറ്റ്‌ 
മിക്ക ആധുനിക വിനോദങ്ങളും കേരളത്തിലെത്തിച്ചത്‌ ബ്രിട്ടീഷുകാരായിരുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരവും അന്തസ്സും ലഭിച്ചതോടെ ഇംഗ്ലീഷുകാര്‍ കൊണ്ടു വന്ന കളികള്‍ക്കും മലയാളികള്‍ക്കിടയില്‍ അംഗീകാരം ലഭിച്ചു. ഇത്തരത്തില്‍ മലയാളി ആദ്യം 'തറവാട്ടില്‍ കയറ്റിയ' വിദേശ കളിയായിരുന്നു ക്രിക്കറ്റ്‌. പഴശ്ശിരാജാവിനെ തളയ്‌ക്കാന്‍ ബ്രിട്ടീഷ്‌ പടനയിച്ചെത്തിയ ആര്‍തര്‍ വെല്ലസ്ലി (ഡ്യുക്‌ ഓഫ്‌ വെല്ലിങ്‌ടണ്‍) യാണ്‌ കേരളത്തില്‍ ക്രിക്കറ്റ്‌ കൊണ്ടു വന്നത്‌. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മലബാറില്‍ പലതവണയെത്തിയ (പിന്നീട്‌ തലശ്ശേരിയില്‍ തമ്പടിച്ച) വെല്ലസ്ലി തലശ്ശേരിയിലെ തന്റെ ബംഗ്ലാവിനു മുന്നില്‍ ആദ്യമായി സ്റ്റമ്പുകള്‍ നാട്ടി. വെല്ലസ്ലിയിലൂടെ തലശ്ശേരിക്കാര്‍ ക്രിക്കറ്റ്‌ പഠിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ വരെ തലശ്ശേരിയില്‍ നടന്നു. നിരവധി തറവാടുകള്‍ സ്വന്തം പേരില്‍ ക്രിക്കറ്റ്‌ ടീമുകള്‍ രൂപവത്‌ക്കരിച്ചു. അവരില്‍ പ്രമുഖരായിരുന്ന മമ്പാണി തറവാട്ടുകാരിലൂടെ മധ്യ, തെക്കന്‍ കേരളത്തിലും ക്രിക്കറ്റ്‌ പ്രചരിച്ചു. പ്രൗഢമായ ചരിത്രം കേരളത്തിലെ ക്രിക്കറ്റിന്‌ ഉണ്ടെങ്കിലും അമ്പതുകള്‍ക്കുശേഷം ആ ഗരിമ നിലനിര്‍ത്താനായില്ല. രഞ്‌ജി ട്രോഫിയില്‍ പോലും ശക്തമായ സാന്നിധ്യമുളവാക്കാനും കേരളത്തിന്‌ കഴിഞ്ഞില്ല. മികച്ച താരങ്ങളുണ്ടായിട്ടും കേരളത്തിന്റെ രഞ്‌ജി ദൗത്യങ്ങള്‍ക്ക്‌ തിളക്കം കുറവായിരുന്നു. ദേശീയ ടീമിലെ മലയാളി സാന്നിധ്യത്തിനും പെരുമ കുറവായിരുന്നു. ടിനു യോഹന്നാനും എസ്‌. ശ്രീശാന്തുമാണ്‌ ഇന്ത്യന്‍ ടീമില്‍ കളിച്ച രണ്ടു മലയാളികള്‍. 

ഫുട്‌ബോള്‍
കേരളത്തിലെ ഏറ്റവും ജനപ്രിയമായ കളികളിലൊന്നാണ്‌ ഫുട്‌ബോള്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ മലയാളികള്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്‌. ലോക ഫുട്‌ബോളില്‍ ഇന്ത്യ വലിയ ശക്തിയൊന്നുമല്ലെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളം അതിശക്തരാണ്‌. 
സന്തോഷ്‌ ട്രോഫിയിലെ റെക്കോര്‍ഡ്‌ വിജയങ്ങളും പ്രതിഭാശാലികളായ കളിക്കാരും കേരളത്തിന്റെ ഫുട്‌ബോളിനെ ദേശീയതലത്തില്‍ വ്യതിരിക്തമാക്കുന്നു. 


വോളിബോള്‍
1920 - കളിലാണ്‌ വോളിബോള്‍ കേരളത്തിലെത്തിയത്‌. നാല്‌ ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വോളിയിലെ നിര്‍ണ്ണായക ശക്തിയായി കേരളം മാറി. നിരവധി അന്താരാഷ്ട്ര താരങ്ങളേയും കേരളം സംഭാവന ചെയ്‌തു. ലോകത്തിലെ തന്നെ 10 മികച്ച വോളി കളിക്കാരില്‍ ഒരാളായി പാശ്ചാത്യകായികലോകം തന്നെ വാഴ്‌ത്തിയ ജിമ്മി ജോര്‍ജ്ജ്‌ ആണ്‌ അവരില്‍ പ്രമുഖന്‍. ദേശീയ വോളിയിലും കേരളം പലതവണ ചാമ്പ്യന്‍മാരായി. അത്‌ലറ്റിക്‌സ്‌
കേരളത്തില്‍ അത്‌ലറ്റിക്‌സിന്‌ അസാധാരണമായ പ്രചാരമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഒരു പക്ഷേ അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവുമധികം കായിക താരങ്ങളെ കേരളം സമ്മാനിച്ചതും അത്‌ലറ്റിക്‌സിനാണ്‌. 1920 - ലെ പാരീസ്‌ ഒളിമ്പിക്‌സില്‍ പങ്കെടുത്ത, ആദ്യമലയാളി ഒളിമ്പ്യന്‍ സി.കെ. ലക്ഷ്‌മണന്‍, ഏഷ്യയിലാദ്യമായി എട്ടു മീറ്റര്‍ ചാടിയ ടി. സി. യോഹന്നാന്‍, നാല്‌ ഇനങ്ങളില്‍ വളരെക്കാലം ദേശീയ ചാമ്പ്യനായിരുന്ന സുരേഷ്‌ ബാബു, ഏഷ്യയിലെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ പി. ടി. ഉഷ, നിരവധി ഏഷ്യന്‍ ഗെയിംസ്‌ മെഡലുകള്‍ നേടിയ ഷൈനി എബ്രഹാം, കെ. എം. ബീനാമോള്‍, ലോക അത്‌ലറ്റിക്‌ മീറ്റില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം അഞ്‌ജു ബോബി ജോര്‍ജ്ജ്‌ എന്നിവരടക്കം അന്താരാഷ്ട്ര നിലവാരമുള്ള നിരവധി അത്‌ലറ്റിക്‌സ്‌ താരങ്ങളെ കേരളം സംഭാവന ചെയ്‌തിട്ടുണ്ട്‌. 


മറ്റു കളികള്‍
ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്‌മിന്റണ്‍ എന്നിവയ്‌ക്ക്‌ കേരളത്തില്‍ ശരാശരി പ്രചാരമേ ലഭിച്ചിട്ടുള്ളൂ. സ്‌കൂള്‍, കോളേജ്‌ ടീമുകളും ക്ലബ്ബുകളുമാണ്‌ സാധാരണ കേരളത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്നത്‌. നാട്ടുകാരുടെ സ്വന്തം കളിയായി ഇത്‌ ഇനിയും മാറിയിട്ടില്ല. ബാഡ്‌മിന്റണില്‍ യു. വിമല്‍കുമാറിനെ പോലുള്ള അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഈ കളിയും ശരാശരി മാത്രം ജനകീയമാണ്‌. നഗരങ്ങളിലാകട്ടെ ഇന്ന്‌ ഇതൊരു വ്യായാമമുറയായി തീര്‍ന്നിട്ടുമുണ്ട്‌. ബാഡ്‌മിന്റണില്‍ തന്നെ ഷട്ടില്‍ ബാഡ്‌മിന്റണിനാണ്‌ കേരളത്തില്‍ പ്രചാരം. ബോള്‍ബാഡ്‌മിന്റണ്‍ ന്യൂന പക്ഷം മാത്രമേ കളിക്കുന്നുള്ളൂ. ഷട്ടില്‍ ബാഡ്‌മിന്റണില്‍ മലയാളിയായ ആദ്യത്തെ ഇന്ത്യന്‍ ജൂനിയര്‍ നാഷണല്‍ താരം ജസ്സി ഫിലിപ്പ്‌ ആദ്യകാലത്ത്‌ കേരളത്തിന്റെ യശസ്സറിയിച്ചു. ലതാ കൈലാസ്‌, നോറിന്‍ പാളാ, എന്നിവര്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റായ യൂബര്‍ കപ്പില്‍ കളിച്ചിട്ടുണ്ട്‌. ജോര്‍ജ്ജ്‌ തോമസ്‌, കൃഷ്‌ണകുമാര്‍ എന്നീ ജൂനിയര്‍ താരങ്ങള്‍ എബിസി ടൂര്‍ണമെന്റില്‍ വെങ്കലം നേടിയിട്ടുണ്ട്‌. ടെന്നീസിന്‌ ധാരാളം ആരാധകരുണ്ടെങ്കിലും കളിക്കാര്‍ നന്നേ കുറവാണ്‌. തിരുവനന്തപുരത്ത്‌ മുപ്പതുകള്‍ മുതല്‍ തന്നെ ടെന്നീസ്‌ കളിച്ചിരുന്നു. മഹാരാജാസ്‌ കോളേജായിരുന്നു (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്‌) ആദ്യകാലത്ത്‌ ടെന്നീസ്‌ കളിയുടെ ആസ്ഥാനം. കോളേജ്‌ വിദ്യാഭ്യാസകാലത്ത്‌ താന്‍ മികച്ചൊരു ടെന്നീസ്‌ കളിക്കാരനായിരുന്നതായി, യൂണിവേഴ്‌സിറ്റി കോളേജ്‌ മുന്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും നിരൂപകനുമായിരുന്ന എസ്‌. ഗുപ്‌തന്‍ നായര്‍, തന്റെ ആത്മകഥയായ 'മനസാ സ്‌മരാമിയില്‍' രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ടെന്നീസ്‌ ടൂര്‍ണമെന്റായ 'കേരള ഓപ്പണ്‍ - 2007' സംഘടിപ്പിച്ചുകൊണ്ട്‌ ട്രിവാന്‍ഡ്രം ടെന്നീസ്‌ ക്ലബ്ബ്‌ 2007 മെയില്‍ ഈ രംഗത്ത്‌ ചില ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്‌. എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും വലിയ ചെലവുമൊക്കെ സാധാരണക്കാരെ ഈ രംഗത്ത്‌ നിന്ന്‌ അകറ്റുന്നു. 

തെക്കന്‍ ജില്ലകളില്‍ നീന്തലിന്‌ ഒരു കായിക മത്സരം എന്ന നിലയിലും വലിയ പ്രചാരമുണ്ട്‌. വില്‍സണ്‍ ചെറിയാന്‍, രാധാകൃഷ്‌ണന്‍, ഓമനകുമാരി തുടങ്ങിയ ദേശീയ താരങ്ങളെ കേരളം സൃഷ്ടിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തെ പിരപ്പന്‍കോട്‌ ആണ്‌ കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ നീന്തല്‍ കേന്ദ്രം. നീന്തലിലൂടെ ഒരു ഗ്രാമം മുഴുവനും രക്ഷപ്പെട്ട ചരിത്രമാണ്‌ പിരപ്പന്‍കോടിനുള്ളത്‌. തിരുവനന്തപുരം ജില്ലാ അക്വാടിക്‌ ചാമ്പ്യന്‍ഷിപ്പ്‌ മിക്കപ്പോഴും പിരപ്പന്‍കോടുകാരുടെ മാത്രം മത്സരമാണ്‌. 2007 മെയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പിരപ്പന്‍കോട്‌ പ്രിയദര്‍ശിനി ക്ലബ്ബ്‌ തുടര്‍ച്ചയായി 15-ാം തവണയും ചാമ്പ്യന്‍മാരായി.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.