ആധുനിക ചരിത്രം


കേരള ചരിത്രത്തിലെ ആധുനിക ഘട്ടം പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്നു. ബ്രിട്ടീഷ്‌ കോളനി വാഴ്‌ച പൂര്‍ണ്ണമായതു മുതല്‍ ഇന്നു വരെയുള്ള ചരിത്രഘട്ടമാണിത്‌. ആധുനിക കേരള സമൂഹത്തിന്റെ രൂപവത്‌കരണം നടന്നതും ഈ കാലയളവിലാണ്‌. നേരിട്ടുള്ള ബ്രിട്ടീഷ്‌ ഭരണം നിലവിലില്ലായിരുന്ന തിരുവിതാംകൂര്‍ ആയിരുന്നു ഈ കാലഘട്ടത്തിലെ ഏറ്റവും പ്രബലമായ രാജ്യം.[[B075]]


                 
ബ്രിട്ടീഷ്‌ ആധിപത്യം ബ്രിട്ടീഷ്‌ വാഴ്‌ചയ്‌ക്കെതിരേ
പുരോഗതിയുടെ ഉദയം : തിരുവിതാംകൂര്‍   കൊച്ചി
തിരുവിതാംകൂര്‍    മലബാര്‍
കേരളസംസ്ഥാനം

മധ്യകാല ചരിത്രം


കുലശേഖല സാമ്രാജ്യം ശിഥിലമായ പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ കോളനി ശക്തികള്‍ ആധിപത്യം പൂര്‍ണ്ണമാക്കിയ പതിനേഴാം നൂറ്റാണ്ടുവരെയുള്ള കാലയളവിനെ കേരള ചരിത്രത്തിലെ മധ്യകാല ഘട്ടമായി കണക്കാക്കാം. ഒട്ടേറെ ചെറു രാജ്യങ്ങളായി കേരളം ചിതറിക്കിടക്കുകയും അവ പാശ്ചാത്യശക്തികളുടെ വരുതിയിലാവുകയും ചെയ്‌ത കാലമാണിത്‌. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സുപ്രധാനമായ വികാസ പരിണാമങ്ങള്‍ ഉണ്ടായ ഘട്ടം കൂടിയാണിത്‌.[[B034]] 

ചോളന്മാരുമായുള്ള യുദ്ധത്തോടെ കുലശേഖരന്മാരുടെ വാഴ്‌ച അവസാനിച്ചതോടെ കേരളം ഒട്ടേറെ ചെറു നാടുകളായി മാറി. വേണാട്‌, എളയിടത്തു സ്വരൂപം, ആറ്റിങ്ങല്‍, ദേശിങ്ങനാട്‌ (കൊല്ലം), കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കായംകുളം (ഓടനാട്‌), പുറക്കാട്‌ (ചെമ്പകശ്ശേരി), പന്തളം, തെക്കുംകൂര്‍, വടക്കുംകൂര്‍, പൂഞ്ഞാര്‍, കരപ്പുറം (ചേര്‍ത്തല), കൈമള്‍മാരുടെ നേതൃത്വത്തിലായിരുന്ന എറണാകുളം പ്രദേശങ്ങള്‍, ഇടപ്പള്ളി, കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, അയിരൂര്‍, തലപ്പിളളി, വള്ളുവനാട്‌, പാലക്കാട്‌, കൊല്ലങ്കോട്‌, കവളപ്പാറ, വെട്ടത്തുനാട്‌, പരപ്പനാട്‌, കുറുമ്പുറനാട്‌ (കുറുമ്പ്രനാട്‌), കോഴിക്കോട്‌, കടത്തനാട്‌, കോലത്തുനാട്‌ (വടക്കന്‍ കോട്ടയം), കുറങ്ങോട്‌, രണ്ടു തറ, ആലി രാജാവിന്റെ കണ്ണൂര്‍, നീലേശ്വരം, കുമ്പള എന്നിവയായിരുന്നു ആ കേരള രാജ്യങ്ങള്‍. ഇവയില്‍ വേണാട്‌, കൊച്ചി, കോഴിക്കോട്‌, കോലത്തുനാട്‌ എന്നിവയായിരുന്നു ഏറ്റവും ശക്തം. രാഷ്ട്രീയമായ പരമാധികാരം ഉണ്ടായിരുന്നതും ഈ നാലു രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കു മാത്രമായിരുന്നു. അവരെ ആശ്രയിച്ചു നിന്നവരോ ഇടപ്രഭുക്കളോ മാടമ്പിമാരോ മാത്രമായിരുന്നു മറ്റു നാടുകളിലെ ഭരണാധികാരികള്‍. ക്ഷത്രിയരും ബ്രാഹ്മണരും, നായന്മാരുമുണ്ടായിരുന്നു അവരില്‍; ഒരു മുസ്‌ലിം രാജവംശവും (കണ്ണൂരിലെ അറയ്‌ക്കല്‍ രാജവംശം).[[B035]]

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂപടം മാറ്റി വരയ്‌ക്കപ്പെട്ടത്‌ മധ്യകാലത്താണ്‌. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യം കേരളത്തില്‍ പിടി മുറുക്കിയതോടെ ആ കാലഘട്ടം അവസാനിക്കുന്നു. 16, 17 നൂറ്റാണ്ടുകളാണ്‌ മധ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങള്‍. നാടുവാഴിത്തത്തില്‍ അധിഷ്‌ഠിതമായിരുന്നു അന്നത്തെ സാമൂഹികഘടന. നാടുവാഴിക്കായിരുന്നു രാജ്യാധിപത്യമെങ്കിലും നായര്‍ മാടമ്പിമാര്‍ക്കായിരുന്നു യഥാര്‍ത്ഥത്തില്‍ അധികാരത്തിന്റെ നിയന്ത്രണം. സ്വകാര്യ സൈന്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ആയുധ പരിശീലനം നല്‍കുന്ന കളരികളുംഅങ്കം എന്ന ദ്വന്ദ്വയുദ്ധവും വ്യക്തികളോ ദേശങ്ങളോ തമ്മിലുള്ള സ്വകാര്യസമരമായ പൊയ്‌ത്തും പരമ്പരയായി തുടര്‍ന്നിരുന്ന കുടിപ്പകയും അന്നത്തെ സാമൂഹിക ഘടനയുടെ ഭാഗമായിരുന്നു. വടക്കന്‍ പാട്ടുകള്‍ ഈ സാമൂഹിക സ്ഥാപനങ്ങളുടെ ചിത്രം അവതരിപ്പിക്കുന്നു.[[B036]] 

വ്യവസ്ഥാപിതമായ നീതിനിര്‍വഹണ സമ്പ്രദായമോ ലിഖിതമായ നിയമസംഹിതയോ ഉണ്ടായിരുന്നില്ല. പൊതുവേ ബ്രാഹ്മണര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ ലഭിക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടു. സത്യ പരീക്ഷകള്‍ നടത്തിയായിരുന്നു കുറ്റം തെളിയിച്ചിരുന്നത്‌. കുറ്റവാളിയെന്ന്‌ ആരോപിതനായ ആളെ തിളച്ച എണ്ണയില്‍ കൈമുക്കി സത്യം തെളിയിക്കുന്നത്‌ ഇത്തരം രീതികളില്‍ ഒന്നായിരുന്നു. കൈപൊള്ളിയാല്‍ കുറ്റവാളി എന്നര്‍ത്ഥം. ശുചീന്ദ്രം, ഏറ്റുമാനൂര്‍, തിരുവളയനാട്‌, ചെങ്ങന്നൂര്‍ തുടങ്ങിയ പല ക്ഷേത്രങ്ങളിലും കൈമുക്കു പരീക്ഷകള്‍ ഉണ്ടായിരുന്നു.[[B037]] 

മരുമക്കത്തായമായിരുന്നു പ്രധാന ദായക്രമം. ബഹുഭര്‍ത്തൃത്വവും സാധാരണമായിരുന്നു. ജാതിക്ക്‌ പരമ പ്രാധാന്യമുണ്ടായിരുന്ന മധ്യകാല ഹിന്ദു സമൂഹത്തില്‍ ബ്രാഹ്മണരായിരുന്നു അറിവിന്റെയും അധികാരത്തിന്റെയും മേല്‍ത്തട്ടില്‍. പടയാളിവര്‍ഗമായ നായന്മാരാണ്‌ ജനസംഖ്യയിലും സ്വാധീന ശക്തിയിലും മുന്നിട്ടു നിന്നത്‌. തൊടീല്‍, തീണ്ടല്‍, കണ്ടുകൂടായ്‌മ തുടങ്ങിയ അനാചാരങ്ങളും സാമൂഹിക വിവേചനങ്ങളും മധ്യകാല സമൂഹത്തില്‍ ഭയാനകരൂപത്തില്‍ നില നിന്നിരുന്നു. അടിമ സമ്പ്രദായവും വ്യാപകമായിരുന്നു. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയവയായിരുന്നു മറ്റു ദുരാചാരങ്ങള്‍. ക്രൈസ്‌തവര്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഉന്നത സ്ഥാനമുണ്ടായിരുന്നു അക്കാലത്ത്‌. മലബാറില്‍ മുസ്‌ലീങ്ങളും മധ്യ, ദക്ഷിണ കേരളത്തില്‍ ക്രൈസ്‌തവരുമായിരുന്നു പ്രധാന ഹൈന്ദവേതര വിഭാഗങ്ങള്‍.[[B038]] 

സാമൂഹികമായ അനാചാരങ്ങളും കടുത്ത വിവേചനവും ബ്രാഹ്മണ മേധാവിത്തവും നിലനിന്ന മധ്യകാല സമൂഹത്തില്‍ നിന്നാണ്‌ സാംസ്‌കാരിക വളര്‍ച്ചയുടെ പുതുപൂക്കളം വികസിച്ചു വന്നത്‌. ജ്യോതിശ്ശാസ്‌ത്രം, ജ്യോതിഷം, ഗണിത ശാസ്‌ത്രം എന്നിവയില്‍ മഹത്തായ സംഭാവനകള്‍ ഉണ്ടായി. സംഗമ ഗ്രാമമാധവന്‍, വടശ്ശേരി പരമേശ്വരന്‍ തുടങ്ങിയ മഹാന്മാരായ ഗണിതജ്ഞര്‍ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്‌. മലയാളത്തിലെ ആദികാവ്യമായ 'രാമചരിതം' എഴുതിയ ചീരാമനും കണ്ണശ്ശ കവികളും തൊട്ട്‌ തുഞ്ചത്ത്‌ എഴുത്തച്ഛന്‍ വരെയുള്ള കവികള്‍ ഉയര്‍ന്നു വന്നതും മലയാള സാഹിത്യത്തിന്‌ അടിത്തറയിട്ടതും ഇക്കാലത്താണ്‌.[[B039]]

                 
വേണാട്‌  കൊച്ചീ രാജ്യം
കോഴിക്കോട്‌ രാജ്യം  മാമാങ്കം
കോലത്തുനാട്‌

കേരള വിശേഷങ്ങള്‍


1 ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം
2 പുരുഷന്‍മാരെക്കാള്‍ സ്‌ത്രീകള്‍ ഉള്ള ഏക ഇന്ത്യന്‍ സംസ്ഥാനം (2001 സെന്‍സസ്‌)
3 ലോകത്തെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാന (baby - friendly state) മായി യൂണിസെഫും (UNICEF) ലോകാരോഗ്യസംഘടനയും (WHO) അംഗീകരിച്ച സംസ്ഥാനം[[A005]]

ഒറ്റനോട്ടത്തില്‍


1. മേഖല : ഇന്ത്യയുടെ തെക്കു പടിഞ്ഞാറ്‌
2. വിസ്‌തൃതി : 38863 ച. കി. മീ
3. ജനസംഖ്യ : 31841374 (2001 സെന്‍സസ്‌)
4. ഭാഷ : മലയാളം
5. മതം : ഹിന്ദു, ഇസ്‌ലാം, ക്രിസ്‌തു മതങ്ങള്‍
6. സാക്ഷരത : 90.9% (പു. 94.2% സ്‌ത്രീ 87.7% - 2001 സെന്‍സസ്‌)
7. തലസ്ഥാനം : തിരുവനന്തപുരം
8. സര്‍ക്കാര്‍ തലവന്‍ : മുഖ്യമന്ത്രി (വി. എസ്‌. അച്യുതാനന്ദന്‍)
9. വിമാനത്താവളങ്ങള്‍ : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌
10. ജില്ലകള്‍ : 14
11. പഞ്ചായത്തുകള്‍ : 999
12. സംസ്ഥാന പുഷ്‌പം : കണിക്കൊന്ന
13. സംസ്ഥാന പക്ഷി : മലമുഴക്കി വേഴാമ്പല്‍
14. സംസ്ഥാന മൃഗം : ആന[[A004]]


ആമുഖം


ഇന്ത്യയുടെ തെക്കുപടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനമാണ്‌ കേരളം. അറബിക്കടലിനും സഹ്യപര്‍വതത്തിനും ഇടയിലായി കിടക്കുന്ന ഈ ഭൂപ്രദേശത്തിന്‌ 38863 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്‌. മലയാളം മാതൃഭാഷയായിട്ടുള്ള കേരളം ദക്ഷിണേന്ത്യയെന്നു വിളിക്കപ്പെടുന്ന ഭാഷാ -സാംസ്‌കാരിക മേഖലയിലെ നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ്‌. തമിഴ്‌നാടും കര്‍ണ്ണാടകവുമാണ്‌ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍. പോണ്ടിച്ചേരി (പുതുച്ചേരി) യുടെ ഭാഗമായ മയ്യഴി (മാഹി / Mahe) കേരളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്‌ അറബിക്കടലിലുള്ള ലക്ഷദ്വീപുകള്‍ കേന്ദ്രഭരണപ്രദേശമാണെങ്കിലും ഭാഷാപരമായും സാംസ്‌കാരികമായും കേരളത്തോട്‌ അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്‌ വിവിധ രാജാക്കന്മാര്‍ക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു കേരളം. 1949 ജൂലൈ ഒന്നിന്‌ തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ത്ത്‌ തിരു-കൊച്ചി സംസ്ഥാനം രൂപവത്‌കരിച്ചു. ബ്രിട്ടീഷ്‌ ഭരണത്തിനു കീഴില്‍ മദ്രാസ്‌ സംസ്ഥാനത്തെ (ഇന്നത്തെ തമിഴ്‌നാട്‌) ഒരു ജില്ലയായിരുന്ന മലബാര്‍ പിന്നീട്‌ തിരു-കൊച്ചിയോടു ചേര്‍ത്തതോടെ 1956 നവംബര്‍ ഒന്നിന്‌ ഇന്നത്തെ കേരള സംസ്ഥാനം നിലവില്‍ വന്നു. മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഐക്യകേരളം.[[A001]] 

പൗരാണികമായ ചരിത്രവും ദീര്‍ഘകാലത്തെ വിദേശവ്യാപാരബന്ധവും കലാശാസ്‌ത്രരംഗങ്ങളിലെ പാരമ്പര്യവും കേരളത്തിന്‌ അവകാശപ്പെടാനുണ്ട്‌. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായ കേരളം സാമൂഹികനീതി, ആരോഗ്യ നിലവാരം, ലിംഗസമത്വം, ക്രമസമാധാന നില, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഉയര്‍ന്ന നിലയിലാണ്‌. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്‌ കേരളത്തിലാണ്‌. [[A002]]

സസ്യശ്യാമളവും ജലസമൃദ്ധവുമായ കേരളത്തെ മഴയുടെ സ്വന്തം നാടായി വിശേഷിപ്പിച്ചാല്‍ തെറ്റില്ല. മികച്ച കാലാവസ്ഥയും ഗതാഗതസൗകര്യങ്ങളും സാംസ്‌കാരിക പൈതൃകവും കേരളത്തെ വിനോദ സഞ്ചാരികളുടെ പ്രിയങ്കരമായ ഇടമാക്കുന്നു. മതമൈത്രിക്കു പണ്ടേ പ്രശസ്‌തമായ കേരളം വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ്‌. ഉയര്‍ന്ന രാഷ്ട്രീയ ബോധവും മാധ്യമങ്ങള്‍ക്കുള്ള സ്വാധീനതയും സംസ്‌കാര സ്വാംശീകരണശേഷിയും കേരളത്തെ ഇന്ത്യയിലെ സവിശേഷ ഭൂവിഭാഗങ്ങളിലൊന്നായി നില നിര്‍ത്തുന്നു.[[A003]]


പ്രധാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍


പ്രധാന സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍
ആസ്‌ട്രല്‍ വാച്ചസ്‌ ലിമിറ്റഡ്‌
ആട്ടോകാസ്‌റ്റ്‌ ലിമിറ്റഡ്‌
ഫോം മാറ്റിംഗ്‌സ്‌ (ഇന്ത്യ) ലിമിറ്റഡ്‌
ഫോറസ്‌റ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ (ട്രാവന്‍കൂര്‍) ലിമിറ്റഡ്‌
ഹാന്റിക്രാഫ്‌റ്റ്‌സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ കേരള ലിമിറ്റഡ്‌
കെല്‍ട്രോണ്‍ കംപോണന്റ്‌ കോംപ്ലക്‌സ്‌ ലിമിറ്റഡ്‌
കെല്‍ട്രോണ്‍ ക്രിസ്‌ടല്‍സ്‌ ലിമിറ്റഡ്‌
കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ്‌ ലിമിറ്റഡ്‌
കെല്‍ട്രോണ്‍ മാഗ്നറ്റിക്‌സ്‌ ലിമിറ്റഡ്‌
കെല്‍ട്രോണ്‍ റെസിസ്‌റ്റോര്‍സ്‌ ലിമിറ്റഡ്‌
കേരള ആര്‍ട്ടിസാന്‍സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
കേരള ആട്ടോമൊബൈല്‍സ്‌ ലിമിറ്റഡ്‌
കേരള ക്ലേയ്‌സ്‌ ആന്റ്‌ സിറാമിക്‌ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌്‌
കേരള ഇലക്ട്രിക്കല്‍ ആന്റ്‌ അലൈഡ്‌ എഞ്ചിനീയറിംഗ്‌ കമ്പനി ലിമിറ്റഡ്‌
കേരളാ ഗാര്‍മെന്റ്‌സ്‌ ലിമിറ്റഡ്‌
കേരള ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌
കേരളാ ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍
കേരള ഖാദി ആന്റ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ ബോര്‍ഡ്‌
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ ഇലക്ട്രോണിക്‌സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍
കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ എന്റര്‍പ്രൈസസ്‌ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രോഡക്ട്‌സ്‌ ട്രേഡിംഗ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ മിനറല്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ പാമീറ പ്രോഡക്ട്‌സ്‌ ഡെവലപ്‌മെന്റ്‌ ആന്റ്‌ വര്‍ക്കേഴ്‌സ്‌ വെല്‍ഫയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
മലബാര്‍ സിമന്റ്‌സ്‌ ലിമിറ്റഡ്‌
സീതാറാം ടെക്‌സ്റ്റൈല്‍സ്‌ ലിമിറ്റഡ്‌
സ്റ്റീല്‍ കോംപ്ലക്‌സ്‌ ലിമിറ്റഡ്‌
സ്റ്റീല്‍ ഇന്‍ഡസ്‌ട്രിയല്‍സ്‌ കേരള ലിമിറ്റഡ്‌
സ്റ്റീല്‍ ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഫോര്‍ജിങ്ങ്‌സ്‌ ലിമിറ്റഡ്‌
കേരള സിറാമിക്‌സ്‌ ലിമിറ്റഡ്‌
കേരള മിനറല്‍സ്‌ ആന്റ്‌ മെറ്റല്‍സ്‌ ലിമിറ്റഡ്‌
കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്‌
കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
മെറ്റല്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌
ട്രാവന്‍കൂര്‍ സിമന്റ്‌സ്‌ ലിമിറ്റഡ്‌
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്‌ ആന്റ്‌ കെമിക്കല്‍സ്‌ ലിമിറ്റഡ്‌
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്‌ ലിമിറ്റഡ്‌
ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്‌
ട്രാന്‍സ്‌ഫോര്‍മേഴ്‌സ്‌ ആന്റ്‌ ഇലക്ട്രിക്കല്‍സ്‌ കേരള ലിമിറ്റഡ്‌
കേരള അഗ്രോമെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌
മീറ്റ്‌ പ്രോഡക്ട്‌സ്‌ ഓഫ്‌ ഇന്ത്യാ ലിമിറ്റഡ്‌
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്‌
ട്രിവാന്‍ഡ്രം റബര്‍ വര്‍ക്‌സ്‌ ലിമിറ്റഡ്‌
കേരള ഫീഡ്‌സ്‌ ലിമിറ്റഡ്‌
കേരള സ്റ്റേറ്റ്‌ ഫുഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌[[E021]]

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍


നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനു കീഴിലുള്ള അഞ്ച്‌ തുണി മില്ലുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ :

കൊച്ചി എണ്ണ ശുദ്ധീകരണശാല
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌
ഫെര്‍ട്ടിലൈസേഴ്‌സ്‌ ആന്റ്‌ കെമിക്കല്‍സ്‌ ട്രാവന്‍കൂര്‍ ലിമിറ്റഡ്‌ (FACT)
ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌, കോട്ടയം
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌ ലിമിറ്റഡ്‌
ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്‌ ലിമിറ്റഡ്‌, എറണാകുളം
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസ്‌ , പാലക്കാട്‌
ഇന്‍സ്‌ട്രമെന്റേഷന്‍ ലിമിറ്റഡ്‌, പാലക്കാട്‌
ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ്‌ ലിമിറ്റഡ്‌, എറണാകുളം
ഹിന്ദുസ്ഥാന്‍ മെഷിന്‍ ടൂള്‍സ്‌ (HMT)ലിമിറ്റഡ്‌, എറണാകുളം
ബാമര്‍ലാറി കമ്പനി ലിമിറ്റഡ്‌, എറണാകുളം
കൊച്ചിന്‍ റിഫൈനറീസ്‌ ബാമര്‍ ലോറി ലിമിറ്റഡ്‌, എറണാകുളം
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‌ കെമിക്കല്‍സ്‌ ലിമിറ്റഡ്‌, എറണാകുളം
കണ്ണൂര്‍ സ്‌പിന്നിങ്ങ്‌ ആന്റ്‌ വീവിങ്‌ മില്‍സ്‌
വിജയമോഹിനി മില്‍സ്‌, തിരുവനന്തപുരം
പാര്‍വതി മില്‍സ്‌, കൊല്ലം
കേരള ലക്ഷ്‌മി മില്‍സ്‌, തൃശ്ശൂര്‍
അളഗപ്പ ടെക്‌സ്റ്റൈല്‍ (കൊച്ചിന്‍) മില്‍സ്‌, തൃശ്ശൂര്‍ [[E022]]

വ്യവസായ രംഗം


പരമ്പരാഗത വ്യവസായങ്ങളും ആധുനികരീതിയിലുള്ള വന്‍കിട-ഇടത്തരം വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും ഖാദി-ഗ്രാമവ്യവസായങ്ങളും കരകൗശല വ്യവസായങ്ങളുമെല്ലാം ചേര്‍ന്നതാണ്‌ കേരളത്തിന്റെ വ്യവസായരംഗം. കയറാണ്‌ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായം. കൈത്തറി, കശുവണ്ടി എന്നിവ തൊട്ടു പിന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ കയര്‍ ഉത്‌പാദനത്തില്‍ 35 ശതമാനവും കയര്‍ ഉത്‌പന്നങ്ങളുടെ നിര്‍മാണത്തില്‍ 90 ശതമാനവും കേരളത്തില്‍ നിന്നാണ്‌. അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അവരെ ആശ്രയിച്ചു കഴിയുന്നവര്‍ 10 ലക്ഷത്തോളം വരും. ഉദ്ദേശം രണ്ടു ലക്ഷത്തോളം പേര്‍ കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഓട്‌, ബീഡി, സെറികള്‍ച്ചര്‍, ഈറ, തോട്ടം വ്യവസായങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ്‌ പരമ്പരാഗത വ്യവസായ മേഖല.[[E017]]

19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേരളത്തില്‍ ആധുനിക രീതിയിലുള്ള വ്യവസായങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ്‌ തോട്ടമുടമകളും ജര്‍മന്‍ ക്രിസ്‌തുമത മിഷനറിമാരുമാണ്‌ ഇതിനു തുടക്കം കുറിച്ചത്‌. 1859-ല്‍ ആലപ്പുഴയില്‍ ജെയിംസ്‌ ഡാറ എന്ന അമേരിക്കക്കാരന്‍ കേരളത്തിലെ ആദ്യത്തെ കയര്‍ഫാക്ടറി സ്ഥാപിച്ചു. 1881-ല്‍ ആദ്യത്തെ തുണിമില്‍ കൊല്ലത്ത്‌ പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട്ടും പാലക്കാട്ടും ഏതാനും ഓട്‌ - ഇഷ്ടിക കമ്പനികളും നിലവില്‍ വന്നു. പരമ്പരാഗത വ്യവസായ മേഖലയില്‍പ്പെട്ട ഇത്തരം വ്യവസായങ്ങളുമായാണ്‌ കേരളം 20-ാം നൂറ്റാണ്ടിലേക്കു പ്രവേശിച്ചത്‌. തിരുവിതാംകൂറില്‍ 1935-1946 കാലത്ത്‌ ഒട്ടേറെ വ്യവസായങ്ങള്‍ക്ക്‌ തുടക്കമിട്ടു. റയോണ്‍സ്‌, ടൈറ്റാനിയം ഡൈ ഓക്‌സൈഡ്‌, അമോണിയം സള്‍ഫേറ്റ്‌, കാസ്റ്റിക്‌ സോഡ തുടങ്ങിയവ ഉത്‌പാദിപ്പിക്കുന്ന ഫാക്ടറികള്‍ ഉണ്ടായി. ഇക്കാലത്തു തന്നെ തിരുവിതാംകൂറില്‍ പൊതുമേഖലയില്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പും ഉണ്ടായി.[[E018]]

ഇന്ന്‌ കേരളത്തില്‍ 727 വന്‍കിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുണ്ട്‌. ഇതില്‍ 22 എണ്ണം കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളാണ്‌. 590 എണ്ണം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയുമുണ്ട്‌. എറണാകുളം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ളത്‌. പാലക്കാട്‌, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകള്‍ തൊട്ടടുത്തു നില്‍ക്കുന്നു. കാസര്‍ഗോഡ്‌ ജില്ലയിലാണ്‌ ഏറ്റവും കുറച്ച്‌ വ്യവസായ സ്ഥാപനങ്ങള്‍ ഉള്ളത്‌.[[E019]]

ഐ. ടി., ടൂറിസം, ഭക്ഷ്യസംസ്‌കരണം ഉള്‍പ്പെടെയുള്ള കാര്‍ഷികാധിഷ്‌ഠിത വ്യവസായങ്ങള്‍, റെഡിമെയ്‌ഡ്‌ വസ്‌ത്രനിര്‍മ്മാണം, ആയുര്‍വേദ മരുന്നുകള്‍, ഖനനം, സമുദ്രോത്‌പന്നങ്ങള്‍, ലൈറ്റ്‌ എന്‍ജിനീയറിങ്ങ്‌, ബയോടെക്‌നോളജി, റബര്‍ അധിഷ്‌ഠിത വ്യവസായങ്ങള്‍ എന്നിവയാണ്‌ പ്രത്യേകം ഊന്നല്‍ നല്‍കുന്ന വ്യവസായ മേഖലകള്‍.

കശുവണ്ടി, സമുദ്രോത്‌പന്നങ്ങള്‍, കയര്‍ ഉത്‌പന്നങ്ങള്‍, കാപ്പി, തേയില, സുഗന്ധവ്യഞ്‌ജനങ്ങള്‍ എന്നിവയാണ്‌ കേരളത്തില്‍ നിന്ന്‌ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്‌.

വ്യവസായ വികസനം വേഗത്തിലാക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാനും സഹായം നല്‍കാനും വേണ്ടി വ്യവസായ പ്രോത്സാഹന ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാര്‍
രൂപവത്‌കരിച്ചിട്ടുണ്ട്‌.[[E020]]

              

രംഗകലകള്‍


കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേര്‍തിരിക്കാം. മതപരമായ കലകളില്‍ ക്ഷേത്രകലകളും അനുഷ്‌ഠാനകലകളും ഉള്‍പ്പെടും. കൂത്ത്‌, കൂടിയാട്ടം, കഥകളി, തുള്ളല്‍, തിടമ്പു നൃത്തം, അയ്യപ്പന്‍ കൂത്ത്‌, അര്‍ജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം, കൃഷ്‌ണനാട്ടം, കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്‌. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതില്‍പ്പെടും.തെയ്യം, തിറ, പൂരക്കളി, തീയാട്ട്‌, മുടിയേറ്റ്‌, കാളിയൂട്ട്‌, പറണേറ്റ്‌, തൂക്കം, പടയണി (പടേനി), കളം പാട്ട്‌, കെന്ത്രോന്‍ പാട്ട്‌, ഗന്ധര്‍വന്‍ തുള്ളല്‍, ബലിക്കള, സര്‍പ്പപ്പാട്ട്‌, മലയന്‍ കെട്ട്‌ എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട്‌ അനുഷ്‌ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്‌ഠാനകലാസാഹിത്യവുമുണ്ട്‌. [[G002]]

യാത്രക്കളി, ഏഴാമുത്തിക്കളി, മാര്‍ഗം കളി, ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല്‌, പരിചമുട്ടുകളി, കളരിപ്പയറ്റ്‌ തുടങ്ങിയവ കായിക കലകളുമാണ്‌.കാക്കാരിശ്ശി നാടകം, പൊറാട്ടു കളി, തോല്‍പ്പാവക്കൂത്ത്‌, ഞാണിന്‍മേല്‍കളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രമുള്ള കലകളുമാണ്‌. ഇവയ്‌ക്കു പുറമേയാണ്‌ ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയകലകളും.[[G003]]

അനുഷ്‌ഠാനകലകളില്‍പ്പെടുന്ന പലതും നാടോടി നാടകങ്ങളാണ്‌. അനുഷ്‌ഠാനസ്വഭാവമില്ലാത്ത വിനോദ പ്രധാനമായ നാടോടി നാടകങ്ങളുമുണ്ട്‌. കുറത്തിയാട്ടം, പൊറാട്ടു നാടകം, കാക്കാരിശ്ശി നാടകം, പൊറാട്ടിന്റെ വകഭേദമെന്നു പറയാവുന്ന പാങ്കളി, ആര്യമ്മാല തുടങ്ങിയവ അനുഷ്‌ഠാനാംശമില്ലാത്ത നാടോടി നാടകങ്ങളാണ്‌. മുടിയേറ്റ്‌, കാളിയൂട്ട്‌, നിണബലി, പടയണി, കാളിത്തീയാട്ട്‌, അയ്യപ്പന്‍കൂത്ത്‌, തെയ്യം തുടങ്ങിയവയെല്ലാം അനുഷ്‌ഠാനാംശമുള്ള നാടോടി നാടകങ്ങളാണെന്നു പറയാം. കോതാമൂരിയാട്ടം അനുഷ്‌ഠാനാംശം കുറഞ്ഞ നാടകമാണ്‌.[[G004]]

വടക്കന്‍ കേരളത്തിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള സീതക്കളി, പത്തനംതിട്ടയിലെ മലവേടരുടെ പൊറമാടി, വയനാട്ടിലെ ആദിവാസികള്‍ക്കിടയിലുള്ള മാന്ത്രിക കര്‍മ്മങ്ങളായ ഗദ്ദിക, കുള്ളിയാട്ട്‌, വെള്ളാട്ട്‌ എന്നിവയും ഒരുതരം നാടോടി നാടകങ്ങളാണ്‌. കണ്യാര്‍കളി, പൂതം കളി, കുമ്മാട്ടി, ഐവര്‍നാടകം, കുതിരക്കളി, വണ്ണാന്‍കൂത്ത്‌, മലയിക്കൂത്ത്‌ തുടങ്ങിയവയും ഈ ഗണത്തില്‍ വരും.[[G005]]

                 
കൂത്ത്‌കൂടിയാട്ടം
കഥകളികൃഷ്‌ണനാട്ടം
തെയ്യവും തിറയുംമുടിയേറ്റ്‌
കെന്ത്രോന്‍ പാട്ട്‌കളരിപ്പയറ്റ്‌
കാക്കാരിശ്ശി നാടകംകോതാമൂരിയാട്ടം
പെരുങ്കളിയാട്ടംകളിയാട്ടച്ചടങ്ങുകള്‍
ഉരിയാട്ടം

വാസ്‌തുവിദ്യ


സവിശേഷമായ വാസ്‌തു വിദ്യാ ശൈലിയുണ്ട്‌ കേരളത്തിന്‌. ലാളിത്യത്തിനു പ്രാധാന്യം നല്‍കിയ ആ ശൈലിയുടെ മാതൃകകള്‍ ദേവാലയങ്ങളും പുരാതന ഭവനങ്ങളുമാണ്‌. തച്ചു ശാസ്‌ത്രപ്രകാരമാണ്‌ അവ നിര്‍മ്മിച്ചിരുന്നത്‌. ക്ഷേത്ര വാസ്‌തു വിദ്യയില്‍ മാത്രമല്ല പല ക്രൈസ്‌തവ, ഇസ്‌ലാമിക ദേവാലയങ്ങളിലും കേരളീയ വാസ്‌തു ശില്‌പ ശൈലി തെളിഞ്ഞു കാണാം. തന്ത്ര സമുച്ചയം, ശില്‌പചന്ദ്രിക, മനുഷ്യലയ ചന്ദ്രിക തുടങ്ങിയവ പ്രസിദ്ധ വാസ്‌തുശില്‌പ ശാസ്‌ത്ര ഗ്രന്ഥങ്ങളാണ്‌.

സംഗീതം


സംഗീതമാണ്‌ ശ്രവ്യകലകളില്‍ ഉള്‍പ്പെടുന്നത്‌. നാടോടി സംഗീതം, ശാസ്‌ത്രീയ സംഗീതം എന്നീ വിഭാഗങ്ങളുണ്ട്‌ അതിന്‌. നാടന്‍ പാട്ടുകള്‍, അനുഷ്‌ഠാനകലകളുമായി ബന്ധപ്പെട്ട ഗാനങ്ങള്‍, ദേവതാ സ്‌തുതികള്‍, അധ്വാനത്തിന്റെ ഭാഗമായ പാട്ടുകള്‍, തിരുവാതിരക്കളി, കുമ്മി, കോലാട്ടം തുടങ്ങിയ വിനോദങ്ങള്‍ക്കുള്ള പുരാണകഥാഗാനങ്ങള്‍, വഞ്ചിപ്പാട്ടുകള്‍ തുടങ്ങിയവയെല്ലാം നാടോടി സംഗീതത്തിന്റെ പരിധിയില്‍പ്പെടുന്നു. കേരളീയമായ ഒട്ടേറെ നാടോടി വാദ്യങ്ങളുമുണ്ട്‌.

സംഗീതശാസ്‌ത്രനിയമങ്ങള്‍ക്കനുസരിച്ചു രൂപം കൊണ്ടിട്ടുള്ളതാണ്‌ ശാസ്‌ത്രീയ സംഗീത വിഭാഗത്തില്‍പ്പെടുന്നവ. വായ്‌പ്പാട്ടും വാദ്യസംഗീതവും ഇതില്‍ ഉള്‍പ്പെടുന്നു. സോപാന സംഗീതം, കഥകളി സംഗീതം, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവയെല്ലാം ശാസ്‌ത്രീയ സംഗീതത്തിന്റെ ഭാഗമാണ്‌. കര്‍ണ്ണാടക സംഗീതത്തിനും കേരളം മഹത്തായ സംഭാവന നല്‍കിയിട്ടുണ്ട്‌. സ്വാതി തിരുനാള്‍, ഇരയിമ്മന്‍ തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി, കെ. സി. കേശവപിള്ള തുടങ്ങിയവരാണ്‌ ഏറ്റവും പ്രശസ്‌തരായ ഗാനകര്‍ത്താക്കള്‍, ഷട്‌കാല ഗോവിന്ദമാരാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, കെ. വി. നാരായണസ്വാമി, കെ. എസ്‌. നാരായണസ്വാമി, എം. ഡി. രാമനാഥന്‍, ടി. എന്‍. കൃഷ്‌ണന്‍, എം. എസ്‌. ഗോപാലകൃഷ്‌ണന്‍, ടി. എസ്‌. മണി അയ്യര്‍, യേശുദാസ്‌ തുടങ്ങിയ ഒട്ടേറെ പ്രശസ്‌ത ഗായകരും കേരളീയരായുണ്ട്‌. ഒട്ടേറെ സംഗീതശാസ്‌ത്രഗ്രന്ഥങ്ങളും കേരളീയര്‍ രചിച്ചിട്ടുണ്ട്‌.

കേരളത്തിലെ നാടന്‍ കളികള്‍


കേരളത്തിന്റെ ഗ്രാമീണ സംസ്‌കാരത്തിന്റെ പ്രതിരൂപങ്ങള്‍ തന്നെയായിരുന്നു നാടന്‍ കളികള്‍. ആചാരങ്ങള്‍, കല, സാഹിത്യം, ജാതി വ്യവസ്ഥ എന്നിവയുമായെല്ലാം അത്‌ ബന്ധപ്പെട്ടിരിക്കുന്നു. വിജയിയെ നിശ്ചയിക്കുക മാത്രമായിരുന്നില്ല നാടന്‍ കളികളില്‍ പലതിന്റെയും ലക്ഷ്യം. പാട്ട്‌, നൃത്തം, പുരാണകഥാസന്ദര്‍ഭങ്ങളുടെ അനുസ്‌മരണം, ഒരുമയുടെ പ്രകാശനം എന്നിവയെല്ലാം നാടന്‍കളികള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ വിജയി ഉണ്ടാകാത്ത നിരവധി നാടന്‍ കളികളുണ്ട്‌. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരുന്ന നാടന്‍ കളിപോലുമുണ്ട്‌. കോഴിയങ്കം ഇതിനുദാഹരണമാണ്‌. മധ്യകാല കേരളത്തില്‍ നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ആദ്യശ്രമമായാണ്‌ കോഴിയങ്കം നടത്തിയിരുന്നത്‌. കോഴിയങ്കത്തിലും വിജയിയെ നിശ്ചയിക്കാന്‍ കഴിയാതെ വന്നാല്‍ ആളങ്കം കുറിയ്‌ക്കുന്നു. കോഴിയങ്കം ഇന്നില്ല. എന്നാല്‍ ഇതിന്റെ ഒരു രൂപമായ കോഴിപ്പോര്‌ ഇന്നും വടക്കന്‍ കേരളത്തില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്‌.

കേരളത്തിലെ മിക്ക കലകളുടെയും തുടക്കം കളികളില്‍ നിന്നാണ്‌. അതിപ്രാചീനമായ കളിയാട്ടങ്ങള്‍ കാലക്രമത്തില്‍ കൂടുതല്‍ നിര്‍വചനബദ്ധമായും താളഭദ്രമായും കലകളായി പുനരവതരിച്ചു. പല കലാരൂപങ്ങളും കളിമുറകളില്‍ നിന്ന്‌ ധാരാളം കൊണ്ടു. പരിചമുട്ടുകളി, കോല്‍ക്കളി, തുള്ളല്‍, ദപ്പുകളി, കഥകളി, പൂരക്കളി എന്നിവയില്‍ കളരിപ്പയറ്റിന്റെ സ്വാധീനം കാണാം. കേരളത്തിലെ കളികള്‍ 'കലയും കമലയും' ചേര്‍ന്നിരിക്കാന്‍ വേണ്ടി ആവിഷ്‌കരിക്കപ്പെട്ടവയാണെന്ന്‌ മൂര്‍ക്കോത്ത്‌ കുമാരന്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ഇന്നും നിലനില്‍ക്കുന്ന പല കളികളിലും താളബദ്ധമായ ചുവടുകളും പാട്ടുകളും ഐത്യഹി ബിംബങ്ങളുമുള്ളത്‌ ശ്രദ്ധിക്കുക. അതുപോലെ കേരളത്തില്‍ ശ്രേഷ്‌ഠമായ പല കലാരൂപങ്ങളും കളി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.
കഥകളി, കൈക്കൊട്ടിക്കളി, തുള്ളല്‍ക്കളി, പൂരക്കളി, അറവനക്കളി എന്നിവ ഉദാഹരണം. ഇങ്ങനെ കലക്ക്‌ പ്രാമുഖ്യം വരുന്ന കളികള്‍ നാടന്‍ കളികളുടെ വിഭാഗത്തില്‍പ്പെടുന്നില്ല.

കേരളത്തിലെ തനതു കളികളെ അഞ്ച്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. കലഹക്കളി, കൗശലക്കളി, ഭാഗ്യക്കളി, അന്വേഷണക്കളി, അനുകരണക്കളി, എന്നിവയാണ്‌ ഈ വിഭാഗങ്ങള്‍. വിനോദരൂപത്തിലുള്ള കലഹങ്ങളും സമരങ്ങളും ഉള്‍പ്പെടുന്ന കലകളാണ്‌ കലഹക്കളികള്‍. കുറച്ചൊക്കെ ബലംപ്രയോഗങ്ങളും ഉന്തും തള്ളും പിടിച്ചു വലിയുമൊക്കെ ഇത്തരം കളികളില്‍ ഉണ്ടാകും. കബഡികളി, തുമ്പികളി എന്നിവ ഉദാഹരണങ്ങള്‍.

കൗശലക്കളിയില്‍ തന്ത്രങ്ങള്‍ക്കാണ്‌ പ്രധാന്യം. ശ്വാസം വിടാതെ കുറുക്കു വഴികളില്‍ ലക്ഷ്യം കാണുക, കരുക്കള്‍ നീക്കുക, എതിരാളിയുടെ നീക്കം അറിഞ്ഞ്‌ പ്രതികരിക്കുക എന്നിവയാണ്‌ കൗശലക്കളികളുടെ പൊതു സ്വഭാവം. തലപ്പന്ത്‌ കളി, കക്കുകളി എന്നിവ ഉദാഹരണങ്ങള്‍.

ഭാഗ്യത്തെ ആശ്രയിച്ച്‌ കളിക്കുന്നവയാണ്‌ ഭാഗ്യക്കളികള്‍. അല്‌പം കൗശലവും ഉള്‍പ്പടുന്നുവെങ്കിലും ഭാഗ്യത്തിനാണ്‌ ഇവിടെ പ്രാധാന്യം. ഉത്സവപ്പറമ്പുകളിലെ ഹരമായ ആന മയില്‍ ഒട്ടകം കളി മുതല്‍ ചൂതുകളി, പകിടകളി, തുടങ്ങിയവ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഒളിച്ചു വയ്‌ക്കലും കണ്ടെത്തലുമാണ്‌ അന്വേഷണകളികളുടെ പൊതു സ്വഭാവങ്ങള്‍. ഊഹത്തിനും ഭാഗ്യത്തിനുമൊക്കെ ഈ കളികളില്‍ പ്രാധാന്യമുണ്ട്‌. അണ്ടറ്‌കളി, പൂന്തോലം കളി
തുടങ്ങിയവ ഉദാഹരണങ്ങള്‍.

പുരാണ കഥാപാത്രങ്ങളെ മുതല്‍ പക്ഷിമൃഗാദികളെ വരെ അനുകരിച്ച്‌ കളിക്കുന്ന കളികളാണ്‌ അനുകരണ കളികള്‍. തവളച്ചാട്ടം പോലുള്ള അനുകരണക്കളികള്‍ക്ക്‌ തവളയെപ്പോലെ ചാടി
ഒന്നാമതെത്തുക എന്ന ഘടകം മാത്രമേയുള്ളൂ. എന്നാല്‍ നരിയും പശുവും കളിയില്‍ അല്‌പം ബലപ്രയോഗവും ഉള്‍പ്പെടുന്നു.

യൂറോപ്പ്യന്‍ കളികളുടെ വരവോടെ കേരളത്തിലെ നാടന്‍ കളികള്‍ പലതും അപ്രത്യക്ഷമായി. ബ്രോഡ്‌ കാസ്‌റ്റ്‌ തന്ത്രങ്ങളും താരപ്രഭാവവുമെല്ലാം ക്രിക്കറ്റിനെ നമ്മുടെ വയലേലകളിലെത്തിച്ചു. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഫുട്‌ബോളും വോളിബോളും ബാസ്‌ക്കറ്റ്‌ബോളുമെല്ലാം കേരളം അതേ ലഹരിയില്‍ ഏറ്റെടുത്തു. കലയിലും ജീവിതരീതിയിലുമൊക്കെ ആഗോളീകരണം വലിയ മാറ്റങ്ങള്‍ വരുത്തുകയാണ്‌ പതിവ്‌. പക്ഷേ കളികളുടെ കാര്യത്തില്‍ ഇത്തരം പരിണാമങ്ങള്‍ സംഭവിച്ചില്ല. കേരളത്തിലെ ഒരു തനതു കളിയെയും ആഗോളീകരണത്തിന്റെ സ്വാധീനം സ്‌പര്‍ശിച്ചില്ല. മറിച്ച്‌ മിക്കവയും അപ്പാടെ നശിക്കുകയായിരുന്നു. പരിണാമമല്ല പര്യവസാനമാണ്‌ നാടന്‍ കളികള്‍ക്ക്‌ സംഭവിച്ചത്‌. കേരളത്തിലെ നാടന്‍ കളികളെക്കുറിച്ച്‌ ഗവേഷണം നടത്താനും പലതിനെയും പുനരവതരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ഡോക്ടര്‍ എം. വി. വിഷ്‌ണു നമ്പൂതിരി പോലുള്ളവരുടെ ശ്രമങ്ങള്‍ സ്‌തുത്യര്‍ഹമാണ്‌. ഫോക്‌ലോര്‍ നിഘണ്ടു, നാടന്‍കളികളും വിനോദങ്ങളും എന്നീ ഗ്രന്ഥങ്ങള്‍ നാടന്‍ കളികളെപ്പറ്റിയുള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്നു.

ആധുനിക കായികവിനോദങ്ങള്‍


പുരാതനകാലം മുതല്‍ക്കേ കായിക വിനോദങ്ങള്‍ക്ക്‌ പേരുകേട്ട നാടാണ്‌ കേരളം. വൈവിധ്യപൂര്‍ണ്ണമായ നൂറുകണക്കിന്‌ നാടന്‍കളികള്‍ ഇവിടെയുണ്ടായിരുന്നു. അതില്‍ ചെറിയൊരു ഭാഗം ഇന്നു അവശേഷിക്കുന്നുണ്ട്‌. ബ്രിട്ടീഷ്‌ കോളനിവാഴ്‌ചയോടൊപ്പം വന്ന പുത്തന്‍കളികള്‍ നാടന്‍കളികളില്‍ പലതിനെയും തോല്‍പ്പിച്ച്‌ അപ്രത്യക്ഷമാക്കി. പുത്തന്‍കളികളില്‍ നിന്ന്‌ പലതും ഉള്‍ക്കൊണ്ട്‌ കാലാനുസൃതമായി മാറാനുള്ള ശേഷി മിക്ക നാടന്‍കളികള്‍ക്കുമില്ലായിരുന്നു. അതുകൊണ്ടു തന്നെ അവ കളം വിട്ടു. നാടന്‍കളികള്‍ക്ക്‌ സംഘടിതമത്സരങ്ങളോ വേദികളോ ജില്ലാ അടിസ്ഥാനമായെങ്കിലുമുള്ള ടൂര്‍ണ്ണമെന്റുകളോ നിയമാവലികളോ ഇല്ലാത്തതും ഈ അപ്രത്യക്ഷമാകലിനു വേഗം കൂട്ടി. കേരളത്തിന്റെ തനത്‌ കായിക പ്രയോഗങ്ങളില്‍ ഒരു പരിധി വരെയെങ്കിലും പിടിച്ചു നില്‍ക്കുന്നത്‌ കളരിപ്പയറ്റാണ്‌. അഭ്യാസമുറയായിരുന്ന കളരിപ്പയറ്റിന്‌ പുത്തന്‍ ആയുധങ്ങളുടെ വരവോടെ ആ നിലയ്‌ക്കുള്ള പ്രസക്തി നഷ്ടപ്പെടുകയും ക്രമേണ ഒരു കായിക വിനോദമായി പരിണാമം സംഭവിക്കുകയുമാണുണ്ടായത്‌. 


ക്രിക്കറ്റ്‌ 
മിക്ക ആധുനിക വിനോദങ്ങളും കേരളത്തിലെത്തിച്ചത്‌ ബ്രിട്ടീഷുകാരായിരുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരവും അന്തസ്സും ലഭിച്ചതോടെ ഇംഗ്ലീഷുകാര്‍ കൊണ്ടു വന്ന കളികള്‍ക്കും മലയാളികള്‍ക്കിടയില്‍ അംഗീകാരം ലഭിച്ചു. ഇത്തരത്തില്‍ മലയാളി ആദ്യം 'തറവാട്ടില്‍ കയറ്റിയ' വിദേശ കളിയായിരുന്നു ക്രിക്കറ്റ്‌. പഴശ്ശിരാജാവിനെ തളയ്‌ക്കാന്‍ ബ്രിട്ടീഷ്‌ പടനയിച്ചെത്തിയ ആര്‍തര്‍ വെല്ലസ്ലി (ഡ്യുക്‌ ഓഫ്‌ വെല്ലിങ്‌ടണ്‍) യാണ്‌ കേരളത്തില്‍ ക്രിക്കറ്റ്‌ കൊണ്ടു വന്നത്‌. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മലബാറില്‍ പലതവണയെത്തിയ (പിന്നീട്‌ തലശ്ശേരിയില്‍ തമ്പടിച്ച) വെല്ലസ്ലി തലശ്ശേരിയിലെ തന്റെ ബംഗ്ലാവിനു മുന്നില്‍ ആദ്യമായി സ്റ്റമ്പുകള്‍ നാട്ടി. വെല്ലസ്ലിയിലൂടെ തലശ്ശേരിക്കാര്‍ ക്രിക്കറ്റ്‌ പഠിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ വരെ തലശ്ശേരിയില്‍ നടന്നു. നിരവധി തറവാടുകള്‍ സ്വന്തം പേരില്‍ ക്രിക്കറ്റ്‌ ടീമുകള്‍ രൂപവത്‌ക്കരിച്ചു. അവരില്‍ പ്രമുഖരായിരുന്ന മമ്പാണി തറവാട്ടുകാരിലൂടെ മധ്യ, തെക്കന്‍ കേരളത്തിലും ക്രിക്കറ്റ്‌ പ്രചരിച്ചു. പ്രൗഢമായ ചരിത്രം കേരളത്തിലെ ക്രിക്കറ്റിന്‌ ഉണ്ടെങ്കിലും അമ്പതുകള്‍ക്കുശേഷം ആ ഗരിമ നിലനിര്‍ത്താനായില്ല. രഞ്‌ജി ട്രോഫിയില്‍ പോലും ശക്തമായ സാന്നിധ്യമുളവാക്കാനും കേരളത്തിന്‌ കഴിഞ്ഞില്ല. മികച്ച താരങ്ങളുണ്ടായിട്ടും കേരളത്തിന്റെ രഞ്‌ജി ദൗത്യങ്ങള്‍ക്ക്‌ തിളക്കം കുറവായിരുന്നു. ദേശീയ ടീമിലെ മലയാളി സാന്നിധ്യത്തിനും പെരുമ കുറവായിരുന്നു. ടിനു യോഹന്നാനും എസ്‌. ശ്രീശാന്തുമാണ്‌ ഇന്ത്യന്‍ ടീമില്‍ കളിച്ച രണ്ടു മലയാളികള്‍. 

ഫുട്‌ബോള്‍
കേരളത്തിലെ ഏറ്റവും ജനപ്രിയമായ കളികളിലൊന്നാണ്‌ ഫുട്‌ബോള്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ മലയാളികള്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്‌. ലോക ഫുട്‌ബോളില്‍ ഇന്ത്യ വലിയ ശക്തിയൊന്നുമല്ലെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളം അതിശക്തരാണ്‌. 
സന്തോഷ്‌ ട്രോഫിയിലെ റെക്കോര്‍ഡ്‌ വിജയങ്ങളും പ്രതിഭാശാലികളായ കളിക്കാരും കേരളത്തിന്റെ ഫുട്‌ബോളിനെ ദേശീയതലത്തില്‍ വ്യതിരിക്തമാക്കുന്നു. 


വോളിബോള്‍
1920 - കളിലാണ്‌ വോളിബോള്‍ കേരളത്തിലെത്തിയത്‌. നാല്‌ ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വോളിയിലെ നിര്‍ണ്ണായക ശക്തിയായി കേരളം മാറി. നിരവധി അന്താരാഷ്ട്ര താരങ്ങളേയും കേരളം സംഭാവന ചെയ്‌തു. ലോകത്തിലെ തന്നെ 10 മികച്ച വോളി കളിക്കാരില്‍ ഒരാളായി പാശ്ചാത്യകായികലോകം തന്നെ വാഴ്‌ത്തിയ ജിമ്മി ജോര്‍ജ്ജ്‌ ആണ്‌ അവരില്‍ പ്രമുഖന്‍. ദേശീയ വോളിയിലും കേരളം പലതവണ ചാമ്പ്യന്‍മാരായി. 



അത്‌ലറ്റിക്‌സ്‌
കേരളത്തില്‍ അത്‌ലറ്റിക്‌സിന്‌ അസാധാരണമായ പ്രചാരമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഒരു പക്ഷേ അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവുമധികം കായിക താരങ്ങളെ കേരളം സമ്മാനിച്ചതും അത്‌ലറ്റിക്‌സിനാണ്‌. 1920 - ലെ പാരീസ്‌ ഒളിമ്പിക്‌സില്‍ പങ്കെടുത്ത, ആദ്യമലയാളി ഒളിമ്പ്യന്‍ സി.കെ. ലക്ഷ്‌മണന്‍, ഏഷ്യയിലാദ്യമായി എട്ടു മീറ്റര്‍ ചാടിയ ടി. സി. യോഹന്നാന്‍, നാല്‌ ഇനങ്ങളില്‍ വളരെക്കാലം ദേശീയ ചാമ്പ്യനായിരുന്ന സുരേഷ്‌ ബാബു, ഏഷ്യയിലെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ പി. ടി. ഉഷ, നിരവധി ഏഷ്യന്‍ ഗെയിംസ്‌ മെഡലുകള്‍ നേടിയ ഷൈനി എബ്രഹാം, കെ. എം. ബീനാമോള്‍, ലോക അത്‌ലറ്റിക്‌ മീറ്റില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം അഞ്‌ജു ബോബി ജോര്‍ജ്ജ്‌ എന്നിവരടക്കം അന്താരാഷ്ട്ര നിലവാരമുള്ള നിരവധി അത്‌ലറ്റിക്‌സ്‌ താരങ്ങളെ കേരളം സംഭാവന ചെയ്‌തിട്ടുണ്ട്‌. 


മറ്റു കളികള്‍
ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്‌മിന്റണ്‍ എന്നിവയ്‌ക്ക്‌ കേരളത്തില്‍ ശരാശരി പ്രചാരമേ ലഭിച്ചിട്ടുള്ളൂ. സ്‌കൂള്‍, കോളേജ്‌ ടീമുകളും ക്ലബ്ബുകളുമാണ്‌ സാധാരണ കേരളത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്നത്‌. നാട്ടുകാരുടെ സ്വന്തം കളിയായി ഇത്‌ ഇനിയും മാറിയിട്ടില്ല. ബാഡ്‌മിന്റണില്‍ യു. വിമല്‍കുമാറിനെ പോലുള്ള അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഈ കളിയും ശരാശരി മാത്രം ജനകീയമാണ്‌. നഗരങ്ങളിലാകട്ടെ ഇന്ന്‌ ഇതൊരു വ്യായാമമുറയായി തീര്‍ന്നിട്ടുമുണ്ട്‌. ബാഡ്‌മിന്റണില്‍ തന്നെ ഷട്ടില്‍ ബാഡ്‌മിന്റണിനാണ്‌ കേരളത്തില്‍ പ്രചാരം. ബോള്‍ബാഡ്‌മിന്റണ്‍ ന്യൂന പക്ഷം മാത്രമേ കളിക്കുന്നുള്ളൂ. ഷട്ടില്‍ ബാഡ്‌മിന്റണില്‍ മലയാളിയായ ആദ്യത്തെ ഇന്ത്യന്‍ ജൂനിയര്‍ നാഷണല്‍ താരം ജസ്സി ഫിലിപ്പ്‌ ആദ്യകാലത്ത്‌ കേരളത്തിന്റെ യശസ്സറിയിച്ചു. ലതാ കൈലാസ്‌, നോറിന്‍ പാളാ, എന്നിവര്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റായ യൂബര്‍ കപ്പില്‍ കളിച്ചിട്ടുണ്ട്‌. ജോര്‍ജ്ജ്‌ തോമസ്‌, കൃഷ്‌ണകുമാര്‍ എന്നീ ജൂനിയര്‍ താരങ്ങള്‍ എബിസി ടൂര്‍ണമെന്റില്‍ വെങ്കലം നേടിയിട്ടുണ്ട്‌. ടെന്നീസിന്‌ ധാരാളം ആരാധകരുണ്ടെങ്കിലും കളിക്കാര്‍ നന്നേ കുറവാണ്‌. തിരുവനന്തപുരത്ത്‌ മുപ്പതുകള്‍ മുതല്‍ തന്നെ ടെന്നീസ്‌ കളിച്ചിരുന്നു. മഹാരാജാസ്‌ കോളേജായിരുന്നു (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്‌) ആദ്യകാലത്ത്‌ ടെന്നീസ്‌ കളിയുടെ ആസ്ഥാനം. കോളേജ്‌ വിദ്യാഭ്യാസകാലത്ത്‌ താന്‍ മികച്ചൊരു ടെന്നീസ്‌ കളിക്കാരനായിരുന്നതായി, യൂണിവേഴ്‌സിറ്റി കോളേജ്‌ മുന്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും നിരൂപകനുമായിരുന്ന എസ്‌. ഗുപ്‌തന്‍ നായര്‍, തന്റെ ആത്മകഥയായ 'മനസാ സ്‌മരാമിയില്‍' രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ടെന്നീസ്‌ ടൂര്‍ണമെന്റായ 'കേരള ഓപ്പണ്‍ - 2007' സംഘടിപ്പിച്ചുകൊണ്ട്‌ ട്രിവാന്‍ഡ്രം ടെന്നീസ്‌ ക്ലബ്ബ്‌ 2007 മെയില്‍ ഈ രംഗത്ത്‌ ചില ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്‌. എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും വലിയ ചെലവുമൊക്കെ സാധാരണക്കാരെ ഈ രംഗത്ത്‌ നിന്ന്‌ അകറ്റുന്നു. 

തെക്കന്‍ ജില്ലകളില്‍ നീന്തലിന്‌ ഒരു കായിക മത്സരം എന്ന നിലയിലും വലിയ പ്രചാരമുണ്ട്‌. വില്‍സണ്‍ ചെറിയാന്‍, രാധാകൃഷ്‌ണന്‍, ഓമനകുമാരി തുടങ്ങിയ ദേശീയ താരങ്ങളെ കേരളം സൃഷ്ടിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തെ പിരപ്പന്‍കോട്‌ ആണ്‌ കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ നീന്തല്‍ കേന്ദ്രം. നീന്തലിലൂടെ ഒരു ഗ്രാമം മുഴുവനും രക്ഷപ്പെട്ട ചരിത്രമാണ്‌ പിരപ്പന്‍കോടിനുള്ളത്‌. തിരുവനന്തപുരം ജില്ലാ അക്വാടിക്‌ ചാമ്പ്യന്‍ഷിപ്പ്‌ മിക്കപ്പോഴും പിരപ്പന്‍കോടുകാരുടെ മാത്രം മത്സരമാണ്‌. 2007 മെയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പിരപ്പന്‍കോട്‌ പ്രിയദര്‍ശിനി ക്ലബ്ബ്‌ തുടര്‍ച്ചയായി 15-ാം തവണയും ചാമ്പ്യന്‍മാരായി.

ജലോത്സവങ്ങള്‍


കേരളത്തിന്റെ സവിശേഷതയാണ്‌ കായലുകളിലും പുഴകളിലും നടക്കുന്ന ജലോത്സവങ്ങളായ വള്ളം കളികള്‍. നൂറിലധികം പേര്‍ തുഴയുന്ന ചുണ്ടന്‍ വള്ളങ്ങള്‍ മുതല്‍ ചെറു വള്ളങ്ങള്‍ വരെ പങ്കെടുക്കുന്ന ഒട്ടേറെ വള്ളം കളികളുണ്ട്‌. പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളം കളി, ആറന്മുള ഉത്തൃട്ടാതി വള്ളം കളി, ചമ്പക്കുളം വള്ളം കളി, പായിപ്പാട്ട്‌ വള്ളം കളി തുടങ്ങിയവയാണ്‌ ഏറ്റവും പ്രശസ്‌തമായ ജലോത്സവങ്ങള്‍.

കായികരംഗം


തനതായ കായികസംസ്‌കാരം നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളം വളര്‍ത്തിയെടുത്തിരുന്നു. നാടന്‍ കളികളും, ആയോധനകലകളും, ആധുനിക കായിക വിനോദങ്ങളുമെല്ലാം ചേര്‍ന്നതാണ്‌ കേരളത്തിന്റെ കായികരംഗം. കളരിപ്പയറ്റാണ്‌കേരളത്തിന്റെ തനത്‌ കായികകല. നാടന്‍ കളികളാല്‍ സമ്പന്നമായിരുന്നു ഒരിക്കല്‍ കേരളീയ ഗ്രാമങ്ങള്‍. ആധുനിക ജീവിതശൈലിയും കായിക വിനോദങ്ങളും നാടന്‍ കളികള്‍ പലതിനെയും ലുപ്‌തപ്രചാരമാക്കിയിട്ടുണ്ടിപ്പോള്‍. നാട്ടുവിനോദങ്ങളുടെ ഭാഗമാണ്‌ വള്ളം കളിയും.


ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്‌ തുടങ്ങിയ ആധുനിക കായിക വിനോദങ്ങളില്‍ ഇന്ത്യയിലെ വന്‍ശക്തികളിലൊന്നാണ്‌ കേരളം. ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളായ പി.ടി. ഉഷ കേരളത്തിന്റെ സൃഷ്ടിയാണ്‌.

                 
ജലോത്സവങ്ങള്‍ആധുനിക കായികവിനോദങ്ങള്‍
കേരളത്തിലെ നാടന്‍ കളികള്‍

മലയാളം അക്ഷരമാല




മലയാളത്തില്‍ എത്ര അക്ഷരങ്ങള്‍ ഉണ്ട്‌ എന്ന്‌ കൃത്യമായി പറയുക എളുപ്പമല്ല. അക്ഷരം (syllable), വര്‍ണ്ണം അഥവാ സ്വനിമം (phoneme) എന്നിവയെക്കുറിച്ചുള്ള ആധുനിക ഭാഷാ ശാസ്‌ത്രസങ്കല്‌പങ്ങള്‍ അനുസരിച്ചാണ്‌ ഇക്കാര്യം നിശ്ചയിക്കുന്നത്‌. ഉച്ചാരണക്ഷമമായ ഏറ്റവും ചെറിയ ഭാഷായൂണിറ്റാണ്‌ അക്ഷരം അഥവാ സിലബ്‌ള്‍. അര്‍ത്ഥഭേദമുണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ഭാഷായൂണിറ്റ്‌ വര്‍ണ്ണം അഥവാ സ്വനിമവും. “ഇവയില്‍ 'സിലബ്‌ള്‍' എന്ന അര്‍ത്ഥത്തിലാണ്‌ സാങ്കേതിക ചര്‍ച്ചയില്‍ ഇന്ന്‌ അക്ഷരം എന്ന സംജ്ഞ ഉപയോഗിക്കാറുള്ളത്‌. എന്നാല്‍ സാധാരണ സംഭാഷണത്തില്‍, ഇംഗ്ലീഷിന്റെ മാതൃക പിടിച്ച്‌ മലയാളത്തില്‍ 'എത്ര അക്ഷരമുണ്ട' എന്നു ചോദിക്കുന്നവര്‍ 'എത്ര വര്‍ണ്ണമുണ്ട്‌' എന്നറിയാനാണ്‌ ആഗ്രഹിക്കുന്നത്‌. കൃത്യമായി പറഞ്ഞാല്‍ ഇംഗ്ലീഷില്‍ 26 വര്‍ണ്ണവും അവ രേഖപ്പെടുത്താന്‍ 26 ലിപിയുമാണുള്ളത്‌. മലയാളത്തില്‍ വര്‍ണവും, ലിപിയും തമ്മിലല്ല, അക്ഷരവും ലിപിയും തമ്മിലാണ്‌ പൊരുത്തം കല്‌പിക്കുന്നത്‌. മലയാളത്തിലെ അക്ഷരസംഖ്യയും ലിപിപരിഷ്‌കാരങ്ങള്‍ കൂടിക്കുഴഞ്ഞുണ്ടായ അവ്യവസ്ഥയാണ്‌ ഇതിനു മുഖ്യകാരണം. വര്‍ണസംഖ്യയാണ്‌ ഏറെക്കുറെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്‌. അതില്‍ തന്നെ നിസ്സാരമല്ലാത്ത വ്യത്യാസങ്ങളുണ്ട്‌ എന്ന്‌ വിവിധ വ്യാകരണ ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു.”(1)

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ 49 വര്‍ണ്ണങ്ങളും ജോര്‍ജ്‌ മാത്തന്‍ 48 വര്‍ണ്ണങ്ങളും എ. ആര്‍. രാജരാജവര്‍മ്മയും ശേഷഗിരി പ്രഭുവും 53 വര്‍ണ്ണങ്ങള്‍ വീതവും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 'കേരള പാണിനീയ'ത്തില്‍ എ. ആര്‍. രാജരാജവര്‍മ നിര്‍ദ്ദേശിച്ച അക്ഷരമാലാക്രമം താഴെക്കാണും പ്രകാരമാണ്‌.

?, ? , ?, എന്നീ ലിപികള്‍ മലയാളത്തില്‍ ഉണ്ടെന്നല്ലാതെ അവ ചേര്‍ന്നുള്ള പദങ്ങള്‍ ഇല്ല. അവയ്‌ക്ക്‌ വര്‍ണമാലയില്‍ സ്ഥാനവുമില്ല.

ഒരു അക്ഷരം - ഒരു ലിപി എന്ന തത്ത്വമാണ്‌ മലയാള ലിപിമാലയില്‍ പൊതുവേ സ്വീകരിച്ചിട്ടുള്ളത്‌. അതിനാല്‍ മലയാളത്തിന്റേത്‌ വര്‍ണമാലയല്ല അക്ഷരമാലയാണ്‌ എന്ന്‌ വേണമെങ്കില്‍ പറയാം. എന്നാല്‍ ചില്ലക്ഷരങ്ങള്‍ ഇതിന്‌ ഉദാഹരണമാണ്‌.

അച്ചടിയില്‍ ഉപയോഗിക്കുന്ന മലയാള ലിപികളുടെ രൂപകല്‌പന വിവിധ ഘട്ടങ്ങളിലൂടെ
കടന്നു പോന്നാണ്‌ ഇന്നത്തെ നിലയില്‍ എത്തിയത്‌.

കുറിപ്പുകള്‍
1. സ്‌കറിയ സക്കറിയ, 'കേരളപാണിനീയ'ത്തിനുള്ള അടിക്കുറിപ്പുകള്‍. 'കേരള പാണിനീയം,
ഡി. സി. ബുക്‌സ്‌, കോട്ടയം 2000 - 56 - 57

മലയാളം


കേരളത്തിലെയും ലക്ഷദ്വീപിലെയും മുഖ്യഭാഷയാണ്‌ മലയാളം. ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ഉത്‌പത്തിയെപ്പറ്റി വിവിധ സിദ്ധാന്തങ്ങളുണ്ട്‌. കേരളത്തില്‍ പ്രചരിച്ചിരുന്ന തമിഴിന്റെ വകഭേദത്തില്‍ നിന്ന്‌ എ.ഡി. ഒമ്പതാം നൂറ്റാണ്ടോടു കൂടി മലയാളം സ്വതന്ത്രഭാഷയായി പരിണമിച്ചുവെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. മൂന്നുകോടിയിലധികം ആളുകളുടെ മാതൃഭാഷയായ മലയാളം കേരളത്തിനു പുറമേ മലയാളികള്‍ ധാരാളമുള്ള അറേബ്യന്‍ ഗള്‍ഫ്‌ രാജ്യങ്ങളിലും സംസാരിക്കുന്നു. പതിമൂന്നാംനൂറ്റാണ്ടു മുതല്‍ സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ വളര്‍ച്ച തുടങ്ങി. ഒമ്പതാം നൂറ്റാണ്ടുമുതല്‍ വട്ടെഴുത്ത്‌ ലിപിയിലാണ്‌ മലയാളം എഴുതിയിരുന്നത്‌. പതിനാറാം നൂറ്റാണ്ടു മുതല്‍ ഉപയോഗത്തില്‍ വന്ന ഗ്രന്ഥലിപിയില്‍ നിന്നാണ്‌ ആധുനിക മലയാളലിപി രൂപപ്പെട്ടത്‌.

മലയാളത്തിലെ  അക്ഷരമാലയെപ്പറ്റി വിഭിന്നമായ അഭിപ്രായങ്ങളുണ്ട്‌. അര്‍ത്ഥഭേദമുണ്ടാക്കുന്ന ഏറ്റവും ചെറിയ ഭാഷായൂണിറ്റുകളായ വര്‍ണ്ണങ്ങള്‍ അഥവാ സ്വനിമങ്ങള്‍ (phonemes) 53 എണ്ണമുണ്ടെന്ന്‌ കേരളപാണിനീയത്തില്‍ എ. ആര്‍. രാജരാജവര്‍മ്മ നിര്‍ദ്ദേശിക്കുന്നു. അക്ഷരങ്ങളായി പരിഗണിക്കുന്നത്‌ ഈ വര്‍ണ്ണങ്ങളെയാണ്‌. കേരളപാണിനീയത്തെയാണ്‌ ഏറ്റവും പ്രാമാണികമായ മലയാള വ്യാകരണഗ്രന്ഥമായി പരിഗണിക്കുന്നത്‌. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌, ജോര്‍ജ്ജ്‌ മാത്തന്‍, കോവുണ്ണി നെടുങ്ങാടി, ശേഷഗിരിപ്രഭു തുടങ്ങിയവരും വ്യാകരണഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്‌.

സമ്പന്നമായ സാഹിത്യവും പത്രമാസികകളും പുസ്‌തക പ്രസാധനവും മലയാളത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസ പദ്ധതികളും സാഹിത്യ, സാംസ്‌കാരിക സ്ഥാപനങ്ങളുമെല്ലാം ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്‌.


മറ്റു ഭാഷകള്‍


മുഖ്യഭാഷ മലയാളമാണെങ്കിലും ഒട്ടേറെ മറ്റു ഭാഷകളും കേരളത്തില്‍ സംസാരിക്കുന്നുണ്ട്‌. ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ വമ്പിച്ച പ്രാധാന്യമുണ്ട്‌ കേരളത്തില്‍. മലയാളം പോലെ തന്നെ പ്രധാനപ്പെട്ട ബോധന മാധ്യമവുമാണ്‌ ഇംഗ്ലീഷ്‌. തമിഴ്‌, കന്നഡ ഭാഷകള്‍ക്ക്‌ ന്യൂനപക്ഷ ഭാഷാപദവിയുണ്ട്‌. വ്യത്യസ്‌ത ഭാഷാ സമൂഹങ്ങള്‍ കേരളത്തിലുണ്ട്‌. ആദിവാസി ഭാഷകള്‍, തമിഴ്‌, കന്നഡ, തെലുഗു, തുളു, കൊങ്കണി, ഗുജറാത്തി, മറാഠി, ഉറുദു, പഞ്ചാബി തുടങ്ങിയവ മാതൃഭാഷകളായിട്ടുള്ള ഭാഷാസമൂഹങ്ങളെ കേരളത്തില്‍ കാണാം. അറബിക്‌, റഷ്യന്‍, സിറിയക്‌, ജര്‍മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്‌ ഭാഷകള്‍ കേരളത്തില്‍ പഠിപ്പിക്കുന്നുണ്ട്‌.

ഭാഷ


ദ്രാവിഡ ഭാഷാകുടുംബത്തില്‍പ്പെടുന്ന മലയാളമാണ്‌ കേരളീയരുടെ മാതൃഭാഷ. മലയാള ഭാഷോത്‌പത്തിയെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്‌. ഒരു ആദി ദ്രാവിഡഭാഷയില്‍ നിന്നു ഭൂമി ശാസ്‌ത്രപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായി വികസിച്ചതാണ്‌ മലയാളമെന്നും അതല്ല തമിഴില്‍ നി്‌ന്നു വേര്‍തിരിഞ്ഞു രൂപപ്പെട്ടതാണ്‌ എന്നതുമാണ്‌ പ്രബലമായ രണ്ടു വാദങ്ങള്‍. ഭാഷാപരമായ പരിണാമത്തിന്റെ ഫലമായാണ്‌ മലയാളം രൂപപ്പെട്ടതെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. തമിഴ്‌, സംസ്‌കൃതം എന്നിവയുമായി മലയാളത്തിന്‌ ഗാഢമായ ബന്ധമുണ്ട്‌. വാമൊഴിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും 13-ാം നൂറ്റാണ്ടു മുതലാണ്‌ സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളം വളര്‍ച്ച നേടിയത്‌. ഈ കാലയളവിലുണ്ടായ രാമചരിതമാണ്‌ മലയാളത്തിലെ ആദ്യത്തെ കാവ്യം.

ചെമ്പു തകിടുകള്‍, കല്ല്‌, താളിയോല എന്നിവയിലാണ്‌ മലയാള ഗദ്യം ആദ്യമായി രേഖപ്പെടുത്തിയത്‌. വ്യക്തികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും മറ്റും സ്വത്തും പണവും ദാനം നല്‍കുന്നതും ഭരണകാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതുമൊക്കെയാണ്‌ അവയില്‍ രേഖപ്പെടുത്തിയിരുന്നത്‌. ഒമ്പതാം നൂറ്റാണ്ടു മുതലുള്ള ഇത്തരം താമ്ര, ശിലാ ശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഇന്നത്തെ ഗദ്യവുമായി വിദൂരബന്ധമേ ശാസനങ്ങളിലെ ഗദ്യത്തിനുള്ളൂ. ലഭിച്ചിട്ടുള്ള ഗദ്യഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളത്‌ 'കൗടലീയ'ത്തിനാണ്‌. ചാണക്യ (കൗടല്യന്‍) ന്റെ 'അര്‍ത്ഥശാസ്‌ത്ര'ത്തിന്റെ മലയാള വ്യാഖ്യാനമാണ്‌ 'ഭാഷാ കൗടലീയം' എന്നറിയപ്പെടുന്ന ഈ കൃതി. 11-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമോ 12-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധമോ ആവാം ഇതിന്റെ കാലമെന്നു
കരുതുന്നു(7).

ഒമ്പതാം നൂറ്റാണ്ടു മുതല്‍ വട്ടെഴുത്ത്‌ ലിപിയാണ്‌ മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്‌. ഇതില്‍ നിന്ന്‌ പിന്നീട്‌ കോലെഴുത്ത്‌ രൂപപ്പെട്ടു. ഗ്രന്ഥലിപിയില്‍ നിന്നാണ്‌ ഇന്നത്തെ മലയാളലിപി ഉണ്ടായത്‌. 16-ാം നൂറ്റാണ്ടു മുതലാണ്‌ മലയാളമെഴുതാന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചു തുടങ്ങിയത്‌. ഭാഷാപിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ കിളിപ്പാട്ടുകള്‍ എഴുതാന്‍ ഉപയോഗിച്ചത്‌ ഗ്രന്ഥ ലിപിയാണ്‌. ദേശഭേദമനുസരിച്ചുള്ള ഉച്ചാരണഭേദങ്ങളും ശൈലീഭേദങ്ങളും വാമൊഴി മലയാളത്തില്‍ നിലനില്‍ക്കുന്നു.

16-ാം നൂറ്റാണ്ടു മുതല്‍ അച്ചടി കേരളത്തില്‍ എത്തിയെങ്കിലും മലയാളം അച്ചടി തുടങ്ങിയത്‌ വൈകിയാണ്‌. 1772-ല്‍ റോമില്‍ മുദ്രണം ചെയ്‌ത 'സംക്ഷേപവേദാര്‍ത്ഥം' (1772) മാണ്‌ അച്ചടിക്കപ്പെട്ട അദ്യ മലയാള പുസ്‌തകം.


പാട്ട്‌


പാട്ട്‌, മണിപ്രവാളം എന്നീ ജനുസ്സുകളായാണ്‌ മലയാളത്തിലെ കാവ്യസാഹിത്യം വികസിച്ചത്‌. തമിഴിനും സംസ്‌കൃതത്തിനും കേരളത്തിലെ സാഹിത്യഭാഷയില്‍ ഉണ്ടായിരുന്ന മേല്‍ക്കോയ്‌മയും സ്വാധീനതയും ഈ രണ്ടു കാവ്യ രചനാ രീതികള്‍ വ്യക്തമാക്കുന്നു. തമിഴ്‌ അക്ഷരമാലയിലെ അക്ഷരങ്ങള്‍ കൊണ്ട്‌ എഴുതിയതും എതുക, മോന എന്നീ പ്രാസങ്ങള്‍ ഉള്ളതും ദ്രാവിഡ വൃത്തങ്ങളില്‍ എഴുതിയതുമായ കാവ്യമാണ്‌ പാട്ട്‌. 'രാമചരിത'മാണ്‌ പാട്ടിന്റെ ഉദാത്ത മാതൃക. പതിനഞ്ചാംനൂറ്റാണ്ടിലെ കണ്ണശ്ശ കൃതികള്‍ പാട്ടിന്റെ പില്‍ക്കാല മാതൃകകളാണ്‌. നിരണത്ത്‌ രാമന്റെ 'രാമായണം' (കണ്ണശ്ശ രാമായണം), മലയിന്‍കീഴ്‌ മാധവന്റെ 'ഭഗവദ്‌ ഗീത' (ഭാഷാ ഭഗവദ്‌ഗീത), വെള്ളാങ്ങല്ലൂര്‍ ശങ്കരന്റെ 'ഭാരതമാല' എന്നിവയാണ്‌ കണ്ണശ്ശകൃതികള്‍. പതിമൂന്നാം നൂറ്റാണ്ടിനു ശേഷമുണ്ടായ 'തിരുനിഴല്‍മാല'യുംപതിനഞ്ചാം നൂറ്റാണ്ടിലെ രാമകഥപ്പാട്ടും പാട്ടുകൃതികളാണ്‌.

പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ 'കൃഷ്‌ണഗാഥ' തമിഴ്‌ കലര്‍പ്പില്‍ നിന്നു തെളിഞ്ഞ മലയാളത്തിലേക്കുള്ള വികാസത്തിന്റെ തുടക്കം വിളിച്ചോതിയ കൃതിയാണ്‌. ചെറുശ്ശേരിയാണ്‌ കൃഷ്‌ണഗാഥയുടെ കര്‍ത്താവ്‌. ഗാഥയെന്നാല്‍ പാട്ട്‌ എന്നു തന്നെയാണ്‌ അര്‍ത്ഥം. ശ്രീകൃഷ്‌ണനെക്കുറിച്ചുള്ള ഭാഗവതകഥയാണ്‌ കൃഷ്‌ണഗാഥ അവതരിപ്പിക്കുന്നത്‌. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും രീതികള്‍ കൃഷ്‌ണഗാഥയിലുണ്ട്‌.

ആട്ടക്കഥ, തുള്ളല്‍


രംഗകലകളുമായി ബന്ധപ്പെട്ട്‌ 17-18 നൂറ്റാണ്ടുകളില്‍ മലയാള സാഹിത്യം വളര്‍ച്ച നേടി. 17-ാം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച കഥകളിയുടെ സാഹിത്യ രൂപമായ ആട്ടക്കഥയും കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച തുള്ളല്‍പ്പാട്ടുകളും സാഹിത്യരംഗത്ത്‌ പുതുവികാസങ്ങള്‍ സൃഷ്ടിച്ചു. കോട്ടയത്തു തമ്പുരാന്‍, ഉണ്ണായി വാരിയര്‍, ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ ആട്ടക്കഥകള്‍ ആ ജനുസ്സിലെ പ്രഖ്യാത രചനകളാണ്‌. ഉണ്ണായി വാരിയരുടെ 'നളചരിതം' ആട്ടക്കഥാ സാഹിത്യത്തിലെ മാത്രമല്ല മലയാള സാഹിത്യത്തിലെ തന്നെ ക്ലാസിക്‌ രചനകളിലൊന്നാണ്‌. സംസ്‌കൃതബദ്ധമായ കാവ്യഭാഷ തിരസ്‌കരിച്ച്‌ നാട്ടു മലയാളത്തിലെഴുതിയ കുഞ്ചന്‍ നമ്പ്യാര്‍ തന്റെ തുള്ളല്‍പ്പാട്ടുകളിലൂടെ ജനകീയ കാവ്യഭാഷയ്‌ക്കു തുടക്കം കുറിച്ചു. രാമപുരത്തു വാരിയരുടെ 'കുചേല വൃത്തം വഞ്ചിപ്പാട്ടാ'ണ്‌ ഇക്കാലത്തെ മറ്റൊരു പ്രശസ്‌ത രചന.

കവിത 20-ാം നൂറ്റാണ്ടില്‍


മലയാളത്തിലെ കാവ്യസാഹിത്യം
അധ്വാനവുമായും ആരാധനയുമായുമൊക്കെ ബന്ധപ്പെട്ട്‌ സാമാന്യ ജനങ്ങള്‍ പാടിയ നാടന്‍ പാട്ടുകളാവണം ഏതു ഭാഷയിലെയും കാവ്യസാഹിത്യത്തിന്റെ ആദ്യമാതൃകകള്‍. മലയാളത്തിലും നാടന്‍ പാട്ടുകള്‍ ഉണ്ടെങ്കിലും അവയുടെ പ്രാചീനത തിട്ടപ്പെടുത്താന്‍ മാര്‍ഗമില്ല. 'ഉത്‌പത്തികാലത്തിനു വളരെ പിന്‍പുമാത്രം എഴുതി സൂക്ഷിക്കപ്പെട്ടിരിക്കാവുന്ന നാടന്‍ പാട്ടുകളില്‍ നിന്ന്‌ അവയുടെ ഉത്‌പത്തികാലത്തെ ഭാഷാസ്വഭാവത്തെക്കുറിച്ചൊരു നിഗമനത്തിലെത്താന്‍ നിവൃത്തിയില്ല. നമുക്കു കിട്ടിയവയില്‍ വച്ച്‌ ഏറ്റവും പഴയ നാടന്‍ പാട്ടുകള്‍ പോലും നമ്മുടെ പ്രാചീനതമഗാനസാഹിത്യത്തിന്‌ പ്രാതിനിധ്യം വഹിക്കുന്നുണ്ടാവില്ല എന്നിരിക്കെ അവയെ ഭാഷാവികാസപഠനത്തിന്‌ വിശ്വാസ്യമായ ഉപാദാനങ്ങളായി കണക്കാക്കാമോ എന്നു സംശയിക്കണം' (1) പാട്ട്‌, മണിപ്രവാളം എന്നീ സമ്പ്രദായങ്ങളില്‍ ഉണ്ടായ കൃതികളില്‍ നിന്നാണ്‌ സാഹിത്യചരിത്രരചയിതാക്കള്‍ മലയാള കവിതയുടെ ഉദ്‌ഭവം കണക്കാക്കുന്നത്‌. 
.

                 

ചെറുകഥ


മലയാള ചെറുകഥ

'വിദ്യാവിനോദിനി' മാസികയില്‍ 1891-ല്‍ (1066 കുംഭം) പ്രസിദ്ധീകരിച്ച 'വാസനാ വികൃതി' യാണ്‌ മലയാളത്തിലെ ആദ്യത്തെ ചെറുകഥ. പത്രപ്രവര്‍ത്തകനായിരുന്ന കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ്‌ 'വാസനാ വികൃതി' രചിച്ചത്‌. കഥാകൃത്തിന്റെ പേരുവയ്‌ക്കാതെയാണ്‌ ഈ ചെറുകഥ പ്രസിദ്ധീകരിച്ചത്‌. സി. എസ്‌. ഗോപാലപ്പണിക്കര്‍, മൂര്‍ക്കോത്തു കുമാരന്‍, ഒടുവില്‍ കുഞ്ഞികൃഷ്‌ണമേനോന്‍, അമ്പാടി നാരായണപ്പതുവാള്‍, എം. ആര്‍. കെ. സി., കെ. സുകുമാരന്‍, ഇ. വി. കൃഷ്‌ണപിള്ള എന്നിവരായിരുന്നു പ്രമുഖരായ ആദ്യകാല കഥാകൃത്തുക്കള്‍. 

പത്രമാസികകളുടെ പ്രചാരമാണ്‌ ചെറുകഥയ്‌ക്ക്‌ വായനക്കാരെ സൃഷ്ടിച്ചത്‌. ഈ അന്തരീക്ഷം ഒട്ടേറെ എഴുത്തുകാരെ ചെറുകഥയിലേക്ക്‌ ആകര്‍ഷിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ശീവൊള്ളി നാരായണന്‍ നമ്പൂതിരി, പന്തളം കേരളവര്‍മ്മ, സി. പി. അച്യുതമേനോന്‍, അപ്പന്‍ തമ്പുരാന്‍, സി. വി. കുഞ്ഞുരാമന്‍, കാരാട്ട്‌ അച്യുതമേനോന്‍, തേലപ്പുറത്ത്‌ നാരായണന്‍ നമ്പി, ചിത്രമെഴുത്ത്‌ കെ. എം. വര്‍ഗീസ്‌, എം. രത്‌നം, എന്‍. എം. ദാസ്‌, ഇ. ഐ. പങ്ങിയച്ചന്‍, കണ്ണമ്പ്ര കുഞ്ഞുണ്ണിനായര്‍, സി. ശങ്കരവാരിയര്‍, പി. ജി. രാമയ്യര്‍, അമ്പാടി കാര്‍ത്ത്യായനി അമ്മ, വി. പാര്‍വതിയമ്മ, ടി. സി. കല്യാണിയമ്മ തുടങ്ങിയ ഒട്ടേറെ എഴുത്തുകാര്‍ ആദ്യകാലത്ത്‌ ചെറുകഥകളെഴുതി. ഈ ആദ്യഘട്ടത്തിന്റെ ഒടുവില്‍ രംഗത്തു വന്ന കഥാകൃത്തുക്കളാണ്‌ കെ. പി. കേശവമേനോന്‍, ചേലനാട്ട്‌ അച്യുതമേനോന്‍, കെ. എന്‍. എഴുത്തച്ഛന്‍, എസ്‌. രാമാവാരിയര്‍, സി. എ. കിട്ടുണ്ണി, പാവുണ്ണി തൈക്കാട്‌, വിളാവട്ടത്ത്‌ ശങ്കരപ്പിള്ള, കെ. എസ്‌. മണി തുടങ്ങിയവര്‍.

                 

വടക്കന്‍ പാട്ടും തെക്കന്‍ പാട്ടും


മലയാളത്തിലെ നാടന്‍ പാട്ടുകളിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ്‌ വടക്കന്‍ പാട്ടുകളും തെക്കന്‍ പാട്ടുകളും. വീരകഥാഗാനങ്ങളായ ഇവ കാലങ്ങളായി യഥാക്രമം വടക്കന്‍ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും സാമാന്യജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു വന്നവയാണ്‌. പില്‍ക്കാലത്ത്‌ വടക്കന്‍ പാട്ടുകഥകളെ ആധാരമാക്കി ഒട്ടേറെ ജനപ്രിയ ചലച്ചിത്രങ്ങള്‍ ഉണ്ടായി. പാട്ടുകളുമായി വലിയ ബന്ധമൊന്നുമില്ലാത്ത കഥകളാണ്‌ ചലച്ചിത്രങ്ങള്‍ക്കായി രചിക്കപ്പെട്ടത്‌. തെക്കന്‍ പാട്ടുകള്‍ ചലച്ചിത്രവത്‌കരിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ നാടോടി സാഹിത്യത്തിലെ സുപ്രധാനവിഭാഗമാണ്‌ ഈ രണ്ടു തരം കഥാഗാനങ്ങളും. 


വടക്കന്‍ പാട്ടുകള്‍
വടക്കന്‍ കേരളത്തിലെ നാടോടികഥാഗാനങ്ങളാണ്‌ (ballads) വടക്കന്‍ പാട്ടുകള്‍. പൊതുവെ കൃഷിപ്പാട്ടുകളായി പാടുന്ന ഇവയില്‍ വീരാപദാനങ്ങള്‍ക്കാണ്‌ പ്രാധാന്യം. അനുഷ്‌ഠാനങ്ങളുമായി വടക്കന്‍ പാട്ടുകള്‍ക്ക്‌ ബന്ധമില്ല. കൃഷിപ്പണിക്കിടയിലാണ്‌ ഇവ പാടിയിരുന്നത്‌. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന വടക്കന്‍ പാട്ടുകളില്‍ പാട്ടിനും കഥയ്‌ക്കും ഒരു പോലെ പ്രാധാന്യമുണ്ട്‌. വടക്കന്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ സംസാരഭാഷയിലെ വാക്കുകളും പ്രയോഗങ്ങളുമടങ്ങിയതാണ്‌ വടക്കന്‍ പാട്ടുകളുടെ ഭാഷ. ഇവയില്‍ വീരകഥകള്‍, പ്രേമകഥകള്‍, ശോകകഥകള്‍, ഹാസ്യകഥകള്‍, അദ്‌ഭുത കഥകള്‍ എന്നിവയെല്ലാം അവതരിപ്പിക്കുന്ന പാട്ടുകളുണ്ട്‌. മധ്യകാല കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയാവസ്ഥകളുടെ വിശദചിത്രം അവതരിപ്പിക്കുന്നവയാണ്‌ വടക്കന്‍ പാട്ടുകള്‍. ഫ്യൂഡല്‍ സാമൂഹികാവസ്ഥയുടെ നാനാവശങ്ങളും അവയില്‍ പ്രതിഫലിക്കുന്നു. മധ്യകാലത്തെ വീരനായകന്മാരെയും നായികമാരെയും ചിത്രീകരിക്കുന്ന അവ വടക്കന്‍ കേരളത്തിന്റെ ആയോധന സംസ്‌കാരത്തിലേക്ക്‌ വെളിച്ചം വീശുന്നു. ഇന്നത്തെ കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളും കര്‍ണ്ണാടക സംസ്ഥാനത്തിന്റെ കേരളത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളുമാണ്‌ വടക്കന്‍ പാട്ടുകളുടെ ഭൂമിശാസ്‌ത്രം. 

പഴയകാലത്തെ കാര്‍ഷിക സമ്പ്രദായം, നായാട്ട്‌, വസ്‌ത്രങ്ങളും ആഭരണങ്ങളും, ആചാരങ്ങള്‍, കളികള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള വിശദമായ ചിത്രങ്ങള്‍ വടക്കന്‍ പാട്ടുകളിലുണ്ട്‌. കളരികള്‍, അങ്കം, പൊയ്‌ത്ത്‌, കുടിപ്പക തുടങ്ങിയവയുമായി ബന്ധപ്പെട്ട ആയോധനസംസ്‌കാരത്തിന്റെ പ്രതിഫലനമാണ്‌ വടക്കന്‍ പാട്ടുകളുടെ ഏറ്റവും വലിയ സവിശേഷത. വടക്കന്‍ പാട്ടുകളില്‍ നിരവധി വിഭാഗങ്ങളുണ്ട്‌ - പുത്തൂരം പാട്ടുകള്‍, തച്ചോളിപ്പാട്ടുകള്‍, പുത്തരിയങ്കം, കന്നിക്കഥാപാട്ടുകള്‍ തുടങ്ങിയവയാണ്‌ ഏറ്റവും പ്രധാനപ്പെട്ടവ. ഇവയ്‌ക്കു പുറമേ സുന്ദരികളായ കന്യകമാരുടെയും വീരയോദ്ധാക്കളുടെയും കഥ പറയുന്ന മറ്റ്‌ പാട്ടുകളുമുണ്ട്‌. ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച, തച്ചോളി ഒതേനന്‍, ആരോമുണ്ണി, കണ്ണപ്പച്ചേകവര്‍, ചന്തു, ചാപ്പന്‍, പയ്യം വെള്ളി ചന്തു, അരിങ്ങോടര്‍ തുടങ്ങിയവരാണ്‌ വടക്കന്‍ പാട്ടുകളിലെ മുഖ്യകഥാപാത്രങ്ങള്‍. മലയാളത്തിലെ ജനപ്രിയചലച്ചിത്ര ശാഖ വടക്കന്‍ പാട്ടുകളെ ആധാരമാക്കി നിരവധി സിനിമകളെടുത്തിട്ടുണ്ട്‌. 


തെക്കന്‍ പാട്ടുകള്‍
തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടോടി ഗാനങ്ങള്‍. തിരുവനന്തപുരം ജില്ലയിലും ഇന്ന്‌ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുമാണ്‌ ഇവയ്‌ക്ക്‌ പ്രചാരമുള്ളത്‌. തമിഴ്‌ കലര്‍ന്ന മലയാളത്തിലാണ്‌ തെക്കന്‍ പാട്ടുകളുടെ രചന. വീരയോദ്ധാക്കളെയും രാജകുടുംബങ്ങളെയുമൊക്കെക്കുറിച്ചുള്ളവയാണ്‌ ഈ ഗാനങ്ങള്‍. വില്ലടിച്ചാന്‍പാട്ട്‌ (വില്‍പ്പാട്ട്‌) എന്ന കലാരൂപത്തിനു വേണ്ടിയാണ്‌ മിക്ക തെക്കന്‍ പാട്ടുകളും ഉപയോഗിക്കുന്നത്‌. 

ദുര്‍ദേവതകളെ പ്രീതിപ്പെടുത്താനുള്ളവ, ദേശചരിത്രങ്ങള്‍, ദേവതാരാധനക്കുള്ളവ എന്നീ മൂന്നു വിഭാഗങ്ങളായി തെക്കന്‍ പാട്ടുകളെ തരംതിരിക്കാം. ധീരന്മാരായ രാജാക്കന്മാര്‍, ഉത്തമ സ്‌ത്രീകള്‍, വീരയോദ്ധാക്കള്‍ തുടങ്ങിയവര്‍ അപമൃത്യുവിനിരയായാല്‍ മാടന്‍, യക്ഷി തുടങ്ങിയ ദുര്‍ദേവതകളായി മാറുമെന്നും അവരെ പ്രീതിപ്പെടുത്തണമെന്നുമുള്ള വിശ്വാസമാണ്‌ തെക്കന്‍ പാട്ടുകള്‍ക്ക്‌ അടിസ്ഥാനം. 

അങ്ങനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ്‌ വില്ലടിച്ചാന്‍ പാട്ടുകള്‍ (വില്‌പാട്ടുകള്‍) നടത്തിയിരുന്നത്‌. എ.ഡി. 9 - 18 നൂറ്റാണ്ടുകള്‍ക്കിടയിലുള്ള പല ചരിത്ര സംഭവങ്ങളും തെക്കന്‍ പാട്ടുകള്‍ക്ക്‌ വിഷയമായിട്ടുണ്ട്‌. കന്നടിയന്‍ പോര്‌, ഉലകുടെ പെരുമാള്‍ പാട്ട്‌, പുരുഷാദേവിയമ്മപ്പാട്ട്‌, അഞ്ചുതമ്പുരാന്‍പാട്ട്‌, ഇരവിക്കുട്ടിപ്പിള്ളപ്പോര്‌ (കണിയാംകുളത്തുപോര്‌), പഞ്ചവന്‍ കാട്ടുനീലിപ്പാട്ട്‌, ചാമുണ്ഡികഥ, രാമകഥപ്പാട്ട്‌, കുഞ്ചുത്തമ്പികഥ, ദിവാന്‍ വെറ്റി, ധര്‍മരാജാവിന്റെ രാമേശ്വരയാത്ര തുടങ്ങിയവയാണ്‌ തെക്കന്‍പാട്ടുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാന കൃതികള്‍. എ.ഡി. 17 - 18 നൂറ്റാണ്ടുകളിലാണ്‌ തെക്കന്‍ പാട്ടുകളില്‍ പലതും ഉണ്ടായതെന്നു കരുതുന്നു. ഈ കാലഘട്ടത്തില്‍ മലയാളം സ്വതന്ത്രഭാഷയായി വികസിച്ചിരുന്നുവെങ്കിലും തമിഴ്‌നാടുമായി തെക്കന്‍ കേരളത്തിനുണ്ടായിരുന്ന സമ്പര്‍ക്കമാണ്‌ തെക്കന്‍ പാട്ടുകളില്‍ തമിഴ്‌ഭാഷാ സ്വാധീനം വര്‍ധിക്കാന്‍ കാരണം.

ഗാനപാരമ്പര്യം


ഉജ്ജ്വലമായ വാമൊഴി സാഹിത്യപാരമ്പര്യവും കേരളത്തിനുണ്ട്‌. കൃഷി, വിവാഹം, ജനനം, മരണം, ദേവതാരാധന, അനുഷ്‌ഠാനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടായ നാടന്‍ പാട്ടുകളാണ്‌ ഈ വിഭാഗത്തില്‍ വരുന്നത്‌. 12-ാം നൂറ്റാണ്ടിനു മുമ്പുള്ള നാടന്‍ പാട്ടുകളൊന്നും ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. പലതിന്റെയും കാലം കണക്കാക്കുകയും എളുപ്പമല്ല. വാമൊഴി ഗാനപാരമ്പര്യത്തിലെ രണ്ടു പ്രധാന ധാരകളാണ്‌ വടക്കന്‍ പാട്ടുകളും തെക്കന്‍ പാട്ടുകളും. വീരകഥാഗാനങ്ങളാണവ. ഇവയുമായി ബന്ധമില്ലാത്ത മറ്റനേകം ഗാനങ്ങളും ഉണ്ടായിട്ടുണ്ട്‌. ആധുനിക കാലത്ത്‌ നാടകഗാനങ്ങളും, ചലച്ചിത്രഗാനങ്ങളുമാണ്‌ ഏറ്റവുമധികം ജനപ്രീതി നേടിയത്‌.

16-ാം നൂറ്റാണ്ടില്‍ തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ടുകള്‍ ഉണ്ടായതോടെ മലയാളത്തിലെ യഥാര്‍ത്ഥ കാവ്യ വിപ്ലവത്തിനു തുടക്കമായി. "സാഹിത്യത്തിലെ പൂര്‍വ്വ ഭാഷാരീതികളുടെ സ്വാഭാവിക പരിണാമമായിരുന്നു എഴുത്തച്ഛന്റെ ഭാഷ. പക്ഷേ, എഴുത്തച്ഛന്റെ ഭാഷാ രീതിവരെ പരിണമിച്ചു നിലവാരപ്പെട്ട മലയാള പദ്യഭാഷയ്‌ക്ക്‌ അതിനിപ്പുറം പറയത്തക്ക യാതൊരു പരിവര്‍ത്തനവും ആധുനിക കവിത്രയത്തിന്റെയും പിന്നീട്‌ വന്ന പ്രമാണികളുടെയും കൃതികളില്‍ കാണുന്നില്ല" (9). അധ്യാത്മ രാമായണം കിളിപ്പാട്ട്‌, ഭാരതം കിളിപ്പാട്ട്‌ എന്നിവയാണ്‌ എഴുത്തച്ഛന്റെ ഏറ്റവും പ്രശസ്‌തമായ കൃതികള്‍. തനിമലയാളവും ഗ്രന്ഥലിപിയും സ്വീകരിച്ച അദ്ദേഹം ആധുനിക മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും അടിത്തറ പാകി. ഭാഷാപിതാവെന്ന്‌ തുഞ്ചത്തെഴുത്തച്ഛനെ വിശേഷിപ്പിക്കാവുന്നതും അതുകൊണ്ടാണ്‌. പൂന്താനം നമ്പൂതിരിയാണ്‌ എഴുത്തച്ഛന്റെ കാലത്ത്‌ ജീവിച്ചിരുന്ന ശ്രദ്ധേയനായ മറ്റൊരു കവി.




നാടകം


നാടകീയ കലാരൂപങ്ങള്‍ ധാരാളമുണ്ടായിരുന്നെങ്കിലും നാടക സാഹിത്യം മലയാളത്തില്‍ ആവിര്‍ഭവിച്ചത്‌ 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്‌. ഒരു വിവര്‍ത്തനമായിരുന്നു മലയാളത്തില്‍ ആദ്യമുണ്ടായ നാടക കൃതി - കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ 'അഭിജ്ഞാന ശാകുന്തള' വിവര്‍ത്തനം (1882). 'മണിപ്രവാള ശാകുന്തളം' എന്നു വിളിക്കപ്പെടുന്ന ഈ പരിഭാഷ സ്വതന്ത്ര നാടകങ്ങളുടെയും പരിഭാഷകളുടെയും പ്രവാഹത്തിനു വഴിവച്ചു. 1884-ല്‍ സി. വി. രാമന്‍ പിള്ള 'ചന്ദ്രമുഖീ വിലാസം' എന്ന പ്രഹസനം (ഹാസ്യാത്മകമായ നാടകം) രചിച്ചു. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ 'കല്യാണീ നാടകം' (1889), 'ഉമാ വിവാഹം' (1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 'ലക്ഷണാസംഗം' (1891), 'ഗംഗാവതരണം' (1892), 'ചന്ദ്രിക' (1892), ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ 'കവിസഭാരഞ്‌ജനം' (1892), വയസ്‌കര മൂസിന്റെ 'മനോരമാ വിജയം' (1893), കെ. സി. കേശവപിള്ളയുടെ 'ലക്ഷ്‌മീ കല്യാണം' (1893), 'രാധാമാധവം' (1893), നടുവത്ത്‌ അച്ഛന്‍ നമ്പൂതിരിയുടെ 'ഭഗവദൂത്‌' (1892), കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയുടെ 'ഇബ്രായക്കുട്ടി' (1893), തോട്ടയ്‌ക്കാട്ട്‌ ഇക്കാവമ്മയുടെ 'സുഭദ്രാര്‍ജ്ജുനം' (1891), പോളച്ചിറയ്‌ക്കല്‍ കൊച്ചീപ്പന്‍ മാപ്പിളയുടെ 'മറിയാമ്മ' (1903) എന്നിവയാണ്‌ തുടര്‍ന്നുണ്ടായ മലയാള നാടകങ്ങള്‍. തമിഴ്‌ സംഗീതനാടകങ്ങള്‍ വേദികളില്‍ അരങ്ങു തകര്‍ക്കുന്ന കാലമായിരുന്നു അത്‌. നാടക രചനാഭ്രമം മൂത്ത്‌ പലരും ഗുണമില്ലാത്ത കൃതികള്‍ സൃഷ്ടിച്ചപ്പോള്‍ അതിനെ കളിയാക്കി നാടകമെഴുതാനും ചിലര്‍ രംഗത്തു വന്നു. മുന്‍ഷി രാമക്കുറുപ്പിന്റെ 'ചക്കീ ചങ്കരം' (1893), ശീവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ 'ദുസ്‌പര്‍ശാ നാടകം' (1900), കെ. സി. നാരായണന്‍ നമ്പ്യാരുടെ 'ചക്കീ ചങ്കരം' (1893) എന്നിവ ഇങ്ങനെ ഉണ്ടായ ഹാസ്യനാടകങ്ങളാണ്‌. സി. വി. രാമന്‍ പിള്ള 'പണ്ടത്തെ പാച്ചന്‍' (1917), 'കുറുപ്പില്ലാക്കളരി' (1909), 'പാപിചെല്ലണടം പാതാളം' (1918), 'ഡാക്ടര്‍ക്കു കിട്ടിയമിച്ചം' (1918) എന്നീ പ്രഹസനങ്ങള്‍ കൂടി രചിക്കുകയുണ്ടായി 

മണിപ്രവാളം


പതിമൂന്നാം നൂറ്റാണ്ടില്‍ പാട്ടിന്‌ സമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ്‌ മണിപ്രവാളം. സംസ്‌കൃതവും മലയാളവും പരസ്‌പരം വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ്‌ ഇത്‌.പതിനാലാം നൂറ്റാണ്ടില്‍ സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ്‌ മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ലക്ഷണങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്‌. കേരളത്തില്‍ കുടിയേറിയ ബ്രാഹ്മണരും അന്നത്തെ കേരളത്തിലെ മേല്‍ക്കോയ്‌മ വിഭാഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ സാംസ്‌കാരിക ഫലം കൂടിയായിരുന്നു മണിപ്രവാ ളസാഹിത്യം. കൂത്ത്‌, കൂടിയാട്ടം എന്നീ കലാരൂപങ്ങള്‍ മണിപ്രവാളത്തിന്റെ വളര്‍ച്ചയെ സഹായിച്ചു. കൂടിയാട്ടത്തിലെ വിദൂഷകനു വേണ്ടി നിര്‍മ്മിച്ച ശ്ലോകങ്ങള്‍ മണിപ്രവാളത്തിലാണ്‌. ചമ്പു, സന്ദേശകാവ്യം തുടങ്ങിയ ജനുസ്സുകള്‍ മണിപ്രവാള സാഹിത്യത്തില്‍ ഉണ്ടായി. സുന്ദരികളായ ഗണികകളെ വര്‍ണിക്കുന്ന ശൃംഗാര കൃതികളായിരുന്നു മണിപ്രവാളത്തില്‍ ഏറെയും ഉണ്ടായത്‌. ദേവതാസ്‌തുതി, രാജസ്‌തുതി, ദേശവര്‍ണന എന്നിവയ്‌ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു. 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവര്‍ണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' തുടങ്ങിയ ഒട്ടേറെ പ്രശസ്‌ത കൃതികള്‍ മണിപ്രവാളസാഹിത്യത്തിലുണ്ടായി. ചമ്പു കാവ്യങ്ങളുടെ സുവര്‍ണ്ണകാലമായിരുന്നു 15 - 16 നൂറ്റാണ്ടുകള്‍.

ഗദ്യത്തിന്റെ പ്രചാരം


കൊളോണിയലിസത്തിന്റെയും ക്രിസ്‌തുമത പ്രചാരണത്തിന്റെയും ഭാഗമായി 18-ാം നൂറ്റാണ്ടില്‍ പാശ്ചാത്യരായ മതപ്രചാരകര്‍ മലയാളത്തില്‍ മതബോധനപരമായ കൃതികള്‍ രചിച്ചത്‌ ഗദ്യത്തിന്റെ വളര്‍ച്ചയ്‌ക്കു സഹായിച്ചു. 1637 - 1677 കാലത്ത്‌ കൊച്ചിയിലെ ഡച്ച്‌ കമാന്‍ഡറായ വാന്‍ റീഡിന്റെ (Van Reed) നേതൃത്വത്തില്‍ കേരളത്തിലെ ഔഷധസസ്യങ്ങളെപ്പറ്റി 'ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌' എന്ന പുസ്‌തകം തയ്യാറാക്കി 1686-ല്‍ അച്ചടിപ്പിച്ചു. അര്‍ണോസ്‌ പാതിരി, ക്ലെമന്റ്‌ പാതിരി, പൗലിനോസ്‌ പാതിരി തുടങ്ങിയ വിദേശീയ മതപ്രചാരകരും കേരളീയരായ കരിയാറ്റില്‍ യൗസേപ്പ്‌ മെത്രാന്‍, പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ തുടങ്ങിയവരും തങ്ങളുടെ കൃതികളിലൂടെ ഗദ്യവികാസത്തിനു സഹായിച്ചു. തോമാക്കത്തനാര്‍ രചിച്ച 'വര്‍ത്തമാനപ്പുസ്‌തകം' (1780) മാണ്‌ മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി.

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ അച്ചടി. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം തുടങ്ങിയവ വ്യാപകമായത്‌ സാഹിത്യത്തിലും ഉണര്‍വുണ്ടാക്കി. നോവല്‍, ചെറുകഥ, നാടകം, ഉപന്യാസം, ജീവചരിത്രം, സാഹിത്യ ചരിത്രം തുടങ്ങിയ ജനുസ്സുകള്‍ ആവിര്‍ഭവിച്ചത്‌ ഈ കാലയളവിലാണ്‌. ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ' (1889) യായിരുന്നു ആദ്യ മലയാള നോവല്‍. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാ വികൃതി' (1891) ആദ്യ ചെറുകഥയും, കവിതയില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിലുള്ള നിയോ ക്ലാസിക്കല്‍ ധാര, വെണ്മണിക്കവികളുടെ നേതൃത്വത്തിലുള്ള പച്ചമലയാള ധാര, എ. ആര്‍. രാജരാജവര്‍മയുടെ നേതൃത്വത്തിലുള്ള പൂര്‍വകാല്‌പനികധാര എന്നിവയും രൂപപ്പെട്ടു. 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഉണ്ടായ സാഹിത്യ സംവാദമായ പ്രാസവാദം കവിതയില്‍ വലിയൊരു ഭാവനാപരിവര്‍ത്തനത്തിനും തുടക്കം കുറിച്ചു.

ഉത്തരാധുനികത


1980-കള്‍ മധ്യത്തോടെ ആധുനികതയില്‍ നിന്നു വ്യത്യസ്‌തമായ ഭാവുകത്വം രൂപപ്പെടാന്‍ തുടങ്ങി. ഉത്തരാധുനികത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നവഭാവുകത്വം ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവം ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടില്ല. ടി. വി. കൊച്ചുബാവ ('വൃദ്ധസദനം', 'പെരുങ്കളിയാട്ടം'), സി. വി. ബാലകൃഷ്‌ണന്‍ ('ആയുസ്സിന്റെ പുസ്‌തകം', 'ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍', 'ദിശ')സി. ആര്‍. പരമേശ്വരന്‍ ('പ്രകൃതി നിയമം')എന്‍. പ്രഭാകരന്‍ ('ബഹുവചനം', 'അദൃശ്യവനങ്ങള്‍', 'തീയൂര്‍രേഖകള്‍', 'ജീവന്റെ തെളിവുകള്‍'), എന്‍. എസ്‌. മാധവന്‍ ('ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍'), വി. ജെ. ജെയിംസ്‌ ('ചോരശാസ്‌ത്രം', 'ദത്താപഹാരം'), ജി. ആര്‍. ഇന്ദുഗോപന്‍ ('മണല്‍ ജീവികള്‍', 'ഐസ്‌ - 196 ഡിഗ്രി സെല്‍ഷ്യസ്‌'), സാറാ ജോസഫ്‌ ('ആലാഹയുടെ പെണ്‍മക്കള്‍', 'മാറ്റാത്തി', 'ഒതപ്പ്‌') കെ. ജെ. ബേബി ('മാവേലി മന്റം'), കെ. രഘുനാഥന്‍ ('ഭൂമിയുടെ പൊക്കിള്‍', 'ശബ്ദായ മൗനം', 'പാതിരാവന്‍കര', 'സമാധനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍'), കെ. പി. രാമനുണ്ണി ('സൂഫി പറഞ്ഞ കഥ', 'ചരമവാര്‍ഷികം', 'ജീവിതത്തിന്റെ പുസ്‌തകം') തുടങ്ങിയ ഒട്ടേറെ നോവലിസ്‌റ്റുകള്‍ അടങ്ങുന്നതാണ്‌ ഉത്തരാധുനിക തലമുറ.

ആധുനികതയിലേക്ക്‌


സ്വാതന്ത്ര്യലബ്ധിയുടെ അടുത്ത ദശകം നോവലിസ്‌റ്റുകളില്‍ പ്രത്യാശാശൂന്യതയുടെ കാലമായാണ്‌ പ്രതിഫലിച്ചത്‌. പുതിയൊരു സമൂഹവീക്ഷണവും അന്തര്‍മുഖത്വവും വിഷാദവും നോവലുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആഖ്യാന രീതിയിലും മാറ്റം വന്നു. വ്യക്തിയുടെ ആത്മവത്തയും അതിന്റെ പ്രതിസന്ധികളും സമൂഹവുമായി വ്യക്തി മനസ്സ്‌ നടത്തുന്ന ഏറ്റുമുട്ടലും പ്രമേയമായി. എം. ടി. വാസുദേവന്‍ നായരുടെ 'നാലു കെട്ട്‌' (1958) ആണ്‌ ഈ രൂപ-ഭാവ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചത്‌. ദീര്‍ഘമായ സാഹിത്യ ജീവിതത്തിലൂടെ എം. ടി. സൃഷ്ടിച്ച നോവലുകള്‍ വ്യാപകമായ ജനപ്രീതിയും നിരൂപക പ്രശംസയും നേടി. 'അസുര വിത്ത്‌', 'കാലം', 'മഞ്ഞ്‌', 'രണ്ടാമൂഴം', 'വാരണാസി' എന്നിവയാണ്‌ എം. ടിയുടെ മറ്റു പ്രശസ്‌ത നോവലുകള്‍. 

രാജലക്ഷ്‌മി ('ഒരു വഴിയും കുറേ നിഴലുകളും', 'ഞാനെന്ന ഭാവം', 'ഉച്ചവെയിലും ഇളം നിലാവും'), എന്‍. പി. മുഹമ്മദ്‌ ('ഹിരണ്യകശിപു', 'മരം', 'എണ്ണപ്പാടം', 'ദൈവത്തിന്റെ കണ്ണ്‌'), വിലാസിനി (ശരിയായ പേര്‌ എം. കെ. മേനോന്‍. നോവലുകള്‍ : 'ചുണ്ടെലി', 'ഊഞ്ഞാല്‍', 'ഇണങ്ങാത്ത കണ്ണികള്‍', 'അവകാശികള്‍', 'യാത്രാമുഖം') സി. രാധാകൃഷ്‌ണന്‍ ('കണ്ണിമാങ്ങകള്‍', 'പുഴ മുതല്‍ പുഴ വരെ', 'സ്‌പന്ദമാപിനികളേ നന്ദി', 'പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും', 'പിന്‍ നിലാവ്‌', 'ഒറ്റയടിപ്പാതകള്‍', 'മുമ്പേ പറക്കുന്ന പക്ഷികള്‍', 'തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം')ഇ. വാസു ('ചുവപ്പുനാട'), മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ ('യന്ത്രം', 'അഞ്ചുസെന്റ്‌', 'വേരുകള്‍', 'യക്ഷി', 'പൊന്നി', 'അമൃതം തേടി', 'നെട്ടൂര്‍ മഠം', 'ആറാം വിരല്‍'), വി. ടി. നന്ദകുമാര്‍ ('ദൈവത്തിന്റെ മരണം', 'ഇരട്ട മുഖങ്ങള്‍', 'രക്തമില്ലാത്ത മനുഷ്യന്‍'), പെരുമ്പടവം ശ്രീധരന്‍ ('അഭയം', 'അഷ്ടപദി', 'ഒരു സങ്കീര്‍ത്തനം പോലെ') പുതൂര്‍ ഉണ്ണികൃഷ്‌ണന്‍ ('ആട്ടുകട്ടില്‍', 'ആനപ്പക', 'ധര്‍മ ചക്രം'), പി. വത്സല ('നെല്ല്‌', 'ആഗ്നേയം', 'കൂമന്‍ കൊല്ലി', 'ഗൗതമന്‍', 'പാളയം') പി. കെ. ബാലകൃഷ്‌ണന്‍ ('ഇനി ഞാന്‍ ഉറങ്ങട്ടെ'), ലളിതാംബിക അന്തര്‍ജ്ജനം ('അഗ്നിസാക്ഷി'), ജോര്‍ജ്‌ ഓണക്കൂര്‍ ('ഉള്‍ക്കടല്‍', 'കാമന'), യു. എ. ഖാദര്‍, വി. എ. എ. അസീസ്‌, സാറാ തോമസ്‌, പി. ആര്‍. ശ്യാമള, ടി. വി. വര്‍ക്കി, പി. ആര്‍. നാഥന്‍ തുടങ്ങി ഒട്ടേറെ നോവലിസ്‌റ്റുകളുണ്ട്‌ ഈ തലമുറയില്‍. 1960 മുതലാണ്‌ ഈ കൂട്ടത്തില്‍ മിക്കവരും എഴുതിത്തുടങ്ങിയത്‌.

ചന്തുമേനോന്‍ നട്ട തൈ


ഒ. ചന്തുമേനോന്റെ 'ഇന്ദു ലേഖ' (1889)യോടെയാണ്‌ മലയാള നോവല്‍ ജനിച്ചത്‌. 'ഇന്ദുലേഖ'യ്‌ക്കു ശേഷമെഴുതിയ 'ശാരദ' പൂര്‍ത്തിയാകുംമുമ്പേ ചന്തുമേനോന്‍ അന്തരിച്ചു. 1891-ല്‍ സി. വി. രാമന്‍ പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ' കൂടി പ്രസിദ്ധീകരിച്ചതോടെ മലയാള നോവല്‍ സാഹിത്യത്തിന്‌ ബലിഷ്‌ഠമായ അടിത്തറ ഒരുങ്ങി. പടിഞ്ഞാറേക്കോവിലകത്ത്‌ അമ്മാമന്‍ രാജായുടെ 'ഇന്ദുമതീസ്വയംവരം' (1890), സി. ചാത്തുനായരുടെ 'മീനാക്ഷി' (1890), പോത്തേരി തൊമ്മന്‍ അപ്പോത്തിക്കിരിയുടെ 'പരിഷ്‌കാരപ്പാതി' (1892), കിഴക്കേപ്പാട്ട്‌ രാമന്‍ മേനോന്റെ 'പറങ്ങോടി പരിണയം' (1892), കോമാട്ടില്‍ പാഡുമേനോന്റെ 'ലക്ഷ്‌മീ കേശവം', സി. അന്തപ്പായിയുടെ 'നാലുപേരിലൊരുത്തന്‍' (1893). കേരള വര്‍മ വലിയ കോയിത്തമ്പുരാന്റെ 'അക്‌ബര്‍' (1894), ജോസഫ്‌ മൂളിയിലിന്റെ 'സുകുമാരി' (1897) എന്നിവയാണ്‌ 19-ാം നൂറ്റാണ്ടിലുണ്ടായ മറ്റു നോവലുകള്‍

ആധുനികത


പ്രമേയത്തിലും ആഖ്യാനത്തിലും പാരമ്പര്യവിരുദ്ധമായ നോവലാണ്‌ 1960-കളില്‍ ആരംഭിച്ച ആധുനികതാപ്രസ്ഥാനം അവതരിപ്പിച്ചത്‌. ശിഥിലമായ സമൂഹത്തില്‍ ആധികാരിക മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണവും മനുഷ്യാസ്‌തിത്വത്തെക്കുറിച്ചുള്ള സംഘര്‍ഷങ്ങളും സ്വത്വപ്രതിസന്ധിയും നിഷേധദര്‍ശനവും ആധുനികതയുടെ മുഖമുദ്രകളായിരുന്നു. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'മാണ്‌ ആധുനിക നോവലുകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്‌. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന്‌ എന്ന നിലയിലാണ്‌ 'ഖസാക്ക്‌' പരിഗണിക്കപ്പെടുന്നത്‌. ഒ. വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, ആനന്ദ്‌, വി. കെ. എന്‍., മാടമ്പ്‌ കുഞ്ഞുകുട്ടന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, പി. പദ്‌മരാജന്‍, മേതില്‍ രാധാകൃഷ്‌ണന്‍, തുടങ്ങിയവരാണ്‌ പ്രധാന ആധുനിക നോവലിസ്‌റ്റുകള്‍. 

ഒ. വി. വിജയന്റെ നോവലുകള്‍ : ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍.

കാക്കനാടന്റെ നോവലുകള്‍ : അജ്ഞതയുടെ താഴ്‌വര, പറങ്കിമല, ഏഴാംമുദ്ര, ഉഷ്‌ണ മേഖല, സാക്ഷി, ആരുടെയോ ഒരു നഗരം, ഒറോത

എം. മുകുന്ദന്റെ നോവലുകള്‍ : ദല്‍ഹി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സീത, ആവിലായിലെ സൂര്യോദയം, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഈലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, നൃത്തം, കേശവന്റെ വിലാപങ്ങള്‍, പുലയപ്പാട്ട്‌. 

വി. കെ. എന്നിന്റെ നോവലുകള്‍ : ആരോഹണം, പിതാമഹന്‍, ജനറല്‍ ചാത്തന്‍സ്‌, നാണ്വാര്‌, കാവി, കുടിനീര്‌, അധികാരം, അനന്തരം

ആനന്ദിന്റെ നോവലുകള്‍ : ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്‌, അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്‌, ഗോവര്‍ധന്റെ യാത്രകള്‍, വ്യാസനും വിഘ്‌നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, വിഭജനങ്ങള്‍

സേതുവിന്റെ നോവലുകള്‍ : പാണ്ഡവപുരം, നിയോഗം, വിളയാട്ടം, കൈമുദ്രകള്‍, നനഞ്ഞമണ്ണ്‌, താളിയോല

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകള്‍ : അലിഗഢിലെ തടവുകാരന്‍, തെറ്റുകള്‍, സൂര്യന്‍, സ്‌മാരക ശിലകള്‍, കലീഫ, മരുന്ന്‌, കന്യാവനങ്ങള്‍, പരലോകം

സി. വി. യുടെ വടവൃക്ഷങ്ങള്‍


'ഇന്ദുലേഖ'യെന്ന പൂത്തുലഞ്ഞ തണല്‍മരം നട്ടുവളര്‍ത്തിയ ചന്തുമേനോനു പിന്നാലേ വന്ന സി. വി. രാമന്‍പിള്ള വടവൃക്ഷങ്ങളാണ്‌ സൃഷ്ടിച്ചത്‌. തിരുവിതാംകൂറിന്റെ ചരിത്രത്തെ ആധാരമാക്കിയുള്ള 'മാര്‍ത്താണ്ഡവര്‍മ' (1891), 'ധര്‍മരാജാ' (1913), 'രാമരാജാ ബഹദൂര്‍' (1921) എന്നിവയും സാമൂഹിക നോവലായ 'പ്രേമാമൃത' (1917)വുമാണ്‌ സി. വി. യുടെ നോവലുകള്‍. ദര്‍ശനത്തിന്റെയും രചനാവൈഭവത്തിന്റെയും അസാധാരണത്വര കൊണ്ട്‌ 'ധര്‍മ്മരാജാ'യും 'രാമരാജാബഹദൂറും' നിത്യവിസ്‌മയങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു. സി. വി. യുടെ സ്വാധീനതയാല്‍ ഒട്ടേറെ ചരിത്ര നോവലുകള്‍ പിന്നീടുണ്ടായി. കാരാട്ട്‌ അച്യുതമേനോന്‍ (വിരുതന്‍ ശങ്കു, 1913), കെ. നാരായണക്കുരുക്കള്‍ (പാറപ്പുറം, 1960 - 1907, ഉദയഭാനു) അപ്പന്‍ തമ്പുരാന്‍ (ഭാസ്‌കര മേനോന്‍, 1924, ഭൂതരായര്‍ 1923), അമ്പാടി നാരായണപ്പുതുവാള്‍ (കേരള പുത്രന്‍, 1924), ടി. രാമന്‍ നമ്പീശന്‍ (കേരളേശ്വരന്‍, 1929) തുടങ്ങിയവരാണ്‌ സി. വിക്കു ശേഷം വന്ന നോവലിസ്‌റ്റുകളില്‍ ശ്രദ്ധേയര്‍. 

നാരായണക്കുരുക്കളുടെ 'ഉദയഭാനു', 'പാറപ്പുറം' എന്നിവ ആദ്യത്തെ രാഷ്ട്രീയ നോവലുകളാണെന്നു സാഹിത്യചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ആദ്യത്തെ അപസര്‍പ്പകനോവലാണ്‌ 'ഭാസ്‌കര മേനോന്‍'. കേശവക്കുറുപ്പിന്റെ 'മാധവക്കുറുപ്പ്‌' (1922), ഒ. എം ചെറിയാന്റെ 'കാലന്റെ കൊലയറ' (1928) അനന്തപദ്‌മനാഭപിള്ളയുടെ 'വീരപാലന്‍' (1933), ചേലനാട്ട്‌ അച്യുതമേനോന്റെ 'അജ്ഞാതസഹായി' (1936) തുടങ്ങിയ അപസര്‍പ്പക നോവലുകളും തുടര്‍ന്നുണ്ടായ കപ്പന കൃഷ്‌ണമേനോന്റെ 'ചേരമാന്‍ പെരുമാള്‍', കെ. എം. പണിക്കരുടെ 'കേരള സിംഹം', പള്ളത്തു രാമന്റെ 'അമൃത പുളിനം', സി. കുഞ്ഞിരാമമേനോന്റെ 'വെളുവക്കമ്മാരന്‍' തുടങ്ങിയ ചരിത്രനോവലുകളും ഇക്കാലത്തുണ്ടായി. മുത്തിരിങ്ങോട്‌ ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ 'അപ്‌ഫന്റെ മകള്‍' നമ്പൂതിരി സമുദായത്തെ കേന്ദ്രമാക്കി സാമൂഹിക നോവലിന്റെ മാതൃക അവതരിപ്പിച്ചു. 

ഹില്‍ പാലസ്‌ മ്യൂസിയം


സ്ഥലം : എറണാകുളം ടൗണില്‍ നിന്ന്‌ 10 കി. മീ.
സന്ദര്‍ശന സമയം : 9 മണി മുതല്‍ 12.30 വരെ, 2 മണി മുതല്‍ 4.30 വരെ. തിങ്കളാഴ്‌ച അവധി.

കേരളത്തിലെ ആദ്യ പൈതൃക മ്യൂസിയമാണിത്‌. ഒരു കാലത്ത്‌ കൊച്ചി മഹാരാജാക്കന്മാരുടെ വസതിയായിരുന്ന ഈ കൊട്ടാരം ഇപ്പോള്‍ പുരാവസ്‌തു വകുപ്പിന്റെ അധീനതയിലാണ്‌. 52 ഏക്കര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കൊട്ടാര സമുച്ചയത്തില്‍ 49 കെട്ടിടങ്ങളുണ്ട്‌. കൊട്ടാര വളപ്പില്‍ ഒരു മാന്‍ പാര്‍ക്കുണ്ട്‌. കുതിര സവാരിയ്‌ക്കും ഇവിടെ സൗകര്യമുണ്ട്‌. കൊച്ചി രാജാക്കന്മാരുടെ സിംഹാസനം ഉള്‍പ്പെടെ രാജഭരണകാലത്ത്‌ ഉപയോഗിച്ചിരുന്ന നൂറുകണക്കിന്‌ വസ്‌തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 200 വര്‍ഷം പഴക്കമുള്ള ചൈനീസ്‌ പാത്രങ്ങള്‍, തൊപ്പിക്കല്ല്‌, കുടക്കല്ല്‌, ശിലായുഗകാലത്തെ ആയുധങ്ങള്‍, തടിയിലെ ക്ഷേത്രമാതൃകകള്‍, സിന്ധൂ നദീതടസംസ്‌കാര കാലത്തെ ഉപകരണ മാതൃകകള്‍ തുടങ്ങിയവയും ഇവിടെ പ്രദര്‍ശനത്തിനുണ്ട്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 10 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

ജൂതത്തെരുവ്‌


സ്ഥലം : എറണാകുളം ടൗണില്‍ നിന്ന്‌ 10 കി. മീ.

പുരാവസ്‌തുക്കള്‍ക്ക്‌ പ്രശസ്‌തമാണ്‌ ജൂതത്തെരുവ്‌. തടിയിലും പിത്തളയിലും ഓടിലും പണികഴിപ്പിച്ച ശില്‍പ്പങ്ങള്‍, പഴയകാല ഗൃഹോപകരണങ്ങള്‍, കൗതുക വസ്‌തുക്കള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്‌. എ.ഡി. 52 മുതല്‍ കൊച്ചിയില്‍ കുടിയേറിയ ജൂതന്‍മാരുടെ പിന്‍മുറക്കാരാണ്‌ കച്ചവടക്കാരില്‍ ഏറെയും. ഇവിടെയുള്ള സിനഗോഗ്‌ കാണാന്‍ ദിനംപ്രതി നൂറുകണക്കിന്‌ സഞ്ചാരികളെത്തുന്നുണ്ട്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 10 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 30 കി. മീ.

താന്നി ഇല്ലം


കേരളത്തിന്റെ പരമ്പരാഗത വാസ്‌തു മാതൃക കാണാന്‍ പറ്റിയ സ്ഥലമാണ്‌ ഇത്‌. 100 വര്‍ഷം പഴക്കമുള്ള ഈ ഇല്ലം പ്രശസ്‌ത സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ ജന്മഗൃഹമാണ്‌. ഇപ്പോള്‍ 'ഗൃഹസ്ഥലി പ്രോജക്ടു'മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു ദമ്പതിമാരുടെ ഉടമസ്ഥതയിലാണ്‌. മികച്ച രീതിയില്‍ അവര്‍ ഈ ഇല്ലത്തെ സംരക്ഷിച്ചിരിക്കുന്നു. കുളപ്പുര, തെക്കിനി തുടങ്ങിയവയെല്ലാമുള്ള ഈ ഇല്ലം കാണാനും ഇവിടെ താമസിക്കാനും സൗകര്യമുണ്ട്‌.

സസ്യാഹാരം, വൈദ്യസഹായം, അലക്ക്‌ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്‌.

വിലാസം :
താന്നി ഇല്ലം
തോട്ടുവ, കൂവപ്പടി
എറണാകുളം - 683544
ഫോണ്‍ - 00 91 484 2649679

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ആലുവ 26 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 12 കി. മീ.


ചേന്ദമംഗലം സിനഗോഗ്‌


ലോകത്തിന്റെ നാനാഭാഗത്തും ചിതറിക്കിടക്കുന്ന ജൂതസംസ്‌കാര മുദ്രകളില്‍ ഒന്നാണ്‌ ചേന്ദമംഗലത്തെ സിനഗോഗ്‌. 175 വര്‍ഷം മുമ്പാണ്‌ ജൂതന്മാര്‍ ചേന്ദമംഗലത്ത്‌ ഈ സിനഗോഗ്‌ പണികഴിപ്പിച്ചത്‌ കേരളത്തിന്റെ വാസ്‌തുവും യൂറോപ്പിന്റെ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച്‌ നിര്‍മ്മിച്ച സിനഗോഗ്‌ ആണിത്‌. പ്രൗഢമായ അള്‍ത്താര, ചില്ലുപതിപ്പിച്ച തട്ട്‌, കൂറ്റന്‍ തടിത്തൂണുകള്‍ തുടങ്ങിയവ ഈ സിനഗോഗിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നു. കേരള പുരാവസ്‌തു വകുപ്പിന്റെ സംരക്ഷണത്തിലാണ്‌ ഈ സിനഗോഗ്‌ ഇപ്പോള്‍.

പാലിയം കൊട്ടാരം, വൈപ്പിന്‍ കോട്ട എന്നിവ ഇതിന്‌ അടുത്താണ്‌.

എത്തേണ്ട വിധം
 -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ആലുവ 26 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 23 കി. മീ.


സിനഗോഗ്‌


സ്ഥലം : എറണാകുളം ടൗണില്‍ നിന്ന്‌ 10 കി. മീ. അകലെ ഫോര്‍ട്ടു കൊച്ചിയില്‍

1568-ലാണ്‌ ഈ സിനഗോഗ്‌ പണികഴിപ്പിച്ചത്‌. 1662-ല്‍ പോര്‍ച്ചുഗീസ്‌ ആക്രമണത്തില്‍ ഇത്‌ തകര്‍ന്നു. 1662-ല്‍ ഡച്ചുകാര്‍ പുനര്‍ നിര്‍മ്മിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ചായം പൂശി വൃത്തിയാക്കുകയും ചൈനീസ്‌ ടൈലുകള്‍ കൊണ്ട്‌ തറ പാകുകയും ചെയ്‌തു. ക്ലോക്‌ ടവര്‍, ഹീബ്രു കൊത്തിയയിടങ്ങള്‍, പഴയ നിയമം ആലേഖനം ചെയ്‌ത ചെമ്പു ഫലകം തുടങ്ങിയവയാണ്‌ ആകര്‍ഷണങ്ങള്‍.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 10 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളി


നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്‌ ഈ പള്ളിക്ക്‌. ആദ്യം തടിയില്‍ പണികഴിപ്പിച്ചിരുന്ന പള്ളി പിന്നീട്‌ കല്ലുകൊണ്ട്‌ പുനര്‍ നിര്‍മ്മിച്ചു. 1779-ല്‍ ഡച്ചുകാര്‍ പിന്നേയും പുതുക്കിപ്പണിതു. പിന്നീട്‌ ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1795-ല്‍ ആംഗ്ലിക്കന്‍ പള്ളിയായി. ഇപ്പോള്‍ സി.എസ്‌.ഐയുടെ അധീനതയിലാണ്‌ ഈ പള്ളി. ഇതിന്റെ വളപ്പിലാണ്‌ 1524-ല്‍ വാസ്‌കോ ഡ ഗാമയെ അടക്കം ചെയ്‌തത്‌. ഭൗതികാവശിഷ്ടം പിന്നീട്‌ പോര്‍ച്ചുഗലിലേയ്‌ക്ക്‌ കൊണ്ടുപോയെങ്കിലും കല്ലറ ഇപ്പോഴും കാണാം.


മട്ടാഞ്ചേരി കൊട്ടാരം


സ്ഥലം : മട്ടാഞ്ചേരി, എറണാകുളം ടൗണില്‍ നിന്ന്‌ 10 കി. മീ.

1557-ല്‍ പോര്‍ച്ചുഗീസുകാര്‍ പണിത്‌ പിന്നീട്‌ കൊച്ചി രാജാവ്‌ വീരകേരള വര്‍മ്മയ്‌ക്ക്‌ സമ്മാനമായി നല്‍കപ്പെട്ട ഈ കൊട്ടാരത്തെ ഡച്ചുകാര്‍ കൈവശപ്പെടുത്തുകയും 1663-ല്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്‌തു. നാലുകെട്ടിന്റെ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ കൊട്ടാരത്തിനോട്‌ ചേര്‍ന്നൊരു ഭഗവതി ക്ഷേത്രവുമുണ്ട്‌. 300 ചതുരശ്രയടി മൊത്തം വിസ്‌തൃതിയില്‍ ധാരാളം ചുമര്‍ച്ചിത്രങ്ങള്‍ കൊട്ടാരത്തില്‍ കാണാം. രാമായണം, മഹാഭാരതം, കുമാരസംഭവം തുടങ്ങിയവയാണ്‌ ചിത്രങ്ങളുടെ പ്രമേയങ്ങള്‍. രാജഭരണകാലത്ത്‌ നിലവിലുണ്ടായിരുന്ന ആയുധങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

സന്ദര്‍ശന സമയം - 10 മണി മുതല്‍ 5 മണി വരെ, വെള്ളിയാഴ്‌ച അവധി.

എത്തേണ്ട വിധം 
-
എറണാകുളത്ത്‌ നിന്ന്‌ മട്ടാഞ്ചേരിയിലേയ്‌ക്ക്‌ തുടര്‍ച്ചയായി ബസ്സുകളുണ്ട്‌. സുഭാഷ്‌ പാര്‍ക്കിനടുത്തെ ജെട്ടിയില്‍ പോയാല്‍ ബോട്ടിങ്‌ യാത്രയാവാം.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 10 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 30 കി. മീ.

നാവിക മ്യൂസിയം


ഇന്ത്യന്‍നാവിക വൈഭവത്തിന്റെ ചരിത്രവും ശക്തിയും വെളിവാക്കുന്ന ഈ മ്യൂസിയം ഫോര്‍ട്ട്‌ കൊച്ചിയിലെ ഐ.എന്‍.എസ്‌. ദ്രോണാചാര്യയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സിന്ധുനദീതടസംസ്‌കാര കാലം മുതല്‍ക്കുള്ള നാവിക ചരിത്രത്തെക്കുറിച്ച്‌ ഈ മ്യൂസിയം അറിവു നല്‍കുന്നു. 1612-ല്‍ സൂററ്റില്‍ രൂപം കൊണ്ട നാവിക സംഘം ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ നാവികസംഘമാണെന്ന്‌ ഈ മ്യൂസിയത്തില്‍ നിന്ന്‌ നമുക്ക്‌ വിവരം ലഭിക്കുന്നു. കേരളവും അറബികളുമായുള്ള നാവികബന്ധം, കുഞ്ഞാലിമരയ്‌ക്കാര്‍, ഇന്ത്യന്‍ നേവി, നാവിക മേഖലയും കോളനിവത്‌ക്കരണവും തുടങ്ങിയ പ്രത്യേക വിഭാഗങ്ങളുമുണ്ട്‌.

ഇന്ത്യയുടെ കപ്പല്‍നിര്‍മ്മാണചരിത്രത്തെക്കുറിച്ചും വിശദമായ അറിവ്‌ ഈ മ്യൂസിയം നല്‍കുന്നു.

സന്ദര്‍ശന സമയം - 9.30 മുതല്‍ 1 മണി വരെ, 2 മണി മുതല്‍ 6 മണി വരെ.

എത്തേണ്ട വിധം -
ഫോര്‍ട്ട്‌ കൊച്ചി സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളിയില്‍ നിന്ന്‌ ബീച്ച്‌ റോഡിലൂടെ ഒരു കി. മീ. തെക്ക്‌.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 15 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 35 കി. മീ.

മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ (കേരള ചരിത്ര മ്യൂസിയം)


സ്ഥലം : എറണാകുളം ടൗണില്‍ നിന്ന്‌ 8 കി. മീ. അകലെ ഇടപ്പള്ളിയില്‍
പ്രവര്‍ത്തനം : രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ

കേരളം പിന്നിട്ട വഴികളെക്കുറിച്ചറിയണമെങ്കില്‍ ഈ മ്യൂസിയം സന്ദര്‍ശിക്കാം. നിയോലിത്തിക്‌ കാലം മുതല്‍ ആധുനിക കാലം വരെയുള്ള ചരിത്ര, സംസ്‌കാരിക മുദ്രകളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ പ്രശസ്‌ത ചിത്രകാരന്‍മാരുടെ ഇരുന്നൂറോളം ചിത്രങ്ങളും ഈ മ്യൂസിയത്തിലുണ്ട്‌. കേരള ചരിത്രത്തെക്കുറിച്ച്‌ ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ ഷോയും ഇവിടെ അരങ്ങേറുന്നു. ഇന്ത്യന്‍ ചിത്രകലയെക്കുറിച്ചും ലോകത്തിലെ ക്ലാസിക്‌ ചിത്രങ്ങളുടേയും വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള 'സെന്റര്‍ ഓഫ്‌ വിഷ്വല്‍ ആര്‍ട്‌സ്‌' ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 8 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 36 കി. മീ.


കുമ്പളങ്ങി - മാതൃകാ ടൂറിസം ഗ്രാമം


രാജ്യത്തെ ആദ്യത്തെ 'മാതൃകാ ടൂറിസം ഗ്രാമ'മാണിത്‌. പരിസ്ഥിതിയ്‌ക്ക്‌ കോട്ടം തട്ടാതെ, സ്വന്തം ജീവിത രീതികളില്‍ മാറ്റം വരുത്താന്‍ ബാധ്യസ്ഥരാകാതെ ഗ്രാമീണര്‍ മുഴുവനും മികച്ച ആതിഥേയരായി മാറുന്ന കാഴ്‌ചയാണിവിടെ. കൊച്ചി നഗരത്തിന്‌ വളരെയടുത്ത്‌ സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി ദ്വീപ്‌ ചീനവലകള്‍ക്കും കൊച്ചിയുടെ ഗ്രാമീണ പൈതൃക മുദ്രകള്‍ക്കും പ്രശസ്‌തമായ സ്ഥലമാണ്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം ജങ്‌ഷന്‍ 25 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 40 കി. മീ.

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.