വടക്കന്‍ പാട്ടും തെക്കന്‍ പാട്ടും


മലയാളത്തിലെ നാടന്‍ പാട്ടുകളിലെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ്‌ വടക്കന്‍ പാട്ടുകളും തെക്കന്‍ പാട്ടുകളും. വീരകഥാഗാനങ്ങളായ ഇവ കാലങ്ങളായി യഥാക്രമം വടക്കന്‍ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും സാമാന്യജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു വന്നവയാണ്‌. പില്‍ക്കാലത്ത്‌ വടക്കന്‍ പാട്ടുകഥകളെ ആധാരമാക്കി ഒട്ടേറെ ജനപ്രിയ ചലച്ചിത്രങ്ങള്‍ ഉണ്ടായി. പാട്ടുകളുമായി വലിയ ബന്ധമൊന്നുമില്ലാത്ത കഥകളാണ്‌ ചലച്ചിത്രങ്ങള്‍ക്കായി രചിക്കപ്പെട്ടത്‌. തെക്കന്‍ പാട്ടുകള്‍ ചലച്ചിത്രവത്‌കരിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ നാടോടി സാഹിത്യത്തിലെ സുപ്രധാനവിഭാഗമാണ്‌ ഈ രണ്ടു തരം കഥാഗാനങ്ങളും. 


വടക്കന്‍ പാട്ടുകള്‍
വടക്കന്‍ കേരളത്തിലെ നാടോടികഥാഗാനങ്ങളാണ്‌ (ballads) വടക്കന്‍ പാട്ടുകള്‍. പൊതുവെ കൃഷിപ്പാട്ടുകളായി പാടുന്ന ഇവയില്‍ വീരാപദാനങ്ങള്‍ക്കാണ്‌ പ്രാധാന്യം. അനുഷ്‌ഠാനങ്ങളുമായി വടക്കന്‍ പാട്ടുകള്‍ക്ക്‌ ബന്ധമില്ല. കൃഷിപ്പണിക്കിടയിലാണ്‌ ഇവ പാടിയിരുന്നത്‌. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന വടക്കന്‍ പാട്ടുകളില്‍ പാട്ടിനും കഥയ്‌ക്കും ഒരു പോലെ പ്രാധാന്യമുണ്ട്‌. വടക്കന്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ സംസാരഭാഷയിലെ വാക്കുകളും പ്രയോഗങ്ങളുമടങ്ങിയതാണ്‌ വടക്കന്‍ പാട്ടുകളുടെ ഭാഷ. ഇവയില്‍ വീരകഥകള്‍, പ്രേമകഥകള്‍, ശോകകഥകള്‍, ഹാസ്യകഥകള്‍, അദ്‌ഭുത കഥകള്‍ എന്നിവയെല്ലാം അവതരിപ്പിക്കുന്ന പാട്ടുകളുണ്ട്‌. മധ്യകാല കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയാവസ്ഥകളുടെ വിശദചിത്രം അവതരിപ്പിക്കുന്നവയാണ്‌ വടക്കന്‍ പാട്ടുകള്‍. ഫ്യൂഡല്‍ സാമൂഹികാവസ്ഥയുടെ നാനാവശങ്ങളും അവയില്‍ പ്രതിഫലിക്കുന്നു. മധ്യകാലത്തെ വീരനായകന്മാരെയും നായികമാരെയും ചിത്രീകരിക്കുന്ന അവ വടക്കന്‍ കേരളത്തിന്റെ ആയോധന സംസ്‌കാരത്തിലേക്ക്‌ വെളിച്ചം വീശുന്നു. ഇന്നത്തെ കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളും കര്‍ണ്ണാടക സംസ്ഥാനത്തിന്റെ കേരളത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളുമാണ്‌ വടക്കന്‍ പാട്ടുകളുടെ ഭൂമിശാസ്‌ത്രം. 

പഴയകാലത്തെ കാര്‍ഷിക സമ്പ്രദായം, നായാട്ട്‌, വസ്‌ത്രങ്ങളും ആഭരണങ്ങളും, ആചാരങ്ങള്‍, കളികള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള വിശദമായ ചിത്രങ്ങള്‍ വടക്കന്‍ പാട്ടുകളിലുണ്ട്‌. കളരികള്‍, അങ്കം, പൊയ്‌ത്ത്‌, കുടിപ്പക തുടങ്ങിയവയുമായി ബന്ധപ്പെട്ട ആയോധനസംസ്‌കാരത്തിന്റെ പ്രതിഫലനമാണ്‌ വടക്കന്‍ പാട്ടുകളുടെ ഏറ്റവും വലിയ സവിശേഷത. വടക്കന്‍ പാട്ടുകളില്‍ നിരവധി വിഭാഗങ്ങളുണ്ട്‌ - പുത്തൂരം പാട്ടുകള്‍, തച്ചോളിപ്പാട്ടുകള്‍, പുത്തരിയങ്കം, കന്നിക്കഥാപാട്ടുകള്‍ തുടങ്ങിയവയാണ്‌ ഏറ്റവും പ്രധാനപ്പെട്ടവ. ഇവയ്‌ക്കു പുറമേ സുന്ദരികളായ കന്യകമാരുടെയും വീരയോദ്ധാക്കളുടെയും കഥ പറയുന്ന മറ്റ്‌ പാട്ടുകളുമുണ്ട്‌. ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച, തച്ചോളി ഒതേനന്‍, ആരോമുണ്ണി, കണ്ണപ്പച്ചേകവര്‍, ചന്തു, ചാപ്പന്‍, പയ്യം വെള്ളി ചന്തു, അരിങ്ങോടര്‍ തുടങ്ങിയവരാണ്‌ വടക്കന്‍ പാട്ടുകളിലെ മുഖ്യകഥാപാത്രങ്ങള്‍. മലയാളത്തിലെ ജനപ്രിയചലച്ചിത്ര ശാഖ വടക്കന്‍ പാട്ടുകളെ ആധാരമാക്കി നിരവധി സിനിമകളെടുത്തിട്ടുണ്ട്‌. 


തെക്കന്‍ പാട്ടുകള്‍
തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടോടി ഗാനങ്ങള്‍. തിരുവനന്തപുരം ജില്ലയിലും ഇന്ന്‌ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുമാണ്‌ ഇവയ്‌ക്ക്‌ പ്രചാരമുള്ളത്‌. തമിഴ്‌ കലര്‍ന്ന മലയാളത്തിലാണ്‌ തെക്കന്‍ പാട്ടുകളുടെ രചന. വീരയോദ്ധാക്കളെയും രാജകുടുംബങ്ങളെയുമൊക്കെക്കുറിച്ചുള്ളവയാണ്‌ ഈ ഗാനങ്ങള്‍. വില്ലടിച്ചാന്‍പാട്ട്‌ (വില്‍പ്പാട്ട്‌) എന്ന കലാരൂപത്തിനു വേണ്ടിയാണ്‌ മിക്ക തെക്കന്‍ പാട്ടുകളും ഉപയോഗിക്കുന്നത്‌. 

ദുര്‍ദേവതകളെ പ്രീതിപ്പെടുത്താനുള്ളവ, ദേശചരിത്രങ്ങള്‍, ദേവതാരാധനക്കുള്ളവ എന്നീ മൂന്നു വിഭാഗങ്ങളായി തെക്കന്‍ പാട്ടുകളെ തരംതിരിക്കാം. ധീരന്മാരായ രാജാക്കന്മാര്‍, ഉത്തമ സ്‌ത്രീകള്‍, വീരയോദ്ധാക്കള്‍ തുടങ്ങിയവര്‍ അപമൃത്യുവിനിരയായാല്‍ മാടന്‍, യക്ഷി തുടങ്ങിയ ദുര്‍ദേവതകളായി മാറുമെന്നും അവരെ പ്രീതിപ്പെടുത്തണമെന്നുമുള്ള വിശ്വാസമാണ്‌ തെക്കന്‍ പാട്ടുകള്‍ക്ക്‌ അടിസ്ഥാനം. 

അങ്ങനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ്‌ വില്ലടിച്ചാന്‍ പാട്ടുകള്‍ (വില്‌പാട്ടുകള്‍) നടത്തിയിരുന്നത്‌. എ.ഡി. 9 - 18 നൂറ്റാണ്ടുകള്‍ക്കിടയിലുള്ള പല ചരിത്ര സംഭവങ്ങളും തെക്കന്‍ പാട്ടുകള്‍ക്ക്‌ വിഷയമായിട്ടുണ്ട്‌. കന്നടിയന്‍ പോര്‌, ഉലകുടെ പെരുമാള്‍ പാട്ട്‌, പുരുഷാദേവിയമ്മപ്പാട്ട്‌, അഞ്ചുതമ്പുരാന്‍പാട്ട്‌, ഇരവിക്കുട്ടിപ്പിള്ളപ്പോര്‌ (കണിയാംകുളത്തുപോര്‌), പഞ്ചവന്‍ കാട്ടുനീലിപ്പാട്ട്‌, ചാമുണ്ഡികഥ, രാമകഥപ്പാട്ട്‌, കുഞ്ചുത്തമ്പികഥ, ദിവാന്‍ വെറ്റി, ധര്‍മരാജാവിന്റെ രാമേശ്വരയാത്ര തുടങ്ങിയവയാണ്‌ തെക്കന്‍പാട്ടുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാന കൃതികള്‍. എ.ഡി. 17 - 18 നൂറ്റാണ്ടുകളിലാണ്‌ തെക്കന്‍ പാട്ടുകളില്‍ പലതും ഉണ്ടായതെന്നു കരുതുന്നു. ഈ കാലഘട്ടത്തില്‍ മലയാളം സ്വതന്ത്രഭാഷയായി വികസിച്ചിരുന്നുവെങ്കിലും തമിഴ്‌നാടുമായി തെക്കന്‍ കേരളത്തിനുണ്ടായിരുന്ന സമ്പര്‍ക്കമാണ്‌ തെക്കന്‍ പാട്ടുകളില്‍ തമിഴ്‌ഭാഷാ സ്വാധീനം വര്‍ധിക്കാന്‍ കാരണം.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.