മധ്യകാല ചരിത്രം


കുലശേഖല സാമ്രാജ്യം ശിഥിലമായ പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ കോളനി ശക്തികള്‍ ആധിപത്യം പൂര്‍ണ്ണമാക്കിയ പതിനേഴാം നൂറ്റാണ്ടുവരെയുള്ള കാലയളവിനെ കേരള ചരിത്രത്തിലെ മധ്യകാല ഘട്ടമായി കണക്കാക്കാം. ഒട്ടേറെ ചെറു രാജ്യങ്ങളായി കേരളം ചിതറിക്കിടക്കുകയും അവ പാശ്ചാത്യശക്തികളുടെ വരുതിയിലാവുകയും ചെയ്‌ത കാലമാണിത്‌. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സുപ്രധാനമായ വികാസ പരിണാമങ്ങള്‍ ഉണ്ടായ ഘട്ടം കൂടിയാണിത്‌.[[B034]] 

ചോളന്മാരുമായുള്ള യുദ്ധത്തോടെ കുലശേഖരന്മാരുടെ വാഴ്‌ച അവസാനിച്ചതോടെ കേരളം ഒട്ടേറെ ചെറു നാടുകളായി മാറി. വേണാട്‌, എളയിടത്തു സ്വരൂപം, ആറ്റിങ്ങല്‍, ദേശിങ്ങനാട്‌ (കൊല്ലം), കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കായംകുളം (ഓടനാട്‌), പുറക്കാട്‌ (ചെമ്പകശ്ശേരി), പന്തളം, തെക്കുംകൂര്‍, വടക്കുംകൂര്‍, പൂഞ്ഞാര്‍, കരപ്പുറം (ചേര്‍ത്തല), കൈമള്‍മാരുടെ നേതൃത്വത്തിലായിരുന്ന എറണാകുളം പ്രദേശങ്ങള്‍, ഇടപ്പള്ളി, കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, അയിരൂര്‍, തലപ്പിളളി, വള്ളുവനാട്‌, പാലക്കാട്‌, കൊല്ലങ്കോട്‌, കവളപ്പാറ, വെട്ടത്തുനാട്‌, പരപ്പനാട്‌, കുറുമ്പുറനാട്‌ (കുറുമ്പ്രനാട്‌), കോഴിക്കോട്‌, കടത്തനാട്‌, കോലത്തുനാട്‌ (വടക്കന്‍ കോട്ടയം), കുറങ്ങോട്‌, രണ്ടു തറ, ആലി രാജാവിന്റെ കണ്ണൂര്‍, നീലേശ്വരം, കുമ്പള എന്നിവയായിരുന്നു ആ കേരള രാജ്യങ്ങള്‍. ഇവയില്‍ വേണാട്‌, കൊച്ചി, കോഴിക്കോട്‌, കോലത്തുനാട്‌ എന്നിവയായിരുന്നു ഏറ്റവും ശക്തം. രാഷ്ട്രീയമായ പരമാധികാരം ഉണ്ടായിരുന്നതും ഈ നാലു രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കു മാത്രമായിരുന്നു. അവരെ ആശ്രയിച്ചു നിന്നവരോ ഇടപ്രഭുക്കളോ മാടമ്പിമാരോ മാത്രമായിരുന്നു മറ്റു നാടുകളിലെ ഭരണാധികാരികള്‍. ക്ഷത്രിയരും ബ്രാഹ്മണരും, നായന്മാരുമുണ്ടായിരുന്നു അവരില്‍; ഒരു മുസ്‌ലിം രാജവംശവും (കണ്ണൂരിലെ അറയ്‌ക്കല്‍ രാജവംശം).[[B035]]

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂപടം മാറ്റി വരയ്‌ക്കപ്പെട്ടത്‌ മധ്യകാലത്താണ്‌. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യം കേരളത്തില്‍ പിടി മുറുക്കിയതോടെ ആ കാലഘട്ടം അവസാനിക്കുന്നു. 16, 17 നൂറ്റാണ്ടുകളാണ്‌ മധ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങള്‍. നാടുവാഴിത്തത്തില്‍ അധിഷ്‌ഠിതമായിരുന്നു അന്നത്തെ സാമൂഹികഘടന. നാടുവാഴിക്കായിരുന്നു രാജ്യാധിപത്യമെങ്കിലും നായര്‍ മാടമ്പിമാര്‍ക്കായിരുന്നു യഥാര്‍ത്ഥത്തില്‍ അധികാരത്തിന്റെ നിയന്ത്രണം. സ്വകാര്യ സൈന്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ആയുധ പരിശീലനം നല്‍കുന്ന കളരികളുംഅങ്കം എന്ന ദ്വന്ദ്വയുദ്ധവും വ്യക്തികളോ ദേശങ്ങളോ തമ്മിലുള്ള സ്വകാര്യസമരമായ പൊയ്‌ത്തും പരമ്പരയായി തുടര്‍ന്നിരുന്ന കുടിപ്പകയും അന്നത്തെ സാമൂഹിക ഘടനയുടെ ഭാഗമായിരുന്നു. വടക്കന്‍ പാട്ടുകള്‍ ഈ സാമൂഹിക സ്ഥാപനങ്ങളുടെ ചിത്രം അവതരിപ്പിക്കുന്നു.[[B036]] 

വ്യവസ്ഥാപിതമായ നീതിനിര്‍വഹണ സമ്പ്രദായമോ ലിഖിതമായ നിയമസംഹിതയോ ഉണ്ടായിരുന്നില്ല. പൊതുവേ ബ്രാഹ്മണര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ ലഭിക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടു. സത്യ പരീക്ഷകള്‍ നടത്തിയായിരുന്നു കുറ്റം തെളിയിച്ചിരുന്നത്‌. കുറ്റവാളിയെന്ന്‌ ആരോപിതനായ ആളെ തിളച്ച എണ്ണയില്‍ കൈമുക്കി സത്യം തെളിയിക്കുന്നത്‌ ഇത്തരം രീതികളില്‍ ഒന്നായിരുന്നു. കൈപൊള്ളിയാല്‍ കുറ്റവാളി എന്നര്‍ത്ഥം. ശുചീന്ദ്രം, ഏറ്റുമാനൂര്‍, തിരുവളയനാട്‌, ചെങ്ങന്നൂര്‍ തുടങ്ങിയ പല ക്ഷേത്രങ്ങളിലും കൈമുക്കു പരീക്ഷകള്‍ ഉണ്ടായിരുന്നു.[[B037]] 

മരുമക്കത്തായമായിരുന്നു പ്രധാന ദായക്രമം. ബഹുഭര്‍ത്തൃത്വവും സാധാരണമായിരുന്നു. ജാതിക്ക്‌ പരമ പ്രാധാന്യമുണ്ടായിരുന്ന മധ്യകാല ഹിന്ദു സമൂഹത്തില്‍ ബ്രാഹ്മണരായിരുന്നു അറിവിന്റെയും അധികാരത്തിന്റെയും മേല്‍ത്തട്ടില്‍. പടയാളിവര്‍ഗമായ നായന്മാരാണ്‌ ജനസംഖ്യയിലും സ്വാധീന ശക്തിയിലും മുന്നിട്ടു നിന്നത്‌. തൊടീല്‍, തീണ്ടല്‍, കണ്ടുകൂടായ്‌മ തുടങ്ങിയ അനാചാരങ്ങളും സാമൂഹിക വിവേചനങ്ങളും മധ്യകാല സമൂഹത്തില്‍ ഭയാനകരൂപത്തില്‍ നില നിന്നിരുന്നു. അടിമ സമ്പ്രദായവും വ്യാപകമായിരുന്നു. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയവയായിരുന്നു മറ്റു ദുരാചാരങ്ങള്‍. ക്രൈസ്‌തവര്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഉന്നത സ്ഥാനമുണ്ടായിരുന്നു അക്കാലത്ത്‌. മലബാറില്‍ മുസ്‌ലീങ്ങളും മധ്യ, ദക്ഷിണ കേരളത്തില്‍ ക്രൈസ്‌തവരുമായിരുന്നു പ്രധാന ഹൈന്ദവേതര വിഭാഗങ്ങള്‍.[[B038]] 

സാമൂഹികമായ അനാചാരങ്ങളും കടുത്ത വിവേചനവും ബ്രാഹ്മണ മേധാവിത്തവും നിലനിന്ന മധ്യകാല സമൂഹത്തില്‍ നിന്നാണ്‌ സാംസ്‌കാരിക വളര്‍ച്ചയുടെ പുതുപൂക്കളം വികസിച്ചു വന്നത്‌. ജ്യോതിശ്ശാസ്‌ത്രം, ജ്യോതിഷം, ഗണിത ശാസ്‌ത്രം എന്നിവയില്‍ മഹത്തായ സംഭാവനകള്‍ ഉണ്ടായി. സംഗമ ഗ്രാമമാധവന്‍, വടശ്ശേരി പരമേശ്വരന്‍ തുടങ്ങിയ മഹാന്മാരായ ഗണിതജ്ഞര്‍ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്‌. മലയാളത്തിലെ ആദികാവ്യമായ 'രാമചരിതം' എഴുതിയ ചീരാമനും കണ്ണശ്ശ കവികളും തൊട്ട്‌ തുഞ്ചത്ത്‌ എഴുത്തച്ഛന്‍ വരെയുള്ള കവികള്‍ ഉയര്‍ന്നു വന്നതും മലയാള സാഹിത്യത്തിന്‌ അടിത്തറയിട്ടതും ഇക്കാലത്താണ്‌.[[B039]]

                 
വേണാട്‌  കൊച്ചീ രാജ്യം
കോഴിക്കോട്‌ രാജ്യം  മാമാങ്കം
കോലത്തുനാട്‌

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.