ഭാഷ


ദ്രാവിഡ ഭാഷാകുടുംബത്തില്‍പ്പെടുന്ന മലയാളമാണ്‌ കേരളീയരുടെ മാതൃഭാഷ. മലയാള ഭാഷോത്‌പത്തിയെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്‌. ഒരു ആദി ദ്രാവിഡഭാഷയില്‍ നിന്നു ഭൂമി ശാസ്‌ത്രപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായി വികസിച്ചതാണ്‌ മലയാളമെന്നും അതല്ല തമിഴില്‍ നി്‌ന്നു വേര്‍തിരിഞ്ഞു രൂപപ്പെട്ടതാണ്‌ എന്നതുമാണ്‌ പ്രബലമായ രണ്ടു വാദങ്ങള്‍. ഭാഷാപരമായ പരിണാമത്തിന്റെ ഫലമായാണ്‌ മലയാളം രൂപപ്പെട്ടതെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. തമിഴ്‌, സംസ്‌കൃതം എന്നിവയുമായി മലയാളത്തിന്‌ ഗാഢമായ ബന്ധമുണ്ട്‌. വാമൊഴിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും 13-ാം നൂറ്റാണ്ടു മുതലാണ്‌ സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളം വളര്‍ച്ച നേടിയത്‌. ഈ കാലയളവിലുണ്ടായ രാമചരിതമാണ്‌ മലയാളത്തിലെ ആദ്യത്തെ കാവ്യം.

ചെമ്പു തകിടുകള്‍, കല്ല്‌, താളിയോല എന്നിവയിലാണ്‌ മലയാള ഗദ്യം ആദ്യമായി രേഖപ്പെടുത്തിയത്‌. വ്യക്തികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും മറ്റും സ്വത്തും പണവും ദാനം നല്‍കുന്നതും ഭരണകാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതുമൊക്കെയാണ്‌ അവയില്‍ രേഖപ്പെടുത്തിയിരുന്നത്‌. ഒമ്പതാം നൂറ്റാണ്ടു മുതലുള്ള ഇത്തരം താമ്ര, ശിലാ ശാസനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഇന്നത്തെ ഗദ്യവുമായി വിദൂരബന്ധമേ ശാസനങ്ങളിലെ ഗദ്യത്തിനുള്ളൂ. ലഭിച്ചിട്ടുള്ള ഗദ്യഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളത്‌ 'കൗടലീയ'ത്തിനാണ്‌. ചാണക്യ (കൗടല്യന്‍) ന്റെ 'അര്‍ത്ഥശാസ്‌ത്ര'ത്തിന്റെ മലയാള വ്യാഖ്യാനമാണ്‌ 'ഭാഷാ കൗടലീയം' എന്നറിയപ്പെടുന്ന ഈ കൃതി. 11-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമോ 12-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധമോ ആവാം ഇതിന്റെ കാലമെന്നു
കരുതുന്നു(7).

ഒമ്പതാം നൂറ്റാണ്ടു മുതല്‍ വട്ടെഴുത്ത്‌ ലിപിയാണ്‌ മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്‌. ഇതില്‍ നിന്ന്‌ പിന്നീട്‌ കോലെഴുത്ത്‌ രൂപപ്പെട്ടു. ഗ്രന്ഥലിപിയില്‍ നിന്നാണ്‌ ഇന്നത്തെ മലയാളലിപി ഉണ്ടായത്‌. 16-ാം നൂറ്റാണ്ടു മുതലാണ്‌ മലയാളമെഴുതാന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചു തുടങ്ങിയത്‌. ഭാഷാപിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ കിളിപ്പാട്ടുകള്‍ എഴുതാന്‍ ഉപയോഗിച്ചത്‌ ഗ്രന്ഥ ലിപിയാണ്‌. ദേശഭേദമനുസരിച്ചുള്ള ഉച്ചാരണഭേദങ്ങളും ശൈലീഭേദങ്ങളും വാമൊഴി മലയാളത്തില്‍ നിലനില്‍ക്കുന്നു.

16-ാം നൂറ്റാണ്ടു മുതല്‍ അച്ചടി കേരളത്തില്‍ എത്തിയെങ്കിലും മലയാളം അച്ചടി തുടങ്ങിയത്‌ വൈകിയാണ്‌. 1772-ല്‍ റോമില്‍ മുദ്രണം ചെയ്‌ത 'സംക്ഷേപവേദാര്‍ത്ഥം' (1772) മാണ്‌ അച്ചടിക്കപ്പെട്ട അദ്യ മലയാള പുസ്‌തകം.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.