കേരളത്തിലെ നാടന്‍ കളികള്‍


കേരളത്തിന്റെ ഗ്രാമീണ സംസ്‌കാരത്തിന്റെ പ്രതിരൂപങ്ങള്‍ തന്നെയായിരുന്നു നാടന്‍ കളികള്‍. ആചാരങ്ങള്‍, കല, സാഹിത്യം, ജാതി വ്യവസ്ഥ എന്നിവയുമായെല്ലാം അത്‌ ബന്ധപ്പെട്ടിരിക്കുന്നു. വിജയിയെ നിശ്ചയിക്കുക മാത്രമായിരുന്നില്ല നാടന്‍ കളികളില്‍ പലതിന്റെയും ലക്ഷ്യം. പാട്ട്‌, നൃത്തം, പുരാണകഥാസന്ദര്‍ഭങ്ങളുടെ അനുസ്‌മരണം, ഒരുമയുടെ പ്രകാശനം എന്നിവയെല്ലാം നാടന്‍കളികള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ വിജയി ഉണ്ടാകാത്ത നിരവധി നാടന്‍ കളികളുണ്ട്‌. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റിയിരുന്ന നാടന്‍ കളിപോലുമുണ്ട്‌. കോഴിയങ്കം ഇതിനുദാഹരണമാണ്‌. മധ്യകാല കേരളത്തില്‍ നാടുവാഴികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ആദ്യശ്രമമായാണ്‌ കോഴിയങ്കം നടത്തിയിരുന്നത്‌. കോഴിയങ്കത്തിലും വിജയിയെ നിശ്ചയിക്കാന്‍ കഴിയാതെ വന്നാല്‍ ആളങ്കം കുറിയ്‌ക്കുന്നു. കോഴിയങ്കം ഇന്നില്ല. എന്നാല്‍ ഇതിന്റെ ഒരു രൂപമായ കോഴിപ്പോര്‌ ഇന്നും വടക്കന്‍ കേരളത്തില്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്‌.

കേരളത്തിലെ മിക്ക കലകളുടെയും തുടക്കം കളികളില്‍ നിന്നാണ്‌. അതിപ്രാചീനമായ കളിയാട്ടങ്ങള്‍ കാലക്രമത്തില്‍ കൂടുതല്‍ നിര്‍വചനബദ്ധമായും താളഭദ്രമായും കലകളായി പുനരവതരിച്ചു. പല കലാരൂപങ്ങളും കളിമുറകളില്‍ നിന്ന്‌ ധാരാളം കൊണ്ടു. പരിചമുട്ടുകളി, കോല്‍ക്കളി, തുള്ളല്‍, ദപ്പുകളി, കഥകളി, പൂരക്കളി എന്നിവയില്‍ കളരിപ്പയറ്റിന്റെ സ്വാധീനം കാണാം. കേരളത്തിലെ കളികള്‍ 'കലയും കമലയും' ചേര്‍ന്നിരിക്കാന്‍ വേണ്ടി ആവിഷ്‌കരിക്കപ്പെട്ടവയാണെന്ന്‌ മൂര്‍ക്കോത്ത്‌ കുമാരന്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ഇന്നും നിലനില്‍ക്കുന്ന പല കളികളിലും താളബദ്ധമായ ചുവടുകളും പാട്ടുകളും ഐത്യഹി ബിംബങ്ങളുമുള്ളത്‌ ശ്രദ്ധിക്കുക. അതുപോലെ കേരളത്തില്‍ ശ്രേഷ്‌ഠമായ പല കലാരൂപങ്ങളും കളി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.
കഥകളി, കൈക്കൊട്ടിക്കളി, തുള്ളല്‍ക്കളി, പൂരക്കളി, അറവനക്കളി എന്നിവ ഉദാഹരണം. ഇങ്ങനെ കലക്ക്‌ പ്രാമുഖ്യം വരുന്ന കളികള്‍ നാടന്‍ കളികളുടെ വിഭാഗത്തില്‍പ്പെടുന്നില്ല.

കേരളത്തിലെ തനതു കളികളെ അഞ്ച്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. കലഹക്കളി, കൗശലക്കളി, ഭാഗ്യക്കളി, അന്വേഷണക്കളി, അനുകരണക്കളി, എന്നിവയാണ്‌ ഈ വിഭാഗങ്ങള്‍. വിനോദരൂപത്തിലുള്ള കലഹങ്ങളും സമരങ്ങളും ഉള്‍പ്പെടുന്ന കലകളാണ്‌ കലഹക്കളികള്‍. കുറച്ചൊക്കെ ബലംപ്രയോഗങ്ങളും ഉന്തും തള്ളും പിടിച്ചു വലിയുമൊക്കെ ഇത്തരം കളികളില്‍ ഉണ്ടാകും. കബഡികളി, തുമ്പികളി എന്നിവ ഉദാഹരണങ്ങള്‍.

കൗശലക്കളിയില്‍ തന്ത്രങ്ങള്‍ക്കാണ്‌ പ്രധാന്യം. ശ്വാസം വിടാതെ കുറുക്കു വഴികളില്‍ ലക്ഷ്യം കാണുക, കരുക്കള്‍ നീക്കുക, എതിരാളിയുടെ നീക്കം അറിഞ്ഞ്‌ പ്രതികരിക്കുക എന്നിവയാണ്‌ കൗശലക്കളികളുടെ പൊതു സ്വഭാവം. തലപ്പന്ത്‌ കളി, കക്കുകളി എന്നിവ ഉദാഹരണങ്ങള്‍.

ഭാഗ്യത്തെ ആശ്രയിച്ച്‌ കളിക്കുന്നവയാണ്‌ ഭാഗ്യക്കളികള്‍. അല്‌പം കൗശലവും ഉള്‍പ്പടുന്നുവെങ്കിലും ഭാഗ്യത്തിനാണ്‌ ഇവിടെ പ്രാധാന്യം. ഉത്സവപ്പറമ്പുകളിലെ ഹരമായ ആന മയില്‍ ഒട്ടകം കളി മുതല്‍ ചൂതുകളി, പകിടകളി, തുടങ്ങിയവ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഒളിച്ചു വയ്‌ക്കലും കണ്ടെത്തലുമാണ്‌ അന്വേഷണകളികളുടെ പൊതു സ്വഭാവങ്ങള്‍. ഊഹത്തിനും ഭാഗ്യത്തിനുമൊക്കെ ഈ കളികളില്‍ പ്രാധാന്യമുണ്ട്‌. അണ്ടറ്‌കളി, പൂന്തോലം കളി
തുടങ്ങിയവ ഉദാഹരണങ്ങള്‍.

പുരാണ കഥാപാത്രങ്ങളെ മുതല്‍ പക്ഷിമൃഗാദികളെ വരെ അനുകരിച്ച്‌ കളിക്കുന്ന കളികളാണ്‌ അനുകരണ കളികള്‍. തവളച്ചാട്ടം പോലുള്ള അനുകരണക്കളികള്‍ക്ക്‌ തവളയെപ്പോലെ ചാടി
ഒന്നാമതെത്തുക എന്ന ഘടകം മാത്രമേയുള്ളൂ. എന്നാല്‍ നരിയും പശുവും കളിയില്‍ അല്‌പം ബലപ്രയോഗവും ഉള്‍പ്പെടുന്നു.

യൂറോപ്പ്യന്‍ കളികളുടെ വരവോടെ കേരളത്തിലെ നാടന്‍ കളികള്‍ പലതും അപ്രത്യക്ഷമായി. ബ്രോഡ്‌ കാസ്‌റ്റ്‌ തന്ത്രങ്ങളും താരപ്രഭാവവുമെല്ലാം ക്രിക്കറ്റിനെ നമ്മുടെ വയലേലകളിലെത്തിച്ചു. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഫുട്‌ബോളും വോളിബോളും ബാസ്‌ക്കറ്റ്‌ബോളുമെല്ലാം കേരളം അതേ ലഹരിയില്‍ ഏറ്റെടുത്തു. കലയിലും ജീവിതരീതിയിലുമൊക്കെ ആഗോളീകരണം വലിയ മാറ്റങ്ങള്‍ വരുത്തുകയാണ്‌ പതിവ്‌. പക്ഷേ കളികളുടെ കാര്യത്തില്‍ ഇത്തരം പരിണാമങ്ങള്‍ സംഭവിച്ചില്ല. കേരളത്തിലെ ഒരു തനതു കളിയെയും ആഗോളീകരണത്തിന്റെ സ്വാധീനം സ്‌പര്‍ശിച്ചില്ല. മറിച്ച്‌ മിക്കവയും അപ്പാടെ നശിക്കുകയായിരുന്നു. പരിണാമമല്ല പര്യവസാനമാണ്‌ നാടന്‍ കളികള്‍ക്ക്‌ സംഭവിച്ചത്‌. കേരളത്തിലെ നാടന്‍ കളികളെക്കുറിച്ച്‌ ഗവേഷണം നടത്താനും പലതിനെയും പുനരവതരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ഡോക്ടര്‍ എം. വി. വിഷ്‌ണു നമ്പൂതിരി പോലുള്ളവരുടെ ശ്രമങ്ങള്‍ സ്‌തുത്യര്‍ഹമാണ്‌. ഫോക്‌ലോര്‍ നിഘണ്ടു, നാടന്‍കളികളും വിനോദങ്ങളും എന്നീ ഗ്രന്ഥങ്ങള്‍ നാടന്‍ കളികളെപ്പറ്റിയുള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.