ശക്തന്‍ തമ്പുരാന്‍ കൊട്ടാരംതൃശ്ശൂര്‍ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ശക്തന്‍ തമ്പുരാന്‍ കൊട്ടാരം കൊച്ചി രാജവംശത്തിന്റെ ചരിത്രസാക്ഷിയാണ്‌. വടക്കുന്നാഥക്ഷേത്രത്തിനു സമീപമുള്ള ഈ കൊട്ടാരം മുമ്പ്‌ വടക്കേച്ചിറ കോവിലകം എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. കൊച്ചിരാജ്യത്തെ ഏറ്റവും പ്രശസ്‌തനും പ്രബലനുമായിരുന്ന രാജാവ്‌ രാമവര്‍മ ശക്തന്‍ തമ്പുരാന്‍ (1790 - 1805) കോവിലകം നവീകരിച്ച്‌ ഇന്നത്തെ രൂപത്തിലാക്കി. കേരളീയ, ഡച്ച്‌ ശൈലികളില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ്‌ ഈ മന്ദിരം. 

ഇരുനിലയുള്ള നാലുകെട്ടാണ്‌ കൊട്ടാരത്തിന്റെ പ്രധാനഭാഗം. ഉയര്‍ന്ന മേല്‍ക്കൂരകളും കനംകൂട്ടി നിര്‍മ്മിച്ചിട്ടുള്ള ചുമരുകളും ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ നിലവും വിശാലമായ മുറികളും ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തെ വേറിട്ടു നിര്‍ത്തുന്നു. 

വ്യത്യസ്‌ത സമയഘട്ടങ്ങളിലായി മൈസൂര്‍ ഭരണാധികാരികള്‍ കേരളത്തില്‍ ആധിപത്യമുറപ്പിച്ചതിന്റെ അടയാളങ്ങള്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ കാണാം. അവര്‍ ഇവിടെ താമസിച്ചിരുന്നു. ടിപ്പു സുല്‍ത്താന്‍ സൈന്യത്തോടൊപ്പം ഈ കൊട്ടാരത്തില്‍ കടന്നതായി കരുതുന്നു. അദ്ദേഹം സ്ഥാപിച്ച കൊടിമരം കൊട്ടാരത്തിനു മുന്നില്‍ മതില്‍ക്കെട്ടിനോടു ചേര്‍ന്നു കാണാവുന്നതാണ്‌. ശക്തന്‍ തമ്പുരാന്റെ അന്ത്യ വിശ്രമസ്ഥലം കൊട്ടാരത്തില്‍ സ്ഥിതി ചെയ്യുന്നു. ഒരു സാമൂതിരി രാജാവിന്റെയും ഒരു കൊച്ചിരാജാവിന്റെയും അന്ത്യവിശ്രമസ്ഥലങ്ങളും കൊട്ടാര വളപ്പിലുണ്ട്‌. ഒരു സര്‍പ്പക്കാവും ഇവിടെയുണ്ട്‌. 

കൊട്ടാരത്തിന്റെ തെക്കുവശത്തായുള്ള പൈതൃകോദ്യാന (heritage garden) ത്തില്‍ കേരളത്തിന്റെ തനതു വൃക്ഷങ്ങളും സസ്യങ്ങളും സംരക്ഷിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ വടക്കു കിഴക്കു ഭാഗത്ത്‌ തൃശ്ശൂരില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ചിട്ടുള്ള ശിലായുഗകാലം മുതലുള്ള പുരാവസ്‌തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 

കേരളടൂറിസത്തിന്റെ സഹായത്തോടെ സംസ്ഥാന പുരാവസ്‌തു വകുപ്പ്‌ സമീപകാലത്ത്‌ പുനരുദ്ധരിച്ച ഈ കൊട്ടാരത്തില്‍ വിശാലമായൊരു മ്യൂസിയമുണ്ട്‌. 12 മുതല്‍ 18 വരെ നൂറ്റാണ്ടുകളിലെ പിത്തള വിഗ്രഹങ്ങള്‍ അടങ്ങിയ ബ്രോണ്‍സ്‌ ഗാലറി, ഒമ്പതാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയിലെ ശിലാവിഗ്രഹങ്ങളടങ്ങിയ സ്‌കള്‍പ്‌ചര്‍ ഗാലറി, പുരാരേഖാ ഗാലറി തുടങ്ങിയവ മ്യൂസിയത്തിന്റെ സവിശേഷതകളാണ്‌. 

കൊച്ചിരാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, പുരാതന നാണയങ്ങള്‍, മഹാശിലാസ്‌മാരകങ്ങള്‍ തുടങ്ങിയവയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ചരിത്രഗാലറി കൊച്ചിരാജവംശത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ അവതരിപ്പിക്കുന്നു. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍ 2 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി, 58 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.