ഭക്ഷണം


കേരളീയരുടെ പ്രധാന ഭക്ഷ്യവസ്‌തു അരിയാണ്‌. പച്ചക്കറികള്‍, മീന്‍, മാംസം, മുട്ട എന്നിവകൊണ്ട്‌ തയ്യാറാക്കുന്ന കറികള്‍ അരി വേകിച്ചുണ്ടാക്കുന്ന ചോറുമായി ചേര്‍ത്ത്‌ കഴിക്കുന്നതാണ്‌ കേരളീയരുടെ പൊതുവായ ഭക്ഷണരീതി. ഗോതമ്പ്‌, ചോളം തുടങ്ങിയവയും കേരളീയര്‍ വ്യാപകമായി ഉപയോഗിക്കുന്നു. ആവിയില്‍ വേകിക്കുന്നതും എണ്ണയില്‍ വറുത്തെടുക്കുന്നതുമായ പലഹാരങ്ങള്‍, മധുരം ചേര്‍ത്തുണ്ടാക്കുന്ന പായസങ്ങള്‍, കിഴങ്ങുകള്‍ വേകിച്ചുണ്ടാക്കുന്ന പുഴുക്കുകള്‍ തുടങ്ങിയവയും കേരളീയ ഭക്ഷണങ്ങളില്‍പ്പെടുന്നു. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളുടെ സ്വാധീനവും കൊളോണിയലിസത്തിന്റെ ഭാഗമായ വൈദേശികസ്വാധീനവും കേരളീയരുടെ ഭക്ഷ്യവിഭവങ്ങളിലും ഭക്ഷ്യരീതികളിലും പാചകരീതികളിലും ഉണ്ടായിട്ടുണ്ട്‌.

തനതായ കേരളീയ ഭക്ഷണം എന്നതിനെക്കാള്‍ ബഹു സാംസ്‌കാരികമായ ഒരു ഭക്ഷണ സംസ്‌കാരമാണ്‌ ഇന്നത്തെ കേരളത്തിനുള്ളത്‌. എങ്കിലും അരിയും ചോറും തേങ്ങയുമാണ്‌ കേരളീയ ഭക്ഷണത്തിന്റെ കേന്ദ്രം.

കേരളത്തിന്റെ ഭക്ഷണസംസ്‌കാരത്തെ രൂപപ്പെടുത്തിയതില്‍ മതം, ജാതി സമ്പ്രദായം, കൊളോണിയലിസം തുടങ്ങിയവയ്‌ക്ക്‌ വലിയ പങ്കുണ്ട്‌. പോര്‍ച്ചുഗീസ്‌ കോളനി വാഴ്‌ചക്കാര്‍ 15-ാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയില്‍ നിന്ന്‌ കൊണ്ടു വന്ന നിരവധി ഫലവര്‍ഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും കേരളീയ ഭക്ഷണത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്‌. കേരളീയ ഭക്ഷണ സംസ്‌കാരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ വ്യത്യസ്‌തഘടകങ്ങള്‍ ചെലുത്തിയ സ്വാധീനം വ്യക്തമാവും. ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും ചടങ്ങുകളും വിളമ്പല്‍രീതികളും സദ്യകള്‍ എന്നറിയപ്പെടുന്ന വിരുന്നുകളും ഉത്സവങ്ങളും കേരളത്തിലുണ്ട്‌. തനതായ ഒരു കേരളീയ പാചക രീതിയും കേരളത്തിന്‌ സ്വന്തമായുണ്ട്‌. എന്നാല്‍ കേരളീയ പാചകരീതിക്ക്‌ ഐക്യരൂപ്യം കല്‌പിക്കുക എളുപ്പമല്ല. പൊതുവെ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നേരിയ വ്യത്യാസമുള്ള രീതികളാണുള്ളത്‌. ഹിന്ദു, ക്രിസ്‌ത്യന്‍, ഇസ്ലാം മതവിഭാഗങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ പാചകരീതികളുണ്ട്‌. പലപ്പോഴും ഗ്രാമങ്ങള്‍ തമ്മില്‍ത്തന്നെ പാചകരീതിയില്‍ വ്യത്യാസം കാണാം. ഹിന്ദുമതത്തിലെ വ്യത്യസ്‌ത ജാതികളില്‍പ്പെട്ടവര്‍ക്കിടയിലും വിവിധ ഭക്ഷ്യവസ്‌തുക്കള്‍ തയ്യാറാക്കുന്നതില്‍ വ്യത്യാസങ്ങളുണ്ട്‌. ഹിന്ദുക്ഷേത്രങ്ങളില്‍ ദൈവങ്ങള്‍ക്കുവേണ്ടി തയ്യാറാക്കുന്ന നിവേദ്യങ്ങള്‍ മറ്റൊരുതരം പാചകരീതിയാണ്‌.

പൊതുവെ എരിവും സുഗന്ധവുമുള്ളതാണ്‌ കേരളീയ ഭക്ഷണം. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്ന സമ്പ്രദായമാണ്‌ പണ്ടു മുതല്‍ക്ക്‌ കേരളത്തിലുണ്ടായിരുന്നത്‌. പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്ന രീതി പിന്നീട്‌ പ്രചരിച്ചു. സദ്യകള്‍ക്ക്‌ വാഴയില ഉപയോഗിക്കുന്നത്‌ ഇന്നും തുടരുന്നു.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.