സിനിമ


ഇന്ത്യയിലെ ഏറ്റവും ശക്തമായ ചലച്ചിത്രരംഗങ്ങളിലൊന്നാണ്‌ മലയാളത്തിലേത്‌. ആഗോളപ്രശസ്‌തരായ ഒട്ടേറെ ചലച്ചിത്രകാരന്മാരെ കേരളം സംഭാവന ചെയ്‌തിട്ടുണ്ട്‌. 1906 - ല്‍ കോഴിക്കോട്ടാണ്‌ കേരളത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദര്‍ശനം നടന്നത്‌. സഞ്ചരിക്കുന്ന ചലച്ചിത്ര പ്രദര്‍ശങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തോടെ സ്ഥിരം സിനിമാകൊട്ടകകള്‍ക്കു വഴിമാറി. തമിഴ്‌ ചിത്രങ്ങളായിരുന്നു ആദ്യകാലത്ത്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. മലയാള സിനിമയുടെ പിതാവ്‌ എന്ന വിശേഷണം അര്‍ഹിക്കുന്ന ജെ. സി. ഡാനിയലിന്റെ നിശ്ശബ്ദചിത്രമായ 'വിഗതകുമാരന്‍' (1928) ആണ്‌ ആദ്യത്തെ മലയാള സിനിമ. ഈ വര്‍ഷം തന്നെ രണ്ടാമത്തെ ചിത്രമായ 'മാര്‍ത്താണ്ഡവര്‍മ്മ'യും പ്രദര്‍ശനത്തിനെത്തി. 'ബാലന്‍' (1938) ആയിരുന്നു ആദ്യത്തെ ശബ്ദിക്കുന്ന സിനിമ. 1948 ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ 'ഉദയാ' ആലപ്പുഴയില്‍ സ്ഥാപിതമായി. 1951 - ല്‍ പ്രദര്‍ശനത്തിനെത്തിയ 'ജീവിതനൗക'യാണ്‌ വ്യാപാരവിജയം നേടിയ ആദ്യചിത്രം. തിരുവനന്തപുരത്ത്‌ പി. സുബ്രഹ്മണ്യത്തിന്റെ മെരിലാന്റ്‌ സ്റ്റുഡിയോ കൂടി നിലവില്‍ വന്നതോടെ മലയാള ചലച്ചിത്ര വ്യവസായം അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി. 'നീലക്കുയിലി'ന്റെ (1954) വരവോടെ മലയാള സിനിമ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. 

1960-കള്‍ മുതലാണ്‌ ധാരാളമായി സിനിമകള്‍ നിര്‍മിക്കപ്പെടാന്‍ തുടങ്ങിയത്‌. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ നിറഞ്ഞു നിന്നിരുന്ന സ്ഥാനത്ത്‌ സത്യനും, പ്രേംനസീറും താരങ്ങളായി ഉയര്‍ന്നു വന്നു. ഉമ്മര്‍, മധു, പി. ജെ. ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍, ഷീല, അംബിക, തുടങ്ങി ഒട്ടേറെ നടീനടന്മാര്‍ ജനപ്രിയരായി. 1961 - ല്‍ ആദ്യത്തെ കളര്‍ചിത്രമായ 'കണ്ടംബെച്ച കോട്ട്‌' പുറത്തു വന്നു. രാമുകാര്യാട്ടിന്റെ 'ചെമ്മീന്‍' (1966) മലയാള സിനിമയില്‍ പുതിയ അധ്യായത്തിനു തുടക്കമിട്ടു. വയലാര്‍ രാമവര്‍മയുടെ ഗാനങ്ങളും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ പാട്ടും മലയാളിയുടെ ജനകീയാഭിരുചികള്‍ക്കു പൊലിമ നല്‍കി. ചലച്ചിത്ര ഗാന ശാഖയിലും സംഗീത സംവിധാനത്തിലും ഗാനാലാപനത്തിലും ഒട്ടേറെപ്പേര്‍ രംഗത്തു വന്നു. 

അടൂര്‍ ഗോപാലകൃഷ്‌ണന്റെ സ്വയംവരം (1974) മലയാളത്തിലെ നവസിനിമയ്‌ക്കു തുടക്കം കുറിച്ചു. അരവിന്ദന്റെ 'കാഞ്ചനസീത' (1978), പി. എ. ബക്കറിന്റെ 'കബനീ നദി ചുവന്നപ്പോള്‍' (1976) തുടങ്ങിയവ ഈ നവതരംഗത്തിന്‌ ആക്കം കൂട്ടി. കെ. ആര്‍. മോഹനന്‍, പവിത്രന്‍, ജോണ്‍ എബ്രഹാം, കെ. പി. കുമാരന്‍ തുടങ്ങിയവരാണ്‌ നവസിനിമയിലെ പ്രതിഭാശാലികളില്‍ ചിലര്‍. 

എണ്‍പതുകളോടെ ജനപ്രിയ സിനിമയില്‍ പുതിയ താരങ്ങളും സംവിധായകരും ഉയര്‍ന്നു വന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ഗോപി, നെടുമുടി വേണു തുടങ്ങിയ നടന്മാര്‍ ഈ കാലയളവിലാണ്‌ ശ്രദ്ധേയരായത്‌. ഇന്ത്യയിലെ ഏറ്റവും വികസിതമായ ചലച്ചിത്ര വ്യവസായങ്ങളിലൊന്നാണ്‌ മലയാളത്തിലേത്‌. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ട്‌. പി. ജെ. ആന്റണി, ഗോപി, ബാലന്‍ കെ. നായര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, സുരേഷ്‌ ഗോപി, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്ക്‌ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. മലയാളിയല്ലെങ്കിലും മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്ന ശാരദ, മോനിഷ, ശോഭന, മീരാ ജാസ്‌മിന്‍ എന്നിവര്‍ക്ക്‌ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. ഫാല്‍ക്കെ അവാര്‍ഡു നേടിയ ഏക മലയാളി അടൂര്‍ ഗോപാലകൃഷ്‌ണനാണ്‌. കലാമൂല്യമുള്ള ആര്‍ട്ട്‌ സിനിമ, കലാമൂല്യം കുറഞ്ഞ കമ്പോളസിനിമ എന്ന വിഭജനം അതിവേഗം 
മാഞ്ഞു കൊണ്ടിരിക്കുന്നതാണ്‌ ഇന്നത്തെ മലയാള സിനിമയുടെ സ്വഭാവം.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.