കൃഷ്‌ണനാട്ടം


17-ാം നൂറ്റാണ്ടില്‍ കോഴിക്കോട്ടെ സാമൂതിരി രാജാവായ മാനവേദന്‍ അവതരിപ്പിച്ച ദൃശ്യകലയാണ്‌ കൃഷ്‌ണനാട്ടം. ശ്രീകൃഷ്‌ണകഥയെ ആധാരമാക്കി മാനവേദന്‍ സംസ്‌കൃതത്തില്‍ 'കൃഷ്‌ണഗീതി' എന്ന ദൃശ്യകാവ്യം അഭിനയയോഗ്യമായി കൃഷ്‌ണനാട്ടം അവതരിപ്പിക്കുന്നു. അവതാരം, കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം എന്നിവയാണ്‌ എട്ടു ദിവസമായി അവതരിപ്പിക്കുന്ന കഥകള്‍. 

നൃത്തപ്രധാനമായ അഭിനയത്തിനാണ്‌ കൃഷ്‌ണനാട്ടത്തില്‍ പ്രാധാന്യം. ഗ്രാമീണ നൃത്തപാരമ്പര്യത്തിന്റെ സ്വാധീനത കൃഷ്‌ണനാട്ടത്തില്‍ കാണാം. ശ്ലോകങ്ങളും പദങ്ങളും പിന്നണിയില്‍ നിന്ന്‌ ഗായകര്‍ പാടുകയും നടന്മാര്‍ അതിനൊത്ത്‌ നൃത്തപ്രധാനമായി അഭിനയിക്കുകയുമാണ്‌ ഈ കലാരൂപത്തിലെ രീതി. തൊപ്പിമദ്ദളം, ശുദ്ധമദ്ദളം, ഇടയ്‌ക്ക എന്നിവയാണ്‌ വാദ്യങ്ങള്‍. തൊപ്പിമദ്ദളം സാത്വിക വേഷങ്ങള്‍ക്കും ശുദ്ധമദ്ദളം അസുരവേഷങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. ചെമ്പട, ചെമ്പ, അടന്ത, പഞ്ചാരി എന്നീ താളങ്ങള്‍ക്കനുസൃതമായി വിന്യസിക്കപ്പെടുന്ന നൃത്തച്ചുവടുകളാണ്‌ കൃഷ്‌ണനാട്ടത്തിന്റെ സവിശേഷത. 

കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാന്‌ പ്രേരണയായിത്തീര്‍ന്നത്‌ കൃഷ്‌ണനാട്ടമാണത്രെ. കൃഷ്‌ണനാട്ടസംഘത്തെ അയച്ചു കൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ സാമൂതിരി വിസമ്മതിച്ചുവെന്നും അതില്‍ കുപിതനായി കൊട്ടാരക്കരത്തമ്പുരാന്‍ 'രാമനാട്ടം' രൂപ കല്‌പന ചെയ്‌തുവെന്നുമാണ്‌ ഐതിഹ്യം. 

പ്രചാരം കുറഞ്ഞ കലാരൂപമാണ്‌ കൃഷ്‌ണനാട്ടം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി കൃഷ്‌ണനാട്ടം നടത്തുന്നതു കൊണ്ട്‌ ഈ കല അന്യം നിന്നു പോകുന്നില്ല. ഓരോ ദിവസത്തെ കഥയും വഴിപാടായി കളിപ്പിക്കുന്നതിന്‌ പ്രത്യേകം ഫലങ്ങള്‍ ഉണ്ടാകുമെന്നാണു വിശ്വാസം. സന്താനലബ്ധിക്ക്‌ 'അവതാരം', വിവാഹം നടക്കാന്‍ 'സ്വയംവരം', സ്‌ത്രീകളുടെ ഐശ്വര്യത്തിന്‌ 'രാസക്രീഡ', ശത്രുനാശത്തിന്‌ 'കംസവധം', ദാരിദ്ര്യമുക്തിക്ക്‌ 'വിവിദ വധം', സര്‍പ്പകോപം തീരാന്‍ 'കാളിയമര്‍ദ്ദനം', ശുഭകാര്യമുണ്ടാവാന്‍ 'ബാണയുദ്ധം' എന്നിവ നടത്തുന്നു. 'സ്വര്‍ഗാരോഹണം' മാത്രം ഒറ്റയ്‌ക്കു നടത്താറില്ല. അതിനോടൊപ്പം 'അവതാരം' കൂടി നടത്തണമെന്നാണ്‌ നിയമം. 'സ്വര്‍ഗാരോഹണ'ത്തിന്‌ വിശേഷിച്ച്‌ ഒരു ഉദ്ദിഷ്ടകാര്യം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുമില്ല.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.