വേണാട്‌


മധ്യകാല കേരളത്തിലെ ഏറ്റവും പ്രബലമായ രാജ്യമായിരുന്നു വേണാട്‌. കുലശേഖര സാമ്രാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നാടായിരുന്ന വേണാട്‌ എ.ഡി.ഒമ്പതാം നൂറ്റാണ്ടില്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയ്‌ക്കുള്ള ഒരു ചെറുപ്രദേശം മാത്രമായിരുന്നു. തിരുവനന്തപുരവും തെക്കോട്ടുള്ള പ്രദേശങ്ങളും അക്കാലം വരെ ആയ്‌ രാജ്യത്തിന്റെ ഭാഗമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടെ വേണാട്‌ സ്വതന്ത്രരാജ്യത്തിന്റെ പദവി സ്വായത്തമാക്കി. രാജാവ്‌ ചിറവാ മൂപ്പനെന്നും യുവരാജാവ്‌ തൃപ്പാപ്പൂര്‍ മൂപ്പനെന്നും അറിയപ്പെട്ടു. കൊല്ലത്തെ പനങ്കാവായിരുന്നു ചിറവാമൂപ്പന്റെ ആസ്ഥാനം. തിരുവനന്തപുരത്തിനടുത്തുള്ള തൃപ്പാപ്പൂര്‍ ആസ്ഥാനമാക്കിയ യുവരാജാവ്‌ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭരണം നിര്‍വഹിച്ചു.

അയ്യനടികള്‍ തിരുവടികള്‍ ആണ്‌ വേണാട്ടിലെ ആദ്യ ഭരണാധികാരിയെന്നു കരുതപ്പെടുന്നു. എ.ഡി. 849 -ല്‍ അദ്ദേഹം കൊല്ലത്തെ തരിസാപ്പള്ളിക്ക്‌ എഴുതിക്കൊടുത്ത ചെപ്പേട്‌ (തരിസാപ്പള്ളി ചെപ്പേട്‌) പ്രസിദ്ധമാണ്‌. വേണാട്ടിലെ ആദ്യകാല ഭരണാധികാരികളുടെ വിവരങ്ങള്‍ വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. ശ്രീ വല്ലഭന്‍ കോത, ഗോവര്‍ദ്ധന മാര്‍ത്താണ്ഡന്‍ തുടങ്ങിയവരാണ്‌ അയ്യനടികളെ തുടര്‍ന്നു വന്ന ഭരണാധികാരികള്‍.[[B040]]

ചോളന്മാര്‍ യുദ്ധത്തില്‍ തലസ്ഥാനമായ മഹോദയപുരം ചുട്ടെരിച്ചപ്പോള്‍ അവസാനത്തെ കുലശേഖര ചക്രവര്‍ത്തിയായ രാമവര്‍മ കുലശേഖരന്‍ അവരെ നേരിടാന്‍ സൈന്യവുമായി കൊല്ലത്ത്‌ ആസ്ഥാനമുറപ്പിച്ചുവെന്നും ചോളന്മാര്‍ പിന്‍വാങ്ങിയപ്പോള്‍ അവിടെ താമസമുറപ്പിച്ചുവെന്നും അദ്ദേഹത്തെ വേണാട്‌ രാജവംശത്തിന്റെ സ്ഥാപകനായി കരുതാമെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു(1). കുലശേഖരപ്പെരുമാള്‍ എന്ന സ്ഥാനപ്പേര്‌ വേണാട്ടിലെയും പിന്നീട്‌ തിരുവിതാംകൂറിലെയും രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നു. കോതവര്‍മ (1102 - 1125), കോതകേരളവര്‍മ അഥവാ വീര കേരള വര്‍മ (1125 - 1155), വീര രവിവര്‍മ (1155 - 1165) ആദിത്യ വര്‍മ (1165 - 1175), ഉദയ മാര്‍ത്താണ്ഡ വര്‍മ (1175 - 1195), വീരരാമ വര്‍മ (1195 - 1205), വീര രാമ കേരളവര്‍മ അഥവാ ദേവധരന്‍ കേരളവര്‍മ (1205 - 1215), രവി കേരളവര്‍മ (1215 - 1240), പദ്‌മനാഭ മാര്‍ത്താണ്ഡവര്‍മ (1240 - 1253), രവിവര്‍മ കുലശേഖരന്‍ (1299 - 1314) എന്നിവരായിരുന്നു തുടര്‍ന്നുള്ള വേണാട്ടു രാജാക്കന്മാര്‍.[[B041]]

കൊല്ലമായിരുന്നു ഈ രാജാക്കന്മാരുടെ തലസ്ഥാനം. തിരക്കേറിയ തുറമുഖമായിരുന്നു അന്ന്‌ കൊല്ലം. രവിവര്‍മ കുലശേഖരനു കീഴില്‍ വേണാട്‌ സര്‍വതോമുഖമായ വളര്‍ച്ച നേടി. അദ്ദേഹത്തിന്റെ കാലം വരെ മക്കത്തായമനുസരിച്ചാണ്‌ രാജാക്കന്മാര്‍ അധികാരത്തില്‍ വന്നിരുന്നത്‌.
രവി വര്‍മ കുലശേഖരനു ശേഷം മരുമക്കത്തായ ക്രമമനുസരിച്ചായി രാജവാഴ്‌ച. വീര ഉദയ മാര്‍ത്താണ്ഡവര്‍മ (1314 - 1344) ആയിരുന്നു ഈ ദായക്രമത്തിലെ ആദ്യത്തെ രാജാവ്‌. കുന്നുമ്മേല്‍ വീര കേരള വര്‍മ തിരുവടി (1344 - 1350) ഇരവി ഇരവി വര്‍മ (1350 - 1383), ആദിത്യ വര്‍മ സര്‍വാംഗനാഥന്‍ (1376 - 1388), ചേര ഉദയ മാര്‍ത്താണ്ഡവര്‍മ (1383 - 1444), രവി വര്‍മ (1444 - 1458), വീരരാമ മാര്‍ത്താണ്ഡ വര്‍മ കുലശേഖരന്‍ (1458 - 1469), കോത ആദിത്യ വര്‍മ (1469 - 1484), രവി രവി വര്‍മ (1484 - 1512), രവി കേരളവര്‍മ (1512 - 1514), ജയസിംഹ കേരളവര്‍മ (1514 - 1516), ഭൂതലവീര ഉദയ മാര്‍ത്താണ്ഡ വര്‍മ (1516 - 1535), ഭൂതല വീര രവി വര്‍മ, രാമ കേരള വര്‍മ, ആദിത്യ വര്‍മ (മൂവരുടെയും ഭരണകാലം വ്യക്തമല്ല), ശ്രീ വീരകേരള വര്‍മ (1544 - 1545), രാമ വര്‍മ (1545 - 1556), ഉണ്ണി കേരള വര്‍മ, ശ്രീ വീര ഉദയമാര്‍ത്താണ്ഡ വര്‍മ, ശ്രീ വീര രവി വര്‍മ, ആദിത്യ വര്‍മ, രാമവര്‍മ, രവി വര്‍മ (1611 - 1663) എന്നിവരായിരുന്നു ഈ പരമ്പരയില്‍ തുടര്‍ന്നുണ്ടായ ഭരണാധികാരികള്‍.[[B042]]

രവി വര്‍മ (1611 - 1663)യുടെ കാലത്ത്‌ തമിഴ്‌ നാട്ടിലെ മധുരയിലെ രാജാവായ തിരുമല നായ്‌ക്കന്‍ വേണാട്‌ ആക്രമിച്ചു. വേണാടിന്റെ ഭാഗമായിരുന്നതും ഇന്ന്‌ തമിഴ്‌ നാട്ടില്‍പ്പെടുന്നതുമായ നാഞ്ചിനാട്‌ പ്രദേശങ്ങളിലേക്കായിരുന്നു തിരുമല നായ്‌ക്കന്റെ ആക്രമണം. മധുരപ്പടയോടു യുദ്ധം ചെയ്‌തു മരിച്ച ഇരവിക്കുട്ടിപ്പിള്ള എന്ന വേണാട്ടു വീരന്റെ കഥ പറയുന്ന തെക്കന്‍ പാട്ടുകാവ്യമായ 'ഇരവിക്കുട്ടിപ്പിള്ളപ്പോര്‌' പ്രശസ്‌തമാണ്‌. രവിവര്‍മയുടെ കാലത്ത്‌ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി വിഴിഞ്ഞത്ത്‌ ഒരു വ്യാപാര ശാല സ്ഥാപിച്ചു.[[B043]]

രവി വര്‍മക്കു ശേഷം വന്ന രവിവര്‍മ (1663 - 1672), ആദിത്യ വര്‍മ (1672 - 1677) എന്നീ രാജാക്കന്മാര്‍ ദുര്‍ബലരായിരുന്നു. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ കര്‍ത്താക്കളായ എട്ടരയോഗവും ഈ രാജാക്കന്മാരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. ക്ഷേത്ര സ്വത്തുക്കളില്‍ നിന്നു കരം പിരിക്കല്‍ എട്ടു ദിക്കുകളിലെ എട്ട്‌ നായര്‍ മാടമ്പിമാരെ (എട്ടു വീട്ടില്‍ പിള്ളമാര്‍) എട്ടര യോഗം ചുമതലപ്പെടുത്തി. മതപരമായ അധികാരം നേടിയ യോഗക്കാരും രാഷ്ട്രീയശക്തി നേടിയ എട്ടു വീടരും രാജാധിപത്യത്തിനു കടുത്ത വെല്ല വിളി ഉയര്‍ത്തി. രാജ്യം ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തുകയും ചെയ്‌തു. ഇന്ന്‌ തമിഴ്‌ നാട്ടില്‍പ്പെടുന്ന കല്‍ക്കുളമായിരുന്നു അന്ന്‌ വേണാടിന്റെ തലസ്ഥാനം.[[B044]]

അടുത്ത രാജ്യാവകാശിയായ രവി വര്‍മയ്‌ക്ക്‌ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 1677 മുതല്‍ 1684 വരെ അദ്ദേഹത്തിന്റെ മാതൃസഹോദരിയായ ഉമയമ്മ റാണി രാജ്യം ഭരിച്ചു. ഇക്കാലത്ത്‌ മുഗള്‍ സര്‍ദാര്‍ (മുകിലന്‍) എന്ന സാഹസികനായ ഒരു മുസ്‌ലിം വേണാടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്തി. മുകിലന്‍ തിരുവനന്തപുരം കീഴടക്കിയതോടെ റാണി നെടുമങ്ങാട്‌ കൊട്ടാരത്തില്‍ അഭയം തേടി. വടക്കന്‍ കോട്ടയത്തെ കേരള വര്‍മയാണ്‌ ഈ സന്ദര്‍ഭത്തില്‍ സഹായത്തിനെത്തിയത്‌. റാണി അദ്ദേഹത്തെ ഇരണിയല്‍ രാജകുമാരന്‍ എന്ന നിലയില്‍ വേണാട്‌ രാജകുടുംബത്തിലേക്കു ദത്തെടുത്ത്‌ ആ സഹായത്തിന്‌ ഔദ്യോഗികാംഗീകാരം നല്‍കി. തിരുവട്ടാര്‍ വച്ചു നടന്ന യുദ്ധത്തില്‍ കേരളവര്‍മ മുകിലനെ വധിച്ചു. തുടര്‍ന്നുള്ള കാലം കേരള വര്‍മയായിരുന്നു ഉമയമ്മ റാണിയുടെ മുഖ്യ ഉപദേഷ്ടാവ്‌. അദ്ദേഹത്തിന്റെ നയങ്ങള്‍ നായര്‍ മാടമ്പിമാരില്‍ അനിഷ്ടം സൃഷ്ടിച്ചു. 1696 - ല്‍ അവര്‍ കേരള വര്‍മയെ ഗൂഢാലോചനയിലൂടെ വധിച്ചു. പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങള്‍ വേണാട്ടില്‍ നിരോധിച്ചത്‌ (1696) കേരള വര്‍മയാണ്‌.[[B045]]

ഉമയമ്മ റാണിക്കു ശേഷം രവി വര്‍മ (1684 - 1718), ആദിത്യ വര്‍മ (1718 - 1721), രാമ വര്‍മ (1721 - 1729) എന്നിവരായിരുന്നു ഭരണത്തിലെത്തിയത്‌. മധുരയിലെ നായ്‌ക്കവംശത്തിന്റെ ആക്രമണങ്ങള്‍ ഇക്കാലത്ത്‌ വേണാട്ടിനെ തളര്‍ത്തി. 1697 - ല്‍ മധുരപ്പട വേണാട്ടിനു മേല്‍ നിര്‍ണ്ണായക വിജയം നേടി. കടുത്ത വ്യവസ്ഥകള്‍ അംഗീകരിപ്പിച്ചു. നാഞ്ചിനാട്ടിലെ കര്‍ഷകരാണ്‌ ഇതിന്റെ ദുതിതം മുഴുവന്‍ അനുഭവിച്ചത്‌. കരം പിരിവുകാരായ ഉദ്യോഗസ്ഥര്‍ കുടിയാന്മാരായ കര്‍ഷകരെ ആവോളം പിഴിയുകയും ചെയ്‌തു. രാമവര്‍മയുടെ കാലത്ത്‌ ഉദ്യോഗസ്ഥരും കുടിയാന്മാരും തമ്മില്‍ പലതവണ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. എട്ടരയോഗക്കാരും എട്ടു വീട്ടില്‍ പിള്ളമാരും രാജാവിനെതിരായി തിരിയുകയും ചെയ്‌തു. തന്റെ നില ഭദ്രമാക്കാനായി രാജാവ്‌ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുമായും (1723) മധുരയിലെ നായ്‌ക്കരുമായും (1726) ഉടമ്പടികള്‍ ഉണ്ടാക്കി. പിന്നീട്‌ മാര്‍ത്താണ്ഡവര്‍മയുടെ അധികാരമേറ്റെടുക്കലിലേക്കും തിരുവിതാംകൂറിന്റെ രൂപവത്‌കരണത്തിലേക്കും വഴി തെളിച്ച സംഭവങ്ങളുടെ അരങ്ങൊരുങ്ങിയത്‌ ഇക്കാലത്താണ്‌.[[B046]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.