കൂത്ത്‌


ചാക്യാര്‍ ജാതിയില്‍പ്പെട്ട കലാകാരന്മാര്‍ ക്ഷേത്രപരിസരത്ത്‌ അവതരിപ്പിക്കുന്ന കലാരൂപം. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ്‌ കൂത്ത്‌ നടത്തുന്നത്‌. കൂത്തമ്പലമില്ലാത്ത ക്ഷേത്രങ്ങളില്‍ താത്‌കാലികമായി കെട്ടിയുണ്ടാക്കിയ പുരയിലോ ഊട്ടുപുരയിലോ കൂത്ത്‌ നടത്തും. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകള്‍ ചമ്പുക്കളെ ആധാരമാക്കി ചാക്യാര്‍ അവതരിപ്പിക്കുന്നതാണ്‌ കൂത്ത്‌. അഭിനയത്തോടുകൂടിയുള്ള കഥപറച്ചിലാണ്‌ ഈ കലാരൂപം. അവതരിപ്പിക്കുന്ന കഥയിലെ ഓരോ കഥാപാത്രത്തിന്റെയും ഭാഗം ചാക്യാര്‍ അഭിനയിച്ച്‌ കഥ പറയുന്നു. രൂക്ഷമായ പരിഹാസവും സാമൂഹ്യവിമര്‍ശനവുമാണ്‌ കൂത്തിന്റെ സ്വഭാവം. മിഴാവാണ്‌ അകമ്പടി വാദ്യം. നമ്പ്യാര്‍മാരാണ്‌ മിഴാവു കൊട്ടുന്നത്‌. കൂത്ത്‌ പലതരമുണ്ടെങ്കിലും ഒറ്റയാള്‍ മാത്രമുള്ള പ്രബന്ധക്കൂത്തിനാണ്‌ പ്രചാരം. കൂത്ത്‌ എന്ന വാക്കു കൊണ്ട്‌ ഇന്ന്‌ പൊതുവേ അര്‍ത്ഥമാക്കുന്നതും പ്രബന്ധക്കൂത്തിനെയാണ്‌. കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷത്തിലാണ്‌ പ്രബന്ധക്കൂത്തില്‍ ചാക്യാര്‍ രംഗത്ത്‌ എത്തുന്നത്‌. നങ്ങ്യാര്‍കൂത്ത്‌, മത്തവിലാസം കൂത്ത്‌, അംഗുലീയാങ്കം കൂത്ത്‌ എന്നിവയാണ്‌ മറ്റ്‌ കൂത്തുകള്‍. ഏഴാമങ്കം, ബ്രഹ്മചാരിക്കൂത്ത്‌, പറക്കും കൂത്ത്‌ എന്നിവ പ്രാചീനകാലത്ത്‌ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടത്താറില്ല. ഒരു കഥാപാത്രം തന്നെ മറ്റു കഥാപാത്രങ്ങളുടെ ഭാഗവും അഭിനയിക്കുന്ന രീതിക്ക്‌ പകര്‍ന്നാട്ടം എന്നാണ്‌ പേര്‌.[[G006]] 

പ്രബന്ധക്കൂത്ത്‌
ഏറ്റവും പ്രചാരമുള്ള കൂത്ത്‌ രൂപം. കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷത്തില്‍ രംഗത്തെത്തുന്ന ചാക്യാര്‍ പുരാണ കഥാപരമായ ചമ്പുപ്രബന്ധങ്ങള്‍ ചൊല്ലി അഭിനയത്തിലൂടെ അര്‍ത്ഥം വിശദീകരിക്കുന്നു. കഥപറയാനായി സ്വീകരിച്ചിട്ടുള്ള ചമ്പൂകാവ്യത്തിലെ ഗദ്യവും പദ്യവും ചാക്യാര്‍ വിസ്‌തരിച്ച്‌ വ്യാഖ്യാനിക്കുന്നു. ഉപകഥകള്‍ കൂട്ടിച്ചേര്‍ത്തും മനോധര്‍മമനുസരിച്ച്‌ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചും സമകാലികജീവിതത്തെ വിമര്‍ശിക്കാനും സദസ്യരെ പരിഹസിക്കാനും ചാക്യാര്‍ അവസരം കണ്ടെത്തുന്നു. കാഴ്‌ചക്കാരെ ചൂണ്ടിക്കാട്ടിത്തന്നെ ചാക്യാര്‍ പരിഹസിച്ചു വശം കെടുത്തും. ഇതിനുള്ള സ്വാതന്ത്ര്യം ചാക്യാര്‍ക്ക്‌ സമൂഹം അംഗീകരിച്ചു കൊടുത്തിട്ടുണ്ട്‌. 

തലയില്‍ ചുവന്നതുണികൊണ്ട്‌ കെട്ടി മുഖത്ത്‌ അരിപ്പൊടി, മഞ്ഞള്‍, കരി എന്നിവ കൊണ്ട്‌ ചമയമിട്ട്‌ ഒരു കാതില്‍ കുണ്ഡലവും മറ്റേക്കാതില്‍ വെറ്റില തിരുകി തെറ്റിപ്പൂവ്‌ തൂക്കിയിട്ടാണ്‌ ചാക്യാര്‍ എത്തുന്നത്‌. വസ്‌ത്രം (മാറ്റ്‌) ഞൊറിഞ്ഞുടുത്തിരിക്കും. കത്തിച്ച നിലവിളക്കിനു മുന്നിലാണ്‌ ചാക്യാരുടെ ഏകാഭിനയ പ്രകടനം.[[G007]] 

നങ്ങ്യാര്‍ കൂത്ത്‌

ചാക്യാര്‍ ജാതിയിലെ സ്‌ത്രീകളായ നങ്ങ്യാര്‍മാര്‍ നടത്തുന്ന കൂത്ത്‌. കൂടിയാട്ടത്തില്‍ സ്‌ത്രീ വേഷങ്ങള്‍ അഭിനയിക്കുന്നത്‌ നങ്ങ്യാര്‍മാരാണ്‌. കൂടിയാട്ടത്തിന്റെ അനുബന്ധകലയാണ്‌ നങ്ങ്യാര്‍ കൂത്ത്‌. സുഭദ്രാധനഞ്‌ജയം എന്ന സംസ്‌കൃത നാടകത്തിലെ രണ്ടാമങ്കത്തിലെ സുഭദ്രയുടെ ദാസിയായ ചേടിയുടെ വേഷമാണ്‌ നങ്ങ്യാര്‍കൂത്തില്‍ അവതരിപ്പിക്കുന്നത്‌. ദ്വാരകാനഗരവര്‍ണന, ശ്രീ കൃഷ്‌ണന്റെ ജനനം, ബാലലീലകള്‍ എന്നിവ തൊട്ട്‌ സുഭദ്രയും അര്‍ജുനനും തമ്മിലുള്ള പ്രേമബന്ധം വരെയുള്ള ഭാഗം നങ്ങ്യാര്‍ വിശദീകരിച്ച്‌ അഭിനയിക്കുന്നു. സ്‌ത്രീകളുടെയും പുരുഷന്മാരുടെയുമെല്ലാം ഭാഗം നങ്ങ്യാര്‍ തന്നെ നിര്‍വഹിക്കുന്നു. ഒരു കഥാപാത്രം തന്നെ മറ്റു പല കഥാപാത്രങ്ങളെക്കൂടി അവതരിപ്പിക്കുന്ന രീതിക്ക്‌ പകര്‍ന്നാട്ടം എന്നാണ്‌ പേര്‌. നങ്ങ്യാര്‍ കൂത്തിന്‌ അധികം പ്രചാരമില്ല. ഉഷ നങ്ങ്യാര്‍, മാര്‍ഗി സതി തുടങ്ങിയവര്‍ പ്രശസ്‌ത നങ്ങ്യാര്‍കൂത്ത്‌ കലാകാരികള്‍ ആണ്‌.[[G008]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.