കഥകളി


കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ക്ലാസിക്കല്‍ രംഗകല. പതിനേഴാം നൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരാന്‍ ആവിഷ്‌കരിച്ച രാമനാട്ടത്തില്‍ നിന്നാണ്‌ കഥകളി വികസിച്ചത്‌. നാടകീയവും വര്‍ണാഭവുമാണ്‌ ഈ രംഗകല. ഇന്ത്യന്‍ ക്ലാസിക്കല്‍ സങ്കല്‌പമനുസരിച്ചുള്ള നൃത്യം എന്ന രംഗകലാവിഭാഗത്തിലാണ്‌ കഥകളി ഉള്‍പ്പെടുന്നത്‌. വര്‍ണപ്പകിട്ടുള്ള ചമയവും വസ്‌ത്രങ്ങളുമണിഞ്ഞ നടന്മാര്‍ ഗായകര്‍ പാടുന്ന കഥാസന്ദര്‍ഭങ്ങള്‍ ഹസ്‌തമുദ്രകളും നൃത്തവും വഴി അഭിനയിക്കുന്നു. നടന്മാര്‍ക്ക്‌ സംഭാഷണമോ പാട്ടോ ഇല്ല. കഥകളിയെ മൗനകല എന്ന്‌ വിശേഷിപ്പിക്കാം. ആട്ടക്കഥയാണ്‌ കഥകളിയുടെ സാഹിത്യരൂപം. പാട്ടുകാര്‍ വാദ്യങ്ങളുടെ അകമ്പടിയോടെ ആട്ടക്കഥകള്‍ പാടുന്നു. നടന്മാര്‍ അഭിനയിച്ചു കാട്ടുന്നു. ഇന്ത്യന്‍ ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും കഥകളാണ്‌ പ്രമേയങ്ങള്‍. ആധുനിക കാലത്ത്‌ പാശ്ചാത്യകഥകളും പ്രമേയമായി സ്വീകരിച്ചിട്ടുണ്ട്‌. തെയ്യം, തിറ, മുടിയേറ്റ്‌, പടയണി തുടങ്ങിയ കേരളീയ അനുഷ്‌ഠാന കലകളിലെയും കൂത്ത്‌, കൂടിയാട്ടം, കൃഷ്‌ണനാട്ടം തുടങ്ങിയ ക്ലാസ്സിക്കല്‍ കലകളിലെയും അംശങ്ങള്‍ കഥകളിയില്‍ സ്വാംശീകരിച്ചിട്ടുണ്ട്‌.[[G013]] 

നിലത്തു നിന്നും ഉയര്‍ന്നു നില്‍ക്കുന്ന ഒരു സമചതുരത്തട്ടാണ്‌ കഥകളിയുടെ രംഗവേദി അഥവാ കളിയരങ്ങ്‌. കഥകളി നടത്തുന്നത്‌ രാത്രിയായതിനാല്‍ കളിയരങ്ങില്‍ വെളിച്ചത്തിനു വേണ്ടി ആട്ടവിളക്ക്‌ കൊളുത്തുന്നു. സുപ്രധാനമായ ഏതാനും ചടങ്ങുകളോടെയാണ്‌ കഥകളി ആരംഭിക്കുന്നത്‌. കേളികൊട്ട്‌, അരങ്ങുകേളി, തോടയം, വന്ദനശ്ലോകം, പുറപ്പാട്‌, മഞ്‌ജുതര (മേളപ്പദം) എന്നിവയാണ്‌ അവ. മഞ്‌ജുതരക്കുശേഷം രംഗാവതരണപദ്യം ചൊല്ലി കഥാഭിനയം തുടരുന്നു. ധനാശി എന്ന ചടങ്ങോടെയാണ്‌ കഥകളി അവസാനിക്കുന്നത്‌.[[G014]] 

കഥകളിയില്‍ ഓരോ കഥാപാത്രത്തിനും വ്യത്യസ്‌തമായ വേഷമില്ല. സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ കഥാപാത്രങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. ഓരോ വിഭാഗത്തിനും പ്രത്യേക വേഷവും ചമയവുമുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ കഥാപാത്രങ്ങളെ തിരിച്ചറിയേണ്ടത്‌. വര്‍ണാഭവവും ആകര്‍ഷകവുമാണ്‌ വേഷങ്ങളും ചമയങ്ങളും. പ്രധാനമായും അഞ്ചുതരം വേഷങ്ങളുണ്ട്‌. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ചാണ്‌ വേഷങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്‌. പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്‌ അഞ്ചു തരം വേഷങ്ങള്‍. പൊയ്‌മുഖം അണിയുന്ന വേഷങ്ങളും ഈ വിഭാഗത്തിലൊന്നിലും പെടാത്തവയുമുണ്ട്‌. കഥകളിയുടെ ഏറ്റവും പ്രധാനഘടകങ്ങളാണ്‌ ചമയവും വേഷോപകരണങ്ങളും. കിരീടം, വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണ്‌ വേഷോപകരണങ്ങള്‍.[[G015]] 

കേരളത്തിലെ രാജാക്കന്മാരുമായി ബന്ധപ്പെട്ടതാണ്‌ കഥകളിയുടെ ചരിത്രം. വിവിധ കാലഘട്ടങ്ങളില്‍ വരുത്തിയ പരിഷ്‌കരണങ്ങളിലൂടെയാണ്‌ കഥകളി ഇന്നത്തെ രൂപം പ്രാപിച്ചത്‌. വേഷം, അഭിനയം തുടങ്ങിയവയിലെല്ലാം ഉണ്ടായ ഈ നവീകരണങ്ങളെ സമ്പ്രദായങ്ങള്‍ എന്നാണ്‌ പറയുന്നത്‌. ചെറിയ വ്യത്യാസങ്ങളോടെ കഥകളിയില്‍ നിലനില്‍ക്കുന്ന ശൈലീ ഭേദങ്ങളെ ചിട്ടകള്‍ എന്നു പറയുന്നു.[[G016]] 

സാഹിത്യം, അഭിനയം, വേഷം എന്നിവയ്‌ക്കൊപ്പം പ്രാധാന്യമുള്ള മറ്റു ഘടകങ്ങളാണ്‌ സംഗീതം, മേളം എന്നിവ. ഇന്ത്യന്‍ ക്ലാസിക്കല്‍ സങ്കല്‌പമനുസരിച്ചുള്ള നവരസങ്ങളാണ്‌ കഥകളി നടന്മാര്‍ അഭിനയിക്കുന്നത്‌. അസാധാരണരായ കലാകാരന്മാരുടെ നിര കഥകളിയുടെ ചരിത്രത്തില്‍ കാണാം. നടന്മാര്‍, പാട്ടുകാര്‍, മേളക്കാര്‍ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കഥകളി സംഘങ്ങളും (കളിയോഗങ്ങള്‍) കഥകളി ക്ലബ്ബുകളും ആസ്വാദകരും ചേര്‍ന്നാണ്‌ ഈ കലാരൂപത്തെ നിലനിര്‍ത്തുന്നത്‌. കഥകളിയുടെ വളര്‍ച്ചയ്‌ക്കു വേണ്ടി മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ സ്ഥാപിച്ച കേരളകലാമണ്ഡലവും നിരവധി പരിശീലന കേന്ദ്രങ്ങളും കഥകളി പഠിപ്പിക്കുന്നു.[[G017]] 


ചരിത്രം 
17-ാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷമാണ്‌ കഥകളി ആവിര്‍ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാന്‍ രൂപപ്പെടുത്തിയ രാമനാട്ടത്തിന്റെ വികസിത രൂപമാണ്‌ കഥകളിയെന്ന്‌ പണ്ഡിതര്‍ പറയുന്നു. പ്രാചീന കേരളത്തിലെ നിരവധി കലാരൂപങ്ങളുമായി ബന്ധപ്പെട്ട്‌ അവയില്‍ നിന്ന്‌ പല ഘടകങ്ങള്‍ സ്വീകരിച്ചാണ്‌ കഥകളി രൂപപ്പെട്ടത്‌. പല കാലങ്ങളിലായി കഥകളിയിലെ വേഷം, ചമയം, സംഗീതം, മേളം, അഭിനയരീതി, ചടങ്ങുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം മാറ്റമുണ്ടായി. രാജകൊട്ടാരങ്ങളുടെയും ബ്രാഹ്മണ പ്രഭുക്കളുടെയും സംരക്ഷണത്തില്‍ വികസിച്ചതു കൊണ്ടു തന്നെ അനുഷ്‌ഠാനപരമായ നിരവധി ചടങ്ങുകള്‍ കഥകളിയില്‍ കടന്നു കൂടി.[[G018]] 

കൊട്ടാരക്കരത്തമ്പുരാന്‍ ആവിഷ്‌കരിച്ച രാമനാട്ടത്തെ നവീകരിച്ച്‌ കഥകളിയാക്കി മാറ്റിയത്‌ കോട്ടയത്തു തമ്പുരാനാണെന്ന്‌ പൊതുവേ ഗണിക്കപ്പെടുന്നു.രാമനാട്ടത്തിന്റെ അഭിനയരീതിയും വേഷവിധാനവും മേള സമ്പ്രദായവും ആദ്യമായി പരിഷ്‌കരിച്ചത്‌ വെട്ടത്തു രാജാവാണ്‌. വെട്ടത്തു സമ്പ്രദായം എന്ന്‌ ഈ രീതി അറിയപ്പെടുന്നു. പ്രശസ്‌തമായ നാല്‌ ആട്ടക്കഥകള്‍ രചിച്ച കോട്ടയത്തു തമ്പുരാന്‍ (18-ാം നൂറ്റാണ്ട്‌) കഥകളിയിലെ അഭിനയത്തെ നാട്യ ശാസ്‌ത്രരീതിയിലേക്കു മാറ്റി. ഇതിനു വേണ്ടി മട്ടാഞ്ചേരി കോവിലകത്ത്‌ (കൊട്ടാരത്തില്‍) രാമനാട്ടം പഠിപ്പിക്കുകയായിരുന്ന വെള്ളാട്ട്‌ ചാത്തുപ്പണിക്കരെ തമ്പുരാന്‍ ക്ഷണിച്ചു വരുത്തി. പാലക്കാട്‌ ജില്ലയിലെ കല്ലടിക്കോട്‌ എന്ന സ്ഥലത്തായിരുന്നു ചാത്തുപ്പണിക്കരുടെ കളരി. അദ്ദേഹം വെട്ടത്തു സമ്പ്രദായത്തെ പരിഷ്‌കരിച്ചു. കല്ലടിക്കോടന്‍ സമ്പ്രദായം എന്നാണ്‌ ഈ രീതി അറിയപ്പെട്ടിരുന്നത്‌. 1690 നു ശേഷം ഈ രീതിയാണ്‌ പ്രചാരത്തിലായത്‌.[[G019]] 

ആട്ടക്കഥാ രചയിതാവും തിരുവിതാംകൂര്‍ മഹാരാജാവുമായിരുന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ കഥകളിക്ക്‌ പ്രോത്സാഹനം നല്‍കി. അദ്ദേഹത്തിന്റെ നിയോഗമനുസരിച്ച്‌ നാട്യകലാ വിദഗ്‌ധനായ കപ്ലിങ്ങാട്ട്‌ നാരായണന്‍ നമ്പൂതിരി കഥകളിയില്‍ നിരവധി പരിഷ്‌കരണങ്ങള്‍ വരുത്തി. കപ്ലിങ്ങാടന്‍ സമ്പ്രദായം എന്ന്‌ ഇത്‌ അറിയപ്പെടുന്നു. തെക്കന്‍ ചിട്ട എന്നും ഇതിന്‌ പേരുണ്ട്‌. ഈ വ്യത്യസ്‌ത രീതികള്‍ തമ്മിലുള്ള അന്തരം ഇപ്പോള്‍ കുറഞ്ഞുവരുകയാണ്‌. കപ്ലിങ്ങാടന്‍, കല്ലടിക്കോടന്‍ സമ്പ്രദായങ്ങളിലെ അംശങ്ങള്‍ സമന്വയിപ്പിച്ച ശൈലിയാണ്‌ കല്ലുവഴിച്ചിട്ട.[[G020]] 


കഥകളി സംഗീതം
കഥകളിയിലെ കഥാവതരണത്തിനും സംഭാഷണങ്ങള്‍ക്കും വേണ്ടിയുള്ള പാട്ട്‌. ആട്ടക്കഥകള്‍ പിന്‍പാട്ടുകാര്‍ പാടുന്നതിന്‌ അനുസരിച്ചാണ്‌ നടന്മാര്‍ അഭിനയിക്കുന്നത്‌. രണ്ടുപേരാണ്‌ പാട്ടുകാര്‍. ഒരാള്‍ ആദ്യം പാടുന്നു. മറ്റേയാള്‍ ഏറ്റുപാടുന്നു. ആദ്യം പാടുന്നത്‌ 'പൊന്നാനി', ഏറ്റുപാടുന്നത്‌ 'ശിങ്കിടി'യും. ഗാനത്തിന്റെ ആശയവും ഭാവവും നടന്‍ അഭിനയിച്ചു തീരും വരെ പാട്ട്‌ തുടര്‍ന്നു കൊണ്ടിരിക്കും. Mood music ആണ്‌ കഥകളി സംഗീതം. 

സോപാനസംഗീതത്തില്‍ നിന്നാണ്‌ കഥകളി സംഗീതം വികസിച്ചത്‌. നാടോടി സംഗീതം, ക്ഷേത്രങ്ങളില്‍ ഗീതഗോവിന്ദം കൊട്ടിപ്പാടുന്ന സമ്പ്രദായം, കര്‍ണാടക സംഗീതം എന്നിവയുമെല്ലാം കഥകളി സംഗീതത്തിനു ബന്ധമുണ്ട്‌. കര്‍ണ്ണാടകസംഗീതത്തിനും സോപാന സംഗീതത്തിനും പൊതുവായുള്ള രാഗങ്ങളും ചില കര്‍ണ്ണാടകരാഗങ്ങളുടെ രൂപാന്തരങ്ങളും കഥകളിയില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ആലാപന രീതിയിലും താള വ്യവസ്ഥയിലും കഥകളി സംഗീതം കര്‍ണ്ണാടക സംഗീതത്തില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌. 

കഥകളിയില്‍ മാത്രം ഉപയോഗിക്കുന്നവയാണ്‌ 'പാടി', 'പുറനിര' തുടങ്ങിയ രാഗങ്ങള്‍. കലാമണ്ഡലം ഉണ്ണികൃഷ്‌ണക്കുറുപ്പ്‌, തകഴി കുട്ടന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്‌, കലാമണ്ഡലം ഗംഗാധരന്‍, കലാമണ്ഡലം നീലകണ്‌ഠന്‍ നമ്പീശന്‍, വെങ്കിടകൃഷ്‌ണഭാഗവതര്‍, കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരലി, കലാമണ്ഡലം ഹരിദാസ്‌ തുടങ്ങിയവരാണ്‌ പ്രമുഖ കഥകളി ഗായകര്‍. 


ആട്ടക്കഥകള്‍
ഒട്ടേറെ ആട്ടക്കഥകള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ചിലത്‌ ആസ്വാദകര്‍ക്കും അഭിനേതാക്കള്‍ക്കും പ്രിയങ്കരമായി വേറിട്ടു നില്‍ക്കുന്നു. ഉണ്ണായി വാരിയരുടെ 'നളചരിതം', (നാലു ദിവസം), കോട്ടയത്തു തമ്പുരാന്റെ 'കല്യാണസൗഗന്ധികം', 'ബകവധം', 'കിര്‍മീരവധം', 'നിവാതകവചകാലകേയവധം', ഇരയിമ്മന്‍ തമ്പിയുടെ 'കീചകവധം', 'ഉത്തരാസ്വയംവരം', 'ദക്ഷയാഗം', വയസ്‌കര ആര്യന്‍ നാരായണന്‍ മൂസിന്റെ 'ദുര്യോധനവധം', മണ്ഡവപ്പള്ളി ഇട്ടിരാരിശ്ശ മേനോന്റെ 'രുക്‌മാംഗദചരിതം', 'സന്താനഗോപാലം', വി. കൃഷ്‌ണന്‍ തമ്പിയുടെ 'താടകാവധം', പന്നിശ്ശേരി നാണുപിള്ളയുടെ 'നിഴല്‍ക്കൂത്ത്‌', കിളിമാനൂര്‍ 'കരീന്ദ്രന്‍' രാജരാജവര്‍മ കോയിത്തമ്പുരാന്റെ 'രാവണവിജയം', അശ്വതി തിരുനാള്‍ രാമവര്‍മയുടെ 'രുക്‌മിണീസ്വയംവരം', 'പൂതനാമോക്ഷം', 'അംബരീഷചരിതം', 'പൗണ്ഡ്രകവധം', കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ 'രാജസൂയം' തുടങ്ങിയവയാണ്‌ ഏറ്റവും പ്രശസ്‌തമായ ആട്ടക്കഥകളില്‍ ചിലത്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.