തെയ്യവും തിറയും


വടക്കന്‍ കേരളത്തിലെ അനുഷ്‌ഠാന കലകളാണ്‌ തെയ്യവും തിറയും. മനുഷ്യര്‍ ദേവതാരൂപം ധരിച്ച്‌ നടത്തുന്ന അനുഷ്‌ഠാന നര്‍ത്തനങ്ങളാണിവ. തെയ്യം, തിറ, കോലം എന്നീ വ്യത്യസ്‌ത നാമങ്ങളില്‍ അറിയപ്പെടുന്നുവെങ്കിലും സാമാന്യമായി മൂന്നും ഒന്നുതന്നെയാണ്‌. എന്നാല്‍ അവ തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്‌. തെയ്യം എന്ന വാക്കിനര്‍ത്ഥം ദൈവം എന്നുതന്നെയാണ്‌. ദൈവങ്ങളുടെ കോലം ധരിച്ച്‌ മനുഷ്യര്‍ ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ജനങ്ങള്‍ക്ക്‌ അനുഗ്രഹാശിസ്സുകള്‍ നല്‍കുകയും ചെയ്യുന്നു. 'സ്ഥാനം' എന്നറിയപ്പെടുന്ന ദേവതാസങ്കേതങ്ങളിലും തറവാടുകളിലുമാണ്‌ തെയ്യവും തിറയും കെട്ടിയാടുന്നത്‌. കാവ്‌, അറ, പള്ളിയറ, മുണ്ട്യ, താനം, കോട്ടം തുടങ്ങിയ പല പേരുകളില്‍ 'സ്ഥാന'ങ്ങള്‍ അറിയപ്പെടുന്നു. ഇവിടങ്ങളില്‍ തെയ്യവും തിറയും കെട്ടിയാടിക്കുന്നതിനെയാണ്‌ കളിയാട്ടം എന്നു പറയുന്നത്‌. അത്യുത്തര കേരളത്തില്‍ കോലം എന്നാണ്‌ തെയ്യത്തിനു പേര്‌. 

അവര്‍ണസമുദായത്തില്‍പ്പെട്ടവരാണ്‌ തെയ്യവും തിറയും കെട്ടിയാടുന്നത്‌. എന്നാല്‍ ആ ദൈവങ്ങളെ സവര്‍ണ്ണരും വണങ്ങി നില്‍ക്കുന്നു. അവര്‍ കെട്ടിയാടുന്ന കോലങ്ങളില്‍ ദൈവത്തെ ദര്‍ശിക്കുകയാണ്‌ ഭക്തജനങ്ങള്‍ ചെയ്യുന്നത്‌. തെയ്യത്തിലും തിറയിലും പ്രത്യക്ഷപ്പെടുന്ന ദൈവങ്ങള്‍ വൈദിക സങ്കല്‌പത്തില്‍പ്പെട്ടവരല്ല. മനുഷ്യര്‍ പോലും തെയ്യങ്ങളായി മാറുന്നു. വടക്കന്‍ പാട്ടിലെ വീരനായകനായ ഒതേനന്റെ തെയ്യം പോലുമുണ്ട്‌. ദുര്‍മന്ത്രവാദിയായിരുന്ന ഒരു മുസ്‌ലീം ദുര്‍മരണത്തിനിരയായി തെയ്യമായി മാറിയതാണ്‌ 'ആലിഭൂതം'. മാപ്പിളത്തെയ്യങ്ങള്‍ മാത്രമല്ല, പുലിവേട്ടയ്‌ക്കിടയില്‍ മരിച്ച വീരനും (കരിന്തിരി നായര്‍) രണ്ടു പെണ്‍പുലികളും (പുള്ളിക്കരിങ്കാളി, പുലിയൂര്‍ കാളി) തെയ്യമായി ആരാധിക്കപ്പെടുന്നു. ജാതിഭേദമില്ലാതെ തന്നെ സ്വീകരിക്കപ്പെടുന്നവരാണ്‌ ഈ തെയ്യങ്ങള്‍. 


ദേവതകള്‍
വ്യത്യസ്‌ത ജാതികളുടെയും ഗ്രാമങ്ങളുടെയുമൊക്കെ പരദേവതകളാണ്‌ പ്രധാന തെയ്യങ്ങളെല്ലാം. ചില തെയ്യങ്ങളാകട്ടെ തറവാട്ടു പരദേവതകളും. പുരുഷദേവതകളും സ്‌ത്രീദേവതകളും ഇക്കൂട്ടത്തിലുണ്ട്‌. 

മുച്ചിലോട്ടു ഭഗവതി, വിഷ്‌ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, അങ്കദൈവം, അണ്ടല്ലൂര്‍ ദൈവം, അസുരാളന്‍, ആയിത്തിഭഗവതി, ആര്യപ്പൂങ്കന്നി, ആലിത്തെയ്യം, ഊര്‍പ്പഴച്ചി, ഒറവങ്കര ഭഗവതി, കണ്ടനാര്‍ കേളന്‍, കതുവന്നൂര്‍ വീരന്‍, കന്നിക്കൊരു മകന്‍, വേട്ടയ്‌ക്കൊരു മകന്‍, കയറന്‍ ദൈവം, കരിങ്കാളി, കരിന്തിരിനായര്‍, കാരന്‍ ദൈവം, കാള രാത്രി, കോരച്ചന്‍ തെയ്യം, ക്ഷേത്രപാലന്‍, കുരിക്കള്‍ത്തെയ്യം, തെക്കന്‍ കരിയാത്തന്‍, നാഗകന്നി, പടവീരന്‍, നാഗകണ്‌ഠന്‍, പുലിമാരുതന്‍, പുലിയൂരു കണ്ണന്‍, പെരുമ്പുഴയച്ചന്‍, ബാലി, ഭദ്രകാളി, ഭൈരവന്‍, മാക്കഭഗവതി, മാരപ്പുലി, മുന്നയരീശ്വരന്‍, കുലവന്‍, വിഷ കണ്‌ഠന്‍, വെളുത്ത ഭൂതം, വൈരജാതന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട, കുറത്തി, രക്തചാമുണ്ഡി, രക്തേശ്വരി, പഞ്ചുരുളി, കണ്‌ഠകര്‍ണന്‍, മലങ്കുറത്തി, ധൂമാഭഗവതി, പുള്ളിച്ചാമുണ്ഡി, ബപ്പിരിയന്‍, അയ്യപ്പന്‍, പൂമാരുതന്‍, പുതിയ ഭഗവതി, വസൂരിമാല, കരുവാള്‍, നാഗകാളി, മലങ്കാരി, പൂതാടി, മാര്‍പ്പുലിയന്‍, അങ്കക്കാരന്‍, തീത്തറ ഭഗവതി, ഉണ്ടയന്‍, പാമ്പൂരി കരുമകന്‍, ചോരക്കളത്തില്‍ ഭഗവതി, പേത്താളന്‍, കാട്ടുമടന്ത, മന്ത്രമൂര്‍ത്തി, കാരണോര്‍, കമ്മിയമ്മ, പരാളിയമ്മ, വീരമ്പിനാറ്‌, മല്ലിയോടന്‍, നേമം ഭഗവതി, ബില്ലറ, ചൂട്ടക്കാളി, കാലചാമുണ്ഡി തുടങ്ങിയ ഒട്ടേറെ തെയ്യം 
തിറകളുണ്ട്‌. 

വണ്ണാന്‍, മലയന്‍, പാണന്‍, മാവിലന്‍, ചെറവന്‍, ചിങ്കത്താന്‍, കോപ്പാളന്‍, പുലയന്‍, കളനാടി, പെരുമണ്ണാന്‍, തുളുവേലന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ടവരാണ്‌
തെയ്യക്കോലങ്ങള്‍ കെട്ടുന്നത്‌. ഓരോ സമുദായവും തോറ്റം, ചമയം, നിറങ്ങള്‍, നൃത്തരീതി തുടങ്ങിയവയില്‍ വ്യത്യസ്‌തത പുലര്‍ത്തുന്നു. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.