കുലശേഖര സാമ്രാജ്യം


സംഘകാലത്തിനു ശേഷം എ.ഡി. ഒമ്പതാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ തെളിമയുള്ള ചിത്രം അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ക്കു കഴിഞ്ഞിട്ടില്ല. ജനജീവിതത്തെയോ രാഷ്ട്രീയ സ്ഥിതിഗതികളെയോ സാംസ്‌കാരിക വികാസത്തെയോ കുറിച്ചുള്ള വ്യക്തമായ ചിത്രമില്ലാത്ത ഏകദേശം മൂന്നു നൂറ്റാണ്ടിലധികം വരുന്ന ഈ കാലയളവിനെ 'നീണ്ടരാത്രി'യെന്നു വിശേഷിപ്പിക്കാറുണ്ട്‌. (1) എ.ഡി. 800-ന്‌ അടുത്ത്‌ ആ നീണ്ട രാത്രിക്ക്‌ അന്ത്യം കുറിച്ചു കൊണ്ട്‌ കുലശേഖരന്മാര്‍ എന്നു പ്രസിദ്ധരായ രാജാക്കന്മാര്‍ക്കു കീഴില്‍ ഒരു ചേര സാമ്രാജ്യം ഉയര്‍ന്നു വന്നു. രണ്ടാം ചേര സാമ്രാജ്യം, കുലശേഖര സാമ്രാജ്യം എന്നീ പേരുകളില്‍ ചരിത്ര ഗവേഷകര്‍ വിളിക്കുന്ന ഈ സാമ്രാജ്യം പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നു. 800 മുതല്‍ 1102 വരെയുള്ള കാലയളവാണ്‌ കുലശേഖരകാലമായി ഗണിക്കുന്നത്‌.[[B022]] 

ആധുനിക കേരളത്തിന്‌ അടിത്തറയൊരുക്കിയത്‌ കുലശേഖര സാമ്രാജ്യമായിരുന്നു. ഇന്നത്തെ കൊടുങ്ങല്ലൂര്‍, തിരുവഞ്ചിക്കുളം, പ്രദേശങ്ങളിലാണെന്നു പൊതുവേ കരുതപ്പെടുന്ന മഹോദയപുരമായിരുന്നു കുലശേഖരന്മാരുടെ തലസ്ഥാനം. 13 കുലശേഖര ചക്രവര്‍ത്തിമാര്‍ ഈ പ്രാചീന സാമ്രാജ്യം ഭരിച്ചു. കുലശേഖര ആഴ്‌വാര്‍ (800 - 820), രാജശേഖര വര്‍മ (820 - 844), സ്ഥാണു രവിവര്‍മ (844 - 885), രാമവര്‍മ കുലശേഖരന്‍ (885 - 917), ഗോദ രവിവര്‍മ (917 - 944), ഇന്ദുക്കോതവര്‍മ (944 - 962), ഭാസ്‌കര രവിവര്‍മ ഒന്നാമന്‍ (962 - 1019), ഭാസ്‌കര രവി വര്‍മ (1019 - 1021), വീരകേരളന്‍ (1022 - 1028), രാജസിംഹന്‍ (1028 - 1043), ഭാസ്‌കര രവി വര്‍മ മൂന്നാമന്‍ (1043 - 1082), രവി രാമവര്‍മ (1082 - 1090), രാമവര്‍മ കുലശേഖരന്‍ (1090 - 1102) എന്നിവരാണവര്‍.[[B023]] 

ചോളരാജാക്കന്മാരുടെ ആക്രമണമാണ്‌ രണ്ടാം ചേരസാമ്രാജ്യത്തിന്‌ അന്ത്യം കുറിച്ചത്‌. ചോള ചക്രവര്‍ത്തിയായ കുലോത്തുംഗന്റെ സൈന്യം മഹോദയപുരം ചുട്ടെരിച്ചതായി പറയപ്പെടുന്നു(2). അവസാനത്തെ ചേര ചക്രവര്‍ത്തി (ചേരമാന്‍ പെരുമാള്‍) രാജ്യം പലര്‍ക്കായി വീതം വച്ചശേഷം ഇസ്‌ലാം മതം സ്വീകരിച്ച്‌ അറേബ്യയിലേക്കു പോയി എന്നൊരു ഐതിഹ്യമുണ്ട്‌. ഈ ചേരമാന്‍ കഥയെ ഏതെങ്കിലും സമകാലിക രേഖയോ തെളിവോ സ്ഥിരീകരിക്കുന്നില്ല. പ്രാചീന കാലത്തോ മധ്യകാലത്തോ കേരളം സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികളാരും തങ്ങളുടെ രേഖകളില്‍ ഇതിനെക്കുറിച്ചു സൂചിപ്പിച്ചിട്ടുമില്ല(3).[[B024]]
കുറിപ്പുകള്‍
1. ശ്രീധരമേനോന്‍, എ., കേരള ചരിത്രം പു. 161
2. ശ്രീധരമേനോന്‍, എ., കേരള ചരിത്രം പു. 173
3. ശ്രീധരമേനോന്‍, എ., കേരള ചരിത്രം പു. 177

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.