ഗുഹാ ചിത്രങ്ങള്‍


വയനാട്ടിലെ അമ്പലവയലിനടുത്ത്‌ അമ്പുകുത്തി മലയിലാണ്‌ എടയ്‌ക്കല്‍ ഗുഹ (എടകല്‍ എന്നും പറയും). ഗുഹാഭിത്തിയില്‍ ഉരച്ചു വരച്ചുണ്ടാക്കിയവയാണ്‌ ഇവിടത്തെ അതിപ്രാചീന ചിത്രങ്ങള്‍. ശരാശരി മുക്കാല്‍ ഇഞ്ചു മുതല്‍ ഒരിഞ്ചു വരെ വീതിയും ഒരിഞ്ച്‌ ആഴവുമുള്ള രണ്ടറ്റവും കൂര്‍ത്ത വരകള്‍ കൊണ്ടു തീര്‍ത്തവയാണ്‌ മിക്ക ചിത്രങ്ങളും. അനുഷ്‌ഠാന സ്വഭാവമുള്ള നൃത്തം നടത്തുന്ന മനുഷ്യരൂപങ്ങളാണ്‌ ചിത്രങ്ങളിലുള്ളത്‌. ഇലകള്‍ കൊണ്ടുമെടഞ്ഞുണ്ടാക്കിയതു പോലുള്ള ഒരു തരം മുടിയലങ്കാരങ്ങള്‍ എല്ലാ ആള്‍രൂപങ്ങളിലും കാണാം. ആന, വേട്ടപ്പട്ടി, മാന്‍ തുടങ്ങിയ രൂപങ്ങളുമുണ്ട്‌. ഇതിനു പുറമേയാണ്‌ ജ്യാമിതീയ രൂപങ്ങള്‍, ആരക്കാലുകളുള്ള ചക്രങ്ങള്‍, ചക്രം പിടിപ്പിച്ച വണ്ടി തുടങ്ങിയ രൂപങ്ങള്‍. നവീന ശിലായുഗത്തിലാണ്‌ എടക്കല്‍ ചിത്രങ്ങള്‍ വരയ്‌ക്കപ്പെട്ടതെന്നു കരുതുന്നു. 

തൊവരി മലയിലെ പുരപ്പാറ എന്ന പാറപ്പൊത്തിലും ഇത്തരം ചിത്രങ്ങളുണ്ട്‌. അമ്പ്‌, കുഴിപ്പാര തുടങ്ങിയ ആയുധങ്ങളുടെയും പക്ഷിയുടെയും ചിത്രങ്ങള്‍ ഇവിടെ കാണാം. മറയൂരിലെ എഴുത്താലൈ ഗുഹയിലെ ചിത്രങ്ങളില്‍ ആന, കുതിര, കാട്ടുപോത്ത്‌, മാന്‍ തുടങ്ങിയ മൃഗരൂപങ്ങളും അമൂര്‍ത്ത ചിത്രങ്ങളുമുണ്ട്‌. വ്യത്യസ്‌ത കാലഘട്ടങ്ങളില്‍ വരച്ചവയാണ്‌ എഴുത്താലൈയിലെ പടങ്ങളെന്ന്‌ അവ ഒന്നിനു മീതെ ഒന്നെന്ന നിലയില്‍ വരച്ചിരിക്കുന്നതില്‍ നിന്നും അനുമാനിക്കാം. 

ചുവര്‍ച്ചിത്രങ്ങളും അനുഷ്‌ഠാനങ്ങളിലെ ധൂളീചിത്രങ്ങളും (കളമെഴുത്ത്‌), കോലമെഴുത്തുകളും മുഖാവരണങ്ങളും മുഖത്തെഴുത്തുകളുമാണ്‌ കേരളീയ ചിത്രകലയുടെ മറ്റു പ്രാചീന രൂപങ്ങള്‍. ചുവര്‍ചിത്രങ്ങള്‍ ഒഴികെയുള്ളവ ചിത്രകലയുടെ നാടോടി പാരമ്പര്യത്തിന്റെ ഭാഗമാണ്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.