കോയിക്കല്‍ കൊട്ടാരം, നെടുമങ്ങാട്‌


സ്ഥലം :തിരുവനന്തപുരത്തു നിന്ന്‌ 18 കി. മീ. അകലെ നെടുമങ്ങാട്‌, പൊന്മുടി, കുറ്റാലം വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള വഴിയില്‍

ആകര്‍ഷണം :കൊട്ടാരം, നാടന്‍കലാ മ്യൂസിയം, നാണയ മ്യൂസിയം
സന്ദര്‍ശനസമയം :രാവിലെ 9 മുതല്‍ 5 വരെ. തിങ്കളാഴ്‌ച അവധി

തിരുവിതാംകൂറിന്റെ പഴയ രൂപമായ വേണാട്ടില്‍ 1677 മുതല്‍ 1684 വരെ ഭരണം നടത്തിയിരുന്ന ഉമയമ്മ റാണിക്കുവേണ്ടി നിര്‍മിച്ചതാണ്‌ കോയിക്കല്‍ കൊട്ടാരം. ഉള്ളില്‍ അങ്കണത്തോടു കൂടിയ ഇരുനില നാലുകെട്ടാണിത്‌. ഇന്ന്‌ സംസ്ഥാന പുരാവസ്‌തു വകുപ്പിന്റെ നാടന്‍കലാ, നാണയ മ്യൂസിയങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 1992-ല്‍ ആരംഭിച്ച നാടന്‍ കലാമ്യൂസിയ (Folklore Museum)ത്തില്‍ സംഗീതോപകരണങ്ങള്‍, നാടന്‍ ഗാര്‍ഹികോപകരണങ്ങള്‍, പണിയായുധങ്ങള്‍, നാടന്‍ കലാമാതൃകകള്‍ തുടങ്ങിയവയുടെ ശേഖരമുണ്ട്‌. രാമകഥപ്പാട്ട്‌ പാടാന്‍ ഉപയോഗിച്ചിരുന്ന താളവാദ്യമായ ചന്ദ്രവളയം, ഓണക്കാലത്ത്‌ ഓണപ്പാട്ടും നന്തുണിപ്പാട്ടും പാടാന്‍ ഉപയോഗിച്ചിരുന്ന തന്ത്രിവാദ്യമായ നന്തുണി തുടങ്ങിയവ ഇവിടെയുണ്ട്‌. ചന്ദ്രവളയം കേരളത്തിലെ മറ്റൊരു മ്യൂസിയത്തിലുമില്ല.

നാടന്‍കലാ മ്യൂസിയത്തിന്റെ ഒന്നാം നിലയിലാണ്‌ ഗാര്‍ഹികോപകരണങ്ങളുടെ ശേഖരം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. മരത്തിലുള്ള വീട്ടുപകരണങ്ങള്‍, പിത്തള- ചെമ്പുപകരണങ്ങള്‍ തുടങ്ങിയവ വ്യത്യസ്‌തകാലങ്ങളിലെ കേരളീയ ജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നു. ഉമയമ്മ റാണി ഉപയോഗിച്ചിരുന്ന ചിലമ്പ്‌, താളിയോല തുടങ്ങിയവയും മരവുരിയും ഇവിടെയുണ്ട്‌. വിനോദോപകരണമായ ഊരാക്കുടുക്ക്‌, ലക്ഷ്‌മീദേവി ആനപ്പുറത്തിരിക്കുന്ന ശില്‌പത്തോടുകൂടിയ ഗജലക്ഷ്‌മി വിളക്ക്‌, കെട്ടുവിളക്ക്‌ (വിളക്കുകെട്ട്‌), മുത്തപ്പന്‍ തെയ്യത്തിന്റെയും പടയണിക്കോലത്തിന്റെയും മാതൃകകള്‍, ഓട്ടന്‍തുള്ളലിന്റെ കിരീടം തുടങ്ങിയ ഒട്ടേറെ വസ്‌തുക്കള്‍ മ്യൂസിയത്തില്‍ കാണാം.

കേരളത്തിലെ ഏക നാണയ മ്യൂസിയമാണ്‌ കോയിക്കല്‍ കൊട്ടാരത്തിലുള്ളത്‌. കൊട്ടാരത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഭിന്നകാലഘട്ടങ്ങളിലെ നാണയങ്ങളുണ്ട്‌. കേരളത്തിലെ പ്രാചീന നാണയങ്ങളായ ഒറ്റപ്പുത്തന്‍, ഇരട്ടപ്പുത്തന്‍, കലിയുഗരായന്‍പണം തുടങ്ങിയവയും ഈ ശേഖരത്തിലുണ്ട്‌. യേശുക്രിസ്‌തുവിനു സമ്മാനിച്ചതായി പറയുന്ന അമൈദ (Amaida)എന്ന വെനീഷ്യന്‍ നാണയം മ്യൂസിയത്തിലെ അപൂര്‍വതകളിലൊന്നാണ്‌. പൗരാണിക ഇന്ത്യന്‍ നാണയമായ 'കര്‍ഷ'യാണ്‌ മറ്റൊരാകര്‍ഷണം. ലോകത്തെ ഏറ്റവും ചെറിയ നാണയമായ 'രാശി'യുടെ ശേഖരമാണ്‌ മറ്റൊന്ന്‌. 10-ാം നൂറ്റാണ്ടിനോട്‌ അടുപ്പിച്ച്‌ കേരളത്തിലെ രാജാക്കന്മാര്‍ പുറപ്പെടുവിച്ച ശ്രീകൃഷ്‌ണരാശി, തിരുവിതാംകൂറില്‍ 15, 17 നൂറ്റാണ്ടുകളില്‍ നിലവിലിരുന്ന ആദ്യത്തെ ആധുനിക സ്വര്‍ണനാണയമായ അനന്തരായന്‍ പണം, കൊച്ചീ രാജ്യത്തെ കൊച്ചിപുത്തന്‍, കൊച്ചിയിലെ തന്നെ ഇന്‍ഡോ-ഡച്ച്‌ പുത്തന്‍, തിരുവിതാംകൂറിലെ വെള്ളിനാണയമായിരുന്ന ലക്ഷ്‌മീവരാഹം, 374 റോമന്‍ സ്വര്‍ണ നാണയങ്ങള്‍, വിവിധ ഇന്ത്യന്‍ ഭരണാധിപന്മാര്‍ പുറപ്പെടുവിച്ച നാണയങ്ങള്‍ തുടങ്ങിയവയും മ്യൂസിയത്തില്‍ ശേഖരിച്ചിട്ടുണ്ട്‌. 100 മുതല്‍ 200 വരെ രാശികള്‍ ഒരേ സമയം എണ്ണാന്‍ സഹായിക്കുന്ന രാശിപ്പലകയും ഇവിടെയുണ്ട്‌. ചെറുനാണയമായ രാശിയുടെ വലിപ്പത്തിലുള്ള കുഴികള്‍ ഉള്ള മരപ്പലകയാണിത്‌.

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 18 കി. മീ.
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 24 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.