തേക്ക്‌ മ്യൂസിയം, നിലമ്പൂര്‍



നിങ്ങളൊരു പ്രകൃതിസ്‌നേഹിയും തേക്കു മരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ്‌ തലപുണ്ണാക്കിയ ആളുമാണെങ്കില്‍ നിങ്ങള്‍ക്ക്‌ ഏറ്റവും ഉചിതമായ ഇടമാണ്‌ നിലമ്പൂരിലെ ലോകപ്രസിദ്ധമായ തേക്ക്‌ മ്യൂസിയം (Teak Museum) 

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ സ്ഥിതി ചെയ്യുന്ന തേക്ക്‌ മ്യൂസിയം ഈ വിഭാഗത്തില്‍ ലോകത്തെ ആദ്യത്തേതാണെന്നു കരുതുന്നു. ഇന്ത്യയില്‍ ഇതുപോലെ മറ്റൊന്നില്ല. തേക്കിന്റെ ചരിത്രപരവും ശാസ്‌ത്രീയവും സൗന്ദര്യപരവുമായ വശങ്ങളെല്ലാം ഈ കാഴ്‌ചബംഗ്ലാവ്‌ അവതരിപ്പിക്കുന്നു. കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടി (KFRI)ന്റെ ഉപകേന്ദ്രത്തില്‍ 1995-ല്‍ ആണ്‌ തേക്ക്‌ മ്യൂസിയം ആരംഭിച്ചത്‌. നിലമ്പൂര്‍ മേഖലയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ്‌ മ്യൂസിയം ഇവിടെ സ്ഥാപിതമായത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1840 കളിലാണ്‌ ലോകത്തെ ആദ്യത്തെ തേക്കുമര (Tectona grandis) ത്തോട്ടം നിലമ്പൂരില്‍ ആരംഭിച്ചത്‌. 

കാലഭേദമില്ലാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാണ്‌ തേക്ക്‌ മ്യൂസിയം. പൂമുഖത്തു തന്നെ 55 വര്‍ഷം പഴക്കമുള്ള ഒരു തേക്കിന്റെ ചുവട്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. മ്യൂസിയത്തിന്റെ ഭൂതവര്‍ത്തമാനഭാവികളുടെ പ്രതീകമാണിത്‌. 

രണ്ടു നിലയുള്ള മ്യൂസിയത്തിന്റെ താഴത്തെ നിലയില്‍ ലോകത്തെ ഏറ്റവും പുരാതനമായ തേക്കുമരമായ കണ്ണിമാറാ തേക്ക്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പറമ്പിക്കുളം വന്യജീവിസങ്കേതത്തില്‍ നിന്നാണ്‌ ഇതു കണ്ടെത്തിയത്‌. മലയാറ്റൂര്‍ ഫോറസ്‌റ്റ്‌ ഡിവിഷനിലുള്ളതും അറിയപ്പെടുന്നതില്‍ വച്ച്‌ ഏറ്റവും വലിപ്പമുള്ളതുമായ തേക്കു മരത്തിന്റെ തടിയുടെ മാതൃകയും ഇവിടെയുണ്ട്‌. നിലമ്പൂരിലെ കൊണോലിസ്‌ പ്ലോട്ടിലെ ഏറ്റവും പഴയ തേക്കിന്‍ തോട്ടത്തിലെ ഒരു മരമാണ്‌ മറ്റൊരാകര്‍ഷണം. ഒന്നര നൂറ്റാണ്ടു മുമ്പു നടന്ന തേക്കിന്‍ തോട്ട നിര്‍മാണത്തിന്റെ ചിത്രം നല്‍കാന്‍ ഇതിനു കഴിയുന്നു. തേക്കു കൊണ്ടു നിര്‍മിച്ച ഉരു (പായ്‌ക്കപ്പല്‍) വിന്റെ ചെറു മാതൃകയും 
ഇവിടെയുണ്ട്‌. 

പല തരത്തിലുള്ള തേക്കിന്‍ തടികള്‍, അവയെ വര്‍ഗീകരിക്കുന്നതിന്റെ വിശദാംശങ്ങള്‍, പൂവ്‌, കായ്‌, കൊമ്പ്‌ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍ക്കൊപ്പം കോട്ടയം ഫോറസ്‌റ്റ്‌ ഡിവിഷനിലെ നഗരമ്പാറ വനത്തില്‍ നിന്നുള്ള 480 വര്‍ഷം പഴക്കമുള്ള തേക്കു മരത്തിന്റെ കുറ്റിയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 

തേക്കിന്‍ തോട്ടങ്ങളില്‍ കാണപ്പെടുന്ന മുന്നൂറിലധികം ചിത്രശലഭങ്ങള്‍, പ്രാണികള്‍ തുടങ്ങിയവയുടെ ശേഖരം, തേക്കിനെ ബാധിക്കുന്ന കീടങ്ങളുടെ ശേഖരം, രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയും മ്യൂസിയത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. 

തേക്കു മുറിക്കലിനെക്കുറിച്ചുള്ള പെയിന്റിങ്ങുകള്‍, ഫോട്ടോഗ്രാഫുകള്‍, ഉപകരണങ്ങള്‍, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്‌ത കാലങ്ങളിലെ തടിമാതൃകകള്‍ തുടങ്ങിയവയാണ്‌ മറ്റു ചില ആകര്‍ഷണങ്ങള്‍. തേക്കിന്‍ തോട്ട നിര്‍മ്മാണത്തിന്‌ അടിത്തറയിട്ട എച്ച്‌. വി. കൊണോലി (H. V. Connolly), ചാത്തുമേനോന്‍, ടി. എഫ്‌. ബൂര്‍ദിലിയോണ്‍ (T. F. Bourdillion) തുടങ്ങിയവരുടെ ഛായാചിത്രങ്ങളും തേക്കിനെക്കുറിച്ചുള്ള ലോക നിലവാരമുള്ള ലൈബ്രറിയും ദൃശ്യ-ശ്രാവ്യ പ്രദര്‍ശനവും മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. 

മ്യൂസിയം വളപ്പിലെ 800 മീറ്റര്‍ നീളമുള്ള ജൈവസ്രോതസ്‌ ഗിരിപഥം (Bio-resources nature trail)കുറ്റിക്കാടുകള്‍ക്കും മരക്കൂട്ടങ്ങള്‍ക്കും മുളങ്കാടുകള്‍ക്കുമിടയിലൂടെ കടന്നു പോകുന്നു. നാനാജാതികളില്‍പ്പെട്ട ഉരഗങ്ങളെയും പക്ഷികളെയും ഇവിടെ കാണാം. സഹ്യാദ്രിയിലെ 50 ഇനം മരങ്ങളും അന്യം നിന്നവയോ അതിന്റെ വക്കത്തെത്തിയതോ ആയ 136 ഇനം മരങ്ങളും ഇവിടെ സ്വാഭാവികമായി വളര്‍ന്നു നില്‍ക്കുന്നു. ദേശാടകരും അല്ലാത്തതുമായ 58 ഇനം പക്ഷികളും ഇവിടെയുണ്ട്‌. 150 ജാതി സസ്യങ്ങളുള്ള ഒരു ഔഷധത്തോട്ടവും കാണേണ്ട 
കാഴ്‌ചയാണ്‌. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : നിലമ്പൂര്‍ 3 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കോഴിക്കോട്‌. മലപ്പുറത്തു നിന്ന്‌ 36 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.