നിലമ്പൂര്‍സ്ഥലം : മലപ്പുറം നഗരത്തില്‍ നിന്ന്‌ 40 കി. മീ. 

ലോകത്തെ ഏറ്റവും പഴക്കമുള്ള തേക്കിന്‍ തോട്ടത്തിന്റെ പേരില്‍ പ്രശസ്‌തമാണ്‌ നിലമ്പൂര്‍. പട്ടണത്തില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ അകലെയാണ്‌ കൊണോലീസ്‌ പ്ലോട്ട്‌ (Connolly's Plot)എന്ന ഈ തോട്ടം. ലോകത്തെ ആദ്യത്തെ തേക്ക്‌ മ്യൂസിയം, വിശാലമായ മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍, ആദിവാസികേന്ദ്രങ്ങള്‍, പുരാതനകോവിലകങ്ങള്‍ തുടങ്ങിയവയെല്ലാം നിലമ്പൂരിന്റെ പെരുമ വര്‍ധിപ്പിക്കുന്നു. 

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മലബാര്‍ ജില്ലാകളക്ടറായിരുന്ന എച്ച്‌. വി. കൊണേലി (H. V. Connolly)യാണ്‌ നിലമ്പൂര്‍ പ്രദേശത്ത്‌ തേക്കിന്‍ തോട്ടങ്ങള്‍ക്കു തുടക്കം കുറിച്ചത്‌. ചാത്തു മേനോന്‍ എന്ന ഫോറസ്‌റ്റ്‌ ഓഫീസര്‍ക്കായിരുന്നു തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ചുമതല. കൊണോലീസ്‌ പ്ലോട്ടിലാണ്‌ ചാത്തുമേനോന്‍ അന്ത്യവിശ്രമം കൊള്ളുന്നതും. കന്നിമാരിയെന്ന പഴക്കമേറിയ തേക്കുമരമാണ്‌ കൊണോലീസ്‌ പ്ലോട്ടിലെ ആകര്‍ഷണങ്ങളിലൊന്ന്‌. ചാലിയാര്‍ പുഴയ്‌ക്കരികെ അരുവാക്കോടില്‍ കടത്തു ബോട്ടുണ്ട്‌. 

നിലമ്പൂര്‍ ടൗണില്‍ നിന്ന്‌ ഏതാനും കിലോമീറ്ററകലെ നിലമ്പൂര്‍ - ഗൂഡല്ലൂര്‍ റോഡിലാണ്‌ ലോകപ്രസിദ്ധമായ തേക്ക്‌ മ്യൂസിയം. കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപകേന്ദ്രമാണ്‌ ഇത്‌. തേക്കിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ ഇരുനില മന്ദിരത്തില്‍ ശാസ്‌ത്രീയമായി വിന്യസിച്ചിരിക്കുന്നു. 

ടൗണില്‍ നിന്ന്‌ 18 കി. മീ. അകലെയുള്ള നെടുങ്കയം മഴക്കാടുകള്‍ക്കു പ്രസിദ്ധമാണ്‌. ഇവിടെയുള്ള മരത്തില്‍ നിര്‍മിച്ച റെസ്റ്റ്‌ ഹൗസ്‌ ബ്രിട്ടീഷുകാരുടെ കാലത്ത്‌ വന്യമൃഗങ്ങളെ കാണാന്‍ വേണ്ടി പണിതതാണ്‌. വനം വകുപ്പില്‍ നിന്ന്‌ അനുവാദം വാങ്ങിയാല്‍ കാട്ടില്‍ പ്രവേശിക്കാം. വനസംരക്ഷണത്തിനായി കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇവിടെ നിന്ന്‌ കൊടുംകാട്ടിലൂടെ അരമണിക്കൂര്‍ ജീപ്പില്‍ യാത്രചെയ്‌താല്‍ മഞ്ചേരിയിലെത്താം. ആദിവാസി വിഭാഗമായ ചോലനായ്‌ക്കരുടെ കേന്ദ്രമാണിവിടം. 

ഈ മേഖലയിലെ മറ്റൊരു ആദിവാസി കേന്ദ്രം വാലന്തോട്‌ (Valamthode)മലയ്‌ക്കു മുകളിലാണ്‌. കോഴിക്കോടു നിന്ന്‌ അരീക്കോട്‌ - മുക്കം റോഡിലൂടെ മാത്രമേ ഇവിടെയെത്താനാവൂ. വാലന്തോട്‌ നിലമ്പൂരില്‍ നിന്ന്‌ 27 കിലോമീറ്റര്‍ അകലെയാണ്‌. 

തദ്ദേശീയ രാജാക്കന്മാരുടെ ഒട്ടേറെ കോവിലകങ്ങള്‍ നിലമ്പൂരിലുണ്ട്‌. മനോഹരമായ ദാരുശില്‌പങ്ങള്‍ക്കും ചുമര്‍ ചിത്രങ്ങള്‍ക്കും പ്രശസ്‌തമാണ്‌ ഈ മന്ദിരങ്ങള്‍. ഫെബ്രുവരി മാസത്തില്‍ നടക്കുന്ന കളം പാട്ടുത്സവമായ നിലമ്പൂര്‍ പാട്ട്‌ പ്രസിദ്ധമാണ്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ റെയില്‍പ്പാതയുടെ ടെര്‍മിനസാണ്‌ നിലമ്പൂര്‍
സമീപസ്ഥ വിമാനത്താവളം : കോഴിക്കോട്‌ 26 കി. മീ. മലപ്പുറത്തു നിന്ന്‌

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.