സമ്പദ്‌ഘടന


ഇന്ത്യയുടെ ദേശീയ സാമ്പത്തികരംഗത്തു നിന്നു വേര്‍തിരിച്ചു കാണാനാവില്ലെങ്കിലും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായതു കൊണ്ട്‌ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക്‌ സവിശേഷമായ സ്ഥാനമുണ്ട്‌. മനുഷ്യവികസനശേഷിയുടെ അടിസ്ഥാനസൂചകങ്ങളില്‍ കേരളം ആര്‍ജ്ജിച്ചിട്ടുള്ള നേട്ടങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്‌. മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ ജനസംഖ്യാ വളര്‍ച്ച നിരക്ക്‌, ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന ജനസാന്ദ്രത, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ഉയര്‍ന്ന സാമൂഹിക-ആരോഗ്യാവബോധം, കുറഞ്ഞ ശിശുമരണനിരക്ക്‌, ഉയര്‍ന്ന സാക്ഷരത, സാര്‍വജനീനമായ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ സൗകര്യം തുടങ്ങിയവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള മനുഷ്യശേഷി സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ അനുകൂല ഘടകം സൃഷ്ടിക്കുന്നു. "എന്നാല്‍ ഉത്‌പാദനമേഖലയിലെ മാന്ദ്യം, ഉയര്‍ന്ന തൊഴിലില്ലായ്‌മ, വില വര്‍ധന, താഴ്‌ന്ന പ്രതിശീര്‍ഷ വരുമാനം, ഉയര്‍ന്ന ഉപഭോഗം എന്നിവ ഒത്തുചേര്‍ന്ന്‌ കേരള സമ്പദ്‌ഘടന തികച്ചും സങ്കീര്‍ണ്ണമായ ചിത്രമാണ്‌ പ്രദാനം ചെയ്യുന്നത്‌". (10)[[E001]]

ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ദക്ഷിണ കൊറിയ, മലേഷ്യ, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമായാണ്‌ കേരളത്തെ താരതമ്യം ചെയ്യാവുന്നത്‌. എന്നാല്‍ കേരളത്തില്‍ നിന്നു വ്യത്യസ്‌തമായി ആ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്‌ (11). മനുഷ്യവികസന ഇന്‍ഡെക്‌സ്‌ അനുസരിച്ച്‌ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ മുന്നിട്ടു നിന്നിട്ടുണ്ടെങ്കിലും പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ സമീപകാലം വരെ താഴെയായിരുന്നു. അതേസമയം വളര്‍ച്ചയുടെ സ്വഭാവമാണ്‌ സമ്പദ്‌ഘടന പ്രദര്‍ശിപ്പിക്കുന്നത്‌. "എണ്‍പതുകളുടെ അവസാനം മുതല്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന വിതാനത്തിലേക്കു ഗതിമാറി. അതിപ്പോഴും തുടരുന്നു. എന്നാല്‍ ഈ വളര്‍ച്ചയ്‌ക്ക്‌ ഒരു അടിസ്ഥാന ദൗര്‍ബല്യമുണ്ട്‌. ആഗോളവത്‌കരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ തകര്‍ത്തു. ഈ തുറകളില്‍ ആറേഴു വര്‍ഷമായി ഏതാണ്ട്‌ സമ്പൂര്‍ണ്ണ മുരടിപ്പാണ്‌. ഇതിലൊരു മാറ്റം വരുന്നു എന്നത്‌ ശുഭോദര്‍ക്കമാണ്‌" (12). നീതിപൂര്‍വവും സ്ഥായിയും ആയ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണ്‌ കേരളം ലക്ഷ്യമിടുന്നത്‌. അതേസമയം വികസനമേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ ദുര്‍ബലപ്പെടുത്തുകയും സാമൂഹികക്ഷേമ ചെലവുകള്‍ കുറയ്‌ക്കുകയും ചെയ്യുന്ന നയം പിന്തുടരുന്നുമില്ല.[[E002]]

ദേശീയ സ്വാതന്ത്ര്യലബ്ധിക്കു മുമ്പു നിലനിന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളിലെ വികാസങ്ങളാണ്‌ ആധുനികകേരളത്തിന്റെ സമ്പദ്‌ഘടനയുടെ ചരിത്രപശ്ചാത്തലം. ഭൂമിശാസ്‌ത്ര സവിശേഷതകള്‍ കേരളത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക്‌ പ്രകൃതി സമ്പത്തിന്റെ വൈവിധ്യത്തോടൊപ്പം തൊഴില്‍പരമായ വൈവിധ്യവും സമ്മാനിക്കുന്നു. മൂന്നു പ്രധാന ഭൂപ്രകൃതി മേഖലകളില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ തീരസമതലത്തിലെ (ചതുരശ്ര കിലോമീറ്ററിന്‌ 819 എന്ന കേരളത്തിന്റെ ജനസാന്ദ്രത ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്‌ - 2001 സെന്‍സസ്‌) ഫലഭൂയിഷ്‌ഠമായ മണ്ണും നദീതാഴ്‌വരകളും കായലുകളും മീന്‍പിടിത്തത്തിനും നെല്ല്‌, തെങ്ങ്‌, പച്ചക്കറികള്‍ തുടങ്ങിയവയുടെ കൃഷിക്കും സഹായകമാണ്‌. ഇടനാടന്‍ പ്രദേശങ്ങളില്‍ തെങ്ങ്‌, നെല്ല്‌, മരിച്ചീനി, കമുക്‌, കശുമാവ്‌, റബര്‍, കുരുമുളക്‌, ഇഞ്ചി തുടങ്ങിയവ കൃഷിചെയ്യുന്നു. ജനസാന്ദ്രത കുറഞ്ഞ കിഴക്കന്‍ മലനാട്ടിലെ കാപ്പി, തേയില, റബര്‍ എന്നിവയുടെ കൃഷി കൊളോണിയല്‍ കാലഘട്ടം മുതല്‍ ആരംഭിച്ചതാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടടുത്ത്‌ കിഴക്കന്‍ മലയോരമേഖലയിലേക്കുണ്ടായ കുടിയേറ്റം സമ്പദ്‌ഘടനയുടെ വികാസത്തില്‍ വലിയ പങ്കുവഹിച്ചു.[[E003]]

നാണ്യവിളകള്‍ക്കും ഭക്ഷ്യവിളകള്‍ക്കും അനുയോജ്യമാണ്‌ കേരളത്തിലെ കാര്‍ഷിക കാലാവസ്ഥാ ഘടകങ്ങള്‍. കൊളോണിയല്‍ വാഴ്‌ചക്കാലത്തെ താല്‌പര്യങ്ങളും ഭരണസംവിധാനവും കമ്പോളസ്ഥിതിയും നാണ്യവിളകള്‍ക്ക്‌ മേല്‍ക്കോയ്‌മ നല്‍കി. കയര്‍വ്യവസായം, തടിവ്യവസായം, ഭക്ഷ്യ എണ്ണ ഉത്‌പാദനം തുടങ്ങിയവയ്‌ക്കു വഴിയൊരുക്കിയത്‌ കൃഷിയാണ്‌. ധാതുക്കള്‍, രാസവസ്‌തുക്കള്‍, എന്‍ജിനീയറിങ്ങ്‌ തുടങ്ങിയവയെ ആധാരമാക്കിയുള്ള വലിയ ആധുനിക വ്യവസായങ്ങളും ഇതിനൊപ്പം വികസിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ഈ രംഗങ്ങളിലുണ്ട്‌. കയര്‍ നിര്‍മ്മാണം, കൈത്തറി, കരകൗശലം തുടങ്ങിയവ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളാണ്‌.[[E004]]

കേരളത്തിന്റെ സമ്പദ്‌ഘടന കാര്‍ഷികാധിഷ്‌ഠിതമാണെന്നു പറയാനാവില്ല. ഈ പ്രാഥമിക മേഖല (കാര്‍ഷിക മേഖല) യോ വിവിധ ഉത്‌പാദന - നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദ്വിതീയ മേഖല (വ്യവസായ മേഖല) യോ അല്ല തൃതീയ മേഖലയായ സേവന മേഖലയാണ്‌ കേരളത്തിന്റെ വികസനാനുഭവത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. വരുമാനത്തിന്റെയും തൊഴിലിന്റെയും വലിയ പങ്ക്‌ ഉണ്ടാകുന്നതും ഇവിടെ നിന്നു തന്നെ. "പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിലൂടെ കടന്ന്‌ വികസനത്തിന്റെ ഗിരിശൃംഗങ്ങളിലേക്കു ലക്ഷ്യമിടുന്ന സാമ്പത്തിക വളര്‍ച്ചാ സിദ്ധാന്തത്തിനു കടകവിരുദ്ധമായി പ്രാഥമിക മേഖലയില്‍ നിന്നു തൃതീയ മേഖലയിലേക്കു കുതിച്ചു ചാട്ടം നടത്തി വികസിത രാജ്യങ്ങള്‍ക്കൊപ്പം ജനന മരണനിരക്കിലും സാക്ഷരതയിലും ശരാശരി ആയുസ്സിലുമൊക്കെ സ്ഥാനം പിടിച്ച കേരളം, കുറഞ്ഞ പ്രതിശീര്‍ഷ വരുമാനവും ഉയര്‍ന്ന തൊഴിലില്ലായ്‌മയും 'കൈമുതലാ'ക്കിക്കൊണ്ട്‌ ഇവ എങ്ങനെ സാര്‍ത്ഥകമാക്കിയെന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി ഏവരുടെയും മുന്നില്‍ നിലകൊള്ളുകയാണ്‌. ഭാരതത്തിലെ മറ്റൊരു സംസ്ഥാനവും ഇത്തരത്തില്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. സാമ്പത്തിക രംഗത്തു മാത്രമല്ല രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും കേരളത്തിന്റെ മുതല്‍ക്കൂട്ട്‌ വികസിത രാജ്യങ്ങളില്‍ മാതൃകയായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ ചര്‍ച്ചകളില്‍ 1980-കളുടെ അവസാനം ഏറ്റവും മുന്‍പന്തിയില്‍ കേരള സമ്പദ്‌ഘടന കൈവരിച്ച അപൂര്‍വ്വ നേട്ടം പില്‍ക്കാലത്ത്‌ കേരള മാതൃക (Kerala Model) എന്ന പേരില്‍ അറിയപ്പെട്ടതാണ്‌" (13). ഈ മാതൃകയ്‌ക്കു നേരെ ഇന്ന്‌ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തപ്പെടുന്നുണ്ട്‌. അതിന്റെ സുസ്ഥിരതയില്‍ സാമ്പത്തിക വിദഗ്‌ധര്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നു.[[E005]]

കേരളത്തിന്റെ സാമൂഹിക വികാസത്തിന്റെ പ്രസക്തമായ സ്രോതസ്സുകള്‍പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ സാമൂഹിക ക്ഷേമ നയങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ചെലവിടലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലെയും വിദേശത്തെയും വിശേഷിച്ചും ഗള്‍ഫ്‌ രാജ്യങ്ങളിലെ കേരളീയര്‍ (Non resident Keralites) കൊണ്ടു വരുന്ന വന്‍തുകകളുമാണ്‌ (14). ആധുനിക കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ നിര്‍ണ്ണായകസ്ഥാനമുണ്ട്‌ പ്രവാസി കേരളീയര്‍ക്ക്‌. എങ്കിലും സമ്പദ്‌ ഘടനയുടെ വികാസത്തിനായി 2007 - 2008 ലെ ബജറ്റ്‌ മുന്നോട്ടു വയ്‌ക്കുന്ന കര്‍മ പരിപാടികളിലെ മുഖ്യഘടകങ്ങള്‍ ഇവയാണ്‌ :

1. കാര്‍ഷിക, പരമ്പരാഗത മേഖലകളുടെ സംരക്ഷണം
2. വിദ്യാഭ്യാസ ആരോഗ്യാദി പൊതു സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍
3. നല്ല മത്സരശേഷിയുള്ള ഐ.ടി., വിനോദസഞ്ചാരം, ലൈറ്റ്‌ എന്‍ജിനീയറിങ്ങ്‌ തുടങ്ങിയ മേഖലകളിലേക്കുള്ള ചുവടുമാറ്റം.
4. മുകളില്‍പ്പറഞ്ഞ വളര്‍ച്ചാമേഖലകള്‍ക്കാവശ്യമായ ഭൗതിക പശ്ചാത്തലമൊരുക്കല്‍
5. ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കല്‍; സത്രീനീതി ഉറപ്പുവരുത്തല്‍; പരിസ്ഥിതി സംരക്ഷണം.
6. ജനാധിപത്യ അധികാര വികേന്ദ്രീകരണവും മറ്റ്‌ ഭരണപരിഷ്‌കാരങ്ങളും അഴിമതി നിര്‍മ്മാര്‍ജ്ജനവും. (15)


വാണിജ്യബാങ്കുകള്‍, സഹകരണബാങ്കുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ധനവിനിമയസംവിധാനങ്ങളും ഗതാഗതരംഗത്തെ വികാസങ്ങളും വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിലെ മുന്നേറ്റങ്ങളും ശക്തമായ തൊഴിലാളി പ്രസ്ഥാനം, സഹകരണപ്രസ്ഥാനം തുടങ്ങിയവയും കേരളത്തിന്റെ സമ്പദ്‌ഘടനയുടെ ശക്തമായ അടിസ്ഥാനങ്ങളാണ്‌.[[E006]]


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.