കിഴക്കേകോട്ടകേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയുള്ള കോട്ട ചരിത്രപ്രധാനമാണ്‌. കിഴക്കേക്കോട്ടയെന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രവും ഒട്ടേറെ കൊട്ടാരങ്ങളും അനുബന്ധമന്ദിരങ്ങളും അഗ്രഹാരങ്ങളും ഉള്‍പ്പെടുന്ന കോട്ട തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ പ്രാധാന്യമാണു വഹിച്ചിട്ടുള്ളത്‌. 

കോട്ടയുടെ മേഖല മുഴുവന്‍ പൈതൃകപ്രദേശമായി കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രശസ്‌തമായ ചാലക്കമ്പോളത്തെ അഭിമുഖീകരിച്ചു നില്‍ക്കുന്ന കിഴക്കേക്കോട്ട വാതിലിലൂടെ കോട്ടയ്‌ക്കകത്തേക്കു പ്രവേശിക്കാം. വെള്ളച്ചായംപൂശി കൊത്തളങ്ങളോടു കൂടി നില്‍ക്കുന്ന ഉന്നതമായ കിഴക്കേക്കോട്ട 1747-ല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ പണികഴിപ്പിച്ചതാണ്‌. ഫ്രഞ്ച്‌ വാസ്‌തുവിദ്യയുടെ സ്വാധീനത കോട്ടവാതിലിന്റെ ഇരുവശവുമുള്ള വലിയ മുറികളില്‍ കാണാം. കോട്ടവാതിലിനു മുകളിലെ രണ്ടു മണ്ഡപങ്ങള്‍ ഒരു കാലത്ത്‌ രാജകീയ വിളംബരങ്ങള്‍ പ്രഖ്യാപിക്കാനായി ഉപയോഗിച്ചിരുന്നവയാണ്‌. 

കിഴക്കേക്കോട്ടയ്‌ക്ക്‌ അല്‌പം തെക്കുമാറി കാണുന്ന ചുവന്ന കോട്ടവാതിലാണ്‌ വെട്ടിമുറിച്ച കോട്ട. ഇതിന്റെ ഇരുവശത്തും കാവല്‍പ്പുരകളുണ്ട്‌. വിശാഖം തിരുനാള്‍ മഹാരാജാവാണ്‌ ഇതിന്റെ പണിക്കു തുടക്കം കുറിച്ചത്‌. വെട്ടിമുറിച്ച കോട്ടയ്‌ക്കടുത്താണ്‌ സി. വി. എന്‍. കളരി. 

കിഴക്കേക്കോട്ടയിലൂടെ നേരെ ഉള്ളിലേക്കു കടന്നാല്‍ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം കാണാം. ദ്രാവിഡവാസ്‌തുശില്‌പശൈലിയില്‍ നിര്‍മിച്ച ഈ മഹാക്ഷേത്രത്തിന്റെ ഏഴുനിലയുള്ള ഗോപുരം വിസ്‌മയകരമായ കാഴ്‌ചയാണ്‌. അനന്തസര്‍പ്പത്തില്‍ കിടക്കുന്ന പദ്‌മനാഭനായ മഹാവിഷ്‌ണുവാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ. 18 മീറ്റര്‍ നീളമുണ്ട്‌ വിഗ്രഹത്തിന്‌. മാര്‍ത്താണ്ഡവര്‍മ മുതലുള്ള തിരുവിതാംകൂര്‍ രാജാക്കന്മാരെല്ലാം ശ്രീപദ്‌മനാഭ ദാസന്‍മാരായാണ്‌ നാടുവാണിരുന്നത്‌. ക്ഷേത്രത്തിനുള്ളിലെ മണ്ഡപം ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ്‌. 

ക്ഷേത്രത്തിനു മുന്നിലാണ്‌ തീര്‍ത്ഥക്കുളമായ പദ്‌മതീര്‍ത്ഥം. വിശാലമായ ഈ കുളത്തിനോടു ചേര്‍ന്ന പാതയിലൂടെയാണ്‌ ക്ഷേത്രത്തിലേക്കു പോകേണ്ടത്‌. ഇവിടെ 'മേത്തന്‍ മണി' യെന്ന അപൂര്‍വമായ എന്‍ജിനീയറിങ്‌ വിസ്‌മയം കാണാം. താടിയുള്ള ഒരു മനുഷ്യമുഖത്തിന്റെ ഇരുവശത്തുമായി രണ്ട്‌ ആടുകള്‍ ഇടിക്കുന്ന രൂപം ഡയലില്‍ കൊത്തിയ ഒരു ഘടികാരമാണിത്‌. ഓരോ മണിക്കൂര്‍ തികയുമ്പോഴും മനുഷ്യന്‍ വായ തുറക്കുകയും ആടുകള്‍ അയാളുടെ കവിളുകളില്‍ ഇടിക്കുകയും ചെയ്യും. 

പടിഞ്ഞാറുഭാഗത്തുള്ള പടിഞ്ഞാറേകോട്ട എന്ന കോട്ടവാതില്‍ 1818-ല്‍ നിര്‍മിച്ചതാണ്‌. സമീപത്തുണ്ടായിരുന്ന നരിയിടഞ്ചാന്‍ കോട്ട എന്ന കോട്ടവാതില്‍ അടച്ചപ്പോഴാണ്‌ പടിഞ്ഞാറേ കോട്ട നിര്‍മിച്ചത്‌. കിഴക്കേ കോട്ടയെപ്പോലെ പടിഞ്ഞാറേ കോട്ടയ്‌ക്കും ഫ്രഞ്ച്‌ വാസ്‌തുശില്‌പ സ്വാധീനമുണ്ട്‌. ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്‌ ഘോഷയാത്ര ഈ വാതിലിലൂടെയാണ്‌ കടന്നു പോകുന്നത്‌. പടിഞ്ഞാറേ കോട്ടയ്‌ക്ക്‌ കാല്‍ കിലോമീറ്റര്‍ അകലെയുള്ള അഴീക്കോട്ട, ഗവണ്‍മെന്റ്‌ ആശുപത്രിക്കടുത്തുള്ള ആശുപത്രിക്കോട്ട എന്നിവയാണ്‌ മറ്റു കോട്ടവാതിലുകള്‍. 

കോട്ടയ്‌ക്കുള്ളില്‍ ഒട്ടേറെ വമ്പന്‍ കൊട്ടാരങ്ങളും ഗംഭീരമന്ദിരങ്ങളും കാണാം. പാശ്ചാത്യവും പരമ്പരാഗതവുമായ ശൈലികളില്‍ നിര്‍മിതമായ ഈ മന്ദിരങ്ങള്‍ ഒരിക്കല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്നവയാണ്‌. 

കോട്ടയ്‌ക്കകത്തെ കൊട്ടാരങ്ങളില്‍ ഏറ്റവും മനോഹരമെന്നു കരുതുന്ന അനന്തവിലാസം കൊട്ടാരം 1880-ല്‍ വിശാഖം തിരുനാള്‍ മഹാരാജാവാണു നിര്‍മിച്ചത്‌. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിനു തെക്കുവശത്താണ്‌ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. ബറോക്‌, റോക്കോക്കോ വാസ്‌തു ശില്‌പശൈലികള്‍ അനന്തവിലാസം കൊട്ടാരത്തില്‍ കാണാം. തൊട്ടടുത്തുള്ള കൃഷ്‌ണവിലാസം കൊട്ടാരം ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണു നിര്‍മിച്ചത്‌ (1885). പരമ്പരാഗതവും പാശ്ചാത്യവുമായ വാസ്‌തുശില്‌പശൈലികള്‍ ഇവിടെ സംയോജിക്കുന്നു. കോട്ടയ്‌ക്കകത്തെ ഏറ്റവും പഴക്കമുള്ള രാജകീയ മന്ദിരമാണ്‌ ശ്രീപാദം കൊട്ടാരം. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിനു വടക്കായി നിലകൊള്ളുന്ന ഈ മന്ദിരത്തിലാണ്‌ ക്ഷേത്രത്തില്‍ വരുമ്പോള്‍ രാജാക്കന്മാരും റാണിമാരും തങ്ങിയിരുന്നത്‌. 

സരസ്വതി വിലാസം, സുന്ദര വിലാസം എന്നിവയാണ്‌ പ്രാധാന്യമര്‍ഹിക്കുന്ന മറ്റു രണ്ടു രാജമന്ദിരങ്ങള്‍. കേരളീയവും പാശ്ചാത്യവുമായ ശൈലികള്‍ കൂട്ടിയിണക്കിയ സരസ്വതി വിലാസം കൊട്ടാരം ഉയര്‍ന്ന ഭിത്തികളും നീണ്ട വരാന്തകളും കമാനവാതിലുകളും ഉരുളന്‍ തൂണുകളും കൊണ്ട്‌ വ്യത്യസ്‌തമായി നില്‍ക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നിര്‍മിച്ച ഇവിടെ കവിയും മഹാപണ്ഡിതനുമായിരുന്ന കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ താമസിച്ചിരുന്നു. 

സരസ്വതിവിലാസത്തിനടുത്താണ്‌ ശ്രീമൂലം തിരുനാളിന്റെ കാലത്തു നിര്‍മിച്ച സുന്ദരവിലാസം കൊട്ടാരം. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട നടക്കുന്നത്‌ ഇവിടെയാണ്‌. കുതിരമാളിക, നവരാത്രി മണ്ഡപം എന്നിവ കാണാതെ കോട്ടയ്‌ക്കകത്തേക്കുള്ള സന്ദര്‍ശനം പൂര്‍ണമാകില്ല. 

കിഴക്കേകോട്ടയില്‍ നിന്ന്‌ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇടതുവശത്താണ്‌ കുതിരമാളിക. പുത്തന്‍ മാളിക എന്നു കൂടി പേരുള്ള ഈ കൊട്ടാരം നിര്‍മിച്ചത്‌ 1844-ല്‍ സ്വാതി തിരുനാള്‍ മഹാരാജാവാണ്‌. കൊട്ടാരത്തിന്റെ മുകള്‍ നിലയിലെ കുതിരശില്‌പങ്ങളില്‍ നിന്നാണ്‌ കുതിരമാളിക എന്ന പേരുലഭിച്ചത്‌. കേരളീയ വാസ്‌തുശില്‌പരീതിയില്‍ നിര്‍മിക്കപ്പെട്ട ഈ ഇരുനില മന്ദിരത്തിലെ അമ്പാരി മുഖപ്പിലിരുന്നാണ്‌ സംഗീത ചക്രവര്‍ത്തികൂടിയായിരുന്ന സ്വാതി തിരുനാള്‍ തന്റെ സംഗീതകൃതികള്‍ രചിച്ചതും സംഗീതജ്ഞരെയും മറ്റു കലാകാരന്മാരെയും സ്വീകരിച്ചതും. അമ്പാരി മുഖപ്പിലിരുന്നാല്‍ ക്ഷേത്രത്തിന്റെ ദൃശ്യവും ലഭിക്കും. കുതിരമാളികയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തില്‍ രാജാ രവിവര്‍മയുടെ പെയിന്റിങ്ങുകളും തിരുവിതാംകൂര്‍ രാജകുടുംബം ഉപയോഗിച്ചിരുന്ന വസ്‌തുക്കളും മറ്റുമുണ്ട്‌. 

പദ്‌മനാഭസ്വാമി ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള നവരാത്രിമണ്ഡപത്തിലാണ്‌ 10 ദിവസത്തെ നവരാത്രി സംഗീതോത്സവം നടക്കുന്നത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതജ്ഞന്മാര്‍ ഇവിടെ പാടാറുണ്ട്‌. അമ്മവീടുകള്‍ എന്നറിയപ്പെടുന്ന രാജമന്ദിരങ്ങളും കോട്ടയ്‌ക്കകത്തുണ്ട്‌. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഭവനങ്ങള്‍ തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ഭാര്യമാരുടെ വസതികളായിരുന്നു. മരുമക്കത്തായികളായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിവാഹം കഴിച്ചിരുന്നില്ല. പകരം നായര്‍ സ്‌ത്രീകളെ സംബന്ധം കഴിക്കുകയായിരുന്നു പതിവ്‌. അവരുടേതാണ്‌ അമ്മ വീടുകള്‍. അരുമന, തഞ്ചാവൂര്‍, വടശ്ശേരി തുടങ്ങിയവയാണ്‌ ഇതില്‍ പ്രമുഖം. കേരളീയ - യൂറോപ്യന്‍ വാസ്‌തുശില്‌പശൈലികള്‍ സംയോജിക്കുന്ന അമ്മ വീടുകള്‍ അസാധാരണ നിര്‍മിതികളാണ്‌. സിമന്റും ഇരുമ്പും കൂടാതെ നിര്‍മ്മിച്ച അവ രാജകീയ പ്രൗഢിയോടെ നിലകൊള്ളുന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.