കേരള രാഷ്ട്രീയം - ഒരു വിഹഗവീക്ഷണം


കേരളത്തിലെ ആധുനിക ജനാധിപത്യ സംവിധാനത്തിന്റെ തുടക്കം. തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ 1888 ഓഗസ്‌റ്റ്‌ 15ന്‌ നിലവില്‍ വന്ന ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ നിന്നാണ്‌. ആറ്‌ ഔദ്യോഗികാംഗങ്ങളും രണ്ട്‌ അനൗദ്യോഗികാംഗങ്ങളും ഉള്‍പ്പെട്ട ഈ സഭ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ നിയമനിര്‍മാണസഭയായിരുന്നു. ദിവാനായിരുന്നു സഭാധ്യക്ഷന്‍. 1888 ഓഗസ്‌റ്റ്‌ 23ന്‌ കൗണ്‍സിലിന്റെ ആദ്യയോഗം ചേര്‍ന്നു. മൂന്നു വര്‍ഷമായിരുന്നു കൗണ്‍സിലിന്റെ കാലാവധി. 1898-ല്‍ അംഗസംഖ്യ 15 ആയി ഉയര്‍ത്തി.

1904 ഒക്ടോബറില്‍ ശ്രീമൂലം തിരുനാള്‍ മറ്റൊരു ജനാധിപത്യ സംവിധാനം കൂടി ഏര്‍പ്പെടുത്തി. ശ്രീമൂലം പ്രജാസഭ എന്ന അസംബ്ലിയായിരുന്നു അത്‌. വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 100 അംഗങ്ങളാണ്‌ പ്രജാസഭയില്‍ ഉണ്ടായിരുന്നത്‌. 1904 ഒക്ടോബര്‍ 23ന്‌ തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളില്‍ സഭയുടെ ആദ്യയോഗം ചേര്‍ന്നു. നിയമപരമായ അധികാരമില്ലെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കാനുള്ള വേദിയായി പ്രജാസഭ മാറി. 1921-ല്‍ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിന്റെ അംഗ സംഖ്യ 50 ആയി ഉയര്‍ത്തി. ഇതില്‍ 28 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു. ചില പരിമിതികള്‍ക്കു വിധേയമായി ബജറ്റിലെ ധനാഭ്യര്‍ത്ഥനകളില്‍ വോട്ടു ചെയ്യാനും പ്രമേയങ്ങള്‍ അവതരിപ്പിക്കാനും ഉപചോദ്യങ്ങള്‍ ഉന്നയിക്കാനും അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവരാനുമുള്ള അവകാശം കൗണ്‍സിലിലെ പ്രതിനിധികള്‍ക്കു ലഭിച്ചു. 1930 ജനുവരി 12-ന്‌ സ്വീകരിച്ച നടപടികള്‍ പ്രകാരം കൗണ്‍സിലിന്‌ അഭിപ്രായസ്വാതന്ത്യവും ലഭിച്ചു. അഞ്ചു രൂപയില്‍ കുറയാത്ത ഭൂനികുതി അടയ്‌ക്കുന്നവര്‍ക്കും സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്കും നഗരസഭയില്‍ തൊഴില്‍ക്കരം അടയ്‌ക്കുന്നവര്‍ക്കുമായിരുന്നു വോട്ടവകാശം.

ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിന്റെ പേര്‌ ശ്രീ ചിത്രാ സ്റ്റേറ്റ്‌ കൗണ്‍സില്‍ എന്നായി. 1937 മുതല്‍ ഒരു രൂപ കരം തീരുവയുള്ളവര്‍ക്ക്‌ വോട്ടവകാശവും ലഭിച്ചു. സ്‌റ്റേറ്റ്‌ കൗണ്‍സിലിനെ ഉപരിസഭയും പ്രജാസഭയെ അധോസഭയുമായും
മാറ്റിക്കൊണ്ടുള്ള ദ്വിമണ്ഡല സമ്പ്രദായമാണ്‌ നിലവില്‍ വന്നത്‌. 1947 സെപ്‌തംബര്‍ വരെ ഇത്‌ തുടര്‍ന്നു. 1947 സെപ്‌തംബര്‍ നാലിന്‌ മഹാരാജാവ്‌ പുറപ്പെടുവിച്ച വിളംബര പ്രകാരം തിരുവിതാംകൂറില്‍ ഉത്തരവാദ സര്‍ക്കാരും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ കോണ്‍സ്‌റ്റിറ്റിയുവന്റ്‌ അസംബ്ലി രൂപവത്‌കൃതമായി. ഇതോടെ ശ്രീചിത്രാ സ്‌റ്റേറ്റ്‌ കൗണ്‍സിലും പ്രജാസഭയും ഇല്ലാതായി.

കൊച്ചിയില്‍ 1923-ല്‍ ലെജിസ്ലേറ്റീവ്‌ കൗണ്‍സില്‍ നിലവില്‍ വന്നു. 1938 മുതല്‍ ദ്വിഭരണ സമ്പ്രദായവും. കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ മന്ത്രിക്ക്‌ കൃഷി,
സഹകരണം, പൊതുജനാരോഗ്യം, പഞ്ചായത്ത്‌, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ ചുമതല കിട്ടി. അമ്പാട്ട്‌ ശിവരാമ മേനോനായിരുന്നു ആദ്യത്തെ ജനകീയ മന്ത്രി. 1947 ഓഗസ്‌റ്റ്‌ 14ന്‌ കൊച്ചി മഹാരാജാവ്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിന്‌ പൂര്‍ണ്ണമായ ഉത്തരവാദഭരണം കൈമാറി.
ഒക്ടോബറില്‍ ടി. കെ. നായരുടെ നേതൃത്വത്തില്‍ മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. 1948-ല്‍
നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചീരാജ്യ പ്രജാമണ്ഡലത്തിന്‌ ഭൂരിപക്ഷം കിട്ടി. ഇക്കണ്ട വാരിയര്‍ പ്രധാന മന്ത്രിയായി കൊച്ചിയില്‍ മന്ത്രിസഭ നിലവില്‍ വന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച്‌ 24 ന്‌ പട്ടം താണുപിള്ള പ്രധാനമന്ത്രിയായി മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. പിന്നീട്‌ മന്ത്രിസഭ വികസിപ്പിച്ചു. തിരുവിതാംകൂര്‍ ഇടക്കാല ഭരണഘടനാ നിയമം അനുസരിച്ചു നിലവില്‍ വന്ന ഈ സര്‍ക്കാരിന്റെ ഭരണഘടനാപ്രകാരമുള്ള മേധാവി മഹാരാജാവായിരുന്നു.


തിരു - കൊച്ചി
1949 ജൂലൈ ഒന്നിന്‌ തിരുവിതാംകൂറും കൊച്ചിയും ലയിപ്പിച്ച്‌ തിരു - കൊച്ചി സംസ്ഥാനം രൂപവത്‌കരിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ്‌ ചിത്തിര തിരുനാള്‍ രാജപ്രമുഖന്‍ എന്ന പദവിയോടെ സംസ്ഥാനത്തിന്റെ തലവനായി. രണ്ടിടത്തെയും നിയമസഭാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ്‌ 178 അംഗ തിരു - കൊച്ചി നിയമസഭയ്‌ക്കു രൂപം നല്‍കിയത്‌. തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായിരുന്ന ടി. കെ. നാരായണപിള്ള തിരു - കൊച്ചിയുടെയും മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന്‌ 1951 ഫെബ്രുവരി മുതല്‍ 1952 മാര്‍ച്ച്‌ വരെ സി. കേശവന്‍ മുഖ്യമന്ത്രിയായി. എ. ജെ. ജോണ്‍, പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്നിവരും തിരു - കൊച്ചി
മുഖ്യമന്ത്രിമാരായിരുന്നു.

1956 മാര്‍ച്ച്‌ 23ന്‌ പനമ്പിള്ളി മന്ത്രി സഭ രാജിവച്ചതോടെ നിയമസഭ പിരിച്ചുവിട്ട്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1956 നവംബര്‍ ഒന്നിന്‌ കേരള സംസ്ഥാനം നിലവില്‍ വന്നതോടെ തിരു - കൊച്ചി ചരിത്രമായി മാറി.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.