ആധുനിക നിരൂപണം


കവിതയും നോവലും ചെറുകഥയും ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വിഗ്രഹഭഞ്‌ജകമായ മാറ്റം കൊണ്ടുവന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ നിരൂപണം 1970-കളിലാണ്‌ ആവിര്‍ഭവിച്ചത്‌. പാശ്ചാത്യസാഹിത്യസങ്കല്‌പങ്ങളോടും ദര്‍ശനങ്ങളോടുമുള്ള പരിചയവും സാഹിത്യത്തിലെ നവീന പരീക്ഷണങ്ങളോടുള്ള കൂറും ആധുനികനിരൂപണത്തെ പെട്ടെന്നു ശ്രദ്ധേയമാക്കി. പഴയ വിമര്‍ശന ശൈലിയില്‍ നിന്നു വിടുതി പ്രഖ്യാപിച്ചു കൊണ്ടുള്ള ഭാഷയും സൗന്ദര്യസങ്കല്‌പങ്ങളുമാണ്‌ അവര്‍ അവതരിപ്പിച്ചത്‌. കെ. പി. അപ്പന്‍, വി. രാജകൃഷ്‌ണന്‍, ആഷാമേനോന്‍, ആര്‍. നരേന്ദ്രപ്രസാദ്‌, അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ബി. രാജീവന്‍ തുടങ്ങിയവരാണ്‌ ഈ ഗണത്തില്‍ പ്രമുഖര്‍. 

കെ. പി. അപ്പന്റെ നിലപാടുകള്‍ ആധുനികതാപ്രസ്ഥാനത്തിനു ശക്തിപകര്‍ന്നു. സൗന്ദര്യം തികഞ്ഞ ഭാഷയും ആക്രമിക്കുന്ന ശൈലിയും കൊണ്ട്‌ അപ്പന്‍ മറ്റ്‌ ആധുനിക വിമര്‍ശകരില്‍ നിന്ന്‌ ഉയര്‍ന്നു നില്‍ക്കുന്നു. ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്‌കാരം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വരകളും വര്‍ണങ്ങളും, മലയാള ഭാവന - മൂല്യങ്ങളും സംഘര്‍ഷങ്ങളും, കലാപം വിവാദം വിലയിരുത്തല്‍, സമയപ്രവാഹവും സാഹിത്യകലയും, ഉത്തരാധുനികത : ചരിത്രവും വംശാവലിയും, വിവേകശാലിയായ വായനക്കാരാ, രോഗവും സാഹിത്യഭാവനയും, ബൈബിള്‍ : വെളിച്ചത്തിന്റെ കവചം തുടങ്ങിയവ മുഖ്യ കൃതികള്‍. 


പ്രമേയാധിഷ്‌ഠിത വിമര്‍ശനത്തിനുദാഹരണമാണ്‌ രാജകൃഷ്‌ണന്റെ രചനകള്‍ (മൗനം തേടുന്ന വാക്ക്‌, രോഗത്തിന്റെ പൂക്കള്‍, ആളൊഴിഞ്ഞ അരങ്ങ്‌, ചുഴികള്‍ ചിപ്പികള്‍, ചെറുകഥയുടെ ഛന്ദസ്സ്‌, നഗ്നയാമിനികള്‍, മറുതിരകാത്ത്‌) പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, പരിവ്രാജകന്റെ മൊഴി, പ്രതിരോധങ്ങള്‍, ജീവന്റെ കൈയൊപ്പ്‌, ഹെര്‍ബേറിയം, ഖാല്‍സയുടെ ജലസ്‌മൃതി തുടങ്ങിയവയാണ്‌ ആഷാമേനോന്റെ പ്രധാനകൃതികള്‍. ആത്മീയതയോടും പരിസ്ഥിതി ദര്‍ശനത്തോടും ഈ നിരൂപകന്‍ അടുപ്പം കാട്ടുന്നു. സാര്‍ത്രിയന്‍ സ്വാതന്ത്ര്യദര്‍ശനമാണ്‌ നരേന്ദ്രപ്രസാദിന്റെ വിമര്‍ശനകലയുടെ തത്ത്വചിന്താപരമായ അടിത്തറ. നിഷേധികളെ മനസ്സിലാക്കുക, ഭാവുകത്വം മാറുന്നു, ആധുനികതയുടെ മധ്യാഹ്നം, ഉണ്ണി പോകുന്നു തുടങ്ങിയവ മുഖ്യകൃതികള്‍.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.