മലയാള പത്രപ്രവര്‍ത്തനം


ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രൂപീകരണത്തില്‍ നിര്‍ണായകമായ പങ്കാണ്‌ മലയാള പത്രപ്രവര്‍ത്തനം വഹിച്ചിട്ടുള്ളത്‌. മലയാള ഭാഷയുടെ വികാസം, അച്ചടിയുടെ വികാസം, വിദ്യാഭ്യാസത്തിന്റെ വികാസം, പൗരാവകാശബോധം വളര്‍ത്തല്‍ തുടങ്ങിയവയ്‌ക്ക്‌ പത്രപ്രവര്‍ത്തനം നേതൃത്വം നല്‍കി. ദേശീയ സ്വാതന്ത്ര്യസമരത്തിനും ജാതി വ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തിലും രാഷ്ട്രീയ സ്വയംഭരണ സമരങ്ങളിലും പത്രങ്ങള്‍ നല്‍കിയ പിന്തുണ നിസ്സീമമാണ്‌. പാശ്ചാത്യ മിഷനറിമാര്‍ മത പ്രചാരണത്തിന്റെ ഭാഗമായി ആരംഭിച്ച മാസികകളെയാണ്‌ മലയാളത്തിലെ ആദ്യത്തെ പത്രങ്ങളായി പരിഗണിക്കുന്നത്‌. രാജ്യസമാചാരം, പശ്ചിമോദയം എന്നിവ ഉദാഹരണം. മതപ്രചാരണത്തോടൊപ്പം വിജ്ഞാന പ്രചാരണവും ജ്ഞാന നിക്ഷേപം ലക്ഷ്യമാക്കി.

1860 നുശേഷമാണ്‌ ശരിയായ അര്‍ത്ഥത്തിലുള്ള വര്‍ത്തമാനപത്രങ്ങള്‍ ആരംഭിച്ചത്‌. ഇംഗ്ലീഷിലുള്ള വെസ്റ്റേണ്‍ സ്റ്റാര്‍, പശ്ചിമതാരക, കേരള പതാക, സന്ദിഷ്ടവാദി, ദീപിക, കേരളമിത്രം, കേരളപത്രിക, കേരളസഞ്ചാരി തുടങ്ങിയ പത്രങ്ങളാണ്‌ ഇതിന്റെ മാതൃകകള്‍. 1890-ല്‍ ആരംഭിച്ച മലയാള മനോരമ മലയാള പത്രപ്രവര്‍ത്തനത്തിന്‌ പുതിയ വഴി സൃഷ്ടിച്ചു. സാമുദായിക നവീകരണമായിരുന്നു ആദ്യകാല പത്രങ്ങളില്‍ പലതിന്റെയും ലക്ഷ്യം. മലയാളി, സുജനാനന്ദിനി, മിതവാദി, കേരള കൗമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ ഈ ലക്ഷ്യത്തോടെയാണ്‌ ആരംഭിച്ചത്‌. രാജഭരണത്തിനെതിരെ പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നിരവധി പത്രങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ആരംഭിച്ചു. കേരള ദര്‍പ്പണം, കേരള പഞ്ചിക, സ്വദേശാഭിമാനി, കേരള ചിന്താമണി, സമദര്‍ശി, പ്രബോധകന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. നിര്‍ഭയമായ പത്ര പ്രവര്‍ത്തനത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട 'സ്വദേശാഭിമാനി' കെ. രാമകൃഷ്‌ണപിള്ളയും പൗരാവകാശവാദമുയര്‍ത്തി രാജവാഴ്‌ചയെ എതിര്‍ത്ത കേസരി എ. ബാലകൃഷ്‌ണപിള്ളയും മലയാള പത്രപ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം രചിച്ചു.

ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള സ്വാതന്ത്യസമരത്തിന്റെ ഭാഗമായി നിരവധി പത്രങ്ങള്‍ മലയാളത്തില്‍ ആരംഭിച്ചു. സ്വരാട്‌, മാതൃഭൂമി, അല്‍ - അമീന്‍, മലയാള രാജ്യം, ഗോമതി, ദീനബന്ധു, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുടെ ആവിര്‍ഭാവം സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്‌. കേരളത്തിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനത്തിന്‌ 1923-ല്‍ ആരംഭിച്ച മാതൃഭൂമി മഹത്തായ പ്രചോദനം നല്‍കി. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മലയാള പത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചു.

സുഗമമായ വഴിയായിരുന്നില്ല മലയാള പത്രപ്രവര്‍ത്തനത്തിന്റേത്‌. ആഴ്‌ചപ്പത്രങ്ങളായും മാസികകളായും ആരംഭിച്ച അവയില്‍ പലതും അകാലത്തില്‍ അവസാനിച്ചു. കുറച്ചു പത്രങ്ങള്‍ക്കു മാത്രമേ ദിനപത്രങ്ങളായി മാറാന്‍ കഴിഞ്ഞുള്ളൂ. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ചന്ദ്രിക, ദേശാഭിമാനി, ദീപിക എന്നിവ മാത്രമാണ്‌ പ്രതിസന്ധികള്‍ തരണം ചെയ്‌ത്‌ മുന്നേറി ഇന്നും പ്രസിദ്ധീകരിക്കുന്ന ആദ്യകാല പത്രങ്ങള്‍. മാധ്യമം, മംഗളം എന്നീ പത്രങ്ങള്‍ 1980 കളില്‍ ആരംഭിച്ചവയാണ്‌.

വര്‍ത്തമാന പത്രങ്ങള്‍ക്കൊപ്പം തന്നെ മലയാളത്തില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ന്യൂസ്‌ മാഗസിനുകള്‍, സ്‌പെഷ്യലിസ്റ്റ്‌ മാഗസിനുകള്‍, സാമുദായിക മാസികകള്‍ എന്നിങ്ങനെ മൂന്നായി അവയെ വര്‍ഗീകരിക്കാം. ഇതോടൊപ്പം തന്നെ പ്രധാനമാണ്‌ സാഹിത്യ പത്രപ്രവര്‍ത്തനവും. മുഖ്യധാരാ സാഹിത്യ മാസികകള്‍ക്കൊപ്പം പ്രാധാന്യമുള്ളവയാണ്‌ 1950 കള്‍ക്കു ശേഷം ആരംഭിച്ച ലിറ്റില്‍ മാഗസിനുകള്‍ എന്ന സമാന്തര പ്രസിദ്ധീകരണങ്ങള്‍.

കേരള യൂണിയന്‍ ഓഫ്‌ വര്‍ക്കിങ്‌ ജേര്‍ണലിസ്‌റ്റ്‌സ്‌ ആണ്‌ കേരളത്തിലെ പത്ര പ്രവര്‍ത്തകരുടെ സംഘടന. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രസ്‌ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

പത്രപ്രവര്‍ത്തന മേഖലയുടെ വികാസത്തിനായി കൊച്ചി ആസ്ഥാനമാക്കി കേരള പ്രസ്‌ അക്കാദമി പ്രവര്‍ത്തിക്കുന്നു.

വ്യവസായം എന്ന നിലയില്‍ കേരളത്തില്‍ ശക്തമായ അടിത്തറയുള്ളവയാണ്‌ പത്രങ്ങള്‍. മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി, ചന്ദ്രിക, മാധ്യമം തുടങ്ങിയ പത്ര ഗ്രൂപ്പുകള്‍ നിരവധി അനുബന്ധ പ്രസിദ്ധീകരണങ്ങളും പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സര്‍ക്കുലേഷനുള്ള പത്രങ്ങളില്‍പ്പെടുന്നവയാണ്‌ മലയാള മനോരമയും മാതൃഭൂമിയും. ഇംഗ്ലീഷ്‌ പത്രങ്ങളായ ദ ഹിന്ദു (കൊച്ചി, തിരുവനന്തപുരം), ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ (കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം) എന്നിവയ്‌ക്ക്‌ കേരളത്തില്‍ ഒന്നിലധികം എഡിഷനുകളുണ്ട്‌.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.