ആനുകാലിക പ്രസിദ്ധീകരണങ്ങള്‍


മലയാള പത്രപ്രവര്‍ത്തനത്തോളം പഴക്കമുണ്ട്‌ മലയാളത്തിലെ മാഗസിന്‍ ജേണലിസ (മാസിക പത്രപ്രവര്‍ത്തന)ത്തിനും. ആദ്യകാല പത്രങ്ങളെല്ലാം മാസികകളോ വാരികകളോ ആയാണ്‌ പ്രസിദ്ധീകരിച്ചിരുന്നത്‌. ഉള്ളടക്കത്തിലും മാഗസിനുകളോടായിരുന്നു അവയ്‌ക്ക്‌ അടുപ്പം. മാസിക, വാരിക, ദൈ്വവാരിക എന്നീ വിഭാഗങ്ങളിലായി നിരവധി മാഗസിനുകള്‍ മലയാളത്തിലുണ്ട്‌. വാര്‍ത്താ മാഗസിനുകള്‍, സാഹിത്യ മാഗസിനുകള്‍, സ്‌പെഷ്യലിസ്റ്റ്‌ മാഗസിനുകള്‍ രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍ എന്നീ ഗണങ്ങളായി അവയെ വേര്‍തിരിക്കാം. സ്‌പെഷ്യലിസ്റ്റ്‌ മാഗസിനുകളില്‍ ബാല പ്രസിദ്ധീകരണങ്ങള്‍, വനിതാ പ്രസിദ്ധീകരണങ്ങള്‍, കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍, ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍, ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍, കായിക പ്രസിദ്ധീകരണങ്ങള്‍, ശാസ്‌ത്ര പ്രസിദ്ധീകരണങ്ങള്‍, കരിയര്‍ മാഗസിനുകള്‍ കാര്‍ട്ടൂണ്‍ മാസികകള്‍, അക്കാദമിക്‌ ജേണലുകള്‍, സാമുദായിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. രാഷ്ട്രീയത്തിന്റെ ഭാഗമായവയാണ്‌ രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍.

മലയാളത്തിലെ ആദ്യകാല പത്രങ്ങളായി പരിഗണിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മിക്കവയും
യഥാര്‍ത്ഥത്തില്‍ ഉള്ളടക്കത്തിലും പ്രസിദ്ധീകരണ കാലയളവിന്റെ അടിസ്ഥാനത്തിലും മാസികകളോ, വാരികകളോ ആയിരുന്നു. വിദേശീയരായ മിഷനറിമാര്‍ ആരംഭിച്ച അവയുടെ ലക്ഷ്യം ക്രിസ്‌തുമത പ്രചാരണവും യൂറോപ്യന്‍ വിജ്ഞാനത്തിന്റെ വിതരണവുമായിരുന്നു. രാജ്യസമാചാരം, പശ്ചിമോദയം, ജ്ഞാന നിക്ഷേപം തുടങ്ങിയവയും കേരളത്തിലെ ആദ്യത്തെ കോളേജ്‌ മാഗസിനായ വിദ്യാസംഗ്രഹവും ഈ ഗണത്തില്‍പ്പെടുന്നു.

1881-ല്‍ ആരംഭിച്ച വിദ്യാവിലാസിനി മലയാളത്തില്‍ സാഹിത്യ പത്രപ്രവര്‍ത്തനത്തിനു
മാത്രമല്ല, മാഗസിന്‍ ജേണലിസത്തിന്റെ രണ്ടാം ഘട്ടത്തിനും തുടക്കമിട്ടു. കേരളീയ സുഗുണബോധിനി (1892)യും ശാരദയും (1904) വനിതാ മാസികകള്‍ക്ക്‌ ആരംഭം കുറിച്ചു. സമുദായ
നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്‌ നായര്‍, സര്‍വീസ്‌, വിവേകോദയം, ഉണ്ണി നമ്പൂതിരി, സഹോദരന്‍ തുടങ്ങിയവ ആരംഭിച്ചത്‌. രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്‌ത പൊതു മാഗസിനുകളായിരുന്നു കേരളന്‍,
സമദര്‍ശി, പ്രബോധകന്‍, കേസരി തുടങ്ങിയവ.

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, കലാകൗമുദി, മലയാളം, മാധ്യമം ആഴ്‌ചപ്പതിപ്പ്‌, ഇന്ത്യാടുഡെ (മലയാളം), ദേശാഭിമാനി വാരിക, ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌, ചിന്തവാരിക, ഭാഷാപോഷിണി, കേരള ശബ്ദം വാരിക, കുങ്കുമം മാസിക, ജനപ്രിയ പ്രസിദ്ധീകരണങ്ങളായ മലയാള മനോരമ വാരിക, മംഗളം വാരിക തുടങ്ങിയവയാണ്‌ മലയാളത്തില്‍ ഇന്ന്‌ ഏറ്റവും പ്രശസ്‌തമായ മാഗസിനുകള്‍. കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളില്‍ ബാലരമ, ബാലഭൂമി, കുട്ടികളുടെ ദീപിക, ബാലമംഗളം,
അമര്‍ ചിത്രകഥ, ബാല ചന്ദ്രിക, തത്തമ്മ തുടങ്ങിയവയാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.