നെല്ലിയാമ്പതി


പാലക്കാട്ടെ നെന്മാറയ്‌ക്കടുത്തുള്ള നെല്ലിയാമ്പതി മലനിരകളുടെ ദൃശ്യം സഞ്ചാരികളുടെ മനസ്സില്‍ നിന്നു മാഞ്ഞു പോവുക എളുപ്പമല്ല. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള ഈ രമണീയ ഗിരികള്‍ വനഗംഭീരതയുടെയും പ്രശാന്തിയുടെയും ഇടങ്ങളാണ്‌. നെല്ലിയാമ്പതിയിലെത്താന്‍ നെന്മാറ നിന്ന്‌ പോത്തുണ്ടി ഡാമിലേക്കുള്ള റോഡു വഴി 28 കിലോമീറ്റര്‍ സഞ്ചരിക്കണം. പാലക്കാടു നിന്ന്‌ കൊടുവായൂര്‍ വഴി 25 കിലോമീറ്ററാണ്‌ നെന്മാറയ്‌ക്കുള്ള ദൂരം. നെല്ലിയാമ്പതി റോഡില്‍ 10 ഹെയര്‍പിന്‍ വളവുകളുണ്ട്‌. 

ബോട്ടുയാത്രാസൗകര്യമുള്ള പ്രകൃതി രമണീയമായ പ്രദേശമാണ്‌ പോത്തുണ്ടി ഡാം. ഇവിടെ നിന്നു നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ ചില സ്ഥലങ്ങളില്‍ നിന്നാല്‍ പാലക്കാട്‌ ജില്ലയുടെ ഒട്ടേറെ വിശാലപ്രദേശങ്ങളുടെ കാഴ്‌ച കാണാം. പച്ചപ്പരവതാനി പോലെ കിടക്കുന്ന പാടശേഖരങ്ങളും പാലക്കാട്‌ ചുരവുമാണ്‌ ഈ കാഴ്‌ചകളിലെ ഏറ്റവും വിസ്‌മയകരം. കേരളത്തെ തമിഴ്‌ നാടുമായി ബന്ധിപ്പിക്കുന്ന പാലക്കാട്‌ ചുരം സഹ്യപര്‍വതത്തിലെ ഭൗമപ്രതിഭാസങ്ങളില്‍ 
ഒന്നാണ്‌. 

കൃഷിയില്‍ താല്‌പര്യമുള്ളവര്‍ക്ക്‌ വന്‍കൃഷിയിടങ്ങളും വലിയ കമ്പനികളുടെ തേയിലത്തോട്ടങ്ങളും കാണാം. ഓറഞ്ച്‌ കൃഷിക്കും പ്രസിദ്ധമാണ്‌ നെല്ലിയാമ്പതി മലകള്‍. ഒട്ടേറെ സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളും ഈ മേഖലയിലുണ്ട്‌. നെല്ലിയാമ്പതിയുടെ മുകളറ്റമായ പലകപ്പാണ്ടി എസ്റ്റേറ്റിലെത്തും മുമ്പ്‌ ഒട്ടേറെ തോട്ടങ്ങള്‍ കാണാം. എസ്‌റ്റേറ്റില്‍ ബ്രിട്ടീഷ്‌ ഭരണകാലത്തു നിര്‍മിച്ച ഒരു ബംഗ്ലാവുണ്ട്‌. ഇന്ന്‌ അതൊരു സ്വകാര്യ റിസോര്‍ട്ടാണ്‌. കൈകാട്ടിയില്‍ ഒരു കമ്യൂണിറ്റി ഹാളുണ്ട്‌. ട്രെക്കിങ്ങില്‍ തത്‌പരരായവര്‍ ഇവിടം ബേസ്‌ ക്യാമ്പായി സ്വീകരിക്കുന്നു. 

പലകപ്പാണ്ടിക്ക്‌ അധികം ദൂരെയല്ലാതെയുള്ള സീതക്കുണ്ടില്‍ മനോഹരമായ താഴ്‌വാര ദൃശ്യം കാണാം. 100 മീറ്റര്‍ ഉയരമുള്ള ഒരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്‌. പലകപ്പാണ്ടിയില്‍ നിന്ന്‌ നടന്നോ ജീപ്പിലോ മാമ്പാറയിലെത്താം. നെല്ലിയാമ്പതിയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണിവിടം. പലകപ്പാണ്ടിയിലും ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഒട്ടേറെ തേയില, ഏലം, കാപ്പി തോട്ടങ്ങളുണ്ട്‌. സമീപത്തെ മലകളില്‍ ആന, പുലി, മലയണ്ണാന്‍ തുടങ്ങിയ ഒട്ടേറെ മൃഗങ്ങളുണ്ട്‌. പക്ഷി നിരീക്ഷകര്‍ക്കു പറുദീസയാണിവിടം. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌ 52 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, പാലക്കാടു നിന്ന്‌ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.