മൂന്നാംഘട്ടം : കേസരി, പോള്‍, മുണ്ടശ്ശേരി, മാരാര്‍


സാഹിത്യനിരൂപണത്തെ ശാസ്‌ത്രീയവും അപഗ്രഥനാത്മകവുമായ വിചാര പദ്ധതിയാക്കി മാറ്റിയ കേസരി എ. ബാലകൃഷ്‌ണപിള്ള (1889 - 1960), എം. പി. പോള്‍ (1904 - 1952), ജോസഫ്‌ മുണ്ടശ്ശേരി (1903 - 1977) കുട്ടികൃഷ്‌ണ മാരാര്‍ (1900 - 1973) എന്നിവരാണ്‌ മലയാള നിരൂപണശാഖയ്‌ക്ക്‌ ബലിഷ്‌ഠമായ ചുമരുകളും മേല്‌പുരയും പണിഞ്ഞത്‌. സാഹിത്യ പഞ്ചാനന്‍ പി. കെ. നാരായണപിള്ള പ്രതിനിധാനം ചെയ്‌തിരുന്ന പഴയ നിരൂപണ സമ്പ്രദായം കേസരിയുടെ വരവോടെ അവസാനിച്ചു. സാഹിത്യ പഞ്ചാനനന്‍ അന്തരിച്ച 1937-ല്‍ ആണ്‌ കേസരിയുടെ 'രൂപ മഞ്‌ജരി' എന്ന നിരൂപണ ഗ്രന്ഥം പുറത്തിറങ്ങിയത്‌. പി. കെ. നാരായണപിള്ള 'സാഹിത്യ പഞ്ചാനനത്വമല്ല സാഹിത്യജംബുകത്വത്തെയാണു കാണിക്കുന്നതെ'ന്ന്‌ 1931-ല്‍ കേസരി പ്രഖ്യാപിച്ചിരുന്നു. വിപ്ലവകരമായിരുന്നു കേസരിയുടെ ചിന്ത. യൂറോപ്യന്‍ സാഹിത്യ പ്രസ്ഥാനങ്ങളെയും ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം പോലുള്ള വിജ്ഞാനപദ്ധതികളെയും അദ്ദേഹം കേരളത്തിനു പരിചയപ്പെടുത്തി. 'വിഗ്രഹ ഭഞ്‌ജനവും സ്വതന്ത്രചിന്തയും സാഹിത്യ പോഷണത്തിന്‌ അപരിത്യാജ്യമാണെ'ന്ന്‌ 'രൂപമഞ്‌ജരി'യില്‍ കേസരി തീര്‍ത്തു പറഞ്ഞു. റിയലിസത്തിനും കാല്‌പനികതയ്‌ക്കും പിന്തുണ നല്‍കിയ കേസരി തകഴി ശിവശങ്കരപ്പിള്ള ഉള്‍പ്പെടെ ഒരു പറ്റം എഴുത്തുകാരെ വാര്‍ത്തെടുക്കാനും സഹായിച്ചു. ചങ്ങമ്പുഴയ്‌ക്കും, ജി. ശങ്കരക്കുറുപ്പിനും ബഷീറിനും അവതാരികയെഴുതിയതും അദ്ദേഹമാണ്‌. നിര്‍ഭയനും നീതിമാനുമായ പത്രാധിപരുടെയും സാഹിത്യ വിമര്‍ശകന്റെയും വ്യക്തിത്വങ്ങള്‍ കേസരി ഒരേ സമയം കൊണ്ടു നടന്നു. ഇബ്‌സന്റെ നാടകമായ 'പ്രേതങ്ങള്‍' (The Ghosts)സ്റ്റെന്‍താളിന്റെ നോവല്‍ 'ചുവപ്പും കറുപ്പും', മോപ്പസാങ്ങിന്റെ 'ഒരു സ്‌ത്രീയുടെ ജീവിതം' തുടങ്ങിയ കൃതികള്‍ വിവര്‍ത്തനം ചെയ്‌തു. 'നവലോകം', 'നോവല്‍ പ്രസ്ഥാനങ്ങള്‍' തുടങ്ങിയവയാണ്‌ കേസരിയുടെ പ്രധാന കൃതികള്‍. 

'നോവല്‍ സാഹിത്യം' (1930), 'ചെറുകഥാപ്രസ്ഥാനം' (1932), എന്നീ കൃതികളിലൂടെ മലയാളത്തിലെ കഥാസാഹിത്യ വിമര്‍ശനത്തിന്‌ അടിത്തറയിട്ടവരിലൊരാളായി എം. പി. പോള്‍ മാറി. കര്‍ക്കശമായ മൂല്യ വിചാരവും അയവില്ലാത്ത സൗന്ദര്യപക്ഷപാതവുമായിരുന്നു പോളിന്റെ പ്രത്യേകത. 'സൗന്ദര്യ നിരീക്ഷണം', 'സാഹിത്യ വിചാരം', 'ഗദ്യഗതി' എന്നിവയാണ്‌ അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. നോവലും ചെറുകഥയും മലയാളത്തില്‍ അത്രയേറെ വ്യാപകമായിക്കഴിഞ്ഞിട്ടില്ലാത്ത കാലത്താണ്‌ 'നോവല്‍ സാഹിത്യം', 'ചെറുകഥാ പ്രസ്ഥാനം', എന്നീ ലക്ഷണഗ്രന്ഥങ്ങള്‍ പോള്‍ എഴുതിയത്‌. 

കൊടുങ്കാറ്റിന്റെ തീവ്രതയോടെയാണ്‌ ജോസഫ്‌ മുണ്ടശ്ശേരി സാഹിത്യവിമര്‍ശനത്തിലേക്കു കടന്നു വന്നത്‌. പൗരസ്‌ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയില്‍ സ്വാധീനത ചെലുത്തി. പില്‍ക്കാലത്ത്‌ സാഹിത്യസൃഷ്ടിയില്‍ സാമൂഹിക സ്ഥിതി ചെലുത്തുന്ന സ്വാധീനത സുപ്രധാനമാണെന്ന നിലപാടില്‍ മുണ്ടശ്ശേരി എത്തിച്ചേര്‍ന്നു. 'നിരാര്‍ദ്രവും ശുഷ്‌കവും വസ്‌തുസ്ഥിതി വിവരണവുമായ ഗ്രന്ഥാലോകനത്തില്‍ നിന്ന്‌, നിരൂപകന്റെ ആത്മവത്ത അനുപദം പ്രസ്‌ഫുരിക്കുന്ന, ജീവന്മയമായ ഒരന്തരീക്ഷത്തിലേക്ക്‌ മലയാള സാഹിത്യവിമര്‍ശനത്തെ നയിച്ചതു മുണ്ടശ്ശേരിയാണെന്ന്‌ എന്‍. കൃഷ്‌ണപിള്ള (കൈരളിയുടെ കഥ) അഭിപ്രായപ്പെടുന്നു. കാവ്യപീഠിക, മാനദണ്ഡം, പ്രയാണം, മനുഷ്യകഥാനുഗായികള്‍, രൂപഭദ്രത, കരിന്തിരി, നാടകാന്തം കവിത്വം, അന്തരീക്ഷം, പുതിയ കാഴ്‌ചപ്പാടില്‍, രാജരാജന്റെ മാറ്റൊലി, പാശ്ചാത്യസാഹിത്യസമീക്ഷ, നനയാതെ മീന്‍ പിടിക്കാമോ' തുടങ്ങിയവയാണ്‌ മുണ്ടശ്ശേരിയുടെ കൃതികള്‍. 


കുട്ടികൃഷ്‌ണ മാരാര്‍ക്ക്‌ ആധുനിക നിരൂപകനായ കെ. പി. അപ്പന്‍ നല്‍കിയ വിശേഷണം ഹിംസാത്മകമായ വ്യക്തിത്വം എന്നാണ്‌. തികഞ്ഞ സംസ്‌കൃതപണ്ഡിതനായിരുന്ന മാരാരുടെ ബലിഷ്‌ഠമായ ചിന്തയുടെ വേരുകള്‍ ഉറച്ചിരിക്കുന്നത്‌ ഭാരതീയ കാവ്യമീമാംസയിലും ക്ലാസ്സിക്കല്‍ സാഹിത്യത്തിലുമായിരുന്നു. 'സാഹിത്യം മുഖേന ആവിഷ്‌കരിക്കപ്പെടുന്ന മാനസിക ജീവിതത്തിന്റെ യോഗഭേദവും മാത്രാഭേദവുമാണ്‌ സാഹിത്യോത്‌കര്‍ഷത്തിന്റെ പിഴയ്‌ക്കാത്ത മാനദണ്ഡം' എന്നാണ്‌ മാരാര്‍ വാദിച്ചത്‌. ആത്മാനുഭൂതിക്ക്‌ അദ്ദേഹം അളവറ്റ പ്രാധാന്യം നല്‍കി. കടുത്ത പക്ഷപാതങ്ങള്‍ മാരാര്‍ക്കുണ്ടായിരുന്നു, എന്നാല്‍ അത്‌ സൗന്ദര്യത്തിനു വേണ്ടിയുള്ള പക്ഷപാതമായിരുന്നു വ്യക്തിപരമായ പക്ഷപാതമായിരുന്നില്ല. സാഹിത്യസല്ലാപം, നിഴലാട്ടം, ഇങ്ങുനിന്നങ്ങോളം, കൈവിളക്ക്‌, ദന്തഗോപുരം, കല ജീവിതം തന്നെ, ഋഷിപ്രസാദം, ശരണാഗതി, ഭാരതപര്യടനം, രാജാങ്കണം, സാഹിത്യവിദ്യ, ഹാസ്യ സാഹിത്യം തുടങ്ങിയവയാണ്‌ മാരാരുടെ പ്രഖ്യാത വിമര്‍ശന കൃതികള്‍. വൃത്തശില്‌പം, മലയാള ശൈലി, സാഹിത്യഭൂഷണം, ഭാഷാവൃത്തങ്ങള്‍, കുമാരസംഭവം (വ്യാഖ്യാനം), രഘുവംശം (വ്യാഖ്യാനം), മേഘദ്യൂതം (വ്യാഖ്യാനം) എന്നീ കൃതികളുമുണ്ട്‌. 


പാറായില്‍ വി. ഉറുമീസ്‌ തരകന്‍, സി. എസ്‌ നായര്‍, പി. ശങ്കരന്‍ നമ്പ്യാര്‍, ഡി. പദ്‌മനാഭനുണ്ണി, എം. ആര്‍. നായര്‍ (സഞ്‌ജയന്‍) തുടങ്ങിയ വിമര്‍ശകര്‍ ഈ കാലഘട്ടത്തിന്റെ ആരംഭം മുതല്‍ രചനയാരംഭിച്ചവരാണ്‌. തനതായ വ്യക്തിത്വമുള്ള നിരൂപകരാണ്‌ ഇവര്‍ ഓരോരുത്തരും. കുരുവാന്‍തൊടി ശങ്കരനെഴുത്തച്ഛന്‍, ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍, കുറ്റിപ്പുഴ കൃഷ്‌ണപിള്ള, സി. ജെ. തോമസ്‌, വക്കം അബ്ദുള്‍ ഖാദര്‍, എസ്‌. ഗുപ്‌തന്‍ നായര്‍, കെ. ദാമോദരന്‍, കെ. ഭാസ്‌കരന്‍ നായര്‍, പി. കെ. നാരായണപിള്ള, സുകുമാര്‍ അഴീക്കോട്‌, പി. കെ പരമേശ്വരന്‍ നായര്‍. എസ്‌. കെ. നായര്‍, കെ. എം. ജോര്‍ജ്‌, എം. കൃഷ്‌ണന്‍ നായര്‍, പി. ദാമോദരന്‍ പിള്ള, കെ. എം. ഡാനിയല്‍, കെ. പി. നാരായണപ്പിഷാരടി, കെ. ബാലരാമപ്പണിക്കര്‍, ഇ. വി. ദാമോദരന്‍, പി. എ. വാരിയര്‍, കെ. സുരേന്ദ്രന്‍, എം. ശ്രീധരമേനോന്‍, എം. ലീലാവതി, എം. കെ. സാനു, എം.പി. ശങ്കുണ്ണിനായര്‍, എന്‍. കൃഷ്‌ണപിള്ള, കെ. രാഘവന്‍ പിള്ള, പി. കെ. ബാലകൃഷ്‌ണന്‍, എം. അച്യുതന്‍, കെ. എം. തരകന്‍, എം. എന്‍. വിജയന്‍, ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌, പി. ഗോവിന്ദപ്പിള്ള, തായാട്ടു ശങ്കരന്‍, കെ. പി. ശരത്‌ ചന്ദ്രന്‍, കെ. പി. ശങ്കരന്‍, എം. ആര്‍. ചന്ദ്രശേഖരന്‍, എന്‍. വി. കൃഷ്‌ണവാരിയര്‍ തുടങ്ങിയ വലിയൊരു നിര കൂടിയാലേ നിരൂപണത്തിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നുള്ളൂ. 

ഈ ഗണത്തില്‍ സവിശേഷപ്രാധാന്യമുള്ള വിമര്‍ശകരാണ്‌ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, എസ്‌. ഗുപ്‌തന്‍ നായര്‍, കെ. ഭാസ്‌കരന്‍ നായര്‍, സുകുമാര്‍ അഴീക്കോട്‌, എം. കൃഷ്‌ണന്‍ നായര്‍, എം. ലീലാവതി, എം. അച്യുതന്‍, എം. എന്‍. വിജയന്‍ എന്നിവര്‍. തികഞ്ഞ യുക്തി ചിന്തയാണ്‌ കുറ്റിപ്പുഴയുടെ വിമര്‍ശനത്തിന്റെ കാതല്‍. സാഹിതീയം വിചാരവിപ്ലവം, വിമര്‍ശരശ്‌മി, ഗ്രന്ഥാവലോകനം, ചിന്താതരംഗം തുടങ്ങിയവ പ്രധാനകൃതികള്‍. വിമര്‍ശനത്തിലെ സൗമ്യമായ മധ്യമാര്‍ഗത്തിന്റെ ഉപാസകനായിരുന്നു എസ്‌. ഗുപ്‌തന്‍ നായര്‍. സുദീര്‍ഘമായ സാഹിത്യജീവിതത്തില്‍ അദ്ദേഹം ഒട്ടേറെ കൃതികള്‍ രചിച്ചു. ആധുനിക സാഹിത്യം, സമാലോചന, ഇസങ്ങള്‍ക്കപ്പുറം, തിരയും ചുഴിയും, കാവ്യസ്വരൂപം, നവമാലിക, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍, ഗദ്യം പിന്നിട്ട വഴികള്‍, സമാലോചനയും പുനരാലോചനയും തുടങ്ങിയവ മുഖ്യകൃതികള്‍. ഖണ്ഡനവിമര്‍ശനമാണ്‌ സുകുമാര്‍ അഴീക്കോടിന്റെ രീതി. ധൈഷണികതയും പ്രഭാഷകത്വവും അദ്ദേഹത്തിന്റെ രചനയില്‍ മുന്നിട്ടു നില്‍ക്കുന്നു. ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു, രമണനനും മലയാള കവിതയും, പുരോഗമന സാഹിത്യവും മറ്റും, വായനയുടെ സ്വര്‍ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, വിശ്വസാഹിത്യപഠനങ്ങള്‍, ഖണ്ഡനവും മണ്ഡനവും, മലയാള സാഹിത്യവിമര്‍ശനം തുടങ്ങിയവ മുഖ്യകൃതികള്‍. 

സമൃദ്ധമായ രചനാജീവിതത്തിനുടമയാണ്‌ എം. ലീലാവതി. സ്‌ത്രീകള്‍ വളരെ കുറച്ചു മാത്രമുള്ള മലയാള നിരൂപണത്തില്‍ പാണ്ഡിത്യം കൊണ്ടും രചനാ വൈപുല്യം കൊണ്ടും ലീലാവതി വേറിട്ടു നില്‍ക്കുന്നു. കവിതാധ്വനി, ജി.യുടെ കാവ്യജീവിതം, നവതരംഗം, അമൃതമശ്‌നുതേ, കവിതയും ശാസ്‌ത്രവും, മൂല്യസങ്കല്‌പങ്ങള്‍, സത്യം ശിവം സുന്ദരം, വര്‍ണരാജി തുടങ്ങിയവ പ്രധാന കൃതികള്‍. 'സാഹിത്യവാരഫലം' എന്ന പ്രശസ്‌തമായ സാഹിത്യനിരൂപണ പംക്തിയാണ്‌ എം. കൃഷ്‌ണന്‍ നായരെ പ്രശസ്‌തനാക്കിയത്‌. മലയാള നാട്‌, കലാകൗമുദി, മലയാളം വാരിക എന്നിവയിലായി മുപ്പത്തേഴുവര്‍ഷത്തോളം അദ്ദേഹം മുടക്കം കൂടാതെ വാരഫലമെഴുതി. ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികള്‍ വരെ പരിചയപ്പെടുത്തിയ കൃഷ്‌ണന്‍ നായര്‍ അവയുടെ വെളിച്ചത്തില്‍ മലയാളത്തിലെ ആനുകാലിക രചനകളെ നിര്‍ദ്ദയം വിലയിരുത്തി. മിത്രങ്ങളെക്കാള്‍ കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്‌തു. എന്നാല്‍ സമഗ്രപഠനങ്ങള്‍ക്കോ സ്വകീയമായ സാഹിത്യ നിലപാടുകളുടെ രൂപവത്‌കരണത്തിനോ അദ്ദേഹം ശ്രമിച്ചില്ല. 

ഒരു ശബ്ദത്തില്‍ ഒരു രാഗം, കറുത്ത ശലഭങ്ങള്‍, സ്വപ്‌നമണ്ഡലം, പ്രകാശത്തിന്‌ ഒരു സ്‌തുതിഗീതം, ഏകാന്തതയുടെ ലയം, ശരത്‌കാല ദീപ്‌തി, വായനക്കാരാ നിങ്ങള്‍ജീവിച്ചിരിക്കുന്നുവോ തുടങ്ങിയവ മുഖ്യകൃതികള്‍.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.