തലശ്ശേരി


കേരളത്തിന്റെ ചരിത്രത്തില്‍ സവിശേഷസ്ഥാനമാണ്‌ തലശ്ശേരിയ്‌ക്കുള്ളത്‌. തുടര്‍ച്ചയായ വൈദേശിക ബന്ധങ്ങളും കച്ചവട പൈതൃകവും പ്രൗഢമായ ക്രിക്കറ്റ്‌ പാരമ്പര്യവും സര്‍ക്കസ്‌ പെരുമയുമെല്ലാം തലശ്ശേരിയെ അന്യമാക്കുന്നു. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഈ മണ്ണിനെ സ്വന്തമാക്കാന്‍ മോഹിച്ചു. പഴശ്ശിരാജായെ പിടിക്കാന്‍ വന്ന ബ്രിട്ടീഷ്‌ പട്ടാള ക്യാപ്‌റ്റന്‍ ആര്‍തര്‍ വെല്ലസ്ലി തലശ്ശേരിയില്‍ ദീര്‍ഘകാലം ക്യാമ്പ്‌ ചെയ്‌തു. അദ്ദേഹമാണ്‌ തലശ്ശേരിയെ ക്രിക്കറ്റ്‌ പഠിപ്പിച്ചത്‌. ബ്രിട്ടീഷ്‌ പട്ടാളക്കാരില്‍ നിന്ന്‌ ക്രമേണ നാട്ടുകാര്‍ ഈ കളിയേറ്റെടുത്തു. മൂസ, മാമ്പള്ളി തുടങ്ങിയ വലിയ തറവാടുകള്‍ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഇന്ത്യയില്‍ തന്നെ ആദ്യമായി ക്രിക്കറ്റ്‌ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായ തലശ്ശേരി. ബ്രിട്ടനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമൊക്കെ ക്ലബ്ബുകള്‍ തലശ്ശേരിയില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ വന്ന കാലമുണ്ടായിരുന്നു. 

തലശ്ശേരിയുടെ സര്‍ക്കസ്‌ പൈതൃകവും പേരുകേട്ടതാണ്‌. ഇവിടത്തെ ധൈര്യശാലികള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച വച്ച്‌ അന്താരാഷ്ട്ര തലത്തില്‍ പോലും പെരുമ നേടി. ഇന്ത്യയിലെ എക്കാലത്തേയും മികച്ച സര്‍ക്കസ്‌ താരങ്ങളില്‍ ഒരാളായ 'പറക്കും സൗമിനി' തലശ്ശേരിയുടെ സന്തതിയാണ്‌. 

മധുര പലഹാരമുണ്ടാക്കുന്നതിലും പരീക്ഷിക്കുന്നതിലും വിദഗ്‌ധന്‍മാരാണ്‌ തലശ്ശേരിക്കാര്‍. കേരളത്തിലെ പ്രമുഖ ബേക്കറി കുടുംബമായ മാമ്പള്ളിക്കാര്‍ക്ക്‌ ഈ രംഗത്ത്‌ 120 വര്‍ഷത്തെ പാരമ്പര്യമുണ്ട്‌. കേരളത്തില്‍ അങ്ങോളമിങ്ങോളം ബേക്കറി വിപ്ലവത്തിന്‌ തന്നെ മാമ്പള്ളിക്കാര്‍ തുടക്കമിട്ടു. ബേക്കറി തുടങ്ങിയയിടത്തൊക്കെ ക്രിക്കറ്റ്‌ പ്രചരിപ്പിക്കാനും അവര്‍ മറന്നില്ല. മാമ്പള്ളിക്കാരുടെ റോയല്‍ ബിസ്‌ക്കറ്റ്‌ ഫാക്ടറിയില്‍ നിന്നായിരുന്നു ഈ ബേക്കറി വിപ്ലവത്തിന്റെ തുടക്കം. ഒരിക്കല്‍ ബ്രിട്ടീഷുകാരനായ ബ്രൗണ്‍ മാമ്പള്ളി ബാപ്പുവിന്‌ ഇംഗ്ലണ്ടില്‍ നിന്നു കൊണ്ടു വന്ന ഒരു കഷണം കേക്ക്‌ രുചിക്കാന്‍ കൊടുത്തു. ഇതുപോലൊന്ന്‌ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന്‌ ബ്രൗണ്‍, ബാപ്പുവിനെ വെല്ലു വിളിച്ചു. ജീവിതത്തില്‍ ആദ്യമായി കേക്ക്‌ രുചിച്ച ബാപ്പു വെല്ലുവിളി ഏറ്റെടുത്തു. ദിവസങ്ങള്‍ക്കകം അതീവ രുചികരമായ കേക്കുമായി ബാപ്പു ബ്രൗണിനെ സന്ദര്‍ശിച്ചു. കേക്ക്‌ രുചിച്ച്‌ സന്തുഷ്ടനായ ബ്രൗണ്‍ ബാപ്പുവിന്‌ പുതിയ ഓര്‍ഡറുകള്‍ നല്‍കി. അതായിരുന്നു വളര്‍ച്ചയുടെ തുടക്കം. ഇന്നും കേരളത്തില്‍ പലയിടത്തും മാമ്പള്ളിക്കാരുടെ ബേക്കറി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്‌. 


ലോഗന്‍ സ്‌ട്രീറ്റ്‌ ആണ്‌ തലശ്ശേരിയുടെ മറ്റൊരു കൗതുകം. മധുരപലഹാരങ്ങള്‍ക്കും വസ്‌ത്രങ്ങള്‍ക്കും ബിരിയാണിയ്‌ക്കും പേരുകേട്ട സ്ഥലമാണിത്‌. ലോഗന്‍ സ്‌ട്രീറ്റിലെ പാരീസ്‌ ഹോട്ടല്‍, ബിരിയാണിയ്‌ക്ക്‌ പ്രശസ്‌തമാണ്‌. 143 വര്‍ഷം പഴക്കമുള്ള ബ്രണ്ണന്‍ കോളേജ്‌, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ താമസിച്ചിരുന്ന ഇല്ലിക്കുന്ന്‌ ബംഗ്ലാവ്‌, തലശ്ശേരികോട്ട എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷണങ്ങള്‍. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - തലശ്ശേരി
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.