നിരൂപണം


മലയാളത്തിലെ സാഹിത്യനിരൂപണ (വിമര്‍ശനം) ശാഖയുടെ തുടക്കത്തെപ്പറ്റി വ്യത്യസ്‌തമായ വാദങ്ങളുണ്ട്‌. 'മലയാള സാഹിത്യ വിമര്‍ശനം' എന്ന സാഹിത്യ ചരിത്ര സ്വഭാവമുള്ള ഗ്രന്ഥമെഴുതിയ സുകുമാര്‍ അഴീക്കോട്‌ മലയാള നിരൂപണത്തിന്റെ പ്രാരംഭകനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌ കേരളവര്‍മ വലിയ കോയിത്തമ്പുരാനെയാണ്‌. മറ്റുപലരും 'വിദ്യാവിനോദിനി' സാഹിത്യമാസികയുടെ പത്രാധിപരായിരുന്ന സി. പി. അച്യുതമേനോനെ ആ സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കുന്നു. അച്യുതമേനോന്‍ എഴുതിയ പുസ്‌തക നിരൂപണങ്ങള്‍ സാഹിത്യ വിമര്‍ശനത്തിന്റെ വഴിയിലുള്ളതായിരുന്നു. കേരള വര്‍മയാകട്ടെ നിരൂപണാഭിപ്രായങ്ങള്‍ അദ്ദേഹം പല കൃതികള്‍ക്കും എഴുതിയ ആമുഖങ്ങളിലും അഭിപ്രായങ്ങളിലുമാണ്‌. മലയാള വിമര്‍ശനത്തിന്റെ പ്രാരംഭഘട്ടമാണിതെന്നും അദ്ദേഹത്തിനു ശേഷം മലയാള വിമര്‍ശനത്തിന്റെ നേതൃത്വം എ. ആര്‍. രാജരാജവര്‍മയുടെ കൈകളിലേക്കു പകര്‍ന്നുവെന്നും സുകുമാര്‍ അഴീക്കോട്‌ പറയുന്നു (മലയാള സാഹിത്യ വിമര്‍ശനം, ഡി. സി. ബുക്‌സ്‌, 1998 പു. 61). തനിക്കു മുന്നില്‍ വന്ന കേരള വര്‍മയെയും തനിക്കു പിന്നില്‍ വന്ന രാജ രാജവര്‍മയെയും പോലെ മലയാള സാഹിത്യ വിമര്‍ശനത്തിന്റെ പ്രാണദാതാക്കളില്‍ ഒരാളെന്നും കേരളവര്‍മയ്‌ക്കു ശേഷം വിമര്‍ശന രാജ്യത്തിലെ കിരീടമണിയേണ്ടിയിരുന്ന ശിരസ്സെന്നും സുകുമാര്‍ അഴീക്കോട്‌ സി. പി. അച്യുതമേനോനെ വാഴ്‌ത്തുന്നു. 

പുസ്‌തകനിരൂപണത്തെ സാഹിത്യനിരൂപണത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ത്തിയ സി. പി. അച്യുതമേനോന്‍ ആമുഖങ്ങളിലും അഭിപ്രായ സര്‍ട്ടിഫിക്കറ്റുകളിലും ഒതുങ്ങി നിന്ന സാഹിത്യവിശകലനത്തെ യഥാര്‍ത്ഥ വിമര്‍ശനകലയിലേക്കു മോചിപ്പിച്ചു. മലയാള നിരൂപണശാഖ വളര്‍ന്നു വികസിച്ചതും അദ്ദേഹം വെട്ടിയ വഴിയിലാണ്‌. സ്വദേശാഭിമാനി കെ. രാമകൃഷ്‌ണപിള്ള, കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, സി. അന്തപ്പായി, ടി. കെ. കൃഷ്‌ണമേനോന്‍, എം. കെ. ഗുരുക്കള്‍, പി. ശങ്കരന്‍ നമ്പ്യാര്‍, നെടിയം വീട്ടില്‍ ബാലകൃഷ്‌ണ മേനോന്‍, കെ. ഇ. ജോബ്‌, ആറ്റൂര്‍ കൃഷ്‌ണപ്പിഷാരടി, കെ. വാസുദേവന്‍ മൂസത്‌, പി. എസ്‌. അനന്തനാരായണ ശാസ്‌ത്രി, അപ്പന്‍ തമ്പുരാന്‍, മൂര്‍ക്കോത്ത്‌ കുമാരന്‍ തുടങ്ങിയവരായിരുന്നു അച്യുതമേനോനു പിന്നാലേ വന്ന നിരൂപകര്‍. 'വിദ്യാവിനോദിനി', 'രസിക രഞ്‌ജിനി', 'ഭാഷാപോഷിണി' തുടങ്ങിയ സാഹിത്യമാസികകളിലെ പുസ്‌തക നിരൂപണങ്ങളും ലേഖനങ്ങളും വഴിയാണ്‌ അവര്‍ സാഹിത്യാപഗ്രഥനം നടത്തിയത്‌. 

ഈ ആദ്യഘട്ടത്തില്‍ തിളങ്ങിനില്‍ക്കുന്ന പേരാണ്‌ എ. ആര്‍. രാജരാജവര്‍മയുടേത്‌. കവിതയിലെ ദ്വിതീയാക്ഷരപ്രാസം വേണമോ വേണ്ടയോ എന്നതിനെച്ചൊല്ലി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലുമായി ഉണ്ടായ 'പ്രാസവാദം' എന്ന സംവാദത്തില്‍ പ്രാസം വേണ്ട എന്ന ഉല്‌പതിഷ്‌ണ പക്ഷത്തായിരുന്നു രാജരാജവര്‍മ. തന്റെ ലേഖനങ്ങളും അവതാരികകളും വഴി പുതിയ സാഹിത്യ സങ്കല്‌പത്തെ അദ്ദേഹം പിന്തുണച്ചു. പാശ്ചാത്യവും പൗരസ്‌ത്യവുമായ സാഹിത്യ സിദ്ധാന്തങ്ങള്‍ കൂട്ടിയിണക്കാനുള്ള ശ്രമം രാജരാജന്‍ നിര്‍വഹിച്ചു. എന്നാല്‍ സാഹിത്യവിമര്‍ശനമെന്ന നിലയില്‍ വളരെ കുറച്ചു മാത്രമേ അദ്ദേഹം എഴുതിയുള്ളൂ.

                 
രണ്ടാംഘട്ടംഉത്തരാധുനിക നിരൂപണം
മൂന്നാംഘട്ടം : കേസരി, പോള്‍, മുണ്ടശ്ശേരി, മാരാര്‍ആധുനിക നിരൂപണം

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.