സി. വി. എന്‍ കളരി


സ്ഥലം : കിഴക്കേകോട്ട, തിരുവനന്തപുരം

തിരുവനന്തപുരം നഗരഹൃദയത്തില്‍ തന്നെയുള്ള സി. വി. എന്‍. കളരി കേരളീയ ആയോധനകലയായ കളരിപ്പയറ്റിനും കളരി ചികിത്സയ്‌ക്കുമായി സമര്‍പ്പിക്കപ്പെട്ട സ്ഥാപനമാണ്‌. കളരിപ്പയറ്റു വിദഗ്‌ധന്മാരായ സി. വി. നാരായണന്‍ നായര്‍, സി. വി. ബാലന്‍ നായര്‍, കോട്ടയ്‌ക്കല്‍ കരുണാകര ഗുരുക്കള്‍ എന്നിവരുടെ ജീവിത സപര്യയായിരുന്നു കളരിപ്പയറ്റിന്റെ പ്രചാരണം. അവരുടെ പാതപിന്‍പറ്റി 1956-ല്‍ ആണ്‌ തിരുവനന്തപുരത്ത്‌ സി. വി. എന്‍. കളരി സംഘം സ്ഥാപിച്ചത്‌.

ഭൂനിരപ്പില്‍ നിന്ന്‌ നാല്‌ അടി താഴെയായി കിഴക്കു പടിഞ്ഞാറു ദര്‍ശനമായാണ്‌ സി. വി. എന്‍. കളരി നിര്‍മിച്ചിരിക്കുന്നത്‌. കിഴക്കു വശത്തെ വാതിലൊഴിച്ചാല്‍ മറ്റെല്ലായിടവും അടച്ചതാണ്‌. ഉഷ്‌ണവും ഈര്‍പ്പവും നിറഞ്ഞ കേരളീയ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമാണ്‌ ഈ നിര്‍മ്മാണശൈലി. കളരിപരദേവത, ഗണപതി, ഭദ്രകാളി തുടങ്ങിയ ദേവതകളെ കളരിയില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌.

കളരിപ്പയറ്റ്‌ പരിശീലനം
നീണ്ടകാലത്തെ പരിശീലനത്തിലൂടെ മാത്രമേ ഒരാള്‍ക്ക്‌ മികച്ച കളരിയഭ്യാസിയാകാനാവൂ. ഏഴാം വയസ്സിലാണ്‌ സാധാരണയായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കളരിപരിശീലനത്തിനു തുടക്കം കുറിക്കുന്നത്‌. ഒരു ജീവിതശൈലി തന്നെയാണ്‌ കളരിപരിശീലനം. ശാരീരിക വ്യായാമങ്ങള്‍ക്കും അഭ്യാസമുറകള്‍ക്കും പുറമേ ധ്യാനം, ആയുര്‍വേദപ്രകാരമുള്ള ഉഴിച്ചില്‍ എന്നിവയും അതിന്റെ ഭാഗമാണ്‌. ശരീരം പാകപ്പെടുത്തിയെടുക്കാനുള്ള ഉഴിച്ചിലിന്‌ അതീവ പ്രാധാന്യമുള്ളതിനാല്‍ കളരിഗുരു നേരിട്ടായിരിക്കും അതു ചെയ്യുന്നത്‌.

പരിശീലനത്തിനു നാലു ഘട്ടങ്ങളുണ്ട്‌. 'ചുവട്‌' ആണ്‌ ആദ്യഘട്ടം. 'വടിവ്‌' ആണ്‌ അടുത്ത ഘട്ടം. അവ എട്ടെണ്ണമുണ്ട്‌ :ഗജവടിവ്‌, സിംഹവടിവ്‌, അശ്വവടിവ്‌, വരാഹവടിവ്‌, സര്‍പ്പവടിവ്‌, മാര്‍ജാരവടിവ്‌, കുക്കുടവടിവ്‌, മത്സ്യവടിവ്‌ എന്നിവ. ചുവടും വടിവും ഉറച്ചു കഴിഞ്ഞാല്‍ മെയ്‌പയറ്റ്‌ എന്ന മൂന്നാം ഘട്ടമായി. ശരീരമുപയോഗിച്ചുള്ള പയറ്റുമുറകളാണിതില്‍ പഠിക്കുന്നത്‌. തുടര്‍ന്ന്‌ ആയുധപ്പയറ്റായി. ചൂരല്‍ വടികളില്‍ തുടങ്ങി വാളിലേക്കു നീങ്ങുന്നു ആയുധപരിശീലനം. ചെറുവടി, ഒറ്റക്കോല്‍, ഗദ, കട്ടാരം (കഠാര) എന്നിവ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നു. ഒടുവില്‍ വാളും പരിചയും. ഇരുതല മൂര്‍ച്ചയുള്ള വളയുന്ന വാളായ ഉറുമി, കുന്തം എന്നിവയും പരിശീലിക്കും.

ചികിത്സാരീതി
കളരി ചികിത്സ കളരിപരിശീലനത്തിന്റെ അവിഭാജ്യഘടകമാണ്‌. ഉളുക്ക്‌, ഒടിവ്‌, ചതവ്‌, തുടങ്ങിയവ ചികിത്സിക്കുന്നതാണ്‌ ലക്ഷ്യം. മറ്റു കേരളീയകലാരൂപങ്ങള്‍ പരിശീലിക്കുന്നവരും കളരി ചികിത്സയ്‌ക്കു വിധേയരാവാറുണ്ട്‌. കളരിപ്പയറ്റു ഗുരുക്കന്മാരെല്ലാം മികച്ച ചികിത്സകരുമായിരിക്കും.

സി വി. എന്‍. കളരിയിലെ അഭ്യാസങ്ങള്‍
ഇന്ത്യയിലും വിദേശത്തും ഒട്ടേറെ തവണ സി. വി. എന്‍. കളരി സംഘം പ്രകടനം നടത്തിയിട്ടുണ്ട്‌. രാവിലെ ആറു മുതല്‍ ഒമ്പതു വരെയും വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെയുമാണ്‌ പയറ്റുമുറകള്‍ അവതരിപ്പിക്കുന്ന സമയം. പി. ബാലകൃഷ്‌ണന്‍ എഴുതിയ 'കളരിപ്പയറ്റ്‌' എന്ന പുസ്‌തകം ഇംഗ്ലീഷിലും മലയാളത്തിലും സി. വി. എന്‍. കളരി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 1 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 6 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.