രാജാരവിവര്‍മ (1848 - 1906)


തിരുവനന്തപുരത്തെ കിളിമാനൂര്‍ കൊട്ടാരത്തിലാണ്‌ രവി വര്‍മ ജനിച്ചത്‌ (1848 ഏപ്രില്‍ 29). ചിത്രകാരനായ അമ്മാവന്‍ രാജരാജവര്‍മയായിരുന്നു ആദ്യ ഗുരു. അടിച്ചൊതുക്കിയ തറയില്‍ ചുണ്ണാമ്പുകൊണ്ട്‌ രൂപങ്ങള്‍ വരപ്പിച്ചായിരുന്നു അക്കാലത്ത്‌ ചിത്രകലാ പരിശീലനം. പിന്നീടാണ്‌ കടലാസ്സില്‍ പെന്‍സില്‍ കൊണ്ടു വരച്ചു തുടങ്ങുന്നത്‌. അക്കാലത്ത്‌ ചായങ്ങള്‍ കമ്പോളത്തില്‍ കിട്ടുകയും എളുപ്പമായിരുന്നില്ല. ചെടികളിലും പൂക്കളിലും നിന്ന്‌ ചായങ്ങള്‍ ഉണ്ടാക്കുകയായിരുന്നു ചിത്രമെഴുത്തുകാരുടെ രീതി. പരമ്പരാഗതരീതിയില്‍ അഭ്യസനം തുടങ്ങിയ ബാലപ്രതിഭയായ രവിവര്‍മ്മ 1862 മേയില്‍ അമ്മാവനായ രാജരാജവര്‍മയോടൊപ്പം തിരുവനന്തപുരത്തെത്തി ആയില്യം തിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശിച്ചു. ചിത്രകല പരിശീലിക്കാന്‍ തിരുവനന്തപുരത്ത്‌ താമസിക്കാനായിരുന്നു മഹാരാജാവിന്റെ നിര്‍ദ്ദേശം. കൊട്ടാരത്തിലെ ഇറ്റാലിയന്‍ നവോത്ഥാന ശൈലിയിലെ ചിത്രങ്ങള്‍ കണ്ടു പഠിക്കാനും അവിടെയുണ്ടായിരുന്ന തമിഴ്‌ നാട്ടുകാരായ ചിത്രമെഴുത്തുകാരുടെ രീതികള്‍ പഠിക്കാനും രവിവര്‍മയ്‌ക്കു കഴിഞ്ഞു. 

1868-ല്‍ തിരുവനന്തപുരത്തു കൊട്ടാരത്തിലെത്തിയ തിയഡോര്‍ ജെന്‍സണ്‍ എന്ന ഡച്ച്‌ ചിത്രകാരനില്‍ നിന്നാണ്‌ രവിവര്‍മ പാശ്ചാത്യ ശൈലിയും എണ്ണച്ചായാ രചനാസമ്പ്രദായവും പരിചയപ്പെട്ടത്‌. മഹാരാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പുതിയ ശൈലിയില്‍ രവിവര്‍മ വരച്ചു. 1873-ല്‍ ചെന്നൈയില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ 'മുല്ലപ്പൂ ചൂടിയ നായര്‍ സ്‌ത്രീ' എന്ന ചിത്രം ഒന്നാം സമ്മാനം നേടിയതോടെ രവിവര്‍മയുടെ പ്രശസ്‌തി ഉയരാന്‍ തുടങ്ങി. ഓസ്‌ട്രിയയിലെ വിയന്നയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും ഈ ചിത്രത്തിനു സമ്മാനം കിട്ടി. അടുത്ത വര്‍ഷം വരച്ച 'തമിഴ്‌ മഹിളയുടെ സംഗീതാലാപനം' (1874) വീണ്ടും ചെന്നൈയില്‍ സമ്മാനം നേടി. 'ദാരിദ്ര്യം' എന്ന പേരില്‍ ഈ ചിത്രം തിരുവനന്തപുരത്തെ ശ്രീ ചിത്രാ ആര്‍ട്ട്‌ ഗാലറിയിലുണ്ട്‌. 1876-ല്‍ 'ശകുന്തളയുടെ പ്രേമവീക്ഷണ'വും ചെന്നൈ പ്രദര്‍ശനത്തില്‍ സമ്മാനം നേടി. കാലില്‍ ദര്‍ഭമുന തറഞ്ഞത്‌ എടുക്കാന്‍ എന്ന നാട്യത്തില്‍ ശകുന്തള പിന്തിരിഞ്ഞ്‌ ദുഷ്യന്തനെ നോക്കുന്ന കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ സന്ദര്‍ഭത്തിനു നല്‍കിയ ഈ ചിത്രവ്യാഖ്യാനം രവിവര്‍മയുടെ ഏറ്റവും പ്രശസ്‌തമായ രചനകളിലൊന്നാണ്‌. ബ്രിട്ടീഷ്‌ ഓറിയന്റലിസ്‌റ്റായ മോണിയര്‍ വില്യംസ്‌ പ്രസിദ്ധീകരിച്ച ശാകുന്തളം ഇംഗ്ലീഷ്‌ പരിഭാഷയുടെ മുഖചിത്രവും ഇതായിരുന്നു. 

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. ടി. മാധവറാവു രവിവര്‍മയ്‌ക്കു പരിചിതനായിരുന്നു. ബറോഡ (വഡോദര) യിലെ മഹാരാജാവിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്ന മാധവറാവു 1880-ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ രവിവര്‍മയുടെ ചില ചിത്രങ്ങള്‍ ബറോഡയ്‌ക്കുവേണ്ടി വാങ്ങി. പില്‍ക്കാലത്ത്‌ രവിവര്‍മയുടെ കലാജീവിതത്തില്‍ ബറോഡ രാജകുടുംബം വലിയ പങ്കുവഹിച്ചതിന്റെ തുടക്കം അതായിരുന്നു. രവിവര്‍മച്ചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യശേഖരം ഇന്നും ബറോഡ രാജകുടുംബത്തിന്റെ കൈവശമാണ്‌. 1881-ല്‍ ബറോഡയില്‍ സായജിറാവു ഗെയ്‌ക്‌ വാഡ്‌ മഹാരാജാവായപ്പോള്‍ കിരീടധാരണോത്സവത്തില്‍ പങ്കെടുക്കാന്‍ രവിവര്‍മയ്‌ക്കു ക്ഷണം ലഭിച്ചു. അനുജന്‍ രാജരാജവര്‍മയോടൊപ്പം നാലുമാസം അദ്ദേഹം ബറോഡയിലെത്തി താമസിക്കുകയും നിരവധി പുരാണസന്ദര്‍ഭ ചിത്രങ്ങള്‍ വരയ്‌ക്കുകയും ചെയ്‌തു. 1885-ല്‍ മൈസൂര്‍ മഹാരാജാവ്‌ ചാമരാജേന്ദ്ര ഒഡയാര്‍ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ചിത്രങ്ങള്‍ വരപ്പിച്ചു. 1888-മുതലാണ്‌ രവിവര്‍മയുടെ ബറോഡകാലം ആരംഭിച്ചത്‌. രണ്ടു വര്‍ഷത്തെ ബറോഡാ ജീവിതത്തിനിടയില്‍ പുരാണസംബന്ധിയായ 14 ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. ഉത്തരേന്ത്യയില്‍ വ്യാപകമായ യാത്രകളും നടത്തി. 1893-ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന ലോകപ്രദര്‍ശനത്തില്‍ രവിവര്‍മയുടെ പത്തു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 

ചിത്രകാരനെന്ന നിലയില്‍ അഖിലഭാരതീയ പ്രശസ്‌തി ലഭിച്ചപ്പോഴാണ്‌ ചിത്രങ്ങള്‍ മുദ്രണം ചെയ്‌ത്‌ കുറഞ്ഞ വിലയ്‌ക്ക്‌ എല്ലാവരിലും എത്തിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായത്‌. ആധുനിക സാങ്കേതികവിദ്യയുമായി ചിത്രകലയെ ബന്ധിപ്പിക്കാനുള്ള ആ തീരുമാനം ഇന്ത്യന്‍ ചിത്രകലാചരിത്രത്തില്‍ പുതിയൊരധ്യായത്തിനു തുടക്കം കുറിച്ചു. 1894-ല്‍ മുംബൈയില്‍ വിദേശത്തുനിന്നും ഒരു കളര്‍ ഓളിയോ ഗ്രാഫിക്‌ പ്രസ്‌ സ്ഥാപിച്ച്‌ അദ്ദേഹം ചിത്രങ്ങളുടെ വിലകുറഞ്ഞ പ്രിന്റുകള്‍ മുദ്രണം ചെയ്‌തു തുടങ്ങി. 1897-ല്‍ മുംബൈയിലും പൂണെയിലും പ്ലേഗ്‌ പടര്‍ന്നു പിടിച്ചപ്പോള്‍ പ്രസ്‌ അടച്ചു പൂട്ടേണ്ടി വന്നു. ഒടുവില്‍ 1901 ജനുരി 21-ന്‌ നിസ്സാരവിലയ്‌ക്ക്‌ പ്രസും എണ്‍പതിലധികം ചിത്രങ്ങളുടെ പ്രസാധനാവകാശവും അദ്ദേഹത്തിനു വില്‍ക്കേണ്ടി വന്നു. 

ഇന്ത്യയിലെ മഹാരാജാക്കന്മാരും ബ്രിട്ടീഷ്‌ ഭരണാധികാരിമാരുമെല്ലാം രവിവര്‍മയെക്കൊണ്ട്‌ ചിത്രം വരപ്പിക്കാന്‍ അത്യധികം ആഗ്രഹിച്ചിരുന്നു. രാജസ്ഥാനിലെ ഉദയപ്പൂര്‍ മഹാരാജാവ്‌ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി തന്റെ പൂര്‍വികരുടെ ചിത്രങ്ങള്‍ വരപ്പിച്ചു. ഇക്കൂട്ടത്തിലുള്ള മഹാറാണാ പ്രതാപിന്റെ ചിത്രം ഛായാപട രചനയിലെ മാസ്റ്റര്‍പീസുകളിലൊന്നാണ്‌. 1904-ല്‍ ചെന്നൈയിലെ അന്നത്തെ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ആര്‍തര്‍ ഹാവ്‌ലോക്കിന്റെ ചിത്രം വരയ്‌ക്കാന്‍ രവിവര്‍മയെ ചുമതലപ്പെടുത്തി. ഈ വര്‍ഷം തന്നെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അദ്ദേഹത്തിന്‌ കേസര്‍-ഇ-ഹിന്ദ്‌ ബഹുമതിയും നല്‍കി. ആദ്യമായിട്ടായിരുന്നു ഒരു കലാകാരന്‌ ആ ഉന്നത ബഹുമതി ലഭിക്കുന്നത്‌. 

'ഹംസദമയന്തി', 'സീതാസ്വയംവരം', 'സീതാപഹരണം', 'സീതാഭൂപ്രവേശം', 'ശ്രീരാമപട്ടാഭിഷേകം', 'വിശ്വാമിത്രനും മേനകയും', 'ശ്രീകൃഷ്‌ണ ജനനം', 'രാധാമാധവം', 'അര്‍ജ്ജുനനും സുഭദ്രയും' തുടങ്ങിയവയാണ്‌ രവിവര്‍മയുടെ പ്രധാന പുരാണ ചിത്രങ്ങള്‍. 'സ്‌നാനം കഴിഞ്ഞ സ്‌ത്രീ', 'നര്‍ത്തകി', 'വിദ്യാര്‍ത്ഥി', 'സരസ്വതി', 'വിരാട രാജധാനിയിലെ ദ്രൗപദി', 'ഇന്ത്യയിലെ സംഗീതജ്ഞര്‍', 'അച്ഛന്‍ ഇതാ വരുന്നു', 'ഉദയപ്പൂര്‍ കൊട്ടാരം', 'ഭടന്‍', 'ലക്ഷ്‌മി', 'യശോദയും കൃഷ്‌ണനും', 'കാദംബരി' തുടങ്ങിയ അനേകം പ്രശസ്‌ത രചനകള്‍ അദ്ദേഹം സൃഷ്ടിച്ചു. ജീവിതാന്ത്യത്തില്‍ കിളിമാനൂരിലേക്കു മടങ്ങുകയും സമൃദ്ധമായ രചനാജീവിതത്തില്‍ മുഴുകുകയും ചെയ്‌ത ആ വരയുടെ തമ്പുരാന്‍ 1906 ഒക്ടോബര്‍ രണ്ടിന്‌ അന്തരിച്ചു. 

ഇന്ത്യയില്‍ പലയിടത്തുമുള്ള സ്വകാര്യ ശേഖരങ്ങളിലും തിരുവനന്തപുരത്തെ ശ്രീചിത്രാ ആര്‍ട്ട്‌ ഗാലറിയിലുമാണ്‌ രവിവര്‍മയുടെ ചിത്രങ്ങളുള്ളത്‌. ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ ഉള്‍പ്പെടെ നിരവധി മ്യൂസിയങ്ങളിലും ചിത്രങ്ങളുണ്ട്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.