കെ. സി. എസ്‌. പണിക്കര്‍


ഭാരതീയ ചിത്രകലയില്‍ ആധുനികതയുടെ വെളിച്ചം കൊണ്ടുവന്ന ചിത്രകാരനായിരുന്നു കെ. സി. എസ്‌. പണിക്കര്‍ (കിഴക്കേ ചിരമ്പത്ത്‌ ശങ്കരപ്പണിക്കര്‍ 1911 - 1977).

മദ്രാസ്‌ സ്‌കൂള്‍ എന്നറിയപ്പെട്ട ചിത്രകലാപ്രവണതയെ നയിക്കുകയും പാശ്ചാത്യസ്വാധീനത്തില്‍ നിന്നു മുക്തമായ ആധുനികത അവതരിപ്പിക്കുകയും ചോളമണ്ഡലം എന്ന പ്രശസ്‌തമായ കലാകാരഗ്രാമം സൃഷ്ടിക്കുകയും ചെയ്‌തു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതീയ ചിത്രകലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊന്നാണ്‌ പണിക്കരുടേത്‌. ബംഗാള്‍ സ്‌കൂള്‍ എന്നറിയപ്പെടുന്ന ചിത്രകലാ പ്രസ്ഥാനത്തിന്റെ ആധിപത്യം നിലനിന്ന കാലത്താണ്‌ പണിക്കര്‍ വരച്ചു തുടങ്ങിയത്‌. ഒപ്പം പാശ്ചാത്യ ശൈലിയുടെ സ്വാധീനവും ശക്തമായി നിന്നിരുന്നു. അവ രണ്ടില്‍ നിന്നുമുള്ള മോചനമാണ്‌ പണിക്കര്‍ സാധിച്ചത്‌. കേരളത്തിനു പുറത്തു ജീവിച്ചുകൊണ്ട്‌ കേരളീയമായ രൂപങ്ങളും ദൃശ്യങ്ങളും സ്വന്തം ചിത്രങ്ങളില്‍ വിന്യസിച്ച പണിക്കര്‍ തദ്ദേശീയമായ ആധുനികതയ്‌ക്കു രൂപം നല്‍കി. 

തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന പണിക്കര്‍ ചെറുപ്പത്തില്‍ തന്നെ വര തുടങ്ങിയെങ്കിലും ചിത്രകല പഠിച്ചത്‌ ഉദ്യോഗം രാജിവച്ചശേഷമായിരുന്നു. 1936-ല്‍ അദ്ദേഹം ജോലിയുപേക്ഷിച്ച്‌ ചെന്നൈയിലെ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ ചേര്‍ന്നു. 1940-ല്‍ ഡിപ്ലോമ നേടിയ പണിക്കര്‍ അടുത്ത വര്‍ഷം അവിടെ അധ്യാപകനായി. 

പരമ്പരാഗത ചിത്രരചനാരീതികള്‍ക്കായിരുന്നു അന്ന്‌ ദക്ഷിണേന്ത്യയില്‍ പ്രാധാന്യം. അതിനു വിരുദ്ധമായ മറ്റൊരു ചിത്രണശൈലി സ്വപ്‌നം കണ്ട പണിക്കര്‍ 1944-ല്‍ ചെന്നൈയില്‍ പ്രോഗ്രസീവ്‌ പെയിന്റേഴ്‌സ്‌ അസോസിയേഷന്‍ എന്ന സംഘടന രൂപവത്‌കരിച്ചു. അതിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലയിലെ ആധുനിക പ്രവണതകളെപ്പറ്റി ചര്‍ച്ചകളും പ്രദര്‍ശനങ്ങളും പതിവായി നടത്തി. പുതിയൊരു ചിത്രകലാശൈലിയുടെ ആവിര്‍ഭാവ വര്‍ഷങ്ങളായിരുന്നു അത്‌. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന ചിത്ര പ്രദര്‍ശനങ്ങളിലും പണിക്കര്‍ പങ്കെടുത്തു. ജലച്ചായത്തില്‍ നിരവധി മാസ്റ്റര്‍പീസ്‌ രചനകള്‍ ഇക്കാലത്ത്‌ അദ്ദേഹം വരച്ചു. കേരളഗ്രാമങ്ങളിലെ തോടുകളും തോപ്പുകളും നിറഞ്ഞ ഭൂഭാഗദൃശ്യചിത്രങ്ങളായിരുന്നു അവ. ഗ്രാമദൃശ്യത്തിന്റെ തെളിമ ആവിഷ്‌കരിക്കാന്‍ സാന്ദ്രത കൂടിയ എണ്ണച്ചായത്തേക്കാള്‍ നല്ലത്‌ സുതാര്യമധ്യമമായ ജലച്ചായമാണെന്നു പണിക്കര്‍ തിരിച്ചറിഞ്ഞിരുന്നു. 1954-ല്‍ ന്യൂഡല്‍ഹിയിലെ ലളിതകലാ അക്കാദമി ഭരണസമിതിയംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലണ്ട്‌, ഇറ്റലി, എന്നിവിടങ്ങളില്‍ ഇ വര്‍ഷം പര്യടനം നടത്തിയ പണിക്കരുടെ ഏകാംഗപ്രദര്‍ശനങ്ങള്‍ ലണ്ടന്‍, പാരീസ്‌, ലീല്‍ നഗരങ്ങളില്‍ നടന്നു. 1955-ല്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ട്ടിന്റെ വൈസ്‌ പ്രിന്‍സിപ്പലായ പണിക്കര്‍ 1957-ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. പത്തു വര്‍ശത്തിനു ശേഷം അദ്ദേഹം വിരമിച്ചു. ഈ കാലയളവിനിടയ്‌ക്ക്‌ നിരവധി വിദേശസഞ്ചാരങ്ങളും കലാപ്രദര്‍ശനങ്ങളും പണിക്കര്‍ നടത്തി. മദ്രാസ്‌ സ്‌കൂള്‍ എന്ന ചിത്രകലാ പ്രവണതയുടെ വികാസവും ചോളമണ്ഡലത്തിന്റെ സ്ഥാപനവും ഉണ്ടായതും ഇതിനിടയിലാണ്‌. ന്യൂയോര്‍ക്കില്‍ നടന്ന വേള്‍ഡ്‌ ആര്‍ട്ട്‌ കോണ്‍ഗ്രസ്‌ (1963) ടോക്യോ ഇന്റര്‍ നാഷണല്‍ എക്‌സിബിഷന്‍ (1964), ലണ്ടനിലെ ഫെസ്റ്റിവല്‍ ഹാള്‍ എക്‌സിബിഷന്‍ (1965), വെനീസ്‌ ബിനെയ്‌ല്‍ (1967) തുടങ്ങിയ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1966-ല്‍ ചെന്നൈയുടെ പ്രാന്തത്തിലുള്ള ഇരിഞ്ചമ്പാക്കത്ത്‌ പണിക്കരുടെ മാനസസന്താനമായ 'ചോളമണ്ഡലം' എന്ന കലാഗ്രാമം സ്ഥാപിതമായി. 1968 - 1976 കാലത്ത്‌ നിരവധി പ്രദര്‍ശനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. 1976-ല്‍ ലളിതകലാ അക്കാദമി പണിക്കര്‍ക്ക്‌ വിശിഷ്ടാംഗത്വം നല്‍കി. 1977 ജനുവരി 15-ന്‌ അദ്ദേഹം ചെന്നൈയില്‍ അന്തരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം 1979 മേയ്‌ 30-ന്‌ തിരുവനന്തപുരത്ത്‌ മ്യൂസിയം വളപ്പില്‍ അദ്ദേഹത്തിന്റെ 65-ല്‍ അധികം ചിത്രങ്ങളുള്ള കെ. സി. എസ്‌. പണിക്കേഴ്‌സ്‌ ഗാലറി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. 

പണിക്കരുടെ ചിത്രകലയില്‍ വ്യക്തമായി വേര്‍തിരിക്കാവുന്ന പല ഘട്ടങ്ങളുണ്ട്‌. ഭൂഭാഗദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കിയ 1940-കളിലെ ജലച്ചായ ചിത്രങ്ങള്‍, പിന്നീടുള്ള മനുഷ്യരൂപത്തിനു  പ്രാധാന്യം നല്‍കിയ മനുഷ്യാകാരചിത്രങ്ങള്‍, വാക്കുകളും പ്രതീകങ്ങളും നിറഞ്ഞ അമൂര്‍ത്ത ചിത്രങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ കലാവികാസത്തിലെ വ്യത്യസ്‌ത ഘട്ടങ്ങളെ കുറിക്കുന്നു. 'അമ്മയും കുട്ടിയും' (1954), 'പാപിനി' (1956), 'ചുവപ്പു നിറമുള്ള മുറി' (1960)തുടങ്ങിയ ചിത്രങ്ങള്‍ മനുഷ്യാകാര ചിത്രങ്ങളുടെ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളാണ്‌. നര്‍ത്തകികള്‍, ക്ഷേത്രത്തിലേക്ക്‌, പീറ്ററുടെ നിഷേധം, ആള്‍ക്കൂട്ടത്തിലെ ക്രിസ്‌തു, നൃത്തം ചെയ്യുന്ന പെണ്‍കുട്ടി തുടങ്ങിയ നിരവധി പ്രശസ്‌ത രചനകളും ഇക്കാലത്ത്‌ അദ്ദേഹം സൃഷ്ടിച്ചു. വാക്കുകളും പ്രതീകങ്ങളും എന്ന ചിത്രപരമ്പരയാണ്‌ പണിക്കരുടെ അമൂര്‍ത്ത ഘട്ടത്തിന്റെ ഉദാഹരണം. കേരളീയ പാരമ്പര്യത്തില്‍ നിന്നു സ്വീകരിച്ചിട്ടുള്ള മോട്ടീഫുകളാണ്‌ ഈ ചിത്രങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്‌. 

പണിക്കര്‍ നേതൃത്വം നല്‍കിയ ഒരു സംഘം ആധുനിക കലാകാരന്മാരെയാണ്‌ മദ്രാസ്‌ സ്‌കൂള്‍ എന്നു വിളിക്കുന്നത്‌. വസ്‌തുവിന്റെ ആകൃതി പകര്‍ത്തുമ്പോള്‍ രേഖയ്‌ക്കു നല്‍കിയ പ്രാധാന്യമാണ്‌ മദ്രാസ്‌ സ്‌കൂളിന്റെ സംഭാവന. സന്താനരാജ്‌, ആദിമൂലം, റെഡ്ഡപ്പ നായിഡു, എം. വി. ദേവന്‍, അക്കിത്തം നാരായണന്‍, രാമാനുജം, കെ. വി. ഹരിദാസന്‍, നമ്പൂതിരി, ടി. കെ. പദ്‌മിനി, പാരീസ്‌ വിശ്വനാഥന്‍, പി. ഗോപിനാഥ്‌, എ. സി. കെ. രാജ, ഡഗ്ലസ്‌, ആന്റണി ദാസ്‌, അല്‍ഫോണ്‍സോ, എസ്‌. ജി. വാസുദേവ്‌ തുടങ്ങിയ നിരവധി പ്രഗല്‌ഭ പെയിന്റര്‍മാര്‍ ഈ ഗണത്തില്‍പ്പെടുന്നു. 1960-കളിലാണ്‌ മദ്രാസ്‌ സ്‌കൂളിന്റെ സുവര്‍ണകാലം. സാഹിത്യത്തിലും കലയിലുമെല്ലാം ആധുനികതാപ്രസ്ഥാനം (modernism)നിറഞ്ഞൊഴുകിയ കാലമായിരുന്നു. അത്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.