കൊച്ചീ രാജ്യം


മധ്യകാല കേരളത്തിലെ പ്രബല രാജ്യങ്ങളിലൊന്നായിരുന്നു കൊച്ചി. കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നു വന്ന ചെറു നാടുകളില്‍ കൊച്ചിയും വേണാടും കോഴിക്കോടും കോലത്തു നാടുമായിരുന്നു ഏറ്റവും പ്രബലം.[[B047]]

പെരുമ്പടപ്പു സ്വരൂപം എന്നാണ്‌ കൊച്ചീ രാജവംശം അറിയപ്പെട്ടിരുന്നത്‌. ഈ വംശത്തിന്റെ ഉദ്‌ഭവം അമ്മ വഴിയ്‌ക്ക്‌ മഹോദയപുരത്തെ കുലശേഖരന്മാരില്‍ നിന്നാണ്‌ എന്നാണ്‌ ഐതിഹ്യം. പതിമൂന്നാം നൂറ്റാണ്ടു വരെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്‌ പഞ്ചായത്തില്‍പ്പെടുന്ന വന്നേരിയായിരുന്നു പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനം. ഈ നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോട്‌ സാമൂതിരി വള്ളുവനാട്‌ ആക്രമിച്ചപ്പോള്‍ അവര്‍ മഹോദയപുരത്തേക്കു താമസം മാറ്റി. പതിനാലാം നൂറ്റാണ്ടില്‍ കൊച്ചി ആസ്ഥാനമായി. പതിനഞ്ചാം നൂറ്റാണ്ടില്‍ പെരുമ്പടപ്പു വംശം അഞ്ചു തായ്‌വഴികളായി (മൂത്ത താവഴി, ഇളയ താവഴി, പള്ളുരുത്തി താവഴി, മാടത്തുങ്കല്‍ അഥവാ മുരിങ്ങൂര്‍ താവഴി, ചാഴൂര്‍ താവഴി) പിരിഞ്ഞു. അഞ്ചെണ്ണത്തിലും വച്ച്‌ ഏറ്റവും പ്രായം കൂടിയ ആള്‍ രാജാവാകും എന്നതായിരുന്നു വ്യവസ്ഥ. ഇത്‌ രാജവംശീയര്‍ക്കിടയില്‍ ആഭ്യന്തര ശൈഥില്യത്തിനു കളമൊരുക്കി. 1498 - ല്‍ വാസ്‌കോ ഡ ഗാമ എത്തിയതിനെ തുടര്‍ന്ന്‌ പോര്‍ച്ചുഗീസുകാര്‍ വ്യാപാര ലക്ഷ്യവുമായി കൊച്ചിയില്‍ വരുമ്പോള്‍ ആഭ്യന്തര ശൈഥില്യം രൂക്ഷമായിരുന്നു.[[B048]]
പോര്‍ച്ചുഗീസ്‌ കപ്പിത്താനായ പെദ്രോ ആല്‍വറസ്‌ കബ്രാള്‍ (Pedro Alvarez Cabral)കൊച്ചിയില്‍ എത്തുമ്പോള്‍ ഉണ്ണിരാമ കോയില്‍ ഒന്നാമനായിരുന്നു രാജാവ്‌. അദ്ദേഹം പോര്‍ച്ചുഗീസുകാര്‍ക്ക്‌ വാണിജ്യ സൗകര്യങ്ങള്‍ അനുവദിച്ചു. ഉണ്ണിരാമ കോയില്‍ രണ്ടാമന്‍ (1503 - 1537), വീരകേരള വര്‍മ (1537 - 1565) കേശവരാമ വര്‍മ (1566 - 1601) എന്നിവരായിരുന്നു അടുത്ത രാജാക്കന്മാര്‍. മികച്ച ഭരണമാണ്‌ കേശവ രാമ വര്‍മ നടത്തിയത്‌. ജൂതന്മാര്‍ കൊച്ചിയില്‍ ആസ്ഥാനമുറപ്പിച്ചത്‌ ഇക്കാലത്താണ്‌. ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക്‌ തിരുമല ക്ഷേത്രം നിര്‍മിക്കാന്‍ മട്ടാഞ്ചേരിയില്‍ നികുതി ഒഴിവാക്കി അദ്ദേഹം സ്ഥലമനുവദിച്ചു. 'രാജരത്‌നാവലീയം ചമ്പു', 'നൈഷധം ചമ്പു' എന്നിവ എഴുതിയ മഴമംഗലം നാരായണന്‍ നമ്പൂതിരി, 'രാമവര്‍മവിലാസം', 'രത്‌നകേതുദയം' എന്നീ കാവ്യങ്ങളെഴുതിയ ബാലകവി എന്നിവര്‍ കേശവരാമവര്‍മ്മയുടെ സദസ്യരായിരുന്നു. കേരളത്തിലെ ക്രിസ്‌തുമതത്തിന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ച ഉദയം പേരൂര്‍ സൂനഹദോസ്‌ (1599) നടന്നത്‌ ഇക്കാലത്താണ്‌. വാര്‍ധക്യത്തില്‍ കാശിയിലേക്കു പോയ രാജാവ്‌ 1601 മേയ്‌ മൂന്നിന്‌ അവിടെ വച്ച്‌ അന്തരിച്ചു.[[BO49]]

വീരകേരള വര്‍മ (1601 - 1615), രവി വര്‍മ (1615 - 1624), വീരകേരള വര്‍മ (1624 - 1637), ഗോദവര്‍മ (1637 - 1645), വീര രായിര വര്‍മ (1645 - 1646), വീരകേരള വര്‍മ (1646 - 1650), രാമ വര്‍മ (1650 - 1656) എന്നിവരായിരുന്നു തുടര്‍ന്നു ഭരിച്ച രാജാക്കന്മാര്‍. രാമവര്‍മയ്‌ക്കു ശേഷം റാണി ഗംഗാധരലക്ഷ്‌മി (1656 - 1658) സ്ഥാനമേറ്റു. കൊച്ചീരാജ്യത്തിന്റെ ചരിത്രത്തിലെ ഏക രാജ്ഞിയാണ്‌ ഗംഗാധര ലക്ഷ്‌മി. അവര്‍ക്കു ശേഷം വെട്ടത്തുനാട്‌ രാജ്യത്തു (ഇന്നത്തെ പൊന്നാനി - തിരൂര്‍ താലൂക്കുകളിലായി വ്യാപിച്ചിരുന്ന പഴയ നാട്ടുരാജ്യം) നിന്നു ദത്തെടുത്ത രാമവര്‍മ (1658 - 1662) രാജാവായി. 1662 ഫെബ്രുവരി മട്ടാഞ്ചേരിയില്‍ നടന്ന യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. വെട്ടത്തു നാട്ടില്‍ നിന്നു തന്നെ ദത്തെടുത്ത ഗോദവര്‍മ (1662 - 1663) രാജാവായെങ്കിലും അദ്ദേഹത്തെ ഡച്ചുകാര്‍ സ്ഥാന ഭ്രഷ്ടനാക്കി.[[B050]]

ഗോദവര്‍മയെ പുറത്താക്കിയ ഡച്ചുകാര്‍ വീര കേരള വര്‍മയെ (1663 - 1687) രാജാവാക്കി. ഡച്ച്‌ ഈസ്റ്റിന്ത്യാ കമ്പനി കൊച്ചിയുടെ ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാവുകയും ചെയ്‌തു. പാലിയത്ത്‌ അച്ചന്‍മാരായിരുന്നു പരമ്പരാഗത പ്രധാന മന്ത്രിമാര്‍. 1678 - മേയില്‍ ഒരു ഉടമ്പടിയിലൂടെ ഭരണ നിയന്ത്രണവും ഡച്ചുകാര്‍ കൈപ്പിടിയിലാക്കി. ദത്തെടുക്കേണ്ടത്‌ രാജകുടുംബത്തിന്റെ ഏതു താവഴിയില്‍ നിന്നായിരിക്കണമെന്ന തര്‍ക്കവും കോഴിക്കോട്‌ സാമൂതിരിയും ഡച്ചുകാരുമായുള്ള വ്യാപാരബന്ധവും കൊച്ചിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. രാമവര്‍മ (1687 - 1693), രവി വര്‍മ (1693 - 1697), രാമവര്‍മ (1697 - 1701) എന്നീ രാജാക്കന്മാരുടെ കാലത്ത്‌ ഈ പ്രതിസന്ധികള്‍ മൂര്‍ച്ചിച്ചു.[[B051]]

രാമവര്‍മ രാജാവിന്റെ (1710 - 1722) കാലത്ത്‌ സാമൂതിരി കൊച്ചിയെ ആക്രമിച്ചു. 1710 - ല്‍ സന്ധി ചെയ്‌ത്‌ യുദ്ധം അവസാനിപ്പിച്ചെങ്കിലും 1715-ല്‍ വീണ്ടും ആക്രമണമുണ്ടായി. 1717 - ലെ സന്ധിപ്രകാരം യുദ്ധം അവസാനിച്ചു. യുദ്ധം രാജ്യത്തെ ദുര്‍ബലമാക്കി. നായര്‍ മാടമ്പിമാര്‍ ശക്തരാവുകയും ചെയ്‌തു. രാമ വര്‍മ (1731 - 1746), കേരള വര്‍മ (1746 - 1749), രാമവര്‍മ (1749 - 1760) തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. മൂപ്പിളമത്തര്‍ക്കം അതിന്‌ ആക്കം കൂട്ടി.[[B052]]

കേരളവര്‍മ രാജാവ്‌ (1760 - 1775) തിരുവിതാംകൂറുമായി നല്ല ബന്ധം സ്ഥാപിച്ചു. സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോള്‍ തിരുവിതാംകൂര്‍ പട്ടാളം കൊച്ചിയെ സഹായിക്കാനെത്തിയത്‌ അങ്ങനെയാണ്‌. 1764 - ല്‍ തിരുവിതാംകൂര്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ സഹായത്തിനു പ്രതിഫലമായി കൊച്ചിയുടെ ഭാഗമായിരുന്ന ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു ലഭിച്ചു. 1776 - ല്‍ മൈസൂര്‍ സൈന്യം കൊച്ചിയുടെ ഭാഗമായ തൃശ്ശൂര്‍ കീഴടക്കുകയും കേരളവര്‍മയെ കപ്പം നല്‍കുന്നതിനു നിര്‍ബന്ധിതനാക്കുകയും ചെയ്‌തു.[[B053]]

രാമവര്‍മ (1775 - 1790) എന്ന അടുത്ത രാജാവ്‌ ദുര്‍ബലനായിരുന്നതിനാല്‍ ഭരണ നിയന്ത്രണം കൈയാളിയത്‌ ഇളമുറത്തമ്പുരാനായ രാമവര്‍മയായിരുന്നു. തിരുവിതാംകൂറിന്റെയും ഡച്ച്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്‌. ഇരുപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാമവര്‍മ പിന്നീട്‌ ശക്തന്‍ തമ്പുരാന്‍ എന്ന പേരില്‍ പ്രശസ്‌തനായി. 1769 മുതല്‍ തന്നെ ഭരണം നിര്‍വഹിച്ചിരുന്നുവെങ്കിലും 1790-ല്‍ മാത്രമാണ്‌ ശക്തന്‍ തമ്പുരാന്‍ രാജാവായത്‌.[[B054]]

കൊച്ചിയിലെ ഏറ്റവും മഹാനായ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍. നായര്‍ മാടമ്പിമാരെ ഒതുക്കി കേന്ദ്രീകൃതഭരണം ആരംഭിച്ച അദ്ദേഹം കൊച്ചിയെ പുരോഗതിയിലേക്കു നയിച്ചു. കൊച്ചിയുടെ വാണിജ്യ പുരോഗതിക്കും അദ്ദേഹം അടിത്തറയിട്ടു. ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വത്തിനു തടയിട്ട ശക്തന്‍ തമ്പുരാന്‍ ലത്തീന്‍ ക്രൈസ്‌തവരോടും ഗൗഡ സാരസ്വതരോടും അനുകൂല നിലപാടല്ല സ്വീകരിച്ചത്.‌ എന്നാല്‍ സുറിയാനി ക്രിസ്‌ത്യാനികള്‍ക്ക്‌ അദ്ദേഹം ആവോളം സഹായം നല്‍കി. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രവും പെരുമനം (പെരുവനം) ക്ഷേത്രവും തിരുവില്വാമല ക്ഷേത്രവും സര്‍ക്കാര്‍ ഏറ്റെടുത്തു. ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത്‌ തകര്‍ക്കപ്പെട്ട ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം പുനരുദ്ധരിച്ചു.

തിരുവഞ്ചിക്കുളം ക്ഷേത്രവും പുതുക്കിപ്പണിതു. തൃശ്ശൂര്‍ പൂരം ആരംഭിച്ചതും ശക്തന്‍ തമ്പുരാനാണ്‌.[[B055]]


കുറിപ്പുകള്‍
1. ശ്രീധരമേനോന്‍, എ. , കേരള ചരിത്രം, എസ്‌. വിശ്വനാഥന്‍ പബ്ലിഷേഴ്‌സ്‌, ചെന്നൈ, 2006 പു. 210.[[B056]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.