മാമാങ്കം


അയല്‍ രാജ്യങ്ങളായ ബേപ്പൂര്‍, പരപ്പനാട്‌, വെട്ടത്തുനാട്‌, കുറുമ്പ്രനാട്‌ തുടങ്ങിയവയെ സാമൂതിരിമാര്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടു വന്നു. എന്നാല്‍ വള്ളുവനാട്‌ രാജാവ്‌ (വള്ളുവക്കോനാതിരി) സാമൂതിരിയുടെ മേല്‍ക്കോയ്‌മ അംഗീകരിച്ചില്ല. ഭാരതപ്പുഴയുടെ തീരത്ത്‌ തിരുനാവായയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന മഹോത്സവമായ മാമാങ്ക (മാഘമകം) ത്തിന്റെ അധ്യക്ഷസ്ഥാനം വള്ളുവനാട്ടു രാജാവിനായിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള ആ പദവി കൈക്കലാക്കാന്‍ വേണ്ടി സാമൂതിരി വള്ളുവനാട്‌ ആക്രമിച്ചു. നമ്പൂതിരി ഗ്രാമങ്ങളായ പന്നിയൂര്‍, ചൊവ്വര എന്നിവ തമ്മിലുള്ള കിടമത്സര (കുറുമത്സരം) ത്തില്‍ പങ്കുചേര്‍ന്നു കൊണ്ടാണ്‌ സാമൂതിരി വള്ളുവനാടിനെ നേരിട്ടത്‌. പന്നിയൂര്‍ പക്ഷത്തായിരുന്നു സാമൂതിരി; വള്ളുവക്കോനാതിരി ചൊവ്വര പക്ഷത്തും. മറ്റു നാട്ടുരാജാക്കന്മാരും ഇവ്വിധം കക്ഷി ചേര്‍ന്നു. യുദ്ധത്തില്‍ സാമൂതിരി വള്ളുവനാടു പക്ഷത്തെ തോല്‍പ്പിച്ച്‌ മാമാങ്കത്തിന്റെ അധ്യക്ഷപദവി (രക്ഷാപുരുഷ സ്ഥാനം) സ്വന്തമാക്കി.[[B060]]

തുടര്‍ന്നു തലിപ്പിള്ളി രാജ്യവും (ഇന്നത്തെ തൃശ്ശൂര്‍ ജില്ലയില്‍) സാമൂതിരി കീഴ്‌പെടുത്തി. കൊച്ചി രാജ്യത്തെ രാജവംശജര്‍ക്കിടയിലെ മൂപ്പിളമത്തര്‍ക്കത്തില്‍ ഇടപെട്ട സാമൂതിരി പലതവണ കൊച്ചിയില്‍ ആക്രമണങ്ങള്‍ നടത്തി. 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുമ്പോള്‍ വടക്കന്‍ കേരളത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി സാമൂതിരിയായിരുന്നു. ബദ്ധശത്രുക്കളായിരുന്ന കോലത്തുനാടിനെയും ഇക്കാലത്ത്‌ സാമൂതിരി സ്വാധീന പരിധിയിലാക്കിയിരുന്നു.[[B061]]

1498-ല്‍ എത്തിയ വാസ്‌കോ ഡ ഗാമയ്‌ക്ക്‌ ഹൃദ്യമായ വരവേല്‌പാണ്‌ സാമൂതിരി നല്‍കിയത്‌. 1500-ല്‍ പെദ്രോ ആല്‍വറെസ്‌ കബ്രാളിന്റെ നേതൃത്വത്തില്‍ അടുത്ത പോര്‍ച്ചുഗീസ്‌ സംഘമെത്തി. അവര്‍ക്ക്‌ കോഴിക്കോട്‌ വ്യാപാരശാല പണിയാന്‍ സാമൂതിരി അനുവാദം നല്‍കി. വ്യാപാരക്കുത്തകയുണ്ടായിരുന്ന അറബികളെ പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചത്‌ സാമൂതിരിയുടെ എതിര്‍പ്പിനിടയാക്കി. നാട്ടുകാര്‍ പോര്‍ച്ചുഗീസ്‌ വ്യാപാരശാല നശിപ്പിച്ചതോടെ കബ്രാള്‍ കൊച്ചിയിലേക്കു നീങ്ങി. കൊച്ചിയില്‍ വ്യാപാര ബന്ധമുറപ്പിച്ച ശേഷം കണ്ണൂരിലേക്കു നീങ്ങിയ കബ്രാളിന്റെ സംഘത്തെ കോഴിക്കോടന്‍ കപ്പല്‍പ്പട ആക്രമിച്ചു.[[B062]]

1502-ല്‍ വീണ്ടും ഇന്ത്യയിലെത്തിയ വാസ്‌കോ ഡ ഗാമ സാമൂതിരിയെ സന്ദര്‍ശിച്ചെങ്കിലും
ശത്രുത അയഞ്ഞില്ല. കോഴിക്കോട്ടു നിന്ന്‌ അറബി മുസ്‌ലീം വ്യാപാരികളെ പറഞ്ഞയക്കണമെന്ന ഗാമയുടെ ആവശ്യത്തിന്‌ സാമൂതിരി വഴങ്ങിയില്ല. കൊച്ചിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള സൗഹൃദത്തില്‍ അസ്വസ്ഥനായ സാമൂതിരി പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടു. കൊച്ചീരാജാവ്‌ ഇതു നിരസിച്ചതിനാല്‍ 1503 മാര്‍ച്ച്‌ ഒന്നിന്‌ കോഴിക്കോട്ടു സൈന്യം കൊച്ചിയിലേക്കു നീങ്ങി. പോര്‍ച്ചുഗീസ്‌ സഹായമുണ്ടായിട്ടും കൊച്ചിക്കു പിടിച്ചു നില്‍ക്കാനായില്ല. രാജാവ്‌ ഇളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ അഭയം തേടി. സെപ്‌തംബറില്‍ എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസ്‌ സേന കോഴിക്കോട്ടുകാരെ തോല്‌പിച്ച്‌ കൊച്ചീരാജാവിനെ പുന : പ്രതിഷ്‌ഠിച്ചു. 1504-ല്‍ സാമൂതിരി വീണ്ടും ആക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു പിന്‍ വാങ്ങി. സാമൂതിരിയുടെ കൈവശമുള്ള കൊടുങ്ങല്ലൂര്‍ പോര്‍ച്ചുഗീസുകാര്‍ കീഴടക്കുകയും ചെയ്‌തു.[[B063]]

പോര്‍ച്ചുഗീസ്‌ ശക്തിയെ ചെറുത്തു നിന്ന മധ്യകാല കേരളഭരണകൂടം സാമൂതിരിയുടേതു മാത്രമായിരുന്നു. പൗരസ്‌ത്യ ദേശത്തെ പോര്‍ച്ചുഗീസ്‌ പ്രദേശങ്ങളുടെ പ്രതിനിധിയായി 1505-ല്‍ നിയമിതനായ ഫ്രാന്‍സിസ്‌കോ അല്‍മെയ്‌ദ കണ്ണൂരിലും കൊച്ചിയിലും കോട്ടകള്‍ കെട്ടി. കോലത്തിരി പോര്‍ച്ചുഗീസ്‌ മിത്രമാവുകയും ചെയ്‌തു. എന്നാല്‍ സാമൂതിരിയുടെ സ്വാധീനതയാല്‍ പിന്നീട്‌ കോലത്തിരി പോര്‍ച്ചുഗീസുകാര്‍ക്കെതിരായി. പല തവണ പോര്‍ച്ചുഗീസുകാരുമായി സാമൂതിരിയുടെ സൈന്യം ഏറ്റുമുട്ടി.[[B064]]

പോര്‍ച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലുകളില്‍ സാമൂതിരിയുടെ ശക്തി കുഞ്ഞാലി മരയ്‌ക്കാര്‍മാരുടെ നേതൃത്വത്തിലുള്ള നാവികപ്പടയായിരുന്നു. പന്തലായിനിക്കൊല്ലമായിരുന്നു കുഞ്ഞാലിമാരുടെ ആസ്ഥാനം. കേരള ചരിത്രത്തിലെ ധീരമായ അധ്യായമാണ്‌ കുഞ്ഞാലിമാര്‍ നടത്തിയ യുദ്ധങ്ങളുടേത്‌. 1531-ല്‍ വെട്ടത്തുനാട്ടിലെ ചാലിയത്ത്‌ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ട സാമൂതിരിക്ക്‌ കനത്ത ഭീഷണിയായിരുന്നു. 1540-ല്‍ സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ സന്ധി ചെയ്‌തുവെങ്കിലും അതൊരു താത്‌കാലിക യുദ്ധവിരാമം മാത്രമായിരുന്നു. കൊച്ചിയും വടക്കുംകൂറും തമ്മിലുള്ള തര്‍ക്കത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഇടപെട്ടത്‌ വീണ്ടും യുദ്ധത്തിന്‌ (1550) ഇടയാക്കി. തന്റെ മിത്രമായ വടക്കുംകൂര്‍ രാജാവ്‌ വധിക്കപ്പെട്ടതോടെ സാമൂതിരി കൊച്ചി ആക്രമിച്ചു. കൊച്ചിയുടെ പക്ഷത്തായിരുന്ന പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ പ്രദേശങ്ങളും ആക്രമിച്ചു. 1555-ല്‍ വീണ്ടും സമാധാനം നിലവില്‍ വന്നെങ്കിലും അടുത്ത വര്‍ഷം കോലത്തിരി സാമൂതിരിയുടെ പിന്തുണയോടെ പോര്‍ച്ചുഗീസുകാരുടെ കണ്ണൂര്‍ക്കോട്ട ആക്രമിച്ചു.[[B065]]

1570-ല്‍ ബിജപ്പൂര്‍, അഹമ്മദ്‌ നഗര്‍ എന്നിവിടങ്ങളിലെ മുസ്‌ലീം ഭരണാധികാരികളുമായി സഖ്യം സ്ഥാപിച്ച്‌ സാമൂതിരി പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. 1571-ല്‍ കുഞ്ഞാലിമാരുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ സേന ചാലിയം കോട്ട പിടിച്ചെടുത്തു. നാവികയുദ്ധങ്ങളില്‍ ഒന്നിലേറെ തവണ പോര്‍ച്ചുഗീസുകാരെ തോല്‌പിച്ച കുഞ്ഞാലിമാര്‍ ശക്തരായി മാറി. പരാജിതരായെങ്കിലും പോര്‍ച്ചുഗീസുകാര്‍ 1584-ല്‍ പൊന്നാനിയില്‍ വ്യാപാരശാല കെട്ടാനുള്ള അനുമതി സാമൂതിരിയില്‍ നിന്നു നേടിയെടുത്തു. ഇത്‌ കുഞ്ഞാലിമാരുടെ എതിര്‍പ്പിനിടയാക്കി. കുഞ്ഞാലിമാരുടെ പ്രമാണിത്തം വര്‍ധിച്ചതില്‍ സാമൂതിരിയും അസഹിഷ്‌ണുവായിരുന്നു. 1588-ല്‍ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട്‌ സാമൂതിരിയുടെ അനുമതിയോടെ ആസ്ഥാനമുറപ്പിച്ചു. കുഞ്ഞാലിമാര്‍ക്കെതിരേ സാമൂതിരിയും പോര്‍ച്ചുഗീസുകാരും ഒരുമിച്ചു. 1600-ല്‍ സാമൂതിരിയുടെ പട്ടാളം കുഞ്ഞാലിമാരുടെ കോട്ട ആക്രമിച്ചു. മാപ്പു നല്‍കാമെന്ന സാമൂതിരിയുടെ വാഗ്‌ദാനം വിശ്വസിച്ച്‌ കുഞ്ഞാലി മരയ്‌ക്കാര്‍ നാലാമന്‍ കീഴടങ്ങി. വാഗ്‌ദാനം ലംഘിച്ച സാമൂതിരി അദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ക്കു വിട്ടു കൊടുത്തു. കുഞ്ഞാലി നാലാമനെയും അനുയായികളെയും അവര്‍ ഗോവയില്‍ കൊണ്ടു പോയി വധിച്ചു. കുഞ്ഞാലിമാരെ തകര്‍ത്തെങ്കിലും കേരളത്തിലെ പോര്‍ച്ചുഗീസ്‌ മേധാവിത്തം വൈകാതെ അവസാനിച്ചു. ഡച്ചുകാരാണ്‌ അവരെ പുറത്താക്കി മേധാവിത്തം ഉറപ്പിച്ചത്‌. തുടര്‍ന്ന്‌ ഡച്ചുകാരുമായും സാമൂതിരിമാര്‍ ഒട്ടേറെ ഏറ്റുമുട്ടലുകള്‍ നടത്തി. 1755-ല്‍ ഡച്ചുകാര്‍ക്കു കീഴിലുള്ള കൊച്ചി പ്രദേശങ്ങള്‍ മുഴുവന്‍ സാമൂതിരി പിടിച്ചെടുത്തു.[[B066]]

ശക്തിയുടെ പാരമ്യത്തില്‍ നിന്ന കോഴിക്കോടിനെ തകര്‍ത്തത്‌ പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ നടത്തിയ ആക്രമണങ്ങളാണ്‌. ഹൈദര്‍ അലിയും മകന്‍ ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങള്‍ ചെറുത്തു നിര്‍ത്താന്‍ സാമൂതിരിക്കു കഴിഞ്ഞില്ല. 1766-ല്‍ ഹൈദറിന്റെ സൈന്യം വടക്കന്‍ കേരളത്തില്‍ പ്രവേശിച്ചു. കടത്തനാടും കുറുമ്പ്രനാടും കീഴടക്കി മൈസൂര്‍പ്പട കോഴിക്കോട്ടേക്കു നീങ്ങിയതോടെ കുടുംബാംഗങ്ങളെ പൊന്നാനിക്കയച്ച ശേഷം സാമൂതിരി കൊട്ടാരത്തിനു തീകൊളുത്തിയിട്ട്‌ ആത്മഹത്യ ചെയ്‌തു.[[B067]]

പിന്നീട്‌ ടിപ്പുവിനായി കോഴിക്കോടിന്റെ മേല്‍ക്കോയ്‌മ. ടിപ്പു ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങിയതോടെ ശ്രീരംഗപട്ടണം സന്ധി (1792) പ്രകാരം കോഴിക്കോട്‌ ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം മുഴുവന്‍ ബ്രിട്ടീഷ്‌ നിയന്ത്രണത്തിലായി. ബ്രിട്ടീഷ്‌ പ്രവിശ്യയായിരുന്ന മദ്രാസിന്റെ ഒരു ജില്ല മാത്രമായി മാറിയ മലബാര്‍ ഐക്യ കേരള രൂപവത്‌കരണ (1956) ത്തോടെ കേരള സംസ്ഥാനത്തിന്റെ ഭാഗമായി.[[B068]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.