പണിക്കര്‍ക്കു ശേഷം


സി. കെ. രാ (സി. കെ. രാമകൃഷ്‌ണന്‍ നായര്‍), അപ്പുക്കുട്ടനാശാരി, എം. വി. ദേവന്‍, കെ. വി. ഹരിദാസന്‍, എ. സി. കെ. രാജാ, രുക്‌മിണീ വര്‍മ, ടി. കെ. പത്മിനി, ടി. പി. രാധാമണി, എച്ച്‌. ഗീത, ചിറയിന്‍കീഴ്‌ ശ്രീകണ്‌ഠന്‍ നായര്‍, കാട്ടൂര്‍ നാരായണപിള്ള, സനാതനന്‍, എ. രാമചന്ദ്രന്‍, എം. ആര്‍. ഡി. ദത്തന്‍, പി. എസ്‌. പുണിഞ്ചിത്തായ, കെ. ദാമോദരന്‍, പാരീസ്‌ വിശ്വനാഥന്‍, മോഹന്‍കുമാര്‍, അക്കിത്തം നാരായണന്‍, മുത്തുക്കോയ, ബാലന്‍ നമ്പ്യാര്‍, സി. എന്‍. കരുണാകരന്‍, കലാധരന്‍, ജയപാലപ്പണിക്കര്‍ തുടങ്ങിയ ഒട്ടേറെ ചിത്രമെഴുത്തുകാര്‍ ആധുനികതാ പ്രസ്ഥാനത്തില്‍ ഉയര്‍ന്നു വന്നു. ടി. കെ. പദ്‌മിനി, എ. രാമചന്ദ്രന്‍, വിശ്വനാഥന്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രത്യേകം പ്രസ്‌താവ്യമാണ്‌. 

29 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന ടി. കെ. പദ്‌മിനി (1940 - 1969) ആധുനികതയുടെ ഏറ്റവും ശക്തയായ പ്രതിനിധിയായിരുന്നു. മദ്രാസ്‌ സ്‌കൂളിന്റെ സന്താനമായിരുന്നു അവര്‍. ചെന്നൈ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ പഠിച്ച പത്മിനി 1968-ല്‍ പ്രശസ്‌ത ചിത്രകാരനായ കെ. ദാമോദരനെ വിവാഹം കഴിച്ചു. 1969 മേയ്‌ 11-ന്‌ പ്രസവത്തെ തുടര്‍ന്ന്‌ പത്മിനി അന്തരിച്ചു. 

സ്‌ത്രീയുടെ കാഴ്‌ചപ്പാടില്‍ നിന്നു കൊണ്ടാണ്‌ പത്മിനി വരച്ചതും. കേരളീയ ഗ്രാമക്ഷേത്രങ്ങളിലെ ശില്‌പങ്ങളുടെ ആകാരം പത്മിനിയുടെ ചിത്രങ്ങളില്‍ കാണാം. ദക്ഷിണേന്ത്യന്‍ ക്ഷേത്ര ശില്‌പങ്ങളിലെ ഉദാത്ത ശൈലിക്കു പകരം തനി കേരളീയമായ ശില്‌പശൈലിയില്‍ നിന്നും അവര്‍ തന്റെ ചിത്രരൂപങ്ങള്‍ രൂപപ്പെടുത്തി. പൊടിയും എണ്ണയും കുഴഞ്ഞ്‌ എണ്ണക്കറുപ്പായ ആ വിഗ്രഹശില്‌പങ്ങളുടെ വര്‍ണ വിന്യാസമാണ്‌ തന്റെ ചിത്രങ്ങളില്‍ പത്മിനി സ്വീകരിച്ചത്‌. വര്‍ണമിതത്വമാണ്‌ അവയുടെ പ്രത്യേകത. നഗ്ന സ്‌ത്രീരൂപങ്ങളും അര്‍ദ്ധനഗ്നരൂപങ്ങളും അവയില്‍ പ്രാധാന്യത്തോടെ നില്‍ക്കുന്നു. ദീര്‍ഘശരീരവും ബൊമ്മക്കണ്ണുകളുമുള്ളവയാണ്‌ ആ രൂപങ്ങള്‍. സന്ദര്‍ഭ ചിത്രീകരണമോ സംഭവാഖ്യാനമോ ഇല്ലാത്ത ചിത്രങ്ങളിലൂടെ ആധുനികതയുടെ സ്വഭാവം പത്മിനി വെളിപ്പെടുത്തി. 

30 എണ്ണച്ചായാ ചിത്രങ്ങളടക്കം ഇരുനൂറോളം പെയിന്റിങ്ങുകളും സ്‌കെച്ചുകളും പത്മിനി വരച്ചിട്ടുണ്ട്‌. ശീര്‍ഷകങ്ങളില്ലാത്തവയാണ്‌ മിക്ക രചനകളും. ആധുനികതയുടെ അമൂര്‍ത്തതാ സങ്കല്‌പം തുടിച്ചു നില്‍ക്കുന്ന 'മരിക്കുന്ന പക്ഷി', 'പട്ടം പറപ്പിക്കുന്ന പെണ്‍കുട്ടി' തുടങ്ങിവ ഉള്‍പ്പെടെയുള്ള ആ ചിത്രങ്ങള്‍ കേരളീയ ചിത്രകലയുടെ മുതല്‍ക്കൂട്ടുകളാണ്‌. തൃശ്ശൂരിലെ ലളിതകലാ അക്കാദമി ഗാലറിയിലാണ്‌ പത്മിനിയുടെ മിക്ക ചിത്രങ്ങളും സൂക്ഷിച്ചിട്ടുള്ളത്‌. ഹ്രസ്വകാലം മാത്രം ജീവിച്ച ഇവര്‍ക്ക്‌ അക്കാദമിയുടെ പ്രശംസാപത്രവും 1967-ല്‍ അക്കാദമി അവാര്‍ഡും 1965-ല്‍ അസോസിയേഷന്‍ ഓഫ്‌ യങ്‌ പെയിന്റേഴ്‌സ്‌ ആന്‍ഡ്‌ സ്‌കള്‍പ്‌ചേഴ്‌സ്‌ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.