രവിവര്‍മ്മയ്‌ക്കു ശേഷം


രാജാരവിവര്‍മയുടെ സഹോദരങ്ങളായ സി. രാജരാജവര്‍മയും മംഗളാഭായി തമ്പുരാട്ടിയും ഒന്നാന്തരം ചിത്രമെഴുത്തുകാരായിരുന്നു. കേരളത്തിലെ ആദ്യത്തെ അറിയപ്പെടുന്ന ചിത്രകാരിയും മംഗളാഭായി ആയിരിക്കണം. രാജാരവിവര്‍മയുടെ പ്രശസ്‌തമായ ഛായാപടം വരച്ചത്‌ അവരാണ്‌. ഭൂഭാഗ ചിത്രണത്തിലായിരുന്നു രാജരാജവര്‍മയ്‌ക്കു മികവ്‌. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ചിത്രകാരന്മാരായിരുന്ന അച്യുതന്‍ പിള്ള, കിഴക്കേമഠം പദ്‌മനാഭന്‍ തമ്പി എന്നിവരും രവിവര്‍മയുടെ സമകാലികരായിരുന്നു. 

രവിവര്‍മയുടെ മകന്‍ രാമവര്‍മരാജാ, പി. ജെ. ചെറിയാന്‍, എന്‍. എന്‍. നമ്പ്യാര്‍, കെ. മാധവമേനോന്‍, പി. ഗംഗാധരന്‍, രാമകൃഷ്‌ണനാശാരി, സി. വി. ബാലന്‍ നായര്‍, പി. ഐ. ഇട്ടൂപ്പ്‌ തുടങ്ങിയവരാണ്‌ രവിവര്‍മക്കു ശേഷം ഉയര്‍ന്നു വന്ന തലമുറയില്‍ ഏറ്റവും ശ്രദ്ധേയര്‍. ചിത്രമെഴുത്ത്‌ പി. ജെ. ചെറിയാന്‍ എന്നും ആര്‍ട്ടിസ്റ്റ്‌ പി. ജെ. ചെറിയാന്‍ എന്നും അറിയപ്പെട്ടിരുന്ന പി. ജെ. ചെറിയാന്‍ (1891 - 1981) ചിത്രകാരന്‍, ചിത്രകലാധ്യാപകന്‍, ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകര്‍, നാടകനടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്‌തനായിരുന്നു. ചെന്നൈയില്‍ നിന്നാണ്‌ അദ്ദേഹം ചിത്രകല പഠിച്ചത്‌. പോര്‍ട്രെയ്‌റ്റ്‌ പെയിന്റിങ്ങില്‍ പ്രത്യേക വൈദഗ്‌ധ്യം നേടി തിരിച്ചെത്തിയ ചെറിയാന്‍ ഉപരിപഠനത്തിനായി 1913-ല്‍ മാവേലിക്കരയിലെത്തി രാമവര്‍മരാജായുടെ ശിഷ്യനായി. ഇരുവരും ചേര്‍ന്നാണ്‌ മാവേലിക്കരയില്‍ രവിവര്‍മ പെയിന്റിങ്ങ്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. 1921-ല്‍ ചെന്നൈയിലും ചെറിയാന്‍ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. നാടകത്തിനും സിനിമയ്‌ക്കുമൊക്കെയായി ജീവിതം പങ്കുവച്ച ചെറിയാന്‍ 1981 ജനുവരി 18-ന്‌ അന്തരിച്ചു. 'എന്റെ കലാജീവിതം', 'കലാവീക്ഷണം' എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌. 

ബംഗാളിലെ ശാന്തിനികേതനില്‍ ചിത്രകല പഠിച്ച കെ. മാധവമേനോന്‍ കേരളത്തിന്റെ ചിഹ്നങ്ങളാണ്‌ തന്റെ കാന്‍വാസുകളിലേക്കു കൊണ്ടു വന്നത്‌. ശാന്തിനികേതനിലെ പഠനം കൊണ്ടു തന്നെ സ്വാഭാവികമായും പ്രബലമായ ബംഗാള്‍ സ്‌കൂളിന്റെ സ്വാധീനതയില്‍ പെട്ടുപോകാമായിരുന്ന മേനോന്‍ ബോധപൂര്‍വം അതില്‍ നിന്നു വിട്ടുനിന്നതിന്‌ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിവു നല്‍കുന്നു. കേരളീയ ഭൂപ്രകൃതിയും താമരക്കുളങ്ങളും പക്ഷികളും മഴയും തെങ്ങുകളും നിറഞ്ഞു നില്‍ക്കുന്നവയാണ്‌ മാധവമേനോന്റെ ചിത്രങ്ങള്‍. അവയില്‍ 'റൊമാന്റിക്‌ കാവ്യാത്മകത തോന്നിക്കുന്ന ഒരുതരം ക്ലാസിസം കാണാം'(2). പാശ്ചാത്യശൈലിയുമായി പുലബന്ധം പോലുമില്ല മാധവമേനോന്റെ ചിത്രങ്ങള്‍ക്ക്‌. ഭാരതീയ ശൈലിയിലാണ്‌ അദ്ദേഹം അടിയുറച്ചു നിന്നത്‌. 

പാശ്ചാത്യമായ വസ്‌തുനിഷ്‌ഠപഠനത്തിനു പ്രാധാന്യം നല്‍കിയ ഡോ. എ. ആര്‍. പൊതുവാള്‍, രവിവര്‍മയുടെ സ്വാധീനതയില്‍പ്പെട്ട ചിത്രകാരന്മാരായ ആര്‍. ഗോവിന്ദനാശാരി, വി. എസ്‌. വല്യത്താന്‍, ടി. എ. ശ്രീധരന്‍, ടി. വി. ബാലകൃഷ്‌ണന്‍ നായര്‍, ആര്‍. ഹരി തുടങ്ങിയ ഒട്ടേറെ ചിത്രകാരന്മാര്‍ ഇക്കാലത്ത്‌ പ്രശസ്‌തരായിരുന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.