ബ്രിട്ടീഷ്‌ വാഴ്‌ചയ്‌ക്കെതിരേ


ബ്രിട്ടീഷ്‌മേല്‍ക്കോയ്‌മയ്‌ക്കെതിരെ സ്വാഭാവികമായും ദേശാഭിമാനികളുടെ പ്രതിഷേധമുയര്‍ന്നു. കേരള വര്‍മ പഴശ്ശിരാജാവും വേലുത്തമ്പി ദളവയും പാലിയത്തച്ഛനും ഇങ്ങനെ ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ ആയുധമെടുത്തു. അവരുടെ വിപ്ലവങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും ബ്രിട്ടീഷ്‌ വിരോധവും ദേശാഭിമാനവും ജനങ്ങളില്‍ വളര്‍ത്താന്‍ അവ സഹായിച്ചു.[[B079]]

ബ്രിട്ടീഷുകാര്‍ മലബാറില്‍ ഏര്‍പ്പെടുത്തിയ നികുതി സമ്പ്രദായത്തിനെതിരേയായിരുന്നു കോട്ടയം രാജവംശത്തിലെ പഴശ്ശിരാജാ സായുധസമരം നടത്തിയത്‌. നാട്ടുരാജാക്കന്മാരില്‍ നിന്നായിരുന്നു ബ്രിട്ടീഷുകാര്‍ നികുതി പിരിച്ചത്‌; രാജാക്കന്മാര്‍ ജനങ്ങളില്‍ നിന്നും കോട്ടയത്തെ നികുതി പിരിക്കാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയത്‌ പഴശ്ശിരാജാവിനുപകരം അമ്മാവനായ കുറുമ്പ്രനാട്ടു രാജാവിനായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ 1795 ജൂണ്‍ 28ന്‌ പഴശ്ശിരാജാവ്‌ എല്ലാനികുതി പിരിവും നിര്‍ത്തിവയ്‌പിച്ചു. 1793 - 1797, 1800 - 1805 കാലങ്ങളിലായി ഒട്ടേറെത്തവണ പഴശ്ശിരാജാവിന്റെ പടയാളികളും ഇംഗ്ലീഷ്‌ സൈന്യവും ഏറ്റുമുട്ടി. വയനാടന്‍ കാടുകളിലേക്കു പിന്‍വാങ്ങി ഒളിയുദ്ധമാരംഭിച്ച പഴശ്ശിരാജാവ്‌ 1805 നവംബര്‍ 30ന്‌ വെടിയേറ്റു മരിച്ചു. അതോടെ അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധം തകര്‍ന്നു.[[B080]]

തിരുവിതാംകൂറില്‍ റെസിഡന്റ്‌ മെക്കാളെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതിനെതിരേ ദളവയായ വേലുത്തമ്പി ഉയര്‍ത്തിയ എതിര്‍പ്പ്‌ തുറന്ന യുദ്ധത്തിലാണു കലാശിച്ചത്‌. കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്തച്ചനുമായി ചേര്‍ന്ന്‌ വേലുത്തമ്പി ബ്രിട്ടീഷ്‌ സൈന്യത്തെ ആക്രമിച്ചു. ബ്രിട്ടീഷ്‌ മേധാവിത്തത്തിനെതിരേ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുന്ന കുണ്ടറ വിളംബരം 1809 നവംബര്‍ 11 ന്‌ വേലുത്തമ്പി പുറപ്പെടുവിച്ചു. ജനങ്ങള്‍ ആവേശപൂര്‍വം ആ സമരാഹ്വാനം സ്വീകരിച്ചെങ്കിലും ബ്രിട്ടീഷ്‌ സൈന്യം തിരുവിതാംകൂര്‍ സേനയുടെ ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി കീഴടക്കി. പരാജയം മുന്നില്‍ കണ്ട വേലുത്തമ്പി ആത്മഹത്യ ചെയ്‌തു. 1812-ല്‍ വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങളായ കുറിച്യരും കുറുമ്പരും ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്തുവെങ്കിലും പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടു.[[B081]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.