Tuesday, October 4, 2011 |
0
അഭിപ്രായ(ങ്ങള്‍)
കേരളത്തിലെ നാടോടിനാടകരൂപം. മധ്യതിരുവിതാംകൂറിലാണ് കൂടുതല്‍ പ്രചാരം. താഴ്‌ന്ന ജാതിയില്‍പ്പെട്ട കാക്കാലന്‍ സമൂഹത്തിലെ ഉന്നതരെ പരിഹസിക്കുന്ന ഹാസ്യനാടകമാണിത്. കാര്‍ണിവലെസ്‌ക് എന്ന് ഈ ഹാസ്യത്തെ വിശേഷിപ്പിക്കാം. എന്നാല്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവരല്ല കാക്കാരിശ്ശിനാടകം അവതരിപ്പിക്കുന്നത്. തമിഴ് സ്വാധീനം ഈ കലാരൂപത്തില്‍ പ്രബലമാണ്. നാടോടിവര്‍ഗ (Nomadic tribe)ത്തില്‍പ്പെട്ട കാക്കാലന്‍മാരുടെ ജീവിതത്തെ ആധാരമാക്കിയാണ് കാക്കാരിശ്ശിനാടകം രൂപപ്പെടുത്തിയിട്ടുള്ളത്. കാക്കാനും രണ്ടു ഭാര്യമാരുമാണ് മുഖ്യകഥാപാത്രങ്ങള്‍. പാട്ടുകാരനും കാക്കാലനും തമ്മിലുള്ള സംഭാഷണവും ചോദ്യോത്തരങ്ങളും വഴി നാടകത്തിലെ കഥ വികസിക്കുന്നു. രണ്ടു ഭാര്യമാര്‍ക്കിടയില്‍പ്പെട്ട കാക്കാലന്റെ ധര്‍മ്മസങ്കടങ്ങള്‍, പാമ്പുകടിയേറ്റുള്ള കിടപ്പ്, കാക്കാത്തിമാരുടെ മറുവിളി, ലാടവൈദ്യന്‍ കാക്കാലനെ രക്ഷിക്കുമ്പോഴുള്ള ആശ്വാസം എന്നിവയെല്ലാം ഹാസ്യാത്മകമായും സാമൂഹിക വിമര്‍ശനപരമായും അവതരിപ്പിക്കുന്നു. ഹിന്ദു പുരാണസന്ദര്‍ഭങ്ങളും കാക്കാരിശ്ശിനാടകത്തില്‍ അവതരിപ്പിക്കാറുണ്ട്. ശിവന്‍, പാര്‍വ്വതി എന്നീ കഥാപാത്രങ്ങള്‍ മിക്ക നാടകങ്ങളിലും കാണും. കോമാളി, ലാട വൈദ്യന്‍, രാജാവ്, മന്ത്രി തുടങ്ങിയ കഥാപാത്രങ്ങളുമുണ്ടാവും. മദ്ദളം, ഇലത്താളം, ഹാര്‍മോണിയം തുടങ്ങിയവയാണ് കാക്കാരിശ്ശിനാടകത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. ഗ്രാമങ്ങളില്‍ കൃഷിപ്പണികള്‍ തീരുന്നകാലത്താണ് കാക്കാരിശ്ശിനാടകം അവതരിപ്പിച്ചിരുന്നത്. പഴയകാലത്ത് കാക്കാരിശ്ശി നാടകസംഘങ്ങള്‍ ക്ഷേത്രങ്ങളിലും വീടുകളിലും നാടകം അവതരിപ്പിച്ചിരുന്നു. പഴയ രൂപത്തില്‍ ഇന്ന് ഒരിടത്തും ഈ നാടകം അരങ്ങേറാറില്ല. |
0 അഭിപ്രായ(ങ്ങള്‍):
Post a Comment