പഞ്ചകര്‍മ ചികിത്സ


ആയുര്‍വേദ പ്രകാരം ചികിത്സ രണ്ടു വിധമാണ്‌ - ശോധന ചികിത്സയും ശമന ചികിത്സയും. ഔഷധം കൊണ്ട്‌ ശമിപ്പിക്കാന്‍ പറ്റാത്ത രോഗങ്ങള്‍ ചികിത്സിക്കാന്‍ രോഗകാരണമായ ദോഷങ്ങളെ ശരീരത്തില്‍ നിന്നു പുറത്തു കളയുന്നതാണ്‌ ശോധനം. പഞ്ചകര്‍മങ്ങള്‍ എന്നു വിളിക്കപ്പെടുന്ന വമനം, വിരേചനം, വസ്‌തി, രക്തമോക്ഷം, നസ്യം എന്നിവയാണ്‌ ശോധന ചികിത്സാമാര്‍ഗങ്ങള്‍. പഞ്ചകര്‍മ ചികിത്സയ്‌ക്ക്‌ ലോകപ്രശസ്‌തമാണ്‌ കേരളം. 

ശരീരത്തിന്‌ സമഗ്രമായ ചൈതന്യം നല്‍കുന്ന പഞ്ചകര്‍മം മനസ്സിന്‌ പ്രശാന്തിയും ഊര്‍ജസ്വലതയും നല്‍കുന്നു. 

വമനം - വമനമാണ്‌ പഞ്ചകര്‍മത്തിലെ ഒന്നാമത്തെ കര്‍മം. കഫപ്രധാനമായ ദോഷത്തെ ഛര്‍ദ്ദിയുണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച്‌ ഛര്‍ദ്ദിപ്പിച്ചു കളയുന്നതാണ്‌ ഇതിന്റെ രീതി. 

വിരേചനം - പിത്തദോഷത്തെ വയറിളക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച്‌ വിരേചിപ്പിക്കല്‍ (വിസര്‍ജിപ്പിക്കല്‍) ആണ്‌ ഈ സമ്പ്രദായം. 

വസ്‌തി - വാതദോഷത്തെ പുറത്തു കളയാന്‍ ഗുദത്തിലൂടെ വസ്‌തിയന്ത്രം വഴി ഔഷധം കടത്തിവിട്ട്‌ പുറത്തു കളയുന്ന സമ്പ്രദായം. 

രക്തമോക്ഷം - രക്തം ദുഷിക്കുന്നതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ രക്തം പുറത്തു കളയുന്നതാണ്‌ ഈ രീതി. സിരകള്‍ മുറിച്ചും അട്ടയെക്കൊണ്ട്‌ കടിപ്പിച്ചും രക്തം പുറത്തു കളയുന്നു. 

നസ്യം - മൂക്കിലൂടെ ഔഷധം അകത്തേക്കൊഴിച്ച്‌ തൊണ്ടയിലും തലയിലുമുള്ള ദോഷങ്ങള്‍ ഇളക്കിക്കളയുന്നതാണ്‌ നസ്യം. 

ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ പഞ്ചകര്‍മചികിത്സ ഏതു കാലത്തുമാകാമെങ്കിലും ഋതുസന്ധികാലമാണ്‌ അതിന്‌ ഏറ്റവും ഉചിതം. ഒരു ഋതുവിന്റെ ഒടുവിലത്തെ ഏഴുദിവസവും അടുത്ത ഋതുവിന്റെ തുടക്കത്തിലെ ഏഴു ദിവസവും ചേര്‍ന്ന കാലമാണ്‌ ഋതുസന്ധി. സാധാരണകാലം എന്നും ഇതിനു പേരുണ്ട്‌. കേരളത്തിലെ കാലാവസ്ഥയനുസരിച്ച്‌ സെപ്‌തംബര്‍ - ഒക്ടോബര്‍ (തുലാം), മാര്‍ച്ച്‌ - ഏപ്രില്‍ (കുംഭം), ജൂലായ്‌ - ഓഗസ്‌റ്റ്‌ (കര്‍ക്കടകം) മാസങ്ങളാണ്‌ പഞ്ചകര്‍മത്തിന്‌ ഉചിതം.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.