സംഘകാലം


ക്രിസ്‌തു വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകള്‍ കേരള ചരിത്രം രൂപപ്പെട്ടു തുടങ്ങുന്ന കാലഘട്ടമാണെന്ന്‌ പ്രശസ്‌ത ചരിത്രകാരനായ എ.ശ്രീധരമേനോന്‍ അഭിപ്രായപ്പെടുന്നു(1). തമിഴ്‌ സാഹിത്യത്തിലെ പ്രസിദ്ധമായ സംഘകാലമാണിത്‌. അന്ന്‌ തമിഴകത്തിന്റെ ഭാഗമായിരുന്നു കേരളവും.[[B013]]

പഴന്തമിഴ്‌ പാട്ടുകള്‍ എന്നു വിളിക്കപ്പെടുന്ന സംഘസാഹിത്യത്തില്‍ നിന്ന്‌ ഈ കാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. ബി.സി. ഒന്നാം ശതകത്തിനും എ.ഡി. ആറാം ശതകത്തിനും ഇടയ്‌ക്കാണ്‌ സംഘകാലമെന്ന്‌ പൊതുവെ എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്‌. എ. ഡി. ആദ്യ മൂന്നു ശതകങ്ങളാണ്‌ ഇക്കാലമെന്ന്‌ ഡോ.എസ്‌. കൃഷ്‌ണസ്വാമി അയ്യങ്കാര്‍, നീലകണ്‌ഠശാസ്‌ത്രി, കനകസഭ, ശേഷയ്യര്‍, പി. കെ. ഗോപാലകൃഷ്‌ണന്‍ എന്നീ ചരിത്രകാരന്മാരും Cambridge History of Indiaയും അഭിപ്രായപ്പെടുന്നു. എ. ഡി. ഒന്നു മുതല്‍ അഞ്ചു വരെ ശതകങ്ങളെന്ന്‌ എ. ശ്രീധരമേനോനും എ.ഡി. അഞ്ച്‌, ആറ്‌ ശതകങ്ങളെന്ന്‌ ഇളംകുളവും സമര്‍ഥിച്ചിട്ടുണ്ട്‌. സംഘസാഹിത്യവും മഹാശിലാസ്‌മാരകങ്ങളും ഏതാണ്ട്‌ ഒരേ കാലത്തെയാണ്‌ പ്രതിനിധീകരിക്കുന്നതെന്ന്‌ ആധുനിക ചരിത്ര ഗവേഷകര്‍ സ്ഥാപിച്ചിട്ടുണ്ട്‌(2).[[B014]] 

സംഘകാല തമിഴകത്തെ പ്രബല രാജാധികാരങ്ങളായിരുന്നു തൊണ്ടൈമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട്‌ എന്നിവ. ചേരനാടാണ്‌ പില്‍ക്കാല കേരളം. വഞ്ചിയായിരുന്നു തലസ്ഥാനം. ദക്ഷിണഭാഗത്തെ ആയ്‌ വംശവും ഏഴിമല ആസ്ഥാനമാക്കിയ (പൂഴിനാട്‌) നന്നവംശവും ഇവയ്‌ക്കിടയിലുള്ള പ്രദേശം ഭരിച്ച ചേരവംശവുമായിരുന്നു സംഘകാല കേരളത്തിലെ പ്രബലരാജാക്കന്മാര്‍.[[B015]] 

സംഘം കൃതികളില്‍ നിന്ന്‌ സംഘകാലകേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരികാവസ്ഥകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുന്നു. ഗോത്രവര്‍ഗാടിസ്ഥാനത്തില്‍ പലവര്‍ഗങ്ങളായി തിരിഞ്ഞ സമൂഹമായിരുന്നു ഇക്കാലത്തുണ്ടായിരുന്നത്‌. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകം കുടുംബമായിരുന്നു. ഗ്രാമകാരണവന്മാരടങ്ങിയ മന്‍റം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടു. ഗോത്രഭരണവ്യവസ്ഥയില്‍ നിന്ന്‌ രാജവാഴ്‌ചയിലേക്കുള്ള പരിവര്‍ത്തന കാലമാണിതെന്ന്‌ പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.[[B016]] 

കേരളത്തില്‍ കാര്‍ഷിക പ്രധാനമായ ഒരു സമ്പദ്‌ വ്യവസ്ഥ ഉരുത്തിരിഞ്ഞു തുടങ്ങിയത്‌ സംഘകാലത്താണ്‌. ഭൂമിയെ അഞ്ചു തിണകള്‍ (നിലങ്ങള്‍) ആയിത്തിരിച്ചിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ 'കുറിഞ്ഞി' തിണപ്രദേശത്ത്‌ കുറവര്‍, കാനവര്‍ തുടങ്ങിയ ഗോത്രക്കാരും മണല്‍ക്കാടുകളായ 'പാല' തിണയില്‍ മറവര്‍, വേടര്‍ എന്നിവരും കാട്ടുപ്രദേശമായ 'മുല്ല' തിണയില്‍ ഇടയന്മാരും ആയരും നാട്ടുപ്രദേശമായ 'മരുത'യില്‍ കൃഷിക്കാരായ ഉഴവരും കടല്‍ത്തീരമായ 'നെയ്‌തലി'ല്‍ പരതവര്‍, നുളൈയര്‍, അളവര്‍ എന്നിവരും വസിച്ചു. കൃഷിക്കൊപ്പം കച്ചവടവും അഭിവൃദ്ധി പ്രാപിച്ചിരുന്നു. മുസിരിസ്‌ (മുയിരി), നൗറ, തുണ്ടിസ്‌, നെല്‍കിന്ദ, ബകരെ, കൊട്ടനാര എന്നിവ സംഘകാലകേരളത്തിലെ പ്രധാന തുറമുഖങ്ങളായിരുന്നു. യവനരുടെ വലിയ കപ്പലുകള്‍ ചേരരാജാവിനു ചേര്‍ന്ന മനോഹരമായ ചുള്ളിയിലെ (പെരിയാര്‍) നുരകളിളക്കി മുയിരിപ്പട്ടണത്തിലെത്തി സ്വര്‍ണം കൊടുത്ത്‌ കുരുമുളക്‌ വാങ്ങിക്കൊണ്ടു പോയെന്ന്‌ അകനാന്നൂറില്‍ പാട്ടുണ്ട്‌. മുയിരി എന്ന മുസിരിസ്‌ (Mousiris) കൊടുങ്ങല്ലൂരാണെന്നാണ്‌ ‌ അഭിപ്രായം.[[B017]] 
കൃഷിയിലും വാണിജ്യത്തിലും ഉണ്ടായ പുരോഗതിയുടെ ഫലമായി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും അന്തരീക്ഷം രാജ്യമെങ്ങും നിറഞ്ഞു (പതിറ്റുപ്പത്ത്‌ VI, 6) ഇതോടൊപ്പം ഉഴവര്‍ (കൃഷിക്കാര്‍), ചാന്റോര്‍ (മദ്യോല്‍പാദകര്‍), വണിക്കുകള്‍ (വ്യാപാരികള്‍) എന്നിവരില്‍ നിന്ന്‌ ഒരു സമ്പന്നവര്‍ഗ്ഗം (മേലോര്‍) ഉയര്‍ന്നു വന്നു. ഉഴവര്‍ക്കായിരുന്നു കൂടുതല്‍ സ്വകാര്യസ്വത്തിന്റെയും അവകാശം. സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ കള്ളുകുടിച്ചിരുന്ന നാട്ടില്‍ മദ്യോല്‍പാദകരുടെ സംരക്ഷകരായിരുന്നു ('ചാന്റോര്‍ മെയ്‌മ്മറൈ' - പതിറ്റു VI, 8)രാജാക്കന്മാര്‍. പുലവര്‍, പറവര്‍, പാണര്‍, പൊരുനര്‍ എന്നിവര്‍ക്ക്‌ സമൂഹത്തില്‍ ഉയര്‍ന്ന അംഗീകാരമാണുണ്ടായിരുന്നത്‌. വിനൈഞര്‍ (തൊഴിലാളികള്‍), അടിയോര്‍ (ദാസന്മാര്‍) എന്നിവര്‍ താഴേക്കിടയിലായിരുന്നു (കീഴോര്‍). എന്നാല്‍ കുലവ്യത്യാസം കൂടാതെ വിവാഹങ്ങള്‍ നടന്നിരുന്നു. പില്‍ക്കാലത്ത്‌ ബ്രാഹ്മണ മതത്തിന്‌ ആധിപത്യം ലഭിച്ചപ്പോഴുണ്ടായ വര്‍ണ-ജാതി വ്യവസ്ഥ സംഘകാലത്ത്‌ നിലവിലുണ്ടായിരുന്നില്ല.[B018]]

കളവ്‌, കര്‍പ്പ്‌ എന്നിങ്ങനെ രണ്ടു രീതിയിലുള്ള വിവാഹം പ്രചാരത്തിലിരുന്നു. പ്രേമവിവാഹമായ 'കളവി'ല്‍ നിന്ന്‌ ചടങ്ങുകളോടു കൂടി 'കര്‍പ്പി'ലേക്കുള്ള മാറ്റം മാതൃമേധാവിത്വത്തില്‍ നിന്ന്‌ പിതൃമേധാവിത്വത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സൂചനയാണെന്ന്‌ വാദമുണ്ട്‌. പെണ്‍കുട്ടികള്‍ സാധാരണ 'തഴയുട' ധരിക്കുന്നു. നൊച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി അരയില്‍ ധരിക്കുന്ന പൂവാടയാണിത്‌. വിവാഹം കഴിഞ്ഞ സ്‌ത്രീകള്‍ പരുത്തിയിലോ പട്ടിലോ ഉള്ള വസ്‌ത്രങ്ങളണിയുന്നു. അരക്കു മീതേ മറച്ചിരുന്നില്ല. ചിലമ്പ്‌, പൂമാല, മുത്തുമാല, പുലിപ്പല്‍ താലി, വള, തോട തുടങ്ങിയ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പുരുഷന്‍മാര്‍ മാറില്‍ ചന്ദനം പൂശി, പരുത്തിയിലോ പട്ടിലോ ഉള്ള വസ്‌ത്രങ്ങള്‍ ധരിക്കും. യുദ്ധത്തിനു പോകുമ്പോള്‍ പുരുഷന്മാര്‍ തുമ്പപ്പൂമാല ചൂടുന്നു. വീരന്മാരായ പൂര്‍വികരായിരുന്നു (നടുകല്ല്‌) ദൈവം. ഉഴവര്‍ 'വേന്തന്‍' (ഇന്ദ്രന്‍), 'മായോന്‍' (വിഷ്‌ണു) എന്നിവരെയും പരതവര്‍ 'വരുണ'നെയും കുറവര്‍ 'ചേയോനെ'യും (മുരുകന്‍) മറവര്‍ 'കൊറ്റവൈ' (ദേവി) യെയും ആരാധിച്ചു പോന്നു. ശിവന്‍, യമന്‍, ബലരാമന്‍ എന്നീ ദൈവങ്ങളെക്കുറിച്ചും സംഘംകൃതികളില്‍ പരാമര്‍ശമുണ്ട്‌. ചിട്ടയോടു കൂടിയ ഒരു മതവിശ്വാസം സംഘകാലത്ത്‌ പ്രചരിച്ചിരുന്നില്ല.[[B019]] 

കുറിപ്പുകള്‍
1. ശ്രീധരമേനോന്‍, എ., കേരള ചരിത്രം പു. 84
2. ഗണേശ്‌, എ. എന്‍., കേരളത്തിന്റെ ഇന്നലെകള്‍ പു. 38

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.