പുരോഗതിയുടെ ഉദയം : തിരുവിതാംകൂര്‍


18, 19 നൂറ്റാണ്ടുകളില്‍ ഭരണരംഗത്തുണ്ടായ ആധുനിക നയങ്ങള്‍ കാരണം കേരളം സാമൂഹികപുരോഗതിയുടെ ഘട്ടത്തിലേക്കു പ്രവേശിച്ചു. തിരുവിതാംകൂറില്‍ റോഡുകളുടെ നിര്‍മാണവും നീതിന്യായ പരിഷ്‌കരണവും നികുതി വ്യവസ്ഥ പരിഷ്‌കരണവുമുണ്ടായി. ആധുനിക തിരുവിതാംകൂറിന്റെ ശില്‌പിയായ മാര്‍ത്താണ്ഡവര്‍മയും കാര്‍ത്തിക തിരുനാളും ബലിഷ്‌ഠമായ രാജ്യത്തിനാണ്‌ അടിത്തറയൊരുക്കിയത്‌. ഗൗരി ലക്ഷ്‌മീബായി, ഗൗരി പാര്‍വതീ ബായി എന്നീ റാണിമാരുടെ ഭരണകാലത്തും ഒട്ടേറെ സാമൂഹിക പരിഷ്‌കരണ നടപടികള്‍ ഉണ്ടായി. സ്വാതി തിരുനാള്‍ രാമവര്‍മ (1829 - 1847) യുടെ ഭരണകാലമായിരുന്നു തിരുവിതാംകൂറിന്റെ സുവര്‍ണകാലം. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു തുടക്കമിട്ട അദ്ദേഹം കലകളുടെയും ശാസ്‌ത്രത്തിന്റെയും പ്രോത്സാഹകനായിരുന്നു. തിരുവനന്തപുരത്ത്‌ 1836-ല്‍ അദ്ദേഹം വാനനിരീക്ഷണാലയം (നക്ഷത്രബംഗ്ലാവ്‌) ആരംഭിച്ചു. 1834-ല്‍ തിരുവനന്തപുരത്താരംഭിച്ച ഇംഗ്ലീഷ്‌ സ്‌കൂള്‍ 1866-ല്‍ ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജായി മാറി. 1836-ല്‍ തിരുവിതാംകൂറില്‍ സെന്‍സസും നടന്നു.[[B082]]

ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ (1847 - 1860) ചാന്നാര്‍ (നാടാര്‍) സമുദായത്തില്‍പ്പെട്ട സ്‌ത്രീകള്‍ക്ക്‌ മാറുമറയ്‌ക്കാന്‍ അനുവാദം നല്‍കി. 1859-ല്‍ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടികള്‍ക്കു വേണ്ടി തുടങ്ങിയ സ്‌കൂളാണ്‌ ഇന്നത്തെ ഗവണ്‍മെന്റ്‌ വിമന്‍സ്‌ കോളേജായി മാറിയത്‌. 1857-ല്‍ ആലപ്പുഴയിലെ തിരുവിതാംകൂറിലെ ആദ്യത്തെ പോസ്‌റ്റോഫീസും 1859-ല്‍ ആദ്യത്തെ ആധുനിക കയര്‍ ഫാക്ടറിയും തുടങ്ങി.[[B083]]

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ (1860 - 1880) ഭരണകാലത്തുണ്ടായ പണ്ടാരപ്പാട്ട വിളംബരം (1865), ജന്മി കുടിയാന്‍ വിളംബരം (1867) എന്നിവ ഭൂവുടമാ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റം വരുത്തി. 1858-ല്‍ ദിവാനായി നിയമിതനായ സര്‍ ടി. മാധവറാവു 1872 വരെയുള്ള ഭരണകാലത്ത്‌ ഒട്ടേറെ പുരോഗതികള്‍ക്ക്‌ അടിത്തറയിട്ടു.[[B084]]

ശ്രീമൂലം തിരുനാള്‍ മഹാരാജാവ്‌ (1885 - 1924) വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്കാണു കളമൊരുക്കിയത്‌. വിദ്യാഭ്യാസരംഗത്ത്‌ വലിയ മാറ്റങ്ങള്‍ സംഭവിച്ച ഈ കാലഘട്ടം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലെ തന്നെ ആദ്യത്തെ നിയമനിര്‍മ്മാണസഭയുടെ രൂപവത്‌കരണത്തിനും സാക്ഷിയായി. 1888-ല്‍ രൂപവത്‌കരിച്ച ലെജിസ്ലേറ്റീവ്‌ കൗണ്‍സിലാണ്‌ ശ്രീ മൂലം തിരുനാളിന്റെ ഭരണ നേട്ടങ്ങളില്‍ ഏറ്റവും പ്രമുഖം. സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ അടങ്ങിയ ശ്രീമൂലം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി) യും 1904-ല്‍ ആരംഭിച്ചു. 1922-ലെ നിയമ പ്രകാരം ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലെ അംഗസംഖ്യ 50 ആക്കി ഉയര്‍ത്തി. സ്‌ത്രീകള്‍ക്കും വോട്ടവകാശം നല്‍കി.[[B085]]

ശ്രീമൂലം തിരുനാളിനെ തുടര്‍ന്ന്‌ റീജന്റായി ഭരണം നടത്തിയ റാണി സേതുലക്ഷ്‌മീബായി 1925-ല്‍ കൊണ്ടുവന്ന നായര്‍ റഗുലേഷന്‍ നിയമം തിരുവിതാംകൂറില്‍ മരുമക്കത്തായം അവസാനിപ്പിച്ച്‌ മക്കത്തായത്തിനു നിയമ സാധുത നല്‍കി. ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയായിരുന്നു അടുത്ത രാജാവ്‌. [[B086]]

നിയമ നിര്‍മാണസഭാ പരിഷ്‌കരണവും വ്യവസായവത്‌കരണ നയവും സാമൂഹിക പരിഷ്‌കരണങ്ങളും കൊണ്ട്‌ അവിസ്‌മരണീയമാണ്‌ ചിത്തിര തിരുനാളിന്റെ ഭരണകാലം. ദേശീയ സ്വാതന്ത്ര്യ സമരത്തിനും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കും ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കും ഈ കാലഘട്ടം സാക്ഷിയായി. ക്ഷേത്രപ്രവേശന വിളംബരം (1936) ചിത്തിര തിരുനാളിനെ ചരിത്രത്തില്‍ സുപ്രതിഷ്‌ഠനാക്കി. തിരുവിതാംകൂര്‍ സര്‍വകലാശാല (1937), ഭൂപണയബാങ്ക്‌ (1932), ട്രാവന്‍കൂര്‍ റബര്‍ വര്‍ക്‌സ്‌, കുണ്ടറ കളിമണ്‍ ഫാക്ടറി, പുനലൂര്‍ പ്ലൈവുഡ്‌ ഫാക്ടറി, ഫാക്ട്‌, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതി, സ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസ്‌ തുടങ്ങിയവ ഇക്കാലത്താണ്‌ ആരംഭിച്ചത്‌. ഇവ നടപ്പാക്കുന്നതിനു നേത്യത്വം നല്‍കിയ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ രാഷ്ട്രീയമായി ഏറ്റുമധികം എതിര്‍ക്കപ്പെട്ട വ്യക്തികളിലൊരാളുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1949 ജൂലൈ ഒന്നിന്‌ തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നതോടെ തിരുവിതാംകൂറിലെ രാജവാഴ്‌ച അവസാനിച്ചു.[[B087]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.